ബിരുദധാരിണികള്‍ സമുദായത്തിനൊരലങ്കാരം? – എന്‍ പി ഹാഫിസ് മുഹമ്മദ്
‘നമ്മുടെ നാട്ടില്‍, പഠിച്ച് ബിരുദം നേടിയ മുസ്‌ലിം സ്ത്രീകളില്‍ ഭൂരിപക്ഷവും പുറത്ത് ജോലി ചെയ്യാതെ കുടുംബിനികളായി ഒതുങ്ങിക്കഴിയുന്നവരല്ലേ?’ വിദ്യാഭ്യാസം, സാമൂഹിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്ന ഒരു പെണ്‍സുഹൃത്തിനോട് ഞാന്‍ ചോദിച്ചു. അവളുടെ ഉത്തരം: ‘രണ്ട് സംശയങ്ങളുണ്ട്. ഞാനതെന്തെല്ലാമാണെന്നന്വേഷിച്ചു . മറുപടി: ‘ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ മതിയായ സ്ഥിതിവിവരക്കണക്കുകളുണ്ടോ?’
അധികമൊന്നും ആലോചിക്കാനില്ല. ഇല്ലെന്ന് ഉത്തരം നല്‍കി. ഉടനെ അവളുടെ മറു ചോദ്യം: ‘പിന്നെയെങ്ങനെയാ പഠിച്ച മുസ്‌ലിം പെണ്‍കുട്ടികള്‍ വീട്ടുജോലി മാത്രമെടുത്ത് കഴിയുകയാണെന്ന് പറയുക?’
ശരിയാണ്. ഇത്തരം കാര്യങ്ങളില്‍ കൃത്യമായ സ്ഥിതിവിവരക്കണക്കുകളില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളോ സന്നദ്ധ സേവാ സംഘടനകളോ ഗൗരവപ്പെട്ട പഠനങ്ങള്‍ നടത്തിയതായറിവില്ല. കേരളത്തിലെ, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളില്‍ കഴിയുന്ന സ്ത്രീകളുടെ പദവി മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഭേദമാണെങ്കിലും, വിദ്യാഭ്യാസം നേടിയവര്‍ എത്ര ശതമാനം തൊഴിലെടുക്കുന്നു, ഏതു വിധം തൊഴിലെടുക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ആഴമുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ല. പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളുടെ തൊഴില്‍രംഗത്തെ പ്രാതിനിധ്യം വേണ്ടവിധത്തില്‍ അപഗ്രഥിക്കപ്പെട്ടിട്ടില്ല; ചില നിരീക്ഷണങ്ങള്‍ നടത്താമെമെന്നല്ലാതെ.
ഞാന്‍ ചോദിച്ചു: ‘രണ്ടാമത്തെ സംശയം?’
‘മുസ്‌ലിം സ്ത്രീകള്‍ കുടുംബിനിയായി ഒതുങ്ങിക്കൂടുകയാണെന്ന മുന്‍വിധി എന്തിന്? പലരും ആ റോള്‍ ആഹ്ലാദത്തോടെ നിര്‍വഹിക്കുന്നതാണെങ്കിലോ?’ അവളുടെ പ്രതികരണം.
വിദ്യാഭ്യാസാനന്തരം മുസ്‌ലിം പെണ്‍കുട്ടികള്‍
കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ചോ വിവിധ തൊഴിലുകളിലുള്ള പങ്കാളിത്തത്തെക്കുറിച്ചോ അപഗ്രഥിക്കുന്ന പഠനങ്ങള്‍ നടക്കുന്നില്ല. മുസ്‌ലിം സ്ഥാപനങ്ങളോ സംഘടനകളോ ഈ വിഷയത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമുണ്ടെന്ന് തോന്നുന്നില്ല. ആനുകാലികങ്ങളില്‍ വരുന്ന ചില ലേഖനങ്ങളോ ഫീച്ചറുകളോ ആണ് ഈ വിഷയത്തില്‍ നടക്കുന്ന കൊച്ചു ശ്രമങ്ങള്‍.
ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരുടെ എണ്ണം സെന്‍സസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിച്ചേക്കും. സൂക്ഷ്മ വിശകലനം ചെയ്യുകയാണെങ്കില്‍ അവരിലെത്ര പേര്‍ ജോലിക്ക് പോകുന്നുവെന്നും അറിയാനായേക്കും. പൊതു നിരീക്ഷണങ്ങള്‍ അറിയിക്കുന്നത് ഉന്നത പഠനം നേടിയിട്ടുള്ള പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും പുറത്ത് ജോലി ചെയ്യുന്നില്ല എന്നതു തന്നെയാണ്. ബി ഡി എസ്സും, ബി ടെക്കും പഠിച്ചവര്‍ കുടുംബിനികളായി കഴിയുന്നതിലെ പ്രശ്‌നങ്ങള്‍ കൗണ്‍സിലിംഗ് റൂമിലെത്തുന്നുണ്ട്. എന്നാല്‍ വീട്ടുജോലി മാത്രം ചെയ്യുന്നവരും പുറം തൊഴിലിനൊപ്പം വീട്ടുജോലിയും ചെയ്യുന്നവരും (Dual role) ആയ മുസ്‌ലിം സ്ത്രീകളെക്കുറിച്ച് വസ്തുനിഷ്ഠാപരമായ പഠനങ്ങള്‍ നടക്കുന്നില്ല. മുസ്‌ലിം സമുദായത്തെക്കുറിച്ചുള്ള പല കാര്യങ്ങളിലുമെന്നപോലെ, ഇക്കാര്യത്തിലും പൊതു നിരീക്ഷണങ്ങളെ അവലംബിക്കേണ്ടി വരുന്നു, ഇതിന്റെ ആധികാരികതയും ശാസ്ത്രീയതയും ചോദ്യം ചെയ്യാവുന്നതല്ല താനും.
കാല്‍ നൂറ്റാണ്ട് മുമ്പുള്ളതിനേക്കാള്‍ സ്ത്രീസാന്നിധ്യം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ട്. അവരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ അവഗണിക്കാനാവാത്ത ഒരു ഭാഗമാണുതാനും. പല കലാലയങ്ങളിലും മുസ്‌ലിം പെണ്‍കുട്ടികളുടെ തോത് മറ്റു സമുദായങ്ങളെ കവച്ചുവെക്കുന്നുണ്ടുതാനും. കേരളത്തിലെ പല കോളേജുകളിലും അറുപത് ശതമാനത്തേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ്. കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം അത്രകണ്ട് പ്രകടമാണ്. പഴയതിനേക്കാള്‍ കുറഞ്ഞ കൊഴിഞ്ഞുപോക്കാണ്(Drop outs) നടക്കുന്നത്. നിര്‍ബന്ധങ്ങള്‍ക്കോ മതമേലധ്യക്ഷകല്പനകള്‍ക്കോ വഴങ്ങാതെ പലരും പഠനം പൂര്‍ത്തിയാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഇവരില്‍ എത്ര പേര്‍ പൊതു തൊഴില്‍ രംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്? വീടിനു പുറത്തു ജോലി ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ച് നടക്കുന്നവര്‍ പോലും എന്തുകൊണ്ട് അത്രക്കൊന്നും ഇഷ്ടമില്ലാതെ വരുമാനമില്ലാത്ത പ്രയോജനമൂല്യമുള്ള ജോലി (use value work) മാത്രം ചെയ്തുകഴിഞ്ഞ് പോരുന്നു? പുരുഷന്മാര്‍ എന്തുകൊണ്ട് വേതനം ലഭിക്കുന്ന തൊഴിലില്‍ (Exchange Value work)സ്ത്രീകളേക്കാളേറെ പ്രവേശിക്കുന്നു? കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് മറ്റാരേക്കാളുമേറെ ഇരകളായിത്തീരുന്നു? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചെന്നെത്തുന്നത് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രപരവും സാമൂഹികവുമായ ആന്തരിക തലങ്ങളിലേക്കാണ്.
60 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ അമ്മായി, ഉപ്പയുടെ പെങ്ങള്‍ ഹൈസ്‌കൂളില്‍ പോയതിന് അപമാനിതയായവളാണ്. പരിഹാസവും തെറി പറച്ചിലും കൊണ്ട് പഠനം നിര്‍ത്തേണ്ടി വന്ന അമ്മായി ഇന്നും ജീവിച്ചിരിപ്പുണ്ട്, പഠിക്കാനാവാതെ പോയതിലുള്ള സങ്കടം പേറിക്കൊണ്ട്, ഇന്ന് പെണ്‍കുട്ടികള്‍ പഠിച്ചില്ലെങ്കില്‍ അതൊരു അപമാനമായി കണക്കാക്കുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. പഠിത്തത്തില്‍, വിജയങ്ങളില്‍ അവര്‍ മുന്നിലാണ്. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പോലും പെണ്‍കുട്ടികളാണ് മെറിറ്റില്‍ മുന്നിലെത്തുന്നത്. പുരുഷസമൂഹം ഒരു കാലത്ത് പെണ്‍കുട്ടികള്‍ക്ക് പഠിക്കാനനുവാദം നല്‍കിയിരുന്ന കോഴ്‌സുകള്‍ക്ക് മാത്രമല്ല, പഠിക്കുന്നത്. അഭിരുചിയറിയാന്‍ അവര്‍ എജുക്കേഷണല്‍ കൗണ്‍സലര്‍മാരെ കാണുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു. അഭിമാനത്തോടെ മുസ്‌ലിം പെണ്‍കുട്ടികളും എറോനോട്ടിക് എഞ്ചിനീയറിംഗും, ഫാഷന്‍ ഡിസൈനിംഗും ജേര്‍ണലിസവുമൊക്കെ പഠിക്കുന്നു. വിവാഹം വരെ പഠിക്കാമെന്ന് കരുതുന്നവരല്ല ഭൂരിപക്ഷം മുസ്‌ലിം പെണ്‍കുട്ടികളും. പലര്‍ക്കും കാരിയര്‍ സ്വപ്‌നങ്ങളുണ്ട്. പോസ്റ്റ് ഡോക്ടറേറ്റ് പഠനം നടത്തണമെന്നാശിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളെ കാണാനിട വന്നിട്ടുണ്ട്.
വിവാഹം വരെ വിദ്യാഭ്യാസം – അനന്തരം?
ബഹുഭൂരിപക്ഷം പുരുഷന്മാരും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചില ഉറച്ച ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. പലപ്പോഴും പെണ്‍കുട്ടികളിലത് അടിച്ചേല്പിക്കുന്നു. ഏതു വിഷയമെടുക്കണമെന്നും എത്രവരെ പഠിക്കണമെന്നതും ജോലി ചെയ്യണോ ചെയ്യേണ്ടയോ എന്നതും, ഇനിയഥവാ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഏത് ജോലി ചെയ്യണമെന്നതും പെണ്‍കുട്ടികളല്ല, രക്ഷകര്‍ത്താക്കളോ സഹോദരന്മാരോ ആണ് തീരുമാനിക്കുന്നത്. ‘കല്യാണം വരെ വിദ്യാഭ്യാസം’ എന്ന കല്പന വെച്ചുപുലര്‍ത്തുന്ന രക്ഷിതാക്കളും സഹോദരങ്ങളുമാണ് മുസ്‌ലിം പെണ്‍കുട്ടികളുടെ പഠനത്തെ തീരുമാനിക്കുന്നതും അവസാനിപ്പിക്കുന്നതും. വിവാഹം കഴിഞ്ഞാലും പഠിക്കാമല്ലോ, പഠിക്കാനനുവദിക്കുന്ന ഒരാളെ വിവാഹം കഴിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞാണ് രക്ഷകര്‍ത്താക്കള്‍ പെണ്‍കുട്ടികളെ മണിയറയിലേക്ക് തള്ളിവിടുന്നത്. വിവാഹാനന്തരം പഠിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് പ്രതിശ്രുതവരനും വീട്ടുകാരും വാക്ക് നല്‍കാറുണ്ട്. എന്നാല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനം നടത്തുന്നതിലും ജോലിക്ക് പോകുന്നതിലും പ്രധാന തടസ്സമായി വരുന്നത് ഭര്‍തൃകുടുംബാന്തരീക്ഷമാണ്. ഭാര്യ – മരുമകള്‍ എന്നീ റോളുകള്‍ക്കൊപ്പം വീടിനു പുറത്തുപോയി ജോലി ചെയ്യുക എന്നത് പലര്‍ക്കും അസാധ്യമാകും വിധമാണ് കുടുംബത്തിന്റെ ധര്‍മ നിര്‍വഹണങ്ങള്‍ നിലനില്ക്കുന്നത്. പരമ്പരാഗതമായി മൂല്യങ്ങളിലധിഷ്ഠിതമായ ഭര്‍തൃ ഗൃഹത്തിലെ സംയോജിത കുടുംബം മരുമകള്‍ക്ക് പുറം ജോലി ചെയ്യാന്‍ അനുകൂലമായ ചുറ്റുവട്ടമല്ല നല്‍കുന്നത്. മുസ്‌ലിം കുടുംബങ്ങളില്‍ വിവാഹാനന്തരം ഘോഷയാത്രയായെത്തുന്ന സല്‍ക്കാരങ്ങള്‍, യാത്രകള്‍, ചടങ്ങുകളില്‍ പങ്കെടുക്കല്‍, അധികമൊന്നും വൈകാതെയെത്തുന്ന ഗര്‍ഭം, പ്രസവം, ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയവ പെണ്‍കുട്ടികള്‍ക്ക് ഭാര്യയോ മരുമകളോ ആയി നിലകൊള്ളുന്നതിന് തന്നെ വലിയ തടസ്സങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനൊപ്പം ഉദ്യോഗസ്ഥയായിരിക്കുക എന്നതിന് കുടുംബം എന്ന സ്ഥാപനം തന്നെ എതിരായി വരുന്നു. മുസ്‌ലിം പെണ്‍കുട്ടി പഠിച്ചാല്‍ തന്നെയും കരിയര്‍ സ്വപ്‌നം കൊയൊഴിയേണ്ടി വരുന്നു.
പെണ്‍തൊഴിലും പുരുഷ കല്പനകളും
ഭൂരിപക്ഷം മുസ്‌ലിം യുവതികളുടെയും ജോലി എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് പുരുഷന്മാരാണ്. സുരക്ഷിതമായ ജോലി എന്ന കല്പനയാലാണ് പെണ്‍ജോലിയെന്തെന്ന് തീരുമാനിക്കപ്പെടുന്നത്. വിവാഹാനന്തരം പെണ്‍കുട്ടി ജോലിക്ക് പോകണോ പോകണ്ടയോ എന്നത് മാത്രമല്ല, ഏത് ജോലിക്ക് പോകണമെന്നതും പുരുഷന്മാര്‍ തീരുമാനിക്കുന്നു. സ്ത്രീകളുടെ അരക്ഷിതാവസ്ഥയ്ക്കു കാരണം പുരുഷന്മാര്‍ തന്നെയാണെന്നത് സ്ത്രീ സുരക്ഷിതത്വത്തിനുവേണ്ടി അവരുടെ തൊഴില്‍ ഏതായിരിക്കുമെന്ന് കല്പിക്കുന്ന പുരുഷവര്‍ഗം ആലോചിക്കുന്നില്ല, സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള മാര്‍ഗമല്ല അന്വേഷിക്കുന്നതും. കുറ്റങ്ങള്‍ നിരത്തി വിവാഹം കഴിഞ്ഞ് മുസ്‌ലീം സ്ത്രീകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്ക് വിലക്ക് കല്പിക്കുന്നവരാണ് പലരും, പരിഹാരത്തിന് ശ്രമിക്കുന്നവരല്ല.
പുരുഷന്‍ ജോലി നേടിയാല്‍ മൂന്നോ നാലോ വര്‍ഷം ആ ജോലിയില്‍ തുടരാന്‍ അവസരമുണ്ട്. ജോലിയുറപ്പ് ഉണ്ടായ ശേഷമേ പുരുഷന്മാരെ വിവാഹം കഴിപ്പിക്കൂ; വിവാഹം കഴിക്കൂ. ‘കുറച്ച് കാലം ജീവിതം ആസ്വദിക്കാനോ’, ‘ഫ്രീയായി ജീവിക്കാനോ’ പുരുഷന് സമൂഹം അവസരം നല്‍കുന്നു. മുസ്‌ലിം പെണ്‍കുട്ടിക്കാവട്ടെ വിവാഹം വരെ ജോലി എന്നാണ് പല രക്ഷകര്‍ത്താക്കളും കരുതുന്നത്. പിന്നീടുള്ള തീരുമാനം ഭര്‍ത്താവോ ഭര്‍ത്താവിന്റെ കുടുംബമോ എടുക്കുന്നു. പൊതുവെ ജോലി ചെയ്യാനുള്ള അവകാശം മുസ്‌ലിം പെണ്‍കുട്ടികള്‍ക്കില്ല. ജോലി കിട്ടിയാല്‍ അതൊന്നുറപ്പ് വരുത്തുന്ന കാലം അവര്‍ക്ക് അനുവദിക്കപ്പെട്ടുകൊടുക്കുന്നു മില്ല. ഏറ്റവും ദു:ഖകരമായ കാര്യം വിവാഹം കഴിഞ്ഞ് ജോലിക്ക് പോകുന്ന യുവതികള്‍ വരുമാനം ഭര്‍ത്താവിനെ ഏല്പിക്കണമെന്ന അലിഖിത നിയമം മുസ്‌ലിം കുടുംബങ്ങളിലും നിലകൊള്ളുന്നുവെന്നതാണ്. ജോലിക്ക് പോയാലും വരുമാനത്തിന്റെ മീതെ പല മുസ്‌ലിം യുവതികള്‍ക്കും നിയന്ത്രണില്ല. അതെങ്ങനെ ചെലവഴിക്കണമെന്നതില്‍ സ്വാതന്ത്ര്യവുമില്ല. ചില കുടുംബങ്ങളില്‍ ഭാര്യയുടെ വരുമാനം ദൈനംദിന കാര്യങ്ങള്‍ക്കെടുക്കുന്നതും ഭര്‍ത്താവിന്റെ വരുമാനം സ്ഥലം വാങ്ങല്‍, വാഹനം വാങ്ങല്‍, വീടെടുക്കല്‍, നിക്ഷേപം തുടങ്ങിയ കാര്യങ്ങള്ക്കുപയോഗിക്കുന്നതി ലും, ഭാര്യയുടെ വേതനം ഭക്ഷണപദാര്‍ഥങ്ങള്‍ വാങ്ങല്‍, ഭക്ഷണമുണ്ടാക്കാനുള്ള വസ്തു വകകള്‍ വാങ്ങല്‍, വസ്ത്രം വാങ്ങല്‍ തുടങ്ങിയക്കുപയോഗിക്കുന്നതിലും സ്ത്രീയുടെ ജോലിയോടുള്ള പുരുഷവര്‍ഗ കാഴ്ചപ്പാട് വെളിപ്പെടുത്തുന്നുണ്ട്. മുസ്‌ലിം പെണ്‍കുട്ടിയുടെ / യുവതിയുടെ തൊഴിലിനോട് ചേര്‍ന്നുള്ള ഇത്തരം കാര്യങ്ങളില്‍ പ്രകടവും പരോക്ഷവുമായ പുരുഷാധിപത്യ മനോഭാവമാണ് വ്യക്തമാക്കപ്പെടുന്നത്.
വിവാഹപ്രായവും സ്ത്രീകളുടെ തൊഴിലും
വിവാഹത്തോട് ചേര്‍ന്ന സങ്കല്പങ്ങളും ആചാരങ്ങളും ഇന്നും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല. നിയമപരമായി വിവാഹപ്രായം പെണ്‍കുട്ടികള്‍ക്ക് പതിനെട്ടാണ്. പതിനെട്ട് കഴിയുന്നതോടെ രക്ഷകര്‍ത്താക്കള്‍ മകളുടെ വിവാഹ കാര്യമാണ് കൂടുതല്‍ ആലോചിക്കുന്നതും അസ്വസ്ഥതപ്പെടുന്നതും. ബാല്യകാല വിവാഹങ്ങള്‍ കുറേയൊക്കെ ഇല്ലാതായിരിക്കുന്നു. കാലാനുസൃതമായി പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റിയിട്ടില്ല. ബിരുദാനന്ത പഠനം പല പെണ്‍കുട്ടികള്‍ക്കും വിധിക്കപ്പെട്ടിട്ടില്ല. പെണ്‍ശരീരത്തിന്റെ തുടിപ്പ് കത്തിത്തുടങ്ങുന്ന പ്രായത്തില്‍ തന്നെ വിവാഹം നടത്തിയിരിക്കണമെന്നെ പുരുഷകാമന പ്രധാനമായും ബാധിക്കുന്നത് പെണ്‍കുട്ടികളുടെ തൊഴില്‍ സ്വപ്‌നങ്ങളെയാണ്. വിവാഹത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രായവ്യത്യാസം പരമ്പരാഗത കുടുംബസങ്കല്പങ്ങള്‍ക്ക് വിധേയമായി ചേര്‍ന്നുകിടിക്കുന്നു. വയസ്സാകുമ്പോള്‍ പുരുഷന് ഒരു നേഴ്‌സാണ് ഭാര്യ. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ അതിജീവിക്കുമെന്നും, ഭാര്യ മരിച്ചാല്‍ മധ്യവയസ്‌കനായ ഭര്‍ത്താവിന് പോലും ജീവിതത്തെ അഭിമുഖീകരിക്കാനാവുകയില്ലെന്നും പുരുഷാധിപത്യം ആണയിട്ട് പറയുന്നു. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പോലും വിവാഹത്തിലേക്ക് പ്രവേശിക്കേണ്ടി വരുന്നത് മറ്റൊന്നുകൊണ്ടല്ല, വിവാഹ ബന്ധത്തിലെ ഭാര്യ-ഭര്‍തൃപ്രായ ധാരണയില്‍ മുസ്‌ലിം സമുദായത്തില്‍ ഇത്തരം വലിയ മാറ്റമേതും കൂടാതെ തുടരുന്നത് കൊണ്ട് കൂടിയാണ് യുവതികളുടെ കരിയര്‍ സ്വപ്‌നം തീക്കുണ്ഡത്തിലിട്ട് ചാരമാക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്നത്. എന്നാല്‍ പല യുവതികളും കനലായി മാറുകയാണ്, ചാരമായ് തീരുന്നില്ല എന്നത് സമുദായനേതൃത്വം തിരിച്ചറിയുന്നുമില്ല.
തൊഴിലിടങ്ങളും സമുദായ നേതൃത്വവും
നമ്മുടെ തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദം പ്രകടിപ്പിക്കുന്നില്ല. അവിവാഹിതകളോടോ, വിധവകളോടോ, വിവാഹമോചിതയോടോ ആരോഗ്യപൂര്‍വം പെരുമാറുന്ന ഒരന്തരീക്ഷമല്ല തൊഴില്‍ സ്ഥാപനങ്ങളില്‍ പൊതുവെ നില കൊള്ളുന്നത്, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും. വിവാഹിതയാണെങ്കില്‍ അസംതൃപ്തമായ ഭാര്യയെ ചൂണ്ടയിലിട്ട് കുരുക്കാനാണ് ജോലിയെടുക്കുന്ന സ്ഥലം ശ്രമിക്കുന്നത്. കൈക്കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള ക്രഷുകള്‍ നഗരത്തില്‍ സ്ത്രീകള്‍ കൂട്ടത്തോടെ ജോലിയെടുക്കുന്ന സ്ഥലങ്ങളിലില്ല. ഡേ കെയര്‍ സെന്ററുകളുടെ സേവനം ജോലിയെടുക്കുന്ന അമ്മമാര്‍ക്ക് വേണ്ടവിധം ലഭിക്കുന്നില്ല. പ്രാഥമിക കാര്യങ്ങള്‍ക്കുള്ള വാഷ്‌റൂമുകളോ അല്‌നേരം വിശ്രമ കേന്ദ്രങ്ങളോ സ്ത്രീകള്‍ കൂട്ടത്തോടെ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ കുറവാണ്. ഇതിനപ്പുറം കുറഞ്ഞ വേതനം നല്‍കുന്ന ജോലികളാണ് വ്യാപാര ലോകം സ്ത്രീകള്‍ക്ക് സംവരണം ചെയ്തു വെച്ചിരിക്കുന്നത്. ഒരേ ജോലിക്ക് രണ്ടു വേതനം സ്ത്രീകളോടുള്ള തൊഴില്‍പരമായ വിവേചനമായി പലയിടങ്ങളിലും ഇപ്പോഴും കുടികൊള്ളുന്നു. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിലോ രാത്രികളിലോ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങളും കുറവാണ്. പുരുഷാധിപത്യത്തിന്റെയും ലൈംഗിക ചൂഷണങ്ങളുടെയും ചുറ്റുവട്ടം മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും തൊഴിലിന് പോകാതിരിക്കാനുള്ള കാരണമായി വര്‍ത്തിക്കുന്നുണ്ട്.
മുസ്‌ലിം മത നേതൃത്വം യാഥാര്‍ഥ്യ ബോധത്തോടെ സ്ത്രീകളുടെ തൊഴിലിനെ പരിഗണിക്കുന്നില്ല. പുതിയ സാഹചര്യങ്ങളുണ്ടാക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍, കുടുംബ കാര്യങ്ങളിലെ പുരുഷ പങ്കാളിത്തം എന്നിവ സമുദായ സംഘടനകള്‍ ചര്‍ച്ചയ്ക്കുപോലും വിധേയമാക്കുന്നില്ല. കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് യുക്തിപൂര്‍വം, വസ്തുനിഷ്ഠാപരമായി അവതരിപ്പിച്ചാല്‍ പോലും പ്രഭാഷകാക്രോശങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു. ബിരുദ ധാരിണികള്‍ സമുദായത്തിനും ഒരലങ്കാരം മാത്രമായിത്തീരുന്നു.
പെണ്‍ബിരുദധാരി കുടുംബത്തിന് അലങ്കാരം
സ്ത്രീകള്‍ കുടുംബിനിയുടെ റോള്‍ ആഹ്ലാദത്തോടെ ഏറ്റെടുത്ത് നടത്തുകയാണ് എന്നത് ഒരു പുരുഷപക്ഷ തീരുമാനമാണ് എന്ന് കരുതുന്നു. വീട്ടുകാര്യങ്ങളുടെ നടത്തിപ്പും, കുട്ടികളുടെ സാമൂഹീകരണവും, അടുക്കളയിലെ കൃത്യനിര്‍വഹണവും, കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളും പലപ്പോഴും മുസ്‌ലിം സ്ത്രീകളുടെ തിരഞ്ഞെടുപ്പാണെന്ന് തോന്നുന്നില്ല. ഒരു കാലത്ത് അങ്ങനെയൊക്കെയായിരുന്നു. ഇന്ന് കുടുംബ കാര്യങ്ങളില്‍ ഭാഗികമായെങ്കിലും പുരുഷന്മാരുടെ ഉത്തരവാദിത്വവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ടവര്‍. ചിലര്‍ വിദ്യാസമ്പന്നരായിരിക്കുമ്പോഴും കുടുംബിനിയുടെ ധര്‍മ നിര്‍വഹണം മാത്രം നടത്തിക്കഴിയാന്‍ സ്വയം സന്നദ്ധരാകുന്നുണ്ട്. അവരില്‍ ചിലര്‍ അതാസ്വദിച്ച് ചെയ്യുന്നുമുണ്ട്. എന്നാല്‍ അക്കൂട്ടരില്‍ പലരും അതിന് തയ്യാറാകുന്നത് അദൃശ്യമായ പുരുഷ കല്പനകളാലാണെന്ന് നിരീക്ഷിക്കാനാവും. സാമൂഹിക സമ്മര്‍ദങ്ങള്‍ കുടുംബിനി റോള്‍ മാത്രം സ്വീകരിച്ച് കഴിയുന്നതിന് കാരണമാകുന്നു. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ ഇച്ഛകള്‍ക്ക് സ്വന്തം മോഹങ്ങളെ ബലിയര്‍പ്പിക്കുന്നത്, അല്പം കാലം കൊണ്ട് തന്നെ പലവിധ പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇന്ന് പഴയ കാലത്തെപ്പോലെ വീട്ടുകാര്യം നോക്കാനും ഭക്ഷണമൊരുക്കാനും പലവിധ സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്താനാവുന്നു. അണുകുടുംബമാവുമ്പോള്‍ ഇത്തരം കുടുംബിനീ ധര്‍മങ്ങള്‍ ചെയ്ത് കഴിഞ്ഞുണ്ടാകുന്ന ഒഴിവ് സമയം പല യുവതികളെയും വേട്ടയാടുന്നുണ്ട്. ചിലരിലെങ്കിലും തന്റെ ജീവിതം പാഴാകുന്നു, എനിക്ക് സ്വന്തമായൊന്നും ചെയ്യാനാവുന്നില്ല എന്ന വിചാരം ചിലപ്പോഴെങ്കിലും അഗ്നിപര്‍വതത്തിനുള്ളിലെ ലാവ പോലെ പുറത്തേക്ക് വമിക്കുന്നത് കൗണ്‍സലിംഗ് റൂമില്‍ വെച്ച് കേള്‍ക്കാനിടവന്നിട്ടുണ്ട്.
ഗള്‍ഫില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന, നഗരത്തില്‍ ഫ്ലാറ്റുകളിലോ വീടുകളിലോ വെറുമൊരു കുടുംബിനിയായി കഴിയുന്ന മുസ്‌ലിം യുവതികളില്‍ പെരുകുന്ന അസ്വസ്ഥതകളുടെ പ്രധാന കാരണങ്ങളിലൊന്ന് വരുമാനമടക്കം ഉണ്ടാക്കുന്ന നിര്‍മാണാത്മക പ്രവര്‍ത്തികളില്‍ അവര്‍ക്ക് പങ്കാളിത്തമില്ലാതാകുന്നത് കൊണ്ട് കൂടിയാണെന്ന് കാണാനാവുന്നു. സ്ത്രീകള്‍ക്ക് വരുമാനമുള്ള തൊഴില്‍ ചെയ്യാനാവാതെ വരുന്നതിന്റെ പ്രധാന അടിത്തറ, വേരൂന്നിയ പുരുഷ കേന്ദ്രീകൃത സാമൂഹ്യഘടന (Patriarchal Social Structure) ആണ്. പുരുഷ സമൂഹം നൂറ്റാണ്ടുകളായി കയ്യാളുകയും ആസ്വദിക്കുകയും ചെയ്യുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും അവര്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവുന്നില്ല. അത് കുടുംബനാഥന്റെ അവകാശമായി കണക്കാക്കുന്നു.
വീട്ടുജോലി തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ പോലും ഒറ്റയ്ക്ക് നിര്‍വഹിക്കേണ്ടി വരുന്നു. വരുമാനം ഉണ്ടാക്കാനാവുന്ന തൊഴിലും കുടുംബ കാര്യങ്ങളും ഒന്നിച്ചു നോക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് വലിയ സഹായങ്ങള്‍ ചെയ്തുകൊടുക്കാനോ, വീട്ടുകാര്യങ്ങളില്‍ പങ്കാളികളാവാനോ പുരുഷാഹന്ത സമ്മതിക്കാനുമിടയില്ല. ഭാര്യയും ഭര്‍ത്താവും അവിവാഹിതരായ കുട്ടികളുമുള്ള അണുകുടുംബത്തില്‍ പോലും വീട്ടുജോലി സ്ത്രീയുടെ ധര്‍മ നിര്‍വഹണമായി മാത്രം കണക്കാക്കപ്പെടുന്നു. ഒരു പകല്‍ നേര ജീവനക്കാരിയെ നിയമിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ചില പുരുഷന്മാരെങ്കിലും ചോദിക്കുന്നു: ‘പിന്നെ നിന്നെക്കൊണ്ടെന്താണ് പ്രയോജനം?’ പുരുഷാധിപത്യത്തിന്റെ പ്രകടഭാവം ഈ വിധം കുടുംബാന്തരീക്ഷത്തില്‍ കത്തിയാളുന്നു. മുസ്‌ലിം യുവതി ബിരുദധാരിയാണെങ്കിലും കുടുംബത്തിന് ഒരലങ്കാരമായി പ്രതിഷ്ഠിക്കപ്പെടുന്നു.