22 Sunday
December 2024
2024 December 22
1446 Joumada II 20

ബി ജെ പിയും മമതയും  ഏറ്റുമുട്ടുമ്പോള്‍ – ആദില്‍

സി ബി ഐ എന്നും ഭരിക്കുന്ന പാര്‍ട്ടികളുടെ ആയുധമാണ്. മമതയുടെ ഫാസിസ്റ്റ് വിരുദ്ധത ആശയപരമായി എത്ര ശരിയാണ് എന്നറിയില്ല. ഒരിക്കല്‍ അവരുടെ കൂടെ മമതയും ഉണ്ടായിരുന്നു. ആ നിലക്ക് ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ഫാസിസ്റ്റു വിരുദ്ധത എന്നും ചോദ്യ ചിഹ്നമാണ്. മമതയുടെ കാര്യത്തിലും അത് ശരിയാവാം. ഇന്ത്യന്‍ മതേതര മനസ്സിന്റെ മൊത്തം തേട്ടമാണ് മോഡി വിരുദ്ധ ഇന്ത്യ എന്നത്. അതിന്റെ വഴിയിലാണ് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. നാല്പതോളം സീറ്റുള്ള ഒരു സംസ്ഥാനത്തില്‍ നിന്നാണ് മമത വരുന്നത്. അതില്‍ വലിയ ഒരു പങ്ക് അവര്‍ നേടും എന്നുറപ്പാണ്. അത് കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടത്തില്‍ ഇപ്പോള്‍ മമത കുഴപ്പക്കാരിയാണ്. ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നു എന്നത് തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരുടെ സ്ഥാനം വിളിച്ചു പറയുന്നു.
ചിട്ടി കേസും അനുബന്ധ സംഭവങ്ങളും പുതിയ കാര്യമല്ല. പൊലീസ് മേധാവിയുടെ വീട് സി ബി ഐ റെയ്ഡ് നടത്തുക എന്നത് ഒരു കേട്ട് കേള്‍വിയില്ലാത്ത കാര്യമാണ്. എന്ത് കൊണ്ട് ഇപ്പോള്‍ ഇതെന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി അടുത്തിടെ നടന്ന പ്രതിപക്ഷ യോഗവും സംസ്ഥാനത്തു ബി ജെ പി നേതാക്കള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കാത്തതുമാണ്. കടുവയെ കിടുവ പിടിച്ചു എന്നത് പോലെ സി ബി ഐ യെ പോലീസ് അറസ്റ്റ് ചെയ്യുക. തുടര്‍ന്ന് മുഖ്യമന്ത്രി നിരാഹാരം കിടക്കുക എന്നതൊക്കെ നമ്മുടെ ജനാധിപത്യത്തിന്റെ പ്രഹസനമാണ് കാണിക്കുന്നതും. കേന്ദ്രവും സംസ്ഥാനവും കാണിക്കുന്ന കളികള്‍ ആത്യന്തികമായി ഉപകാരപ്പെടുക കേന്ദ്രത്തിന് തന്നെയാകും. ഫെഡറല്‍ സംവിധാനത്തിന്റെ വാല്‍ അവരുടെ അമ്മിയുടെ താഴെയാണ് എന്ന വിചാരമാണ് ബി ജെ പി യെ കളിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും.
ശുദ്ധ രാഷ്ട്രീയമാണ് വിഷയം. സി ബി ഐ യെ ഉപയോഗിച്ചു ആളുകളെ വിരട്ടുക എന്ന പതിവ് രീതിക്കു ഒരു പരിഹാരമാണ് മമതയുടെ നിലപാട്. കോടതി സി ബി ഐ നല്‍കിയ പരാതിയില്‍ പെട്ടെന്ന് ഇടപെടാന്‍ കൂട്ടാക്കിയില്ല എന്നതു മറ്റൊരു സൂചനയാണ്. സുപ്രീംകോടതി ഉത്തരവിനെയാണ് മമത ചോദ്യം ചെയ്യുന്നത് എന്ന ബി ജെ പി യുടെ വാദം ശരിയല്ല എന്ന് മനസ്സിലാക്കാം. രാജ്യത്തെ പരമോന്നത കോടതിയുടെ നിര്‍ദ്ദേശത്തെ ഒരു സംസ്ഥാന സര്‍ക്കാര്‍ തടയുക എന്നത് ഒരിക്കലും സാധ്യമായ കാര്യമല്ല തന്നെ. അത് കൊണ്ട് തന്നെയാണ് ഇന്ത്യയിലെ സി പി എം ഒഴികെ ഒട്ടുമിക്ക പാര്‍ട്ടികളും കേന്ദ്ര നടപടിയെ എതിര്‍ക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ തകിടം മറിക്കുന്ന നിലപാടുകളാണ് കല്‍ക്കത്തയില്‍ നിന്നും നാം കണ്ടു കൊണ്ടിരിക്കുന്നത്. വിഷയം ഇപ്പോള്‍ കോടതിയുടെ മുന്നിലാണ്. കോടതി പറയുന്നത് കേള്‍ക്കാന്‍ നാം കാത്തിരിക്കുക.
ചിട്ടി കമ്പനി കേസില്‍ തൃണമൂലിലെ പലരും പെട്ടിട്ടുണ്ട്. അതൊരു സത്യവുമാണ്. അതിന്റെയും സത്യാവസ്ഥ അറിഞ്ഞിട്ടു വേണം. കേസുകള്‍ അവസാനിപ്പിക്കാന്‍ പലപ്പോഴും പലര്‍ക്കും സമ്മതമാകില്ല. എതിരാളികളെ വരുതിയില്‍ നിര്‍ത്താനുള്ള ഒരു സന്ദര്‍ഭം ആരും കളയില്ല എന്നുറപ്പാണ്. ലാവ്‌ലിന്‍ മറ്റൊരു ഉദാഹരണം. മമതയുടെ ഇപ്പോഴത്തെ തകര്‍ച്ച പുതുതായി രൂപപ്പെട്ടു വന്ന പ്രതിപക്ഷ കൂട്ടായ്മയെ തകര്‍ക്കും എന്നുറപ്പാണ്. അത് കൊണ്ടാണ് കോണ്‍ഗ്രസ്സ് പോലുള്ള പാര്‍ട്ടികള്‍ അവരുടെ പിന്നില്‍ ഉറച്ചു നില്‍ക്കുന്നതും. പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍ ഉണ്ടാക്കുക എന്നതിലപ്പുറം മറ്റൊരു ഉദ്ദേശവും കേന്ദ്രത്തിനില്ല എന്നതിനാല്‍ മമത ജയിച്ചേ തീരൂ.
സി പി എം ഒരിക്കല്‍ സംസ്ഥാനം ഭരിച്ച പാര്‍ട്ടിയാണ്. അവര്‍ക്കു തിരിച്ചു വരാനുള്ളതും അവിടെ തന്നെയാണ്. മമതയുടെ അഴിമതി അവരും ഏറ്റു പിടിക്കുന്നു, അതും രാഷ്ട്രീയമാണ്. കേരളത്തിലെ ലാവ്‌ലിന്‍ കേസ് യു ഡി എഫ് ഏറ്റു പിടിക്കുംപോലെ. ഒരേ സമയം ബി ജെ പിയും മമതയും അവരുടെ ശത്രുക്കളാണ്. അവിടെ ഒരു പക്ഷത്തു ചേരുക എന്നത് അവരെ സംബന്ധിച്ചിടത്തോളം എന്നത്തേക്കുമുള്ള നഷ്ടക്കച്ചവടമാണ്. അവരുടെ വിഷയം പ്രതിപക്ഷ സഖ്യം എന്നതിനേക്കാള്‍ അവരുടെ നിലനില്‍പ്പാണ്. നമ്മുടെ മുന്നിലുള്ള വിഷയം ഫാസിസത്തിന്റെ അന്ത്യമാണ്. അതില്‍ മമത ഒരു മുഖ്യ ഘടകമാണ്. രണ്ടു തിന്മകള്‍ ഒന്നിച്ചു വന്നാല്‍ വലിയ തിന്മയെ എതിര്‍ക്കുക എന്നിടത്താണ് മമതയുടെ അഴിമതിയെക്കാള്‍ ബി ജെ പിയുടെ ഫാസിസം രംഗത്തു വരുന്നത്.
Back to Top