ബാബരിക്കേസ് അത്ര സിംപിളല്ല – അബ്ദുസ്സമദ് അണ്ടത്തോട്
രണ്ടു പേര്‍ തമ്മിലുള്ള വിഷയമല്ല ബാബറി മസ്ജിദ്. മതേതര ഇന്ത്യയുടെ മതേതരത്വം ഫാസിസ്റ്റുകള്‍ തകര്‍ത്ത ദുരന്തമാണ്. ഇന്ത്യന്‍ ഭരണഘടനയാണ് അക്രമികള്‍ തകര്‍ത്തു കളഞ്ഞത്. അക്രമികളുമായി ചര്‍ച്ച എന്നൊന്നില്ല. ആദ്യം വേണ്ടത് പള്ളി പൊളിച്ച ആക്രമികളെ ശിക്ഷിക്കുകയാണ്. ശേഷം വേണ്ടത് പള്ളി പഴയ സ്ഥലത്ത് പുനര്‍നിര്‍മ്മാണം നടത്തുകയാണ്. മധ്യസ്ഥത എന്നത് നടന്നു വരുന്ന ഒരു കീഴ്‌വഴക്കമാണ്. പക്ഷെ അത് നാട്ടിലെ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചു കൊണ്ടാകരുത്. ഒരു വിഭാഗത്തിന്റെ ആരാധനാലയം എല്ലാ അതിരുകളും തകര്‍ത്തവരുടെ നിലപാടിനെ സാധൂകരിക്കുന്ന രീതിയിലാവരുത് മധ്യസ്ഥത. രാമക്ഷേത്രം എന്നതു ഒരു നിലപാടായി കൊണ്ട് നടക്കുന്ന രവിശങ്കറിനെ പോലുള്ളവരുടെ മധ്യസ്ഥത എങ്ങിനെ നിഷ്പക്ഷമാകും?
വിഷയം ഭൂമിയുടെ ഉടമസ്ഥാവകാശം എന്നതായി മാറിയിരിക്കുന്നു. ബാബറി മസ്ജിദ് ഒരു ചരിത്ര വസ്തുതയാണ്. രാമന്‍ എന്നത് ഐതിഹ്യവും. രാമന്‍ ജനിച്ച സ്ഥലത്തു ഉണ്ടായിരുന്ന അമ്പലം പൊളിച്ചാണ് പള്ളി പണിതത് എന്ന് തെളിയിക്കാന്‍ കഴിയുന്ന ഒരു രേഖയും ഇതുവരെ രംഗത്ത് വന്നിട്ടില്ല. ബാബറി പള്ളി മാത്രമല്ല ഏതൊരു പള്ളിയും പിടിച്ചെടുത്ത സ്ഥലത്താണ് എന്ന് വരികില്‍ അത് തിരിച്ചു കൊടുക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. എന്ന് വെച്ച് ഊഹങ്ങളുടെ പേരിലും വിദ്വേഷത്തിന്റെ പേരിലും ഒന്നും തകര്‍ത്ത് കളയാന്‍ ആര്‍ക്കും അവകാശമില്ല. അതിനാണ് നാട്ടിലെ കോടതികള്‍. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമാണ് ഫാസിസ്റ്റുകള്‍ തകര്‍ത്തു കളഞ്ഞത്. അതിന്റെ പേരില്‍ നാട്ടില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല എന്നത് തന്നെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് അപമാനമാണ്.
വിഷയത്തില്‍ കോടതി വിധി പറയണം എന്നതാണ് മുസ്‌ലിം സമൂഹം ആവശ്യപ്പെടുന്നത്. തെളിവുകള്‍ പരിശോധിച്ച് പള്ളി പണിത സ്ഥലത്ത് പണ്ടൊരു അമ്പലം ഉണ്ടായിരുന്നു എന്നായിരുന്നെങ്കില്‍ ആ ഭൂമി അവര്‍ക്ക് തിരിച്ചു കൊടുക്കണം. അല്ലെങ്കില്‍ കുറ്റവാളികളെ ശിക്ഷിക്കണം. പള്ളി പുനര്‍നിര്‍മ്മിക്കുകയും വേണം. ഇവിടെ എന്ത് കാര്യമാണ് മധ്യസ്ഥതയില്‍ തീര്‍ക്കാനുള്ളത്. വിശ്വാസത്തെ നിയമത്തിനു അളക്കാന്‍ കഴിയില്ല എന്നുറപ്പാണ്. അതെ സമയം വിശ്വാസികളുടെ അവകാശം നിയമം സംരക്ഷിക്കണം. പൊളിക്കാനുള്ള ഒരു പാട് പള്ളികളുടെ ലിസ്റ്റ് പോക്കറ്റില്‍ വെച്ചാണ് സംഘ പരിവാര്‍ നടക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന നാട്ടില്‍ അതൊരു പുതിയ വര്‍ത്തമാനമല്ല. ഒരു ജനതയെ പേടിപ്പിച്ചു നിര്‍ത്തുക എന്നതാണ് അതിന്റെ പിന്നിലെ ഉദ്ദേശ്യം. ആ ഉദ്ദേശ്യത്തെ പ്രതിരോധിക്കാന്‍ നമ്മുടെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും കഴിയുമ്പോള്‍ മാത്രമാണ് നാട്ടില്‍ ജനാധിപത്യവും മതേതരത്വവും പൂര്‍ണമാകുക.
വീട്ടില്‍ കയറിയ കള്ളനോട് മധ്യസ്ഥതക്ക് ഒരാളും നിര്‍ദ്ദേശം മുന്നോട്ട് വെക്കില്ല. ഒരു ജനതയുടെ ആരാധാലയം അതിക്രമമായി നശിപ്പിച്ചവരെ ശിക്ഷിക്കുക എന്നതാണ് ആദ്യം വേണ്ടത്. ഇവിടെ വിഷയം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലല്ല. ആക്രമികളും ഭരണഘടനയും തമ്മിലാണ്. അക്രമികളെ വെള്ള പൂശുന്ന ഒന്നും നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ നിന്നും വരാന്‍ പാടില്ലാത്തതാണ്.
സംഘ പരിവാറിനു രാമന്‍ ഒരു തിരഞ്ഞെടുപ്പ് ആയുധം മാത്രമാണ്. രാമക്ഷേത്രം വിശ്വാസം എന്നതിനേക്കാള്‍ അതൊരു വൈകാരിക മുതലാണ്. ഒരിക്കലും ഈ വിഷയം അവസാനിക്കരുത് എന്നവര്‍ ആഗ്രഹിക്കുന്നു. അതെ സമയം മുസ്‌ലിംകള്‍ വിഷയം നിയമപരമായി തന്നെ അവസാനിക്കണം എന്നും ആഗ്രഹിക്കുന്നു. നിയമത്തിന്റെ വഴിയില്‍ പരാജയം സംഘ പരിവാര്‍ മുന്‍കൂട്ടി കാണുന്നു, അതിനവര്‍ ചെയ്യുന്നത് ഭീഷണിയുടെ സ്വരവും. ആകെക്കൂടി നമുക്ക് പറയാന്‍ കഴിയുന്ന കാര്യം രാമക്ഷേത്രം ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ സംഘ പരിവാരിനു കഴിയില്ല എന്നത് മാത്രമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക, നീതി നടപ്പാക്കുക എന്നിടത്ത് മാത്രമാണ് ഒരു വ്യവസ്ഥിതി അതിജയിക്കുക എന്ന് കൂടി നാം ചേര്‍ത്ത് വായിക്കണം.