3 Thursday
July 2025
2025 July 3
1447 Mouharrem 7

ബര്‍ലിന്‍ മതില്‍ പതനത്തിന് 30 ആണ്ട്

ജര്‍മനിയുടെ ഹൃദയത്തിനു മധ്യേ വിഭജന മതില്‍ പണിത ബര്‍ലിന്‍ മതിലിന്റെ പതനത്തിന്റെ 30ാം വാര്‍ഷികത്തില്‍ പ്രത്യേക ഡൂഡ്‌ലൊരുക്കി ഗൂഗ്ള്‍. തകര്‍ന്ന മതിലിനു മുകളില്‍ രണ്ടുപേര്‍ ആലിംഗനബദ്ധരായി നില്‍ക്കുന്ന രീതിയിലാണ് ഡൂഡ്ല്‍ ഇമേജ്. 1989 നവംബര്‍ ഒമ്പതിനാണ് ബര്‍ലിന്‍ മതില്‍ ജനം തകര്‍ത്തത്.
ബര്‍ലിന്‍ നഗരത്തിന്റെ ഒരു ഭാഗം പടിഞ്ഞാറന്‍ ജര്‍മനിയുടെയും മറ്റൊരു ഭാഗം കമ്യൂണിസ്റ്റ് ഭരണത്തിലായ കിഴക്കന്‍ ജര്‍മനിയുടെയും കൈവശം വന്നതോടെയാണു വിഭജന മതില്‍ ഉയര്‍ന്നത്. പശ്ചിമ ജര്‍മനിയുടെ കൈവശമുള്ള നഗരത്തിലേക്ക് ജനങ്ങള്‍ കടക്കാതിരിക്കാന്‍ പൂര്‍വ ജര്‍മനിയാണ് 1961ല്‍ മതില്‍ നിര്‍മിച്ചത്. 155 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു ഈ മതിലിന്. കൂടാതെ 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും.
കുറുകെ കടക്കാന്‍ ശ്രമിച്ചവരെ വെടിവെച്ചിടാന്‍ തുടങ്ങിയതോടെ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന്റെ ചിഹ്നമായി മതില്‍ മാറി. ഒടുവില്‍ സോവിയറ്റ് യൂനിയന്‍ ക്ഷയിക്കുകയും മറ്റു രാജ്യങ്ങളില്‍ അവരുടെ പിടി അയയുകയും ചെയ്തതോടെ വിഭജനത്തിനെതിരെ ജര്‍മന്‍ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. മതില്‍ പൊളിച്ചതിനു പിന്നാലെ1990ല്‍ ഐക്യജര്‍മനിയും രൂപംകൊണ്ടു.
വാര്‍ഷികത്തോടനുബന്ധിച്ച് ബര്‍ലിന്‍ നഗരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറും ചാന്‍സലര്‍ അംഗല മെര്‍കലും പോളണ്ട്, ഹംഗറി, സ്‌ലോവാക്യ, ചെക് റിപ്പബ്ലിക് രാഷ്ട്രത്തലവന്മാരും പങ്കെടുത്തു. ലോകത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ജര്‍മനിയുടെ പുനരേകീകരണം ഒരിക്കലും സാധ്യമാകില്ലായിരുന്നുവെന്ന് സ്റ്റീന്‍മിയര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ ഒരുക്കിയ പരിപാടികളും അരങ്ങേറി.

Back to Top