ബന്ധങ്ങളില്‍ നമുക്ക് നഷ്ടമായതെന്ത്? മുഹമ്മദ് റഫീഖ്
കഴിഞ്ഞ ദിവസങ്ങളിലായി നമ്മുടെ മനസ്സാക്ഷിയെ തകര്‍ത്തു കളയുന്ന ചില വാര്‍ത്തകളാണ് നമ്മള്‍ പത്രമാധ്യമങ്ങളിലൂടെ കണ്ടിട്ടുള്ളത്. അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് മകനെ മര്‍ദിച്ച് തലയോട്ടിക്ക് മാരകമായി പരിക്കേല്പിച്ചിരിക്കുന്നു. ബന്ധങ്ങളില്‍ അകല്ച്ച സൃഷ്ടിക്കപ്പെടുന്ന സാഹചര്യമാണ് ഇവിടെ കണ്ടു വരുന്നത്. രക്തബന്ധങ്ങള്‍ക്ക് പോലും തീരെ വില കല്പിക്കപ്പെടാതായിരിക്കുന്നു.
മക്കളെ പീഡിപ്പിക്കുന്ന അമ്മമാരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഈ ദുരന്തത്തിന്റെ മുഖ്യപ്രതി എല്ലായ്‌പ്പോഴും രണ്ടാനമ്മയും അച്ഛനുമാണ് എന്നതാണ് വസ്തുത. കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന വിള്ളലുകള്‍ക്ക് പാത്രമാകുക എല്ലായ്‌പ്പോഴും കുട്ടികളാണ്. ശരിയായ സംരക്ഷണം എന്നതിന് പുറമെ നിരന്തര പീഡനം എന്നത് കൂടി ചേര്‍ത്ത് വായിക്കണം.
കേരള സമൂഹത്തില്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ ഒരു നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു. പലപ്പോഴും രണ്ടില്‍ ഒരാളുടെ വഴിവിട്ട ജീവിതമാണ് അതിനു കാരണം. സ്വാഭാവികമായി തകര്‍ന്നു പോകുന്ന ബന്ധങ്ങളില്‍ ആടി ഉലയാന്‍ മാത്രമായി കുട്ടികളുടെ ജീവിതം മാറുന്നു. സ്വന്തം മകന്റെ തല പൊളിഞ്ഞു തലച്ചോര്‍ പുറത്തു വരാന്‍ മാത്രം പീഡനം നടക്കുമ്പോള്‍ കണ്ടു നില്ക്കാന്‍ മാത്രം ശക്തമായ മനസ്സായി നമ്മുടെ അമ്മമാരുടെ മനസ്സ് മാറിയിരിക്കുന്നു. എന്റെ ജീവിതം എന്ന സ്വാര്‍ത്ഥതയാണ് ഇതിനു മുഖ്യ കാരണം. അതിനു തടസ്സം വരുന്ന എന്തും അറുത്തു മാറ്റാന്‍ ഒരു മടിയുമില്ല എന്നതാണ് ഇത്തരം ദുരന്തങ്ങളുടെ പിന്നില്‍. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തേക്കാള്‍ പരിശുദ്ധമായ മറ്റൊരു ബന്ധം ഭൂമിയില്‍ കാണുക സാധ്യമല്ല. പക്ഷെ അവിടെയാണ് ഇന്ന് പുഴുക്കുത്തിന്റെ മണം കൂടുതല്‍ കേള്‍ക്കുന്നതും.
സമാധാനം തിരിച്ചു വരുമ്പോള്‍ മാത്രമാണ് വീട് സ്വര്‍ഗമാകുക. മദ്യവും മയക്കു മരുന്നുമാണ് പലപ്പോഴും വില്ലന്‍. സുലഭമായി ഇവ രണ്ടും ലഭ്യമാകുന്നു എന്നതു തന്നെയാണ് അതിനു കാരണം. ബുദ്ധി ഉറക്കാതെയാണ് പലരും വീടുകളിലേക്ക് കടന്നു വരുന്നത്. കാമുകന്റെ കൂടെ ജീവിക്കാന്‍ മക്കളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊന്ന വാര്‍ത്തയും നാം കേരളത്തില്‍ നിന്ന് തന്നെയാണ് വായിച്ചത്. നമ്മുടെ കുടുംബങ്ങളില്‍ അസ്വസ്ഥത വര്‍ധിച്ചു വരുന്നു എന്നുറപ്പാണ്. സ്‌നേഹം,കരുണ എന്നീ ഗുണങ്ങള്‍ കൊണ്ട് ബന്ധിപ്പിക്കേണ്ട ബന്ധങ്ങള്‍ സമ്പത്തു കൊണ്ടും മറ്റു ബൗദ്ധിക വിഭവങ്ങള്‍ കൊണ്ടും ബന്ധിപ്പിക്കുമ്പോള്‍ അത് പൊട്ടിപോകാനുള്ള സാധ്യത കൂടുതലാണ്.
വീടുകള്‍ മൂല്യങ്ങളുടെ ഉറവിടമാകട്ടെ. പരസ്പര സ്‌നേഹവും വിശ്വാസവും കാരുണ്യവും അവിടെ നിറയട്ടെ. അപ്പോള്‍ മാത്രമാണ് ഇപ്പോള്‍ കേള്‍ക്കുന്ന ദുരന്തങ്ങള്‍ക്ക് നമുക്ക് അവധി നല്‍കാന്‍ കഴിയൂ.