13 Monday
January 2025
2025 January 13
1446 Rajab 13

ബംഗ്ലാദേശ് പ്രക്ഷോഭം ഭരണമാറ്റത്തിന് ചാലകശക്തിയാകുമ്പോള്‍

ഡോ. ഹിഷാമുല്‍ വഹാബ്‌


ബംഗ്ലാദേശ് ഒരു രാഷ്ട്രീയ മാറ്റത്തിനു കൂടി വേദിയായിരിക്കുകയാണ്. പലവട്ടം സൈനിക അട്ടിമറികള്‍ക്ക് വിധേയമായ ഈ രാഷ്ട്രം ഇത്തവണ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ വരവേറ്റുകൊണ്ട് പുതിയ ഒരു തുടക്കത്തിന് പ്രാരംഭം കുറിച്ചിരിക്കുകയാണ്. വിവേചനത്തിനെതിരെ വിദ്യാര്‍ഥികള്‍ എന്ന തലക്കെട്ടില്‍ വലിയൊരു വിദ്യാര്‍ഥിനിരയെ കെട്ടിപ്പടുത്താണ് ഭരണകക്ഷിയെ പ്രക്ഷോഭത്തിലൂടെ കെട്ടുകെട്ടിച്ചത്. 15 വര്‍ഷത്തോളം തുടര്‍ച്ചയായി അധികാരത്തില്‍ തുടര്‍ന്ന പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീന, ഏകാധിപത്യ മനോഭാവം കൈമുതലാക്കി പ്രതിപക്ഷത്തെയും രാഷ്ട്രീയ അവകാശങ്ങളെയും അടിച്ചമര്‍ത്തിയപ്പോഴാണ് അവരുടെ അനിവാര്യമായ പതനം സംഭവിച്ചത്. ലോക പ്രശസ്ത നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ പതിനേഴംഗ മന്ത്രിസഭയുടെ രൂപീകരണത്തിലൂടെയാണ് ഈ ഏകാധിപത്യത്തിന് അന്ത്യം കുറിക്കപ്പെട്ടത്.
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുപ്പത് ശതമാനം സംവരണം വീണ്ടും കോടതി ശരിവെച്ചതോടെയാണ് വിദ്യാര്‍ഥികള്‍ സമരവുമായി മുന്നോട്ടുവന്നത്. 1972ല്‍ നടപ്പാക്കിയ സംവരണ തത്വപ്രകാരം ഗവണ്മെന്റ് ജോലികളില്‍ 30 ശതമാനം വിമോചന യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കും 10 ശതമാനം സ്ത്രീകള്‍ക്കും 10 ശതമാനം പിന്നാക്ക ജില്ലാ നിവാസികള്‍ക്കും 5 ശതമാനം ന്യൂനപക്ഷ വംശങ്ങള്‍ക്കും ഒരു ശതമാനം ഭിന്നശേഷിക്കാര്‍ക്കുമാണ് വിഭജിച്ചു നല്‍കിയത്.
എന്നാല്‍ ഈ വ്യവസ്ഥയ്ക്കെതിരെ നടന്ന അഭ്യസ്തവിദ്യരുടെയും വിദ്യാര്‍ഥികളുടെയും 2018ലെ പ്രക്ഷോഭത്തിന്റെ ഫലമായി ഇതു പൂര്‍ണമായും നിര്‍ത്തലാക്കുകയുണ്ടായി. പിന്നാക്കക്കാര്‍ക്കുകൂടി അവകാശപ്പെട്ട സംവരണം പൂര്‍ണമായും നിര്‍ത്തലാക്കിയതിനെതിരെ 2018ല്‍ നടന്ന നിയമയുദ്ധം, പക്ഷെ കേവലം വിമോചന യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്കുള്ള 30 ശതമാനം സംവരണം പുനഃസ്ഥാപിക്കുന്നതിലേക്കാണ് നയിച്ചത്. അതേസമയം മറ്റു സംവരണങ്ങളെല്ലാം പുനഃസ്ഥാപിക്കാതെ തല്‍സ്ഥിതി തുടര്‍ന്നു. ഹൈക്കോടതിയുടെ ഈ വിവേചനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്.
ജൂലൈ ആദ്യവാരത്തില്‍ സമാധാനപൂര്‍ണമായി ആരംഭിച്ച സമരം, ഭരണകൂടം സൈനികമായി അടിച്ചമര്‍ത്തുകയും അവാമി ലീഗിന്റെ വിദ്യാര്‍ഥി-യുവ വിഭാഗമായ ബംഗ്ലാദേശ് ഛാത്ര ലീഗ് സമരക്കാരുമായി തെരുവില്‍ ഏറ്റുമുട്ടുകയും ചെയ്തു. പൊലീസ് നടത്തിയ നരനായാട്ടില്‍ നൂറില്‍പരം യുവാക്കള്‍ കൊല്ലപ്പെട്ടു. സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ച ഭരണകൂടം അടിച്ചമര്‍ത്തല്‍ വ്യാപകമായി തുടര്‍ന്നു. സമരക്കാര്‍ക്കെതിരെ രംഗത്തുവന്ന് ശൈഖ് ഹസീന ഇപ്രകാരമാണ് പ്രസ്താവിച്ചത്: ”സ്വാതന്ത്ര്യ സമരക്കാരുടെ കുടുംബക്കാര്‍ക്കല്ലാതെ, രാജ്യദ്രോഹികളുടെ പിന്മുറക്കാര്‍ക്കാണോ അവസരങ്ങള്‍ നല്‍കേണ്ടത്?” ഇവിടെ രാജ്യദ്രോഹികള്‍ എന്ന് അവര്‍ ഉദ്ദേശിച്ചത് രസാക്കാര്‍ (ഞമ്വമസമൃ) എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ അനുകൂല സായുധ വിഭാഗക്കാരെയാണ്. പ്രതിഷേധക്കാരെല്ലാം പാകിസ്ഥാന്‍ അനുകൂലികളെന്ന് അഭിസംബോധന ചെയ്ത ഹസീന, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെല്ലാം ഉപയോഗത്തിലുള്ള ‘രാജ്യദ്രോഹികള്‍’ (ആന്റി നാഷണല്‍) വ്യവഹാരമാണ് പയറ്റിയത്. പക്ഷേ, വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആളിക്കത്തിക്കുകയും ഹസീനയ്ക്ക് രാജിവെച്ച് പുറത്തുപോകേണ്ടി വരികയും ചെയ്തു.
വികസനത്തിനാണോ പൗരാവകാശത്തിനാണോ മുന്‍തൂക്കം ലഭിക്കുക എന്ന ചോദ്യത്തിനാണ് ബംഗ്ലാദേശ് ഉത്തരം നല്‍കിയത്. 15 വര്‍ഷത്തെ തുടര്‍ഭരണത്തിലൂടെ ഹസീനയുടെ വികസന പദ്ധതികള്‍ ബംഗ്ലാദേശിനെ ‘ദരിദ്ര രാഷ്ട്രം’ എന്ന മേല്‍വിലാസത്തില്‍ നിന്ന് കരകയറ്റിയിട്ടുണ്ട്. നെയ്ത്ത് വ്യവസായം, വിവരസാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളില്‍ വമ്പിച്ച പുരോഗതി കൈവരിച്ച ഈ രാഷ്ട്രം, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും മികച്ച ജിഡിപി നിരക്ക് കാഴ്ചവെക്കുന്നു.
എന്നാല്‍ സാമ്പത്തിക അഭിവൃദ്ധിക്കൊപ്പം തന്നെ അധികാരം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിച്ച ഹസീന രാഷ്ട്രീയ പ്രതിയോഗികളെ ജയിലിലടക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്തു. വിമോചന യുദ്ധകാലത്തെ കുറ്റകൃത്യങ്ങള്‍ 40 വര്‍ഷങ്ങള്‍ക്കിപ്പുറം വിചാരണ ചെയ്യുവാന്‍ ട്രൈബ്യൂണല്‍ രൂപീകരിച്ച ഹസീന, പ്രതിപക്ഷ കക്ഷികളുടെയും, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിയുടെയും നേതാക്കളെ തൂക്കിലേറ്റി. ഒരു കാലത്ത് സഹപ്രവര്‍ത്തകയായിരുന്ന ഖാലിദ സിയയെ വീട്ടുതടങ്കലിലാക്കി. അവരുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെ (ബിഎന്‍പി) നിര്‍വീര്യമാക്കുവാന്‍ ശ്രമിച്ചു. വന്‍ കൃത്രിമത്വം ആരോപിച്ച് ബിഎന്‍പി ബഹിഷ്‌കരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ഹസീനക്കെതിരെ കാലങ്ങളായി പടര്‍ന്നുകൊണ്ടിരുന്ന പ്രതിഷേധത്തിന്റെ അലയൊലികളാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ കാണാന്‍ സാധിക്കുന്നത്.

കേവല വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ വിജയാഘോഷങ്ങളല്ല അവിടെ നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഷേധം അണപൊട്ടിയൊഴുകുന്ന രംഗങ്ങളാണ്, രാഷ്ട്രപിതാവായ ശൈഖ് മുജീബുറഹ്മാന്റെ പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. രാഷ്ട്രപിതാവെന്നതിലുപരി അവാമി ലീഗിന്റെ സ്ഥാപകന്‍, ശൈഖ് ഹസീനയുടെ പിതാവ് എന്നീ നിലകളിലാണ് അദ്ദേഹം ജനങ്ങളുടെ പ്രതിഷേധത്തിന് പാത്രമായിത്തീര്‍ന്നത്. ഹസീനയുമായി താമസസ്ഥലമായ ഗണഭവനിലേക്ക് കുതിച്ചെത്തിയ ജനക്കൂട്ടം അത് തകര്‍ക്കുകയും തൂത്തുവാരുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഹൈന്ദവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിയമപാലന സംവിധാനത്തിന്റെ അഭാവത്തില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അവ അവാമി ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊതുവികാരത്തിന്റെ ഭാഗമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഹിന്ദുവിഭാഗത്തില്‍പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ ഒന്ന് ഒരു പൊലീസുകാരനും മറ്റൊന്ന് അവാമി ലീഗ് പ്രവര്‍ത്തകനുമാണ്.
സാമുദായിക സംഘര്‍ഷത്തെക്കുറിച്ചുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ പെരുപ്പിച്ച റിപ്പോര്‍ട്ടുകളെ അല്‍ജസീറ വിമര്‍ശിച്ചിട്ടുണ്ട്. ‘മതേതര’ ‘പുരോഗമന’ പാര്‍ട്ടിയായ അവാമി ലീഗിന്റെ തകര്‍ച്ച, ‘വര്‍ഗീയ, ഇസ്ലാമിസ്റ്റ്’ ആയ പ്രതിപക്ഷ കക്ഷികള്‍ മുതലെടുക്കുമെന്നാണ് അവരുടെ ആശങ്ക. എന്നാല്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കരുതെന്നും അവരുടെ ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും വിദ്യാര്‍ഥി നേതാക്കള്‍ ആഹ്വാനം ചെയ്യുകയുണ്ടായി.
‘ഹിന്ദു കൂട്ടക്കൊലകളും’ ‘ആക്രമണങ്ങളും’ വ്യാജ വാര്‍ത്തകളാല്‍ ഊതിപ്പെരുപ്പിക്കാന്‍ നോക്കിയപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ബംഗ്ലാദേശ് നാഷണല്‍ ഹിന്ദു മഹാജോത് ജനറല്‍ സെക്രട്ടറി ഗോവിന്ദ പ്രമാണിക് സോഷ്യല്‍ മീഡിയ വഴി ജനങ്ങള്‍ക്കു മുന്നില്‍ അവിടത്തെ ബഹുസ്വരതയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഗ്രാമീണ മേഖലയില്‍ സമ്പദ് ഘടനയെ ശാക്തീകരിക്കാന്‍ പരിശ്രമിച്ച ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട മന്ത്രിസഭ ഈ ബഹുസ്വരതയെ അടിവരയിടുന്നു. കേവലം എട്ടു ശതമാനത്തോളം മാത്രമുള്ള ഹിന്ദു വിഭാഗത്തില്‍ നിന്ന് രണ്ടു പേര്‍ (അഥവാ 12 ശതമാനം) പതിനേഴംഗ മന്ത്രിസഭയിലുണ്ട്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ഒരാള്‍ പോലും മുസ്ലിം ന്യൂനപക്ഷത്തില്‍ നിന്ന് മന്ത്രിസഭയിലില്ല എന്നത് ആശ്ചര്യത്തോടൊപ്പം ഭീതിയുളവാക്കുന്ന വസ്തുതയാണ്.
ക്രമസമാധാനം പുനഃസ്ഥാപിക്കുകയാണ് പ്രാഥമിക കര്‍ത്തവ്യം എന്ന് പ്രസ്താവിച്ച യൂനൂസിന്റെ മുന്നോട്ടുള്ള പോക്ക് ദുര്‍ഘടമാണ്. സൈനിക അട്ടിമറികള്‍ക്ക് പേരുകേട്ട ബംഗ്ലാദേശില്‍ സൈന്യത്തെയും പ്രതിപക്ഷ കക്ഷികളെയും വിദ്യാര്‍ഥി പ്രതിനിധികളെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് സുസ്ഥിരമായൊരു ഭരണസംവിധാനത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഈ ഇടക്കാല സര്‍ക്കാറിന് സാധിക്കുമോയെന്ന് കാത്തിരുന്നു കാണാം.

Back to Top