18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

ഫലസ്ത്വീനികള്‍ക്ക് പിന്തുണയുമായി ആര്‍ച്ച് ബിഷപ്പ്

ഫലസ്തീന്‍ ജനതക്ക് പിന്തുണയുമായി രംഗത്തെത്തിയ ജറൂസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ്പ് അറ്റല്ല ഹന്നയായിരുന്നു കഴിഞ്ഞയാഴ്ചയിലെ അറബ് പത്ര വാര്‍ത്തകളിലെ ഒരു പ്രധാന വ്യക്തി. ഫലസ്തീന്‍ കടുത്ത പക്ഷഭേദങ്ങളുടെ ഇരയാണെന്നും  ഫലസ്തീനികള്‍ക്കു നേരെയുള്ള അമേരിക്കയുടെ അടിച്ചമര്‍ത്തല്‍ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളെ അടിച്ചമര്‍ത്താന്‍ ഒരുങ്ങുന്ന  ട്രംപിന് ഫലസ്തീന്‍ ജനത കീഴടങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ട്രംപ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും  ഒട്ടും മനുഷ്യത്വപരമല്ലാത്ത ഭ്രാന്തന്‍ സമീപനമാണ് ട്രംപ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 25 വര്‍ഷത്തെ സമാധാന ചര്‍ച്ചകള്‍ എന്ന പേരില്‍ യു എസ്, ഫലസ്തീന്‍ വിഷയത്തില്‍ ഇടപെട്ട് നടത്തിയ നീക്കങ്ങളെല്ലാം അസംബന്ധങ്ങളായിരുന്നു. ഒട്ടും അവധാനതയില്ലാത്ത രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളുന്നയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്നും അദ്ദേഹം ആക്ഷേപമുയര്‍ത്തി. ഫലസ്തീനികള്‍ക്കെതിരേ കാലങ്ങളായി നടക്കുന്ന ഗൂഢാലോചനകളുടെ മേധാവികളാണ് അമേരിക്കന്‍ ഭരണകൂടങ്ങളെന്നും അദ്ദേഹം തുറന്നടിച്ചു. ട്രംപിന് വശം വദരായി നേടിയെടുക്കേണ്ടതല്ല ഫലസ്തീന്റെ അവകാശങ്ങളെന്നും തന്റെ പിന്തുണ ഫലസ്തീനികള്‍ക്ക് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x