ഫലസ്തീന്‍- ഇസ്‌റാഈല്‍ പ്രശ്‌നപരിഹാരം ട്രംപിന്റെ പദ്ധതി ഏകപക്ഷീയം അമീന്‍ എടത്തനാട്ടുകര
ഇസ്‌റാഈലും ഫലസ്തീനും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് യു എസ് പ്രസിഡന്റ് അവതരിപ്പിച്ച ‘സമാധാന പദ്ധതി’യില്‍ ഏകപക്ഷീയത മുഴച്ചുനില്‍ക്കുന്നു. ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായും വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ കുടിയേറിയ ഫലസ്തീന്‍ പ്രദേശം പൂര്‍ണമായും ഇസ്‌റാഈലിനു അനുവദിച്ചുകൊണ്ടുമാണ് ട്രംപ് പദ്ധതി പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് നെതന്യാഹുവിന്റെ സാന്നിധ്യത്തിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. വിവിധ അറബ് രാഷ്ട്രങ്ങളിലെ സ്ഥാനപതിമാര്‍ പങ്കെടുത്തെങ്കിലും ഫലസ്തീനെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും പ്രഖ്യാപന ചടങ്ങിനെത്തിയില്ല. ട്രംപിന്റെ രേഖക്ക് ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനമെന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് പ്രതികരിച്ചത്.
ജറൂസലമിനെ ഇസ്‌റാഈലിനു മാത്രം അവകാശമുള്ള നഗരമാക്കി മാറ്റുകയാണ് ട്രംപ് ചെയ്യുന്നത്. 1980-ല്‍ ജറൂസലമിനെ ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ത്ത നടപടിയും അതിനെ തലസ്ഥാനമായി പ്രഖ്യാപിച്ചതും രാജ്യാന്തര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതാണ്. അതുകൊണ്ടു തന്നെ ജറൂസലമിനെ തലസ്ഥാനമായി ഇസ്‌റാഈല്‍ പ്രഖ്യാപിച്ചിട്ടും മറ്റു രാജ്യങ്ങളൊന്നും അത് അംഗീകരിച്ചിരുന്നില്ല. ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി 2017-ല്‍ തന്നെ ട്രംപ് അംഗീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം ഇതിനെ അപലപിച്ചെങ്കിലും പിന്‍മാറാന്‍ യു എസ് തയ്യാറായിരുന്നില്ല.
വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ കടന്നുകയറ്റം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇസ്‌റാഈല്‍ പൗരന്മാരെ ഈ മേഖലയിലേക്ക് കൂട്ടത്തോടെ കൊണ്ടുവന്ന് പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇത് രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പല രാഷ്ട്രങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടും അത് വകവെക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. ഇങ്ങനെ പൗരന്മാരെ കുടിയേറ്റി പാര്‍പ്പിച്ച പ്രദേശങ്ങളെല്ലാം ട്രംപിന്റെ പദ്ധതിയില്‍ ഇസ്‌റാഈലിനു ദാനമായി നല്‍കുകയാണ്. ഇസ്‌റാഈലിന്റെ വാദങ്ങള്‍ അംഗീകരിക്കുന്നതും ഫലസ്തീന്റെ ആവലാതികള്‍ മുഖവിലക്കെടുക്കാതെയുമാണ് ട്രംപിന്റെ നിര്‍ദിഷ്ട പദ്ധതി എന്ന് വ്യക്തമാണ്.