6 Friday
March 2026
2026 March 6
1447 Ramadân 17

പൗരത്വമല്ല, പട്ടിണിയാണ് പ്രശ്‌നം

സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണണം: എം ജി എം
കോഴിക്കോട്; പൗരത്വമല്ല, പട്ടിണിയും ദാരിദ്ര്യവുമാണ് രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും പട്ടിണിയും പരിഹരിക്കാനുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) വനിതാ വിഭാഗമായ എം ജി എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു.
പൗരത്വ ബില്ലിലൂടെ ജാതിയും മതവും പറഞ്ഞ് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. തെറ്റായ നടപടികളിലൂടെ സമ്പദ്ഘടനയുടെ അടിത്തറ തകര്‍ത്ത കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കോടിക്കണക്കായ കുടുംബിനികളെയാണ് ദുരിത്തിലാക്കിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്ക് നേരെ കുറ്റകരമായ നിസ്സംഗതയാണ് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പിന്തുടരുന്നത്. സ്ത്രീ പീഡനങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന തെറ്റായ നിലപാടിനെ വിമര്‍ശിക്കുന്നവരെ വ്യക്തിഹത്യ ചെയ്യുന്നത് അവസാനിപ്പിച്ച് സ്ത്രീ പീഡനങ്ങള്‍ക്ക് അറുതിവരുത്തുന്നതിന് നടപടി സ്വീകരിക്കണം. സ്ത്രീകള്‍ക്കെതിരിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്താന്‍ ക്രിമിനല്‍ നിയമം പൊളിച്ചെഴുതണം. സ്ത്രീ പീഡനകേസുകള്‍ക്ക് കാലതാമസം കൂടാതെ നീതി ലഭ്യമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും എം ജിഎം ആവശ്യപ്പെട്ടു.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. എം ജി എം പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. സല്‍മ അന്‍വാരിയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റാഫിദ ഖാലിദ്, സൈനബ ഷറഫിയ, സജ്‌ന പട്ടേല്‍ത്താഴം, ബുഷ്‌റ നജാത്തിയ, റുഖ്‌സാന വാഴക്കാട് പ്രസംഗിച്ചു.

Back to Top