3 Tuesday
March 2026
2026 March 3
1447 Ramadân 14

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വിഭജിക്കാന്‍ ഐ എസ് എം പ്രതിഷേധ റാലി നടത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറം ഈസ്റ്റ് ജില്ല ഐ എസ് എം മഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി

മഞ്ചേരി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും രാജ്യദ്രോഹപരവുമാണെന്ന് ഐ എസ് എം ജില്ലാ സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മതത്തെ പൗരത്വത്തിന്റെ മാനദണ്ഡമാക്കി മാറ്റിയ ഫാഷിസ്റ്റ് സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മതേതര സ്വഭാവം മറച്ച് പിടിക്കാന്‍ ശ്രമിക്കുകയാണ്. ബ്രിട്ടീഷാധിപത്യത്തിനെതിരെ വിവിധ മതവിഭാഗങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടിയത് മതരാഷ്ട്ര നിര്‍മ്മിതിക്ക് വേണ്ടിയായിരുന്നില്ലെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു.
അവശ്യസ്തുക്കളുടെ വിലക്കയറ്റം, അഴിമതി, സ്ത്രീ സുരക്ഷ തുടങ്ങിയമേഖലകളിലെ ഭരണ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുണ്ടാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഇത്തരം രാജ്യദ്രോഹ നിയമങ്ങള്‍ക്കെതിരെ ഭരണ പ്രതിപക്ഷ കക്ഷികളുടെ ഒന്നിച്ചുള്ള മുന്നേറ്റമാണ് ഉണ്ടാകേണ്ടതെന്നും ഐ എസ് എം വിലയിരുത്തി.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ പ്രസിഡന്റ് അലി പത്തനാപുരം ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ പി എം എ സമദ് ചുങ്കത്തറ, ലത്തീഫ് മംഗലശ്ശേരി, പി വി നജ്മുദ്ദീന്‍, ഇബ്‌റാഹീം ഫാറൂഖി, വി ടി ഹംസ, താഹിറ ടീച്ചര്‍, സനിയ ടീച്ചര്‍, റുക്‌സാന വാഴക്കാട്, ചിന്ന ടീച്ചര്‍, മുഹ്‌സിന്‍ തൃപ്പനച്ചി, എ നൂറുദ്ദീന്‍, അബ്ദുര്‍റശീദ് ഉഗ്രപുരം, പി കെ നജ്മുദ്ദീന്‍ ഒതായി നേതൃത്വം നല്‍കി.

Back to Top