24 Tuesday
December 2024
2024 December 24
1446 Joumada II 22

പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്‌ലിംകളെ ബാധിക്കുമെന്ന് യു എസ് റിപ്പോര്‍ട്ട്

മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും ഇന്ത്യന്‍ മുസ്‌ലിംകളുടെ ന്യൂനപക്ഷ പദവിയെ ബാധിക്കുമെന്ന് യു.എസ് റിപ്പോര്‍ട്ട്. ഡിസംബര്‍ 18ന് പുറത്തുവിട്ട, യു.എസ് കോണ്‍ഗ്രസിനു കീഴിലെ സമിതി (സി.ആര്‍.എസ്)യുടെ റിപ്പോര്‍ട്ടാണ് ഇന്ത്യയിലെ 20 കോടിയോളം വരുന്ന മുസ്‌ലിംകള്‍ക്ക് എന്‍.ആര്‍.സിയും സി.എ.എയും ആശങ്കക്ക് വകനല്‍കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുന്നത്.
1955ലെ പൗരത്വ നിയമം അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നിഷേധിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പല ഭേദഗതികളും ഈ നിയമത്തില്‍ വരുത്തിയിട്ടും ഒന്നുപോലും മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ പീഡനം സഹിക്കുന്നില്ലെന്നു പറഞ്ഞാണ് ഭേദഗതി നടപ്പാക്കിയത്. എങ്കില്‍ എന്തുകൊണ്ട് ശ്രീലങ്ക, ബര്‍മ പോലുള്ള രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചോദിക്കുന്നു. പാകിസ്താനില്‍ പീഡനത്തിനിരയാകുന്ന മുസ്‌ലിം ന്യൂനപക്ഷമായ അഹ്മദികള്‍ക്കും പൗരത്വം നിഷേധിക്കുന്നു.
സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ച് തയാറാക്കുന്നതിനാല്‍ ആരെയും പുറത്താക്കുന്നതല്ല, ഇതെന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുമ്പോഴും യു.എന്‍, യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍, നിരവധി മനുഷ്യാവകാശ സംഘടനകള്‍ എന്നിവ ഇതില്‍ ആശങ്ക അറിയിച്ചതാണെന്നും സി.ആര്‍.എസ് വ്യക്തമാക്കുന്നു. രാജ്യാന്തരതലത്തില്‍ ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തുന്നുണ്ട്.
ദേശീയ, അന്താരാഷ്ട്ര വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്ന യു.എസ് കോണ്‍ഗ്രസിനു കീഴിലെ സമിതിയാണ് സി.ആര്‍.എസ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൗരത്വത്തിന് മതം മാനദണ്ഡമാകുന്നതെന്ന് രണ്ടു പേജ് വരുന്ന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുതിയ കറന്‍സി
പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി പുതിയ കറന്‍സി കൊണ്ടു വരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. 2020ല്‍ പുതിയ കറന്‍സി നിലവില്‍ വരും. സി.എഫ്.എ ഫ്രാങ്കിന് പകരമാവും ‘ഇക്കോ’ എന്ന പേരിലുള്ള പുതിയ കറന്‍സിയെന്നും മാക്രോണ്‍ അറിയിച്ചു.
എട്ട് പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലും ആറു മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇക്കോയായിരിക്കും ഇനി ഉപയോഗിക്കുക. ഐവറികോസ്റ്റ് സന്ദര്‍ശനത്തിനിടെയാണ് പുതിയ കറന്‍സിയുടെ പ്രഖ്യാപനം മാക്രോണ്‍ നടത്തിയത്. പശ്ചിമ ആഫ്രിക്കന്‍ സമ്പദ്‌വ്യവസ്ഥയുമായി നല്ല സഹകരണമാണ് ഫ്രാന്‍സ് ആഗ്രഹിക്കുന്നതെന്ന് മാക്രോണ്‍ വ്യക്തമാക്കി.
ആഫ്രിക്കയിലെ ഫ്രഞ്ച് കോളനി രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന കറന്‍സിയാണ് സി.എഫ്.എ ഫ്രാങ്ക്. 1945ലാണ് കറന്‍സി നിലവില്‍ വന്നത്. സി.എഫ്.എ കറന്‍സി ഉപയോഗിക്കുന്ന സമയത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിദേശ നാണ്യ ശേഖരത്തിന്റെ 50 ശതമാനം ഫ്രഞ്ച് ട്രഷറിയില്‍ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.

Back to Top