9 Friday
May 2025
2025 May 9
1446 Dhoul-Qida 11

പ്രഹസനം – അംജദ് അമീന്‍ കാരപ്പുറം

ദുരിതാശ്വാസ രംഗത്ത്
സജീവമാകാന്‍ അണികളെ
കോള്‍മയിര്‍ കൊള്ളിച്ച്
വാചാലനായ രാഷ്ട്രീയ
നേതാവിന്റെ ഒരിറ്റ് അഴുക്ക്
പുരളാത്ത തൂവെള്ള വസ്ത്രങ്ങള്‍
ലജ്ജിച്ച് തലതാഴ്ത്തി.

എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള
ഫണ്ടിലേക്ക് കൈമെയ് മറന്ന്
നല്‍കാന്‍ വിശ്വാസികളെ
കണ്ണീരിലാഴ്ത്തി ഈണത്തില്‍
പ്രസംഗിച്ച മതപണ്ഡിതന്റെ
കീശയിലെ വലിയ നോട്ടുകള്‍
സംഭാവനപ്പെട്ടിയെ നോക്കി
കൊഞ്ഞനം കുത്തി.

പ്രമുഖ കവി ഉമ്മറത്തെ
ചാരുകസേരയിലിരുന്ന്
ഏമ്പക്കമിട്ട് കുത്തിക്കുറിച്ച
പ്രളയമുഖത്തെ നൊമ്പരം
ചാലിച്ച കവിതയിലെ വരികള്‍
സാഹിതീക്ഷേത്രത്തിലെ
ദേവിയെ നോക്കി പല്ലിളിച്ചു.

ഒച്ചവച്ച് ഇടവകക്കാരെയെല്ലാം
ആരാധനാലയത്തിലേക്ക്
ക്ഷണിക്കുന്ന ഒരൊറ്റ
പള്ളിമണിയും ഇന്നേവരെ
ഒരു കുര്‍ബാനയും
കൂടിയിട്ടില്ലല്ലോ.

Back to Top