പ്രളയഭൂമിയില്‍ വീണ്ടെടുപ്പിനായി യുവതയുടെ കര്‍മസേന-വി കെ ജാബിര്‍
ജലം കൊണ്ടു മുറിവേറ്റ ജനതയ്ക്ക് ശരീരംകൊണ്ടും നോക്കുകൊണ്ടും വാക്കിനാലും അവശ്യവസ്തുക്കളാലും ആശ്വാസത്തിന്റെ, സാന്ത്വനത്തിന്റെ പെരുമഴ പെയ്തുകൊണ്ടിരിക്കുന്ന ദിനങ്ങള്‍. കേരളമൊട്ടുക്കും മനുഷ്യത്വത്തിന്റെ, കാരുണ്യത്തിന്റെ, ആര്‍ദ്രതയുടെ പുതിയ അധ്യായം രചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇസ്‌ലാഹി യൗവനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അകനെഞ്ചില്‍ ചേര്‍ത്തുവെക്കുകയായിരുന്നു. ദുരിതത്തിന്റെ ചെളിക്കുണ്ടുകളില്‍ നിന്ന് അവര്‍ നൂറുകണക്കിന് വീട്ടകങ്ങളെ പുനര്‍നിര്‍മിച്ചു. കളത്തിലിറങ്ങിയ ആയിരത്തിലേറെ സന്നദ്ധപ്രവര്‍ത്തകരുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലായാണ് അവര്‍ സഹാനുഭൂതിയുടെയും കൈ കോര്‍ക്കലിന്റെയും തേന്‍മഴയായി പെയ്തിറങ്ങിയത്.
ആകാശം നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നപ്പോള്‍ കുന്നുകള്‍ ഇടിഞ്ഞു വീഴുകയും പുഴകള്‍ ഗതിമാറിയൊഴുകുകയും ഭൂമിയില്‍ പുതിയ വെള്ളച്ചാലുകള്‍ രൂപപ്പെടുകയും ചെയ്തു. കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്ക് പരിചിതമല്ലാത്ത, നമുക്ക് കേട്ടുകേള്‍വി മാത്രമായിരുന്നത്രയും കടുത്ത നഷ്ടങ്ങളും നാശങ്ങളുമുണ്ടാക്കുകയായിരുന്നു മഹാപ്രളയം. കാടും വീടും കെട്ടിടങ്ങളും നിന്ന സ്ഥലങ്ങള്‍ കുഴച്ചുമറിച്ചാണ് വെള്ളപ്പാച്ചില്‍ അലറിപ്പാഞ്ഞുപോയത്. വെള്ളപ്പൊക്കത്തിനൊപ്പം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ലക്ഷക്കണക്കിന് ജീവിതങ്ങളുടെ ഗതിയാണ് മാറ്റിവരച്ചത്.
കണ്ണീരൊപ്പാനും തന്നാലാവുന്നതു ചെയ്യാനും സന്നദ്ധതയുള്ള യൗവന കൂട്ടായ്മയുടെ കരുത്ത് ഒത്തുപിടിച്ചപ്പോള്‍ നൂറുകണക്കിന് വീടുകളും സ്‌കൂളുകളും പള്ളികളും ക്ഷേത്രങ്ങളുമാണ് വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലായത്. നിരവധി കടകളാണ് ഉപജീവനത്തിന്റെ വാതിലുകള്‍ വീണ്ടും തുറന്നിട്ടത്.
വയനാട്ടില്‍ ഏറ്റവും രൂക്ഷമായ ദുരന്തമുണ്ടായ ആറാം മൈല്‍, കോട്ടത്തറ, തലപ്പുഴ, പൊഴുതന, അച്ചൂര്‍, പനമരം, നന്മേനി, പിണങ്ങോട്, കൊളവയല്‍, കല്പറ്റ അഡലേട് പ്രദേശങ്ങളില്‍ തകര്‍ന്ന നിരവധി വീടുകള്‍ക്ക് അവര്‍ തണലായി. കോളനികളിലെ ചോര്‍ന്നൊലിക്കുന്ന വീടുകള്‍ മേഞ്ഞു നല്‍കി, സഹായഹസ്തങ്ങള്‍ എത്തിപ്പെടാത്ത മേഖലകളില്‍ ആര്‍ദ്രമായ 150ഓളം സേവകരുടെ കൈകള്‍ പരതിയെത്തി. സുമനസ്സുകള്‍ സമ്മാനിച്ച അവശ്യവസ്തുക്കള്‍ അവര്‍ അര്‍ഹരെ കണ്ടെത്തി വിതരണം ചെയ്തു. ഒപ്പം, 100 ടോയ്‌ലറ്റുകള്‍, പഠനോപകരണങ്ങള്‍, വീട്ടുസാധനങ്ങള്‍, 140 ബെഡുകള്‍, കുടിവെള്ളവിതരണം, മൂന്നു മാസത്തേക്ക് റേഷനിംഗ് തുടങ്ങിയവ ആവശ്യക്കാരെ സര്‍വേ നടത്തി കണ്ടെത്തി നല്‍കാന്‍ പദ്ധതിയിട്ട് പ്രവര്‍ത്തനരംഗത്ത് സജീവമായി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് മുട്ടിലില്‍ ചേര്‍ന്ന സംഗമത്തില്‍ വയനാടിന്റെ നവോത്ഥാന മണ്ണില്‍ കര്‍മ സേനയുടെ ഒരു കൂട്ടായ്മ പിറന്നു. ‘കൈത്താങ്ങ്’ സംഗമം ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. പോക്കര്‍ ഫാറൂഖി, കെ പി മുഹമ്മദ് കല്‍പ്പറ്റ, എഞ്ചി. സൈതലവി, അബ്ദുല്‍ മജീദ് മദനി, സലീം മേപ്പാടി, അബ്ദുസ്സലാം മുട്ടില്‍, ഹാസില്‍ മുട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ‘കൈത്താങ്ങ്’ താങ്ങും തണലുമായി മാറുന്നു.
കോഴിക്കോട് കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചമല്‍ ഭാഗത്ത് മണ്ണുനിറഞ്ഞ വീടുകളില്‍ നേരത്തെ ഐ എസ് എമ്മിന്റെ വളണ്ടിയര്‍മാര്‍ പുനരധിവാസ ദൗത്യം നടത്തിയിരുന്നു. വിശപ്പു മാറ്റാനുള്ള പദ്ധതികള്‍ ഏറ്റെടുത്തിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗതിമാറിയൊഴുകിയ പുഴയുടെ കുത്തൊഴുക്കില്‍ താമസയോഗ്യമല്ലാതിരുന്ന കണ്ണപ്പന്‍കുണ്ടിലെ വീടുകളിലേക്ക് ഉടമകളെ തിരിച്ചുകൊണ്ടുവരാനും യാത്രാ യോഗ്യമല്ലാതിരുന്ന വഴികള്‍ തിരിച്ചുപിടിക്കാനും പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ 246 വളണ്ടിയര്‍മാരാണ് പങ്കെടുത്തത്.
കണ്ണപ്പന്‍ കുണ്ടില്‍ ഒഴുകിപ്പോയ പാലത്തിന് പകരം തെങ്ങുകൊണ്ട് താല്‍ക്കാലിക പാലം നിര്‍മിച്ച് ഒരു നാടിന്റെ പ്രതീകമായിമാറി ആദര്‍ശ യൗവനം എന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.
തലപ്പെരുമണ്ണ, എരഞ്ഞിക്കോത്ത് ഭാഗങ്ങളില്‍ വെള്ളം കയറിയ വീടുകളും ഇതേസമയത്ത് നാട്ടുകാരുടെ ഒത്താശയോടെ സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും വാസയോഗ്യമാക്കി. കണ്ണപ്പന്‍ കുണ്ട് തലപെരുമണ്ണ, കണ്ണാടിക്കല്‍, കടലുണ്ടി, ചാലിയം ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ മുഴുസമയ സാന്നിധ്യമായിരുന്നു. ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍, ഹെല്‍പ്പിംഗ് ഹാന്റ്‌സ് തുടങ്ങിയ സംവിധാനങ്ങളും ധാരമുറിയാത്ത സേവന പെരുമഴയായിരുന്നു. കോഴിക്കോട് ജില്ലയില്‍ ദുരിതങ്ങളില്‍ കൈത്താങ്ങായി, നിലയ്ക്കാത്ത സേവന പ്രവാഹമായിരുന്നു ആദര്‍ശയൗവനം. റസാഖ് മലോറം, അബ്ദുല്‍ മജീദ് മദനി കൊടുവള്ളി, ജാനിഷ് വേങ്ങേരി, സര്‍ഫ്രാസ് സിവില്‍, റഫീഖ് നല്ലളം, യൂനുസ്, അന്‍വര്‍, ഐപ്പു കല്ലുരുട്ടി, നജീബ് കുരുവന്‍ പൊയില്‍ നേതൃത്വം നല്‍കി. സമീപപ്രദേശങ്ങളില്‍ നിന്നുള്ള അറുപതോളം ഐ എസ് എം വളണ്ടിയര്‍മാരും സേവനത്തില്‍ പങ്കാളികളായി. ദുരിതമനുഭവിച്ചവരുടെ വേദനയും പ്രയാസങ്ങളും പങ്കുവെക്കാനും കൂടെ നില്‍ക്കാനും പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. തുടര്‍ സേവന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ടീമിന് രൂപം നല്‍കിയിട്ടുണ്ട്.
എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ സാന്ത്വനവണ്ടി പദ്ധതി വഴി പത്തുലക്ഷം രൂപയിലധികം വില വരുന്ന അവശ്യ വസ്തുക്കളാണ് ഇതിനകം വിതരണം ചെയ്യാന്‍ സാധിച്ചത്. ഭക്ഷണ വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പണം തുടങ്ങിയ വിഭവങ്ങള്‍ സംഘടിപ്പിച്ചതും ആവശ്യക്കാരെ കണ്ടെത്തിയതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ വഴിയായിരുന്നു. പെരുന്നാള്‍ തലേന്നു പോലും പാതിരാത്രി വരെ സേവന നിരതരായ ന്യൂജെന്‍ ആവശ്യം അറിഞ്ഞുതന്നെ ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ജാതി മത ഭേദമെന്യെ വമ്പന്‍ പ്രതികരണമാണ് പദ്ധതിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗള്‍ഫില്‍ നിന്നുള്‍പ്പെടെ കേരളത്തിനു പുറത്തുനിന്ന് സുമനസ്സുകളുടെ സഹായ പ്രവാഹം വഴി വയനാട്ടില്‍ അഞ്ച് ഏരിയകളിലും കണ്ണപ്പന്‍ കുണ്ട്, ആലുവ, മൂഴിക്കല്‍, കണ്ണാടിക്കല്‍ എന്നിവിടങ്ങളിലും ആദ്യ ഘട്ടത്തില്‍ സാധനം എത്തിച്ചു കഴിഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് നബീല്‍ പാലത്ത്, സെക്രട്ടറി നൗഷീര്‍ കൊടിയത്തൂര്‍ എന്നിവരോടൊപ്പം ഇസ്ഹാഖ് കടലുണ്ടി, ഷബീബ്, യഹ്‌യ മലോറം, ഫവാസ് ചാലിയം, ഇഹ്തിശാം ഖുബ, സാജിദ് പൊക്കുന്ന്, ബസ്മല്‍ കാരക്കുന്നത്ത് എന്നിവര്‍ നേതൃപരമായ പങ്കുവഹിച്ചു.
മലപ്പുറം വെസ്റ്റ് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ പുറത്തൂര്‍, മംഗലം, കൂട്ടായി, തിരൂര്‍, പൊന്നാനി, താനൂര്‍ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ശുചീകരിക്കുകയും മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ജില്ലയില്‍ വെട്ടം ശാന്തി സ്‌പെഷല്‍ സ്‌കൂള്‍, പുറത്തൂര്‍ വില്ലേജ് ഓഫീസ്, ഗവ. ഹോമിയോ ഡിസ്പന്‍സറി ചേന്നര, ഇ സി സി സി പരപ്പനങ്ങാടി തുടങ്ങിയ സ്ഥാപനങ്ങളും നിരവധി വീടുകളും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉപയോഗക്ഷമമാക്കി. ഭക്ഷണ, വസ്ത്ര വിതരണങ്ങള്‍ക്ക് പ്രത്യേകം സംവിധാനം ക്രമീകരിച്ചിരുന്നു. അസീസ് തിരൂരങ്ങാടി, റജുല്‍ സാനിഷ്, ഹഖ് വെട്ടം, ടി കെ എന്‍ നാസര്‍, കരീം താനൂര്‍, റാഫി കുന്നുംപുറം, ഷരീഫ് കോട്ടക്കല്‍, ശരീഫ് തിരൂര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിത നേതൃത്വം നല്‍കി.
എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാക് ടു ലൈഫ് കാരവന്‍, പ്രളയവും ഉരുള്‍പൊട്ടലും മണ്ണും ചെളിയും കരിനിഴല്‍ വീഴ്ത്തിയവരുടെ, ജീവിതത്തിലേക്കും സ്വഭവനത്തിലേക്കുമുള്ള മടക്കയാത്ര തന്നെയായിരുന്നു. ഇതിനായി ആഗസ്ത് 21 മുതല്‍ 26 വരെ പ്രാദേശിക തല വിഭവ സമാഹരണം നടത്തുകയും ദുരിതബാധിതരുടെ വീടുകളില്‍ വിതരണം ചെയ്യുകയുമാണ് പദ്ധതി. ആയിരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സാധനങ്ങളും പഠനോപകരണങ്ങളും സ്‌റ്റേഷനറി സാധനങ്ങളും ഉള്‍ക്കൊള്ളുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. ജില്ലാ സെക്രട്ടറി സഹീര്‍ വെട്ടം ചെയര്‍മാനും നുഫൈല്‍ തിരൂരങ്ങാടി കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മലപ്പുറം ഈസ്റ്റ് ജില്ലയിലെ നിലമ്പൂര്‍ നമ്പൂരിപ്പൊട്ടി, അകംപാടം, കരുവാരക്കുണ്ട്, വണ്ടൂര്‍, അരീക്കോട്, ഊര്‍ങ്ങാട്ടിരി, വാഴക്കാട്, മമ്പാട്, പ്രദേശങ്ങളില്‍ കൈയും മെയ്യും മറന്ന കര്‍മദൗത്യമായിരുന്നു പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. താരതമ്യേന ദുരിതം കുറവുള്ള ജില്ലയാണെങ്കിലും സമീപ ജില്ലകളിലേക്ക് നൂറു കണക്കിന് പ്രവര്‍ത്തകരാണ് കര്‍മസേനയായി ഒഴുകിയെത്തിയത്. എം എസ് എം കമ്മിറ്റിയുടെ നേതൃത്വത്തില്‍, പഠനോപകരണങ്ങള്‍ പ്രളയത്തില്‍ മുങ്ങിപ്പോയ 1000 കുട്ടികളെ പഠന ലോകത്തേക്ക് തിരിച്ചെത്തിക്കാനുള്ള ബാക് ടു സ്‌കൂള്‍, ക്ലീനിംഗ് കിറ്റ് പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. മഞ്ചേരി ടൗണ്‍ കേന്ദ്രീകരിച്ച് ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒഴുകിയ ഹെല്‍പ്പ് ഡസ്‌ക്ക് സംവിധാനം വലിയ ആശ്വാസം പകര്‍ന്നു.
തൃശൂര്‍ ജില്ലയില്‍ മെഡിക്കല്‍ എയ്ഡ് സെന്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മെഡിക്കല്‍വിങ് ദുരിതബാധിതര്‍ക്കു സാന്ത്വന സ്പര്‍ശമായി നിരവധി ക്യാംപുകള്‍ നടത്തി. 18,19,20 തിയ്യതികളിലായി ശ്രീനാരായണപുരം എല്‍ പി സകൂള്‍, പനങ്ങാട് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍, മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂള്‍, പുതിയകാവ് എ എം യു പി സ്‌കൂള്‍, കാതിക്കോട് അല്‍ അഖ്‌സ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എറിയാട് കെ വി എച്ച് എസ് സ്‌കൂള്‍, എറിയാട് എ എം യു പി സ്‌കൂള്‍, മഞ്ഞളിപ്പള്ളി സ്‌കൂള്‍, പാനായിക്കുളം ലിറ്റില്‍ ഫഌവര്‍ സ്‌കൂള്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരത്തിലേറെ വരുന്ന രോഗികളെ പരിശോധിച്ച് അവര്‍ക്ക് ആവശ്യമുള്ള എല്ലാ മരുന്നുകളും അതാതു സമയം വിതരണം നടത്തുകയും ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ മുഴുവന്‍ സമയം ആംബുലന്‍സ് സേവനവും നല്‍കാന്‍ സാധിച്ചു. ഡോ. സലീം, ഡോ. നദീറബാനു എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു ആരോഗ്യ രക്ഷാ പരിപാടികള്‍. പ്രളയം മൂലം ദുരിതം അനുഭവിച്ച ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് മൂന്ന് വാഹനങ്ങളിലായി യുവതയുടെ മുഴുസമയസാന്നിധ്യവും ഉണ്ടായിരുന്നു.
എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ദുരന്തങ്ങള്‍ തീര്‍ത്തത് പെരിയാറിന്റെ തീരപ്രദേശങ്ങളിലാണ്. വാണിജ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ ജ്വലിച്ചു നിന്ന ആലുവ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ യുദ്ധഭൂമി പോലെയായിട്ടുണ്ടായിരുന്നു. ഐ എസ് എമ്മിന്റെ നേതൃത്വത്തില്‍ ശ്രീമൂലനഗരം പള്ളി കേന്ദ്രീകരിച്ച് മൂന്നു ദിവസങ്ങളിലായി അഞ്ഞൂറിലേറെ സന്നദ്ധ പ്രവര്‍ത്തകരാണ് കൈ മെയ് മറന്നു രാവന്തിയോളം സേവനം ചെയ്തത്.
ബലിപെരുന്നാള്‍ ദിനം മുതല്‍ ‘സേവനമാണ് ആഘോഷ നിര്‍വൃതി’ എന്ന സന്ദേശം നെഞ്ചിലേറ്റിയാണ് ആയിരങ്ങള്‍ ആലുവയിലെത്തിയത്.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ട് പത്തുദിവസങ്ങളായി, വീട്ടിലെ കിണറുകള്‍ പൂര്‍ണമായും മുങ്ങിപ്പോയതിനാല്‍ ശുദ്ധ ജലം ലഭിച്ചിട്ട് ദിവസങ്ങളായി, മൂന്ന് ദിവസം വെള്ളക്കെട്ടിന് അടിയിലായതിനാല്‍ അസഹ്യമായ ദുര്‍ഗന്ധം, എവിടെ നിന്നൊക്കെയോ ഒഴുകിയെത്തിയ ഇഴജന്തുക്കളുടെ സാന്നിധ്യം, ചത്തുജീര്‍ണിച്ച വളര്‍ത്തുമൃഗങ്ങള്‍ ഇതൊക്കെയാണ് ഇവിടത്തെ കാഴ്ചകള്‍. ഉപജീവന മാര്‍ഗ്ഗം മുഴുവന്‍ നഷ്ടപ്പെട്ട്, ഭക്ഷണം കഴിക്കാന്‍ പോലും വഴിയില്ലാതെ, വീട്ടിലേക്കു കയറാനാകാതെ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവിടെ ഭൂരിഭാഗവും. അവരുടെ നിരാശ നിറഞ്ഞ നെടുവീര്‍പ്പുകളിലാണ് ആശ്വാസമായി നീലക്കുപ്പായമിട്ട യൗവനങ്ങള്‍ കുളിര്‍മഴ പെയ്യിച്ചത്. ഇതെഴുതുമ്പോഴും ആലുവയില്‍ വീടുകളും കടകളും മറ്റു കെട്ടിടങ്ങളും തിരിച്ചുപിടിക്കാനുള്ള സാഹസം പുരോഗമിച്ചുകൊണ്ടിരിക്കയാണ്. പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച ചെങ്ങന്നൂര്‍, പറവൂര്‍, ആലപ്പുഴ പ്രദേശങ്ങള്‍ ഐ എസ് എം ഭാരവാഹികളും പ്രവര്‍ത്തകരും സന്ദര്‍ശിക്കുകയും ക്യാമ്പുകളിലേക്കാവശ്യമായ അടിയന്തിര സഹായങ്ങള്‍ നല്‍കുകയും ചെയ്തു. എറണാകുളം പറവൂര്‍ പ്രദേശത്ത് നൂറു കണക്കിന് വീടുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ ശുചീകരണവും ഭക്ഷണ വിതരണവും വിവിധ പ്രദേശത്തെ പ്രവര്‍ത്തകരെ സമന്വയിപ്പിച്ച് സംഘടിപ്പിക്കുകയുണ്ടായി. ഇതര ആരാധനാലയങ്ങളുടെ ശുചീകരണ പ്രവര്‍ത്തനം കേരളത്തിന് പുതിയ മൈത്രി മാതൃക പകരുകയായിരുന്നു. എം അഹ്മദ്കുട്ടി മദനി, ഇസ്മാഈല്‍ കരിയാട്, പി പി ഖാലിദ്, ഫഹീം കൊച്ചി, റഹീം ഖുബ, അബ്ദുല്‍ഖാദര്‍ കടവനാട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ശാക്കിര്‍ ബാബു കുനിയില്‍, അന്‍ഫസ് നന്മണ്ട, അബ്ദുശരീഫ് തിരൂര്‍, അബ്ദുറശീദ് ഉഗ്രപുരം, എം കെ ശാക്കിര്‍, അബ്ബാസ് സ്വലാഹി, ഉസൈന്‍ സ്വലാഹി എന്നിവരാണ് സന്നദ്ധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സ്വാതന്ത്ര്യദിനം ‘സാന്ത്വനത്തിന്റെ കൈത്താങ്ങ്’ എന്ന പേരില്‍ ആഗസ്ത് 15 മുതല്‍ ഐ എസ് എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍, സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തി നവകേരളത്തിന്റെ നിര്‍മിതിയില്‍ പ്രവര്‍ത്തകര്‍ കൈകോര്‍ത്തു.
വീടുകളില്‍ നമ്മള്‍ വിലപ്പെട്ടതെന്നും പ്രിയപ്പെട്ടതെന്നും കരുതി ഇഷ്ടത്തോടെ കാത്തുവെച്ചിരുന്ന മുഴുവന്‍ വസ്തുക്കളും ഉപകരണങ്ങളും രേഖകളും വെള്ളം കയറി നശിച്ചു കിടക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചകള്‍, സമ്പാദ്യം നഷ്ടപ്പെട്ട വേവലാതി, മാറ്റിയുടുക്കാന്‍ ഉടുമുണ്ടില്ലാത്ത, കൈ നീട്ടി ശീലമില്ലാത്തവര്‍, എവിടെ നിന്നു തുടങ്ങണമെന്നറിയാത്ത നിസ്സഹായത. അങ്ങനെ വെള്ളം കൊണ്ടു മുറിവേറ്റവര്‍ക്കു മതമുണ്ടായിരുന്നില്ല, പ്രായ വ്യത്യാസമുണ്ടായിരുന്നില്ല, സാമ്പത്തിക ഭേദമുണ്ടായിരുന്നില്ല. ആവശ്യക്കാരന് അറിഞ്ഞു നല്‍കുമ്പോഴുള്ള മധുരത്തിന് വല്ലാത്ത രുചിയാണ്. മുങ്ങിത്താഴുമ്പോള്‍ പുല്‍ക്കൊടി പോലും പുതുജീവിതത്തിലേക്കുള്ള വലിയ കൈത്താങ്ങാണ്. അവിടെയായിരുന്നു പല സ ന്നദ്ധ സംഘങ്ങള്‍ക്കുമൊപ്പം ഇസ്‌ലാഹി യുവ വിദ്യാര്‍ഥി വിഭാഗങ്ങളും സേവനത്തിന്റെ, കണ്ണീരു തുടയ്ക്കാനുള്ള വലിയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
നിരാശയും ദുഖവും പോറലേല്‍പ്പിച്ച മുഖങ്ങളില്‍ ആശ്വാസത്തിന്റെ, പ്രതീക്ഷയുടെ, കൂട്ടിനാളുണ്ടെന്ന ആത്മവിശ്വാസത്തിന്റെ തെളിഞ്ഞ പുഞ്ചിരി വിടര്‍ന്നെങ്കില്‍, പ്രാര്‍ഥന വിരിഞ്ഞെങ്കില്‍ അതിലപ്പുറം അംഗീകാരം നിങ്ങള്‍ക്കെവിടെ നിന്നാണു കിട്ടേണ്ടത്. ജീവിതകാലത്തു ചെയ്ത നന്മകള്‍ തന്നെയാണ് സാര്‍ഥകമായ യൗവനത്തിന്റെ വലിയ അടയാളപ്പെടുത്തല്‍, നാളേക്കുള്ള ഈടുവെപ്പ്.