പ്രമോദ് പുഴങ്കര
തെരഞ്ഞെടുപ്പ് കാലത്തെ താത്ക്കാലിക അടവുകളെ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ അടവുകളായി മാറ്റുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആത്മഹത്യയാണ്. അതിനര്‍ത്ഥം അതിനി തെരഞ്ഞെടുപ്പില്‍ ജയിക്കില്ല എന്നല്ല. ഒരുപക്ഷെ വീണ്ടും ജയിക്കാനുള്ള കൂടുതല്‍ സാധ്യത പോലുമുണ്ട്. തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നു എന്നത് ഒരു രാഷ്ട്രീയം ശക്തമാകുന്നു എന്നതല്ല എപ്പോഴും അര്‍ത്ഥമാക്കുന്നത് എന്ന് ഇടതുകക്ഷികള്‍ മാത്രമുള്ള ഒരു മുന്നണി മൂന്നര പതിറ്റാണ്ടോളം ഭരിച്ച ബംഗാള്‍ കാണിക്കുന്നുണ്ട്. ചീഞ്ഞുപോകാതെ സൂക്ഷിച്ചുവെച്ച ലെനിന്‍ ഉണ്ടായതുകൊണ്ട് സോവിയറ്റ് യൂണിയനില്‍ പ്രതിവിപ്ലവം നടക്കാതിരുന്നില്ല. ജീവന്‍ നഷ്ടപ്പെട്ട എന്തും ഒന്നുകില്‍ കാഴ്ചവസ്തുവാണ്, അല്ലെങ്കില്‍ ചരിത്രത്തിന്റെ വളമാണ്. ഒരു നദിയില്‍ വെള്ളമുള്ളതുകൊണ്ട് മാത്രം അതില്‍ ജീവനുണ്ടാകുന്നില്ല. അതില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജനുണ്ടാകണം. അതില്ലെങ്കില്‍ ആ നദി മൃതമായ ഒരൊഴുക്ക് മാത്രമാണ്. അതുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വര്‍ഗ്ഗരാഷ്ട്രീയത്തെ ജീവിപ്പിക്കുന്ന, അദ്ധ്വാനിക്കുന്ന, അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരുടെ സമരങ്ങളെ നിലനിര്‍ത്തുകയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന ഒരു ജൈവസംവിധാനവും ജീവാവസ്ഥയും ഉണ്ടോ എന്നതാണ് ചോദ്യം.