2 Thursday
January 2025
2025 January 2
1446 Rajab 2

പ്രകൃതിയോട് സൗഹൃദമുണ്ടാവുക – ഡോ. ജാബിര്‍ അമാനി

ദുരന്തങ്ങളും ദുരിതങ്ങളും തീര്‍ത്ത് മാനവകുലത്തിന്റെ ജീവിതം ദുസ്സഹമാക്കുകയെന്നതല്ല സൃഷ്ടികര്‍ത്താവിന്റെ നടപടിക്രമം. അവന്‍ തികച്ചും കരുണാമയനാണ്. ദുഃഖം തളംകെട്ടി നില്ക്കുന്ന കുടുംബാന്തരീക്ഷങ്ങളോ, മഹാമാരികളിലൂടെ കണ്ണീരുകുടിക്കുന്ന മനുഷ്യരെയോ എല്ലാം നഷ്ടമായി ആയുസ്സ് മാത്രം ശേഷിപ്പുള്ളവരെയോ തകര്‍ന്ന് തരിപ്പണമായ രമ്യഹര്‍മങ്ങളെയോ കൃഷി ഭൂമികളെയോ സമ്പൂര്‍ണ അനാഥത്വത്താല്‍ വിലാപത്തിന്റെ തീരാക്കയത്തിലകപ്പെട്ട കുട്ടികളെയോ സംവിധാനിക്കുന്ന തരത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിച്ച്, അതു കണ്ട് പൊട്ടിച്ചിരിക്കുകയും നിര്‍വൃതിയടയുകയും ചെയ്യുന്ന ”സാഡിസ്റ്റ്” സമീപനവും ശൈലിയും കരുണാവാരിധിയായ സ്രഷ്ടാവ് സ്വീകരിക്കുമെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍… മാപ്പ്! അവര്‍ ഇസ്‌ലാമിന്റെ ബാലപാഠം പോലും പഠിക്കാത്തവരും അവന്റെ സവിശേഷ ഗുണങ്ങളെ സംബന്ധിച്ച് അജ്ഞരുമാണ്,തീര്‍ച്ച.
ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക: ”തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഒട്ടും അനീതികാണിക്കുന്നില്ല. എന്നാല്‍ മനുഷ്യര്‍ അവരവരോട് തെന്ന അനീതി കാണിക്കുന്നു.” (10:44). ”തീര്‍ച്ചയായും അല്ലാഹു (തന്റെ) അടിമകളോട് അത്യധികം വാത്സല്യമുള്ളവനാകുന്നു.” (2:207)
ദുരന്തങ്ങളും
അല്ലാഹുവിന്റെ കാരുണ്യവും
മനുഷ്യന്റെ അറിവ്, തീരുമാനം, സംവിധാനം തുടങ്ങി ഏത് കാര്യവും പരിമിതി ഉള്‍ക്കൊള്ളുന്നതാണെന്ന അടിത്തറയില്‍ മാത്രമേ ഇത്തരമൊരു ചര്‍ച്ച പ്രസക്തമാവുകയുള്ളൂ. ‘സൂപ്പര്‍ ശക്തിമാനായി’ മനുഷ്യനെയും അവന്റെ കണ്ടെത്തലുകളെയും സ്വയം പരിഗണിച്ച് പ്രപഞ്ചത്തിലെ കണ്‍കണ്ട ദൈവമായി ചിത്രീകരിക്കുന്ന തികച്ചും ഭൗതികമായ വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ ജീവിതപരീക്ഷണങ്ങളിലെ ആത്യന്തിക ദൈവകാരുണ്യം കണ്ടെത്താന്‍ ഒരിക്കലും സാധ്യമാവില്ല. മറിച്ച് മതനിന്ദയ്ക്കും ദൈവാസ്തിക്യ നിഷേധത്തിനുമായിരിക്കും അതുപയോഗിക്കുക. അത്തരം അവസരങ്ങളില്‍ തന്നെ ദുരിതനിവാരണത്തിനോ ദുരന്തത്തെ അതിജയിക്കാനോ കഴിയാത്ത നിസ്സഹായത പ്രകടമാകാറുമുണ്ട്. ഈ നിസ്സഹായത ദൈവത്തെക്കുറിച്ച ചിന്ത മനുഷ്യനില്‍ വളര്‍ത്തുന്നുണ്ടെങ്കിലും മനുഷ്യന്റെ ധിക്കാരം അതിന് അവനെ അനുവദിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം.
മനുഷ്യനില്‍ തിന്മയും ദുരിതങ്ങളും തിക്താനുഭവങ്ങളും സംഭവിക്കുന്നതിന്റെ ആത്യന്തിക കാരണം നമ്മുടെ സമീപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും സംഭവിക്കുന്ന അധര്‍മങ്ങളുടെ ഫലം തന്നെയായിരിക്കും. ലോകത്ത് സംഭവിക്കുന്ന ഏതൊരു ദുരന്തത്തിന്റെ കാരണവും ഇന്നതാണെന്ന് അക്കമിട്ട് ചൂണ്ടിക്കാണിക്കാനാവും എന്നതല്ല അതിന്നര്‍ഥം. മറിച്ച്, അന്യൂനവും സമഗ്രവുമായി സൃഷ്ടിച്ച ദൃശ്യപ്രപഞ്ചത്തില്‍ അതിസൂക്ഷ്മമായ അനീതിയോ പൊരുത്തക്കേടുകളോ കാണാനാവില്ല (27:88, 65:03, 95:4). പ്രകൃതിയുടെ സ്വഛന്തമായ ഈ സഞ്ചാരത്തിന് തടസ്സം നില്ക്കുന്നതില്‍ മനുഷ്യകരങ്ങളുടെ പങ്ക് നിഷേധിക്കാനാവില്ല എന്നതാണ് അതിന്നര്‍ഥം. ഏതെങ്കിലുമൊരു പ്രദേശത്തുള്ള ദുരന്ത, ദുരിതങ്ങളുടെ കാരണം ആ സ്ഥലത്തെ മനുഷ്യരുടെ ദുഷ്‌ചെയ്തി മാത്രമായിരിക്കുമെന്നും ധരിക്കരുത്. ചിലത്, പെട്ടെന്ന് ബോധ്യപ്പെടും. കാരണങ്ങളില്‍ ചിലത് ഗവേഷണാത്മകമാവും. ചിലത് നൂറ്റാണ്ടുകളുടെ പര്യവേഷണങ്ങള്‍ക്ക് ശേഷമായിരിക്കും മാനവസമൂഹത്തിന് ബോധ്യപ്പെടുക. ചിലത് നമുക്ക് ബോധ്യമാവില്ല. ഒരു വേള പ്രകൃതി ദുരന്തങ്ങളില്‍ പലതും ഇങ്ങനെയാണ്. ഭൗതികവും വൈയക്തികവുമായ അളവ് കോലുകള്‍ വഴി ഉടനടി പ്രഖ്യാപിക്കാവുന്നവയുമല്ല ഒരു വലിയ പ്രദേശത്തെ കീഴ്‌മേല്‍ മറിക്കുന്ന ദുരന്തകാരണങ്ങള്‍. നമ്മുടെ പരിമിതികളില്‍ നിന്ന് അല്ലാഹുവിന്റെ തീരുമാനങ്ങളിലെ യുക്തിയും ധര്‍മവും സ്പഷ്ടമായി പ്രഖ്യാപിക്കുന്നത് അല്‍പത്തരമാണ്. എന്നാല്‍ ഒന്നുറപ്പാണ്, പ്രപഞ്ചത്തിലും മനുഷ്യനിലും സര്‍വതലങ്ങളിലുമുള്ള പ്രകൃതിയോടുള്ള സൗഹൃദ ജീവിതത്തില്‍ നിന്നുള്ള അകല്‍ച്ചയായിരിക്കും ആത്യന്തിക കാരണം. കാലം നമ്മുടെ ചില ധാരണകളെയും മുന്‍ തീരുമാനങ്ങളെയും തെറ്റാണെന്നും തിരുത്താനുള്ളതാണെന്നും ബോധ്യപ്പെടുത്തുകതന്നെ ചെയ്യും (2:216)
കരയിലും കടലിലും മനുഷ്യ കരങ്ങളുടെ പ്രവര്‍ത്തനഫലമായി ദുരന്തങ്ങളും കുഴപ്പങ്ങളും ഉണ്ടാവുന്നവെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു (30:41, 28:58, 59). ‘മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍’ എന്നത് വിശാലമായ അര്‍ഥത്തില്‍ കാണേണ്ട കാര്യമാണ്. സ്വപ്രവര്‍ത്തനങ്ങളാല്‍ മാത്രം ഒരാള്‍ ശിക്ഷിക്കപ്പെടണമെന്നില്ല. ഇതരരുടെ അപചയവും പ്രകൃതി വിരുദ്ധ സമീപനങ്ങളും വഴിയും അപകടങ്ങളും ദുരന്തങ്ങളും സംഭവിച്ചെന്നുവരാം. അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങളുടെ തിന്മയില്‍ നിന്ന് രക്ഷനേടാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നതും (113:12) യൂസുഫ് നബി(അ) ജയില്‍ വാസം അനുഷ്ഠിക്കേണ്ടിവന്ന സംഭവവും കാരണവും (12:42) ഇതിലേക്ക് വെളിച്ചം നല്‍കുന്നുണ്ട്.
”നിങ്ങള്‍ ‘ഫിത്‌ന’ (പരീക്ഷണം, വിപത്ത്)യെ സൂക്ഷിക്കുക. നിങ്ങളില്‍ നിന്ന് അക്രമം ചെയ്തവരെ മാത്രമായിരിക്കില്ല അത് ബാധിക്കുക”യെന്ന ഖുര്‍ആനിക അധ്യാപനവും ”പരീക്ഷണങ്ങളിലോ ദുരന്തങ്ങളിലോ അകപ്പെട്ട നിരപരാധികള്‍ ദുഃഖിക്കേണ്ടതില്ലെന്നും മനുഷ്യര്‍ക്ക് സമ്പൂര്‍ണമായി കര്‍മഫലം നല്കുന്നത് പാരത്രികജീവിതത്തിലാണ്” എന്നാശയമുള്ള പ്രവാചക പ്രഖ്യാപനവും തിക്താനുഭവങ്ങളില്‍ ഒരു ദൈവവിശ്വാസിക്ക് ആത്മധൈര്യവും ദൈവകാരുണ്യത്തെക്കുറിച്ച തിരിച്ചറിവും നല്കാന്‍ ഉപയുക്തമാണ്. ഉത്കണ്ഠയോ അശുഭചിന്തയോ അല്ല അത്തരം രംഗങ്ങളില്‍ അവരെ ഭരിക്കേണ്ടത് എന്ന ബോധ്യവും നല്‍കുന്നു.
പ്രകൃതിയുടെ നേരെ മനുഷ്യന്‍ ചെയ്യുന്ന അതിക്രമങ്ങള്‍ കടുത്തതാണ്. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും തലതിരിഞ്ഞ ആധുനിക വീക്ഷണത്തിനു മുമ്പില്‍ ബലിയാടാവുന്നത് പ്രപഞ്ചത്തിലെ ദൈവാസ്തിക്യത്തിന്റെ തെളിവുകളായ അവശ്യം ആവശ്യമുള്ള പ്രകൃതി സംവിധാനങ്ങളാണ്. അത്യുഗ്രമായ ചൂടുനിമിത്തം സൂര്യനെ ‘വെറുതെ വിടുന്ന’തൊഴിച്ചാല്‍ മറ്റ് ഏത് പ്രകൃതി ഘടകങ്ങളെയാണ് മനുഷ്യര്‍ അക്രമിക്കാത്തത്? കരയും കടലും മനുഷ്യന്റെ ഇടപെടല്‍ നിമിത്തം താളം തെറ്റി. ഭൂമിയുടെ ആണികളായ കുന്നുകള്‍ തരിശുഭൂമിയാക്കി. ഹരിതാഭമായി നില്ക്കുന്ന വനാന്തരങ്ങളെ ചുട്ടുകൊന്ന് കോണ്‍ക്രീറ്റു കാടുകള്‍ തീര്‍ത്തു. പ്രകൃതി വിഭവങ്ങളെ ഊറ്റിക്കുടിച്ചു…..
പ്രകൃതിയുടെ സ്വച്ഛന്ദമായ താളൈക്യത്തിന് വിഘാതം സൃഷ്ടിച്ച മനുഷ്യന്‍ പക്ഷേ, സ്വജീവിതത്തിന്റെ ധാര്‍മിക താളവും തകര്‍ത്തെറിഞ്ഞിട്ടുണ്ട്. ജീവിതത്തിലും വിശ്വാസ, കര്‍മ വര്‍ത്തനങ്ങളിലുമുള്ള ഈ താളം തെറ്റല്‍ പ്രകൃതിയുടെ താളത്തേയും ബാധിച്ചുവെന്നതല്ലേ ശരി. മനുഷ്യധിക്കാരത്തിനനുസൃതമായി, അവന്‍ അവനോട് തന്നെ ചെയ്ത അനീതിയുടെ തിക്തഫലമായി ദുരന്തങ്ങള്‍ അവനെ പിടികൂടിയതിന് എത്രയോ ഉദാഹരണങ്ങളും നമ്മുടെ മുന്‍പിലണ്ട്. എല്ലാവരും കുറ്റം ചെയ്തിട്ടാണ് നാശം സംഭവിച്ചതെന്നല്ല, നാശങ്ങളുടെയും ദുരന്തങ്ങളുടെയും അടിസ്ഥാന കാരണങ്ങള്‍ പരതുമ്പോള്‍ അവിടെ മനുഷ്യകരങ്ങളുടെ നശീകരണാത്മക ചൂഷണ ചിന്തയും പ്രവൃത്തിയും കാണപ്പെടാം എന്നാണ്. ഖുര്‍ആന്‍ മൗലികമായി പഠിപ്പിക്കുന്നത്.
”അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്. അവരില്‍ ചിലരെ ഘോരശബ്ദങ്ങളും പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അവരില്‍ ചിലരെ നാം മുക്കി നശിപ്പിച്ചു. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷേ, അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു.” (29:40)
പ്രവാചകന്മാരുടെ പ്രബോധനത്തെ ശക്തമായി നിഷേധിക്കുകയും ധിക്കാരത്തില്‍ ശഠിച്ച് നില്ക്കുകയും ചെയ്തതിന്റെ ഫലമായി ഭൂമിയില്‍ നാശകാരികളായി ജീവിച്ചിരുന്ന സമൂഹങ്ങളെയും ധിക്കാരികളെയും ജീവിതസുഖങ്ങളില്‍ മതിമറന്ന് അഹങ്കരിച്ചവരെയും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഖുര്‍ആനിക ചരിത്രം വ്യക്തമാക്കുന്നുണ്ട്. അത്തരം ദുരന്തങ്ങള്‍ സമ്പൂര്‍ണ നാശമാണ് സൃഷ്ടിച്ചത്. ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. രക്ഷാമാര്‍ഗങ്ങള്‍ക്കായി ചിതറിയോടിയെങ്കിലും രക്ഷപ്രാപിക്കാന്‍ കഴിയാത്ത സമ്പൂര്‍ണ നാശം. നൂഹ് നബിയുടെ ജനത, ലൂത്വ് നബിയുടെ സമൂഹം, ആദ്, സമൂദ് ഗോത്രങ്ങള്‍, റസ്സ്, തുബഅ് വിഭാഗങ്ങള്‍, ഫിര്‍ഔന്‍, ഖാറൂന്‍ തുടങ്ങിയ ധിക്കാരികളുടെ സംഭവങ്ങള്‍ എന്നിവ ഉദാഹരണങ്ങള്‍ മാത്രം. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ”ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. അവര്‍ ഇവരേക്കാള്‍ കടുത്ത കൈയൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞുനോക്കി. രക്ഷപ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്.” (50:36)
”സ്വന്തം ജീവിതസുഖത്തില്‍ മതിമറന്ന് അഹങ്കരിച്ച എത്ര രാജ്യങ്ങള്‍ നാം നശിപ്പിച്ചിട്ടുണ്ട്. അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്കു ശേഷം അപൂര്‍വമായല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയായി (അവയുടെ) അവകാശി. രാജ്യങ്ങളുടെ കേന്ദ്രത്തില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കുന്ന ഒരു ദൂതനെ നാം അയക്കുന്നതുവരേക്കും നിന്റെ രക്ഷിതാവ് ആ രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ല. രാജ്യക്കാര്‍ അക്രമികളായിരിക്കുമ്പോഴല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുന്നതുമല്ല” (28:58,59). ഓരോ ദുരിതങ്ങളുടെയും അടിസ്ഥാന കാരണങ്ങള്‍ ശേഷം വന്ന തലമുറകള്‍ക്ക് ദിവ്യബോധനം വഴി അല്ലാഹു ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ‘വഹ്‌യ്’ നിലച്ചതിനു ശേഷം ‘കാരണങ്ങള്‍’ നാം തീര്‍പ്പ് കല്പിക്കേണ്ടതില്ല. മൗലിക പാഠങ്ങള്‍ തിരിച്ചറിയാം എന്നു മാത്രം. പ്രസ്തുത മൗലിക പാഠങ്ങളില്‍ നിന്ന് ജീവിത വീഴ്ചകളെയും ധര്‍മങ്ങളെയും ഉള്‍ക്കൊള്ളുക. എന്നിട്ട് വിശുദ്ധിയും വികാസവും നേടുക. അത്തരമൊരുസദ്‌വിചാരമാണ് ദുരിതങ്ങളിലൂടെ വിശ്വാസി വീണ്ടെടുക്കേണ്ടത്.
Back to Top