18 Saturday
October 2025
2025 October 18
1447 Rabie Al-Âkher 25

പൊതുവിദ്യാഭ്യാസം  ശക്തിപ്പെടട്ടെ –  മുഹമ്മദ് സി വണ്ടൂര്‍

നമ്മുടെ നാട്ടിലെ പൊതുവിദ്യാലയങ്ങളുടെ പ്രചാരകരായി പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് എന്നുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വായിക്കാന്‍ ഇടയായി. അതില്‍ സന്തോഷിക്കുന്നതോടൊപ്പം വിഷമവും ഉണ്ടാവുന്നു. സത്യസന്ധതയും ആത്മാര്‍ഥതയും മാത്രം കൈമുതലാക്കി ജോലിചെയ്യുന്ന അധ്യാപകരുണ്ട്. എന്നാല്‍ അവരുടെയെല്ലാം മുഖത്ത് കരിവാരിത്തേക്കുന്ന ചിലരും ആ കൂട്ടത്തിലുണ്ട്. ധൈര്യമായി കുട്ടികളെ സ്‌കൂളുകളിലേക്ക് പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. പല നിലക്കും കുട്ടികളെ അധ്യാപകര്‍ മാനസികമായി തളര്‍ത്തുന്നു.
48 ശതമാനം സ്‌കൂളുകളില്‍ മതിയായ കുട്ടികളില്ലെന്ന് പറയുന്നു. കഴിവുള്ളവര്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍ പഠനം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് പഠിക്കുന്നത്. പിന്നീട് പ്ലസ് വണ്‍ പഠനത്തിന് വന്‍മാര്‍ക്കോടുകൂടി പൊതുവിദ്യാലയത്തില്‍ എത്തുന്നു.  അതുകൊണ്ടുതന്നെയാണ് പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് സീറ്റ് കിട്ടാതെ വരുന്നത് തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്നത്. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പല കുട്ടികളും പഠനം അവസാനിപ്പിക്കുന്നു.
പ്രവൃത്തി ദിവസങ്ങള്‍ 203 ആക്കി നിജപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം അധ്യാപക സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ വര്‍ഷത്തെ പ്രളയംകൊണ്ട് എത്ര ദിവസമാണ് പഠനം നഷ്ടപ്പെട്ടത്. 1000 മണിക്കൂര്‍, 203 ദിവസം, വി എച്ച് എസ് ഇ പഠനം 226 ദിവസം എന്നെല്ലാം പ്രഖ്യാപിക്കുകയും മാധ്യമങ്ങളില്‍ വെണ്ടക്ക നിരത്തുകയും ചെയ്യുക എന്നല്ലാതെ ഒന്നും നടന്ന ചരിത്രമില്ല. പ്രളയസമയത്ത് പ്രഖ്യാപിച്ചത് വല്ലതും കൃത്യമായി നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ?
സംഘടനാ ശക്തി സര്‍ക്കാറിനെയും ജനങ്ങളെയും കഷ്ടപ്പെടുത്താനാവരുത്. നാടിനും നാട്ടുകാര്‍ക്കും ഗുണത്തിനാവണം. നിലമ്പൂര്‍ സബ് ജില്ലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിലെ ഹെഡ്ടീച്ചര്‍ക്ക് സ്ഥലം മാറാന്‍ ഓര്‍ഡര്‍ ഉണ്ടായിട്ട് സീറ്റ് മാറിക്കൊടുക്കാത്ത സംഭവങ്ങള്‍ വരെ ഉണ്ടാവുന്നു. ടീച്ചറുടെ ഭര്‍ത്താവ് അധ്യാപക സംഘടനാ നേതാവായതാണ് കാരണം. സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ കുട്ടികളെപ്പോലും പഠിപ്പിക്കുന്നത് സ്വകാര്യ ഹൈടെക് സ്ഥാപനങ്ങളിലാണ്.
എന്നോട് ഒരു പ്രധാനാധ്യാപകന്‍ പറഞ്ഞത് ട്യൂഷന്‍ കൊടുത്താല്‍ മാത്രമേ വിജയിക്കുകയുള്ളൂ എന്നാണ്. നല്ല വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ട്യൂഷനു പോയാലേ വിജയിക്കൂ എന്ന പോലെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിക്കൂടല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ എസ് എസ് എല്‍ സി കഴിഞ്ഞ പാവപ്പെട്ടവരുടെ കുട്ടികളുടെ തുടര്‍പഠനമെന്നത് വിയ കഷ്ടം തന്നെയാണ്. അതിനൊരു പരിഹാരമാര്‍ഗം സര്‍ക്കാര്‍ തന്നെ സ്വീകരിക്കണം.
Back to Top