പേരുമാറ്റല്‍ അഥവാ സാംസ്‌കാരിക വംശഹത്യ – സരിത മാഹിന്‍
കുട്ടിക്കാലത്ത് കളിക്കാറുണ്ടായിരുന്ന കളിയാണ് പേര്, രാജ്യം, സ്ഥലം, സാധനം. ഒരക്ഷരം പറയും ആ അക്ഷരത്തില്‍ തുടങ്ങുന്ന ഒരു പേരും രാജ്യവും സ്ഥലവും സാധനവുമൊക്കെ കണ്ടെത്തി ഒരു പേപ്പറിലെഴുതും. ശരിയായി എഴുതുന്നതിന് മാര്‍ക്ക്. ചിലപ്പോള്‍ ചില രാജ്യത്തിന്റെയോ സ്ഥലത്തിന്റെയോ പേരൊന്നും നമുക്കറിഞ്ഞുകൊള്ളണമെന്നില്ലല്ലോ, അപ്പോ ഊഹിച്ചെഴുതും. പിന്നെ അങ്ങനെയൊരു പ്രദേശമുണ്ടെന്നൊക്കെ വഴക്കുണ്ടാക്കി സ്ഥാപിച്ചെടുക്കും. ഈയിടെയായി മുഗള്‍ നാമത്തിലുള്ളതും അല്ലാത്തതുമായ ചില നഗരങ്ങളുടെയും റെയില്‍വെ സ്‌റ്റേഷനുകളുടെയും പേരുകള്‍ ദിനേന മാറ്റുന്നതു കണ്ടപ്പോള്‍ സ്‌കൂളിലൊക്കെ കളിച്ച ആ കളിയാണ് ഓര്‍മവന്നത്.
ഷിംല ശ്യാമളയാവുന്നു, ഉത്തര്‍പ്രദേശിലെ അലഹാബാദ് പ്രയാഗ്‌രാജ് ആവുന്നു, ഫൈസാബാദ് ജില്ലയെ ശ്രീ അയോധ്യയെന്നാക്കി മാറ്റുന്നു. ഉത്തര്‍പ്രദേശിലെതന്നെ അക്ബര്‍പൂര്‍ ജില്ലയെ അംബേദ്കര്‍ നഗറാക്കിയത് മായാവതിയാണ്. ഇപ്പോഴിതാ അഹമ്മദാബാദിന്റെ പേര് എത്രയും പെട്ടെന്ന് തന്നെ കര്‍ണാവതിയാക്കാന്‍ തയ്യാറാണെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ കഴിഞ്ഞ ദിവസം പറഞ്ഞുകഴിഞ്ഞു. ഏറ്റവുമൊടുവില്‍ ആഗ്രയെ ആഗ്രവാന്‍ എന്നോ ആഗ്രവാള്‍ എന്നോ മാറ്റണമെന്ന ആവശ്യവുമായി ആഗ്രയിലെ എം എല്‍ എ രംഗത്തെത്തിയിരിക്കുന്നു. മുസഫര്‍നഗറിനെ ലക്ഷ്മിനഗര്‍ ആക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം.
ഇത് കേവലം ഒരു പേരുമാറ്റമല്ല. നഷ്ടപ്പെട്ടുപോയ ഒരു പ്രദേശത്തെ തിരിച്ചു പിടിക്കുകയല്ല അവര്‍ ചെയ്യുന്നത്. ഹിന്ദി കവി ബോധിസത്വയുടെ വാക്കുകള്‍ കടമെടുത്താല്‍, ആര്‍ എസ് എസ്സും ബി ജെ പിയും പറയുന്നതു പോലെ അവിടെയൊരിക്കലും ഒരു പ്രയാഗ്‌രാജ് ഉണ്ടായിരുന്നില്ല. നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ എന്ന പേരില്‍ ഇപ്പോള്‍ വിറ്റുകൊണ്ടിരിക്കുന്നത് അങ്ങ നെയൊരു ഭൂതകാലവും സ്ഥലങ്ങളും പ്രദേശങ്ങളും ഉണ്ടായിരുന്നുവെന്ന ആശയം മാത്രമാണ്. ഗുഡ്ഗാവ് ദ്രോണാചാര്യരുടെ നാടാണെന്നു പ്രചരിപ്പിച്ച് ഗുരുഗ്രാമമാക്കിയപ്പോള്‍ ഇന്ത്യയുടെ ഫ്യൂച്ചറിസ്റ്റിക് നഗരത്തില്‍ നിന്നും യാതൊരു പ്രതിഷേധ സ്വരവും ഉയര്‍ന്നില്ല. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള പരിഷ്‌കാരമാണിതെന്നൊക്കെ പ്രതിപക്ഷം ആരോപിക്കും. കേവലം അഞ്ചാറു വോട്ടുകള്‍ അധികം നേടുകയല്ല ബി ജെ പിയുടെയും ആര്‍എസ്എസിന്റെയും അജണ്ട. വളരെ കാലമായ് ആര്‍എസ്എസ്സും ബിജെപിയുമൊക്കെ മനസ്സില്‍ സൂക്ഷിക്കുന്ന കടുത്ത മുസ്‌ലിം വിരോധം തന്നെയാണ് ഈ പേരു മാറ്റത്തിന്റെയെല്ലാം അടിസ്ഥാനം. അവരുടെ ആവശ്യം ഇന്ത്യയെ എന്നെന്നേക്കുമായി തങ്ങള്‍ക്കാക്കുക എന്നതുതന്നെയാണ്.
ഹിന്ദു ഇരവാദം
വസ്തുതകളെ കല്ലുവച്ച പെരുംനുണകളാക്കി മാറ്റി, സാധാരണഹിന്ദുവിന്റെ ചിന്തയില്‍ കുത്തിനിറച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്നത് ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയാണ്. ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന ജാതിഹിന്ദു സമൂഹം നൂറ്റാണ്ടുകളായി മുസ്‌ലിം ഭരണാധികാരികളാല്‍ വേട്ടയാടപ്പെടുകയാണെന്ന ഒരു പൊതുധാരണയുണ്ടാക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ കാലങ്ങളായി പരിവാര്‍ സംഘടനകള്‍ നടത്തിവരുന്നതാണ്.
ഗുപ്തന്‍മാരുടെ ഭരണകാലം ഇന്ത്യയുടെ സുവര്‍ണകാലമായിരുന്നുവെന്നും 1,200 വര്‍ഷങ്ങള്‍ക്കു മുമ്പ് മുഗളന്‍മാരുടെ അധിനിവേശത്തോടെ ആ സുവര്‍ണ കാലം നഷ്ടമായതാണെന്നുമുള്ള ഗൃഹാതുരചിന്ത വളരെ ആസൂത്രിതമായി ഓരോരുത്തരുടെയും മനസ്സില്‍ ബിജെപിയും ആര്‍എസ്എസ്സും കുത്തിവയ്ക്കുന്നുണ്ട്. ചരിത്രപരമായ ഈ ഗൃഹാതുരതയില്‍ അടിമുടി വിശ്വസിച്ചിരിക്കുന്നവരുടെ ധാരണ മുസ്‌ലിം ഭരണത്തോടെ രാജ്യത്തിന്റെ സുവര്‍ണകാലം അവസാനിച്ചുവെന്നാണ്്. യാഥാര്‍ഥ്യം മറ്റൊന്നായിരിക്കെ, അതെല്ലാം ഇനിയെങ്കിലും തിരിച്ചുപിടിക്കണമെന്നുള്ള അദമ്യമായ ഒരു ത്വര അവരുടെയെല്ലാം ഉപബോധമനസ്സില്‍ രൂഢമൂലമാണുതാനും. അതുകൊണ്ടുതന്നെയാണ് ഓരോ ഇന്ത്യക്കാരനും 1200 വര്‍ഷമായി അടിമയായോ അടിമയുടെ മാനസികാവസ്ഥയിലോ കഴിയുകയാണെന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ സ്ഥാനാരോഹണച്ചടങ്ങിന് ശേഷം നന്ദിഅര്‍പ്പിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്.
ഇവരുടെ ഉപബോധമനസ്സിലുള്ളത് മുസ്‌ലിം ഭരണകാലത്ത് ഇന്ത്യയില്‍ ഒന്നും പുതിയതായി നിര്‍മിക്കപ്പെട്ടിട്ടില്ലെന്നാണ്. ഇന്ത്യയിലെ നിര്‍മിതികള്‍ എല്ലാം അവര്‍ക്ക് മുന്നേ നിര്‍മിക്കപ്പെട്ടിട്ടുള്ളതാണെന്നും, അവയെല്ലാം തകര്‍ക്കുകയും രൂപമാറ്റംവരുത്തുകയും ചെയ്ത്, അവയ്‌ക്കെല്ലാം തങ്ങളുടെ പേരു നല്‍കുക മാത്രമാണ് മുഗള്‍ ഭരണാധികാരികള്‍ ആകെ ചെയ്തത് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
പരിവാര്‍ സംഘടനകള്‍ തങ്ങളുടെ ദൗത്യം വിജയകരമായി നടപ്പാക്കിവരുന്നതിന്റെ ഭാഗമായിരുന്നു 1992ലെ ബാബറി മസ്ജിദ് ധ്വംസനം. അധികാരം ഇല്ലാതിരിക്കെ തന്നെ 400 വര്‍ഷം പഴക്കമുള്ള ഒരു മുസ്‌ലിം ആരാധനാലയം തകര്‍ക്കാന്‍ മാത്രം ശക്തിയുള്ള ആള്‍ക്കൂട്ടത്തെ സജ്ജമാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞുവെന്ന് മനസ്സിലാക്കണം. സംഘപരിവാരത്തിന്റെ ആ ആശയത്തിന് സര്‍വകക്ഷി പിന്തുണയും ഉണ്ടെന്നത് ഖേദകരം തന്നെ. ഇപ്പോള്‍ കാശിയും മഥുരയും അങ്ങനെ തന്നെ. നഷ്ടപ്രതാപത്തിന്റെ കഥപറഞ്ഞ് മഥുരയിലെ മസ്ജിദ് എന്നു വേണമെങ്കിലും തകര്‍ക്കപ്പെട്ടേക്കാം.
അധികാരത്തിന്റെയും താന്‍പോരിമയുടെയുമൊക്കെ ഗര്‍വില്‍ അങ്ങനെ നില്‍ക്കാനും പറ്റുന്നില്ല, കാരണം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാ അടയാളങ്ങളും അത് ഏറെയും മുഗള്‍നിര്‍മിതികളാണ്. മാത്രമല്ല 95 ശതമാനം മുസ്‌ലിംകളും ഹിന്ദുക്കളാണ്; അവരെല്ലാം ഇസ്‌ലാം ആശ്ലേഷിച്ചതാണ്; അവരെയും ഘര്‍വാപസി നടത്തണം. അങ്ങനെ ഒരു ഭാരിച്ച ഒരു ഉത്തരവാദിത്തം അങ്ങ് നടപ്പാക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും ബി ജെ പി ഭരണത്തിലുള്ള ഏതാനും സംസ്ഥാന സര്‍ക്കാരുകളും. ബി ജെ പി നയങ്ങള്‍ അംഗീകരിക്കാനാവാത്തവര്‍, ഹിന്ദു ധാര്‍ഷ്ട്യം അസഹനീയമായവര്‍ തുടങ്ങി എല്ലാവരും ഉടനടി ഇന്ത്യവിട്ടോളണം എന്നു പറയുന്നതും ആ അധികാരം ഉപയോഗിച്ചാണ്. മുഗള്‍ ഭരണത്തിനുമുമ്പ് എങ്ങനെയായിരുന്നോ ഇന്ത്യ, ആ സംസ്‌കാരത്തിലേക്കും പേരുകളിലേക്കും തിരികെ എത്തിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ പുനര്‍നാമകരണം ചെയ്യുന്ന പല നഗരങ്ങള്‍ക്കും ആ പ്രദേശവുമായി യാതൊരു ബന്ധവുമില്ല. മുസ്‌ലിം പേരുകള്‍ മാറ്റി പകരം ഹിന്ദു നാമങ്ങള്‍ നല്‍കുക എന്ന വ്യര്‍ഥ വ്യായാമമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ആരുടെ ചരിത്രമാണ്
നിങ്ങള്‍ മാറ്റിയെഴുതുന്നത്?
അപ്പോഴും ഒന്നു ചോദിച്ചോട്ടെ, നിങ്ങള്‍ ആരുടെ ഓര്‍മകളെയാണ് ഇങ്ങനെ മാറ്റിയെഴുതുന്നത്? എന്തു ദുരഭിമാനമാണ് നിങ്ങളെ വേട്ടയാടുന്നത്? നിങ്ങള്‍ക്ക് ആരോടാണ് ഇത്രയും കെറുവ്? സ്വന്തം രാജ്യത്തിന്റെ ചരിത്രവും അതിലെ ഭാഗധേയങ്ങളും വെറും രാഷ്ട്രീയ മുതലെടുപ്പിനായാണ് നിങ്ങള്‍ മാറ്റിയെഴുതുന്നതെന്ന് ഓര്‍മയുണ്ടാവണം. ചരിത്രം അത്രതന്നെ അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റേയും ആണെന്നു തന്നെയിരിക്കട്ടെ, ജനത്തെ അത് അങ്ങനെ തന്നെ സ്വതന്ത്രമായി വായിക്കാന്‍ വിടുക. ഹിന്ദുക്കള്‍ തിരിച്ചറിയട്ടെ തങ്ങളെ അടിച്ചമര്‍ത്തി ഭരണം നടത്തിയ ഭരണാധികാരികളാരാണെന്ന്, ഹിന്ദു-മുസ്‌ലിം മൈത്രിക്ക് വേണ്ടി നിലകൊണ്ട ഷഹന്‍ഷയെക്കുറിച്ചും ഇന്ത്യന്‍ സാഹിത്യത്തിനും സംഗീതത്തിനും ചിത്രകലയ്ക്കും ശില്‍പ്പകലയ്ക്കുമൊക്കെ പുതുജീവന്‍ നല്‍കിയ പണ്ഡിതരും കലാകാരന്‍മാരും വീരാളികളുമായ ചക്രവര്‍ത്തിമാരെയും നമ്മുടെ ഭക്ഷണ-വസ്ത്ര-വാസ്തു വൈവിധ്യത്തിനും സാംസ്‌കാരിക വ്യതിരിക്തതയ്ക്കും തങ്ങളുടെ കൈപ്പുണ്യവും നൈപുണ്യവും പകര്‍ന്നു നല്‍കിയ, പോര്‍ക്കളങ്ങളില്‍ രക്തം ഇറ്റി വീഴുന്നതു വരെ വീറോടെ മരിച്ചുവീണ ബീഗങ്ങളെയും സുല്‍ത്താനമാരെയും കുറിച്ചും അസംഖ്യം സാധാരണ മുസ്‌ലിംകളുടെ ഭാഗധേയങ്ങളെക്കുറിച്ചും ജനം മനസ്സിലാക്കി തന്നെ പോകട്ടെ. നിങ്ങള്‍ എത്രതന്നെ അമര്‍ത്തി തുടച്ചാലും മാഞ്ഞു പോകുന്ന ചുമര്‍ചിത്രമല്ല ഓരോ ചരിത്രശേഷിപ്പും. നാനൂറുവര്‍ഷം ഒരേ പേരിലറിയപ്പെട്ടിരുന്ന ഒരു സ്ഥലം അത് മറ്റൊരു പേരിലേക്കാക്കുന്നതോടെ ആ പ്രദേശത്തിന്റെ ചരിത്രം മാറ്റിയെഴുതാനാവുമെന്നു ചിന്തിക്കുന്നത് തന്നെ എന്തു മൂഢതമാണ്. കെട്ടനയങ്ങള്‍കൊണ്ട് സര്‍വ്വതും തുലഞ്ഞിരിക്കുന്ന മോദി സര്‍ക്കാരിന് അവകാശപ്പെടാന്‍ ഒരു പട്ടേല്‍ പ്രതിമ മാത്രമേ ഉള്ളൂവെന്നെിരിെക്ക മുഗളരുടെ ശ്രേയസ്സും ഗരിമയും സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങളിലേക്ക് വലിച്ചുകെട്ടുന്നത് അന്തസ്സില്ലായ്മയാണ്.
മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ, നോട്ടുനിരോധനം, ജിഎസ്ടി, രൂപയുടെ മൂല്യച്യുതി, പ്രതിമനിര്‍മാണം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ അനുദിന വിലവര്‍ധന, സുപ്രിംകോടതി, ആര്‍ബിഐ, സിബിഐ, എന്നിവയെ വെടക്കാക്കി തനിക്കാക്കല്‍, കര്‍ഷക ദ്രോഹനയങ്ങള്‍, പ്രതിഷേധ സ്വരങ്ങളെ പിന്‍തുടര്‍ന്നു വേട്ടയാടല്‍, ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, തിരോധാനങ്ങള്‍, അകാരണഅറസ്റ്റുകള്‍, റഫേല്‍അഴിമതി, സ്വജനപക്ഷപാതം തുടങ്ങി പല വിഷയത്തിലും തുറന്ന ചര്‍ച്ചകള്‍ നടക്കേണ്ട സമയമാണിത്. എന്നിട്ടും മാധ്യമങ്ങളുടെ പ്രൈംടൈം ചര്‍ച്ചകളുടെ ഫോക്കല്‍ പോയിന്റ് ഒരു ജാതി ഹിന്ദുവിന്റെ ഇല്ലാത്ത നഷ്ടപ്രതാപത്തിന്റെ ഗൃഹാതുരതയിലേക്കെത്തിക്കാന്‍ പേരുമാറ്റം കൊണ്ട് അവര്‍ക്ക് സാധിക്കുന്നുണ്ട് എന്നത് നാം ഗൗരവത്തോടെ തന്നെയെടുക്കേണ്ടതാണ്.
സംസ്‌കാരിക വംശഹത്യ
മുഗള്‍ഭരണാധികാരികള്‍ ഹിന്ദു പ്രദേശങ്ങള്‍ കൈയ്യേറി അതിനെല്ലാം മുസ്‌ലിം പേരുകള്‍ നല്‍കുകയായിരുന്നില്ല. തങ്ങള്‍ നിര്‍മിച്ച നഗരങ്ങള്‍ക്കാണ് അവര്‍ ഫത്തേപൂര്‍ സിക്രിയെന്നും തുഗ്ലക്കാബാദെന്നും അലഹാബദെന്നുമൊക്കെ പേരു നല്‍കിയത്. മറിച്ച് ആഗ്ര, പട്‌ന, ദില്ലി, ലഖ്‌നോ, തുടങ്ങിയ പ്രദേശങ്ങളുടെ പേരുകള്‍ അങ്ങനെ തന്നെ നിലനിര്‍ത്തുകയായിരുന്നു മുഗള്‍ ഭരണാധികാരികള്‍ ചെയ്തത്. അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിലേക്ക് ഇഴുകിച്ചേരുക തന്നെയാണ് ചെയ്തത്. അലഹാബാദില്‍ കാലമിന്നോളം മഹാകുംഭമേള നടക്കാതിരിന്നിട്ടുണ്ടോ? ഖ്വാജ മൊഹിയുദ്ദീന്‍ ചിഷ്ത്തിയുടെ ദര്‍ഗ ഇന്നും അജ്മീര്‍ എന്നുതന്നെയല്ലേ അറിയപ്പെടുന്നത്? മുസ്‌ലിം ഭരണത്തില്‍ പ്രയാഗ് പ്രയാഗായും അയോധ്യ അയോധ്യയായും നിന്നു. അവ അപ്രത്യക്ഷമായിട്ടില്ല. എന്നാല്‍ ഹിന്ദുപേരുകള്‍ തിരികെക്കൊണ്ടുവരണമെന്നു പറയുന്നവര്‍ക്ക് മുസ്‌ലിം പേരുകള്‍ മായ്ച്ചാല്‍ മാത്രം മതി. ചാര്‍ത്തിക്കൊടുക്കുന്ന പേരുകള്‍ ആ പ്രദേശവുമായി ബന്ധമുള്ളതാണോ എന്നു പോലും നോക്കേണ്ടതില്ല. പട്‌നയെ ഇവര്‍ പാടലിപുത്രയെേെന്നാ, ബങ്കിംപുരയെന്നോ, പട്‌നാസാഹിബെന്നോ പേരുമാറ്റുമോ? പുരി അല്ലെങ്കില്‍ പുര എന്നു പറയുന്ന സംസ്‌കൃതപദം മാറ്റുമോ, മൊഹല്ലയെ നാം എന്തുചെയ്യും. അതൊന്നും മാറ്റാന്‍ അവരുദ്ദേശിക്കുന്നില്ല. കാരണം ലക്ഷ്യം വേറെയാണ്.
ഹരിയാനയിലെ ചില ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ ഹിന്ദുവെന്നു തോന്നിക്കുന്ന പേരുകളിലാണ് അറിയപ്പെടുന്നതെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ അപൂര്‍വ് ആനന്ദ് പറയുന്നു. അത് ഹിന്ദു സംസ്‌കാരത്തില്‍ ഇഴുകി ചേരാനുള്ള അവരുടെ സമ്മതത്തെയാണ് സൂചിപ്പിക്കുന്നത്. സംസ്‌കാരം എന്നാല്‍ ഭക്ഷണത്തിലൂടെയും വസ്ത്രധാരണത്തിലൂടെയും പേരുകളിലൂടെയുമൊക്കെ സ്ഥാപിച്ചെടുക്കുന്നതാണ്. ജീവിതത്തില്‍ ഹിന്ദു ശീലങ്ങള്‍ പാലിക്കാന്‍ രാജ്യത്തെ മുസ്‌ലിംകളോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ്. മതപരമായ വ്യക്തിത്വം തെളിയിക്കാന്‍ ഒരു പള്ളിപോലും മുസ്‌ലിമിന് ആവശ്യമില്ലെന്ന് തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് തികഞ്ഞ ദേശസ്‌നേഹിയായിരിക്കാന്‍ മുസ്‌ലിംകള്‍ പാടുപെടുകയാണ്. ഒരു മുസ്‌ലിമിന് ഇന്ത്യക്കാരനായിരിക്കാന്‍ കഴിയുമോയെന്ന സന്ദേഹം നിറഞ്ഞ ചോദ്യം 1940-കളില്‍ തന്നെ രൂപപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യന്‍ ദേശീയതയ്ക്ക് പിന്തുണയില്ലാത്തവരാണ് മുസ്‌ലിംങ്ങള്‍ എന്നു ആദ്യം പറഞ്ഞുവച്ചത് ബ്രിട്ടീഷുകാരാണ്. അതുകൊണ്ട് സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകള്‍ക്ക് തങ്ങളുടെ ദേശസ്‌നേഹം പലവിധത്തില്‍ തെളിയിക്കാന്‍ ബാധ്യസ്ഥരാവുകയായിരുന്നു. സാധാരണഇന്ത്യക്കാര്‍ക്കുള്ള സകല അവകാശങ്ങളും മുസ്‌ലിംകള്‍ക്കും നല്‍കുകയെന്നാല്‍ വന്‍ രാഷ്ട്രീയ അബദ്ധമായിരിക്കുമെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വര്‍ത്തമാന്‍ എന്ന പത്രം എഴുതിപ്പിടിപ്പിച്ചത്. മുസ്‌ലിം സ്വത്വത്തില്‍ നിന്നാണ് പാകിസ്താന്‍ ഉണ്ടായത് അതുകൊണ്ട് ബാക്കിവരുന്ന മുസ്‌ലിംകളുടെ ദേശത്തോടുള്ള കൂറ് അളക്കുക പ്രയാസമാണന്നും വര്‍ത്തമാന്‍ എഴുതുന്നു. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ സര്‍ദാര്‍ പട്ടേലും മുസ്‌ലിംകളെ തള്ളിക്കൊണ്ടാണ് സംസാരിച്ചത്. ‘ഈ രാഷ്ട്രത്തോട് വലിയ പ്രതിപത്തിയുണ്ടെന്ന് നടിക്കുകയൊന്നും വേണ്ട. നിങ്ങളുടെ പ്രതിപത്തിയൊക്കെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. നമുക്കത് മറക്കാം. മാറിയ പരിതസ്ഥിതിയനുസരിച്ച് നിങ്ങള്‍ സ്വയം മാറണം”- പട്ടേലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
അവിഭക്ത ഇന്ത്യയില്‍ കാല്‍ഭാഗം മുസ്‌ലിംകളായിരുന്നു. വിഭജനത്തോടെ അത് വെറും 10ശതമാനം മാത്രമുള്ള ന്യൂനപക്ഷമായി. എന്നത്തേക്കാളും ഏറെ മുസ്‌ലിംകള്‍ നിസ്സഹായരാവുന്നത് അവര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നു ഒരിക്കലും പോകാതിരുന്ന മുസ്‌ലിംകള്‍ക്ക് ഏറെ പണിപ്പെട്ടാണ് ഇത് സ്വന്തം മണ്ണാണെന്ന ബോധ്യം ഗാന്ധിയും നെഹ്‌റുവുമൊക്കെ ഉണ്ടാക്കിക്കൊടുത്തത്. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും, ഗുജറാത്ത് കലാപത്തില്‍ കൊന്നു തള്ളപ്പെട്ടപ്പോഴും തീവ്രവാദിയെന്നു വിളിച്ച് വേട്ടയാടപ്പെട്ടപ്പോഴും ഉണ്ടായത്ര നിസ്സഹാവസ്ഥയും ഭീതിയും അത്രമേല്‍ ഉണ്ടായിട്ടുണ്ടാവില്ല ഈ പേരുമാറ്റത്തില്‍.
എങ്കിലും ഒരു
പേരിലെന്തിരിക്കുന്നു!
വില്യം ഷേക്‌സ്പിയറാണ് ചോദിച്ചത് ഒരു പേരിലെന്തിരിക്കുന്നുവെന്ന്. എന്നാല്‍ ഒരു പേരില്‍ പലതും അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും മുസ്‌ലിം പേരുകളില്‍. അതുകൊണ്ടാണ്, പ്രശസ്ത താരം ഷാരൂഖ് ഖാനു പോലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലമായ അമേരിക്കയില്‍ പോലും മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ തിക്താനുഭവങ്ങള്‍ ഉണ്ടായത്. മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെട്ട് പരിഹസിക്കപ്പെടുന്നത്, നിഷ്ഠൂരം ഓടുന്ന തീവണ്ടിയുടെ അടിയിലേക്ക് ജീവനോടെ വലിച്ചെറിയപ്പെടുന്നത്, പിഞ്ചുമക്കള്‍ ക്ഷേത്രങ്ങളിലടക്കം കൂട്ടബലാല്‍സംഗത്തിനിരയായി, തലതകര്‍ക്കപ്പെട്ട് മരിക്കുന്നത്, യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാളാല്‍ വെട്ടിയും കുത്തിയും ജീവനോടെ പെട്രോളൊഴിച്ച് തീകൊളുത്തിയും മൃഗീയമായി കൊലചെയ്യപ്പെടുന്നത്, ആടിനെ പശുവാക്കി എത്രപേരെയാണ് ഇവര്‍ കൊന്നുതള്ളുന്നത്. അപ്പോള്‍ മുസ്‌ലിം പേരില്‍ ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ മുഗള്‍പേരുകള്‍ മാറ്റുന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കും.
ബഹുസ്വരത എന്നത് പ്രകൃതിദത്തമാണ്. ഒരു പക്ഷേ ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയായിരിക്കും ഒറ്റയ്ക്ക് ഇത്രയേറെ സങ്കീര്‍ണവും വൈവിധ്യവുമാര്‍ന്ന സാമൂഹിക സാംസ്‌കാരിക ചിഹ്നങ്ങളാല്‍ നിലനില്‍ക്കുന്നത്. ആ രാഷ്ട്രത്തിന്റെ ദേശീയചരിത്രപാരമ്പര്യത്തില്‍ അതിലെ സ്മാരകങ്ങളും മ്യൂസിയങ്ങളും വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. സാസ്‌കാരിക വംശഹത്യ എന്ന വാക്ക് റാഫേല്‍ ലെംകിന്‍ ആണ് ആദ്യം പറഞ്ഞത്. ആക്‌സിസ് റൂള്‍ ഇന്‍ യൂറോപ് എന്ന പുസ്തകത്തിലൂടെ ലെംകിന്‍ പറയുന്നത്, ഒരു ജനതയെ ഇല്ലാതാക്കണമെങ്കില്‍ അവരെ ഉടലോടെ ഇല്ലാതാക്കിയാല്‍ മാത്രം പോര. മറിച്ച് അവരുടെ പാരമ്പര്യം, സംസ്‌കാരം, സംഭാവനകള്‍ തുടങ്ങി എല്ലാം ഇല്ലാതാക്കണം. പല വിഭാഗത്തില്‍പ്പെട്ട ജനതകളുടെ സഹകരണത്തോടുകൂടിമാത്രമേ ഒരു രാജ്യം കെട്ടിപ്പടുക്കാനാവൂ.
ഒരു വിഭാഗത്തിന്റെ സംഭാവനകളെ തച്ചുടയ്ക്കുമ്പോള്‍ അവര്‍ തരംതാഴുന്നു. തങ്ങള്‍ ഒന്നും ഒറിജിനലായി സംഭാവന നല്‍കിയിട്ടില്ലെന്നു അവര്‍ വിശ്വസിക്കുന്നു. ഇതാണ് ആര്‍എസ്എസും ബിജെപിയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ ഇന്ത്യയെന്നാല്‍ ഒരു പുരാതന പുനര്‍ലിഖിതമാണെന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു
പറയുന്നത്. അതിന്റെ താളുകള്‍തോറും പലചിന്തകളും ദിവാസ്വപ്‌നങ്ങളും എഴുതിചേര്‍ക്കപ്പെട്ടിരിക്കുന്നു. പിന്നീട് വരുന്ന ഓരോ താളുകളും മുമ്പേ എഴുതിയവയെ മറയ്ക്കുകയോ മായ്ച്ചു കളയുകയോ ചെയ്തിട്ടില്ല. അതാണ് ഇന്ത്യ. മുഗള്‍ശക്തികളില്‍ നിന്നും ഇന്ത്യയെ തിരിച്ചെടുത്തു എന്നുകരുതി വിജയമാഘോഷിക്കുന്നവരറിയാന്‍ രാജ്യമെന്നാല്‍ അത് നെയ്‌തെടുക്കാനുള്ളതാണ്, ഖനനം ചെയ്യാനുള്ളതല്ല.
രാജ്യത്ത് ഒരു കൊല്ലത്തിനിടെ
പേര് മാറ്റിയത് 25 സ്ഥലങ്ങള്‍
ന്യൂഡല്‍ഹി: ഒരു കൊല്ലത്തിനിടെ രാജ്യത്തെ 25 സ്ഥലങ്ങളുടെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പേരുമാറ്റം ഫാഷനാക്കിയ യു പിയിലേതടക്കം നിരവധി പേരുമാറ്റങ്ങള്‍ ഇനിയും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് എത്താനുമുണ്ട്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള രാജമുന്ദ്രിയുടെ പേര് രാജാമഹേന്ദ്രവാരം എന്നാക്കുന്നതിനും ഒഡീഷയിലെ ഔട്ടര്‍ വീലറിന്റെ പേര് എ പി ജെ അബ്ദുല്‍കലാം ഐലന്‍ഡ് എന്നാക്കുന്നതിനും അടക്കമുള്ളവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞത്.
അതേസമയം പശ്ചിമബംഗാളിന്റെ പേര് മാറ്റം സംബന്ധിച്ച ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാനുളള ഏക നിര്‍ദേശമാണ് പശ്ചിമബംഗാളിന്റേത്. പശ്ചിമബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റണമെന്നാണ് ആവശ്യം. ഇതിനുള്ള നടപടികള്‍ തുടരുകയാണ്. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സമ്മതം ഇതിന് ആവശ്യമാണ്.
അലഹാബാദ്, ഫൈസാബാദ് എന്നിവയുടെ പേര് മാറ്റുമെന്നാണ് ഏറ്റവും ഒടുവില്‍ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യ എന്നും മാറ്റണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ യാതൊരു നിവേദനവും എത്തിയിട്ടില്ല. അതിനിടെ നാഗാലാന്‍ഡിലെ ദിമാപൂര്‍ ജില്ലയിലുള്ള കച്ചാരിഗാവിന്റെ പേര് ഫെവിമ എന്നാക്കി മാറ്റണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.
റെയില്‍വേ മന്ത്രാലയത്തിന്റെയും തപാല്‍വകുപ്പിന്റെയും സര്‍വേ വകുപ്പിന്റെയും അനുമതിയോട് കൂടി മാത്രമേ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഏതെങ്കിലും സ്ഥലങ്ങളുടെ പേര് മാറ്റാനാകൂ. മാറ്റാനുദ്ദേശിക്കുന്ന പുതിയ പേര് നിലവില്‍ മറ്റു സ്ഥലങ്ങള്‍ക്കൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാവും പേരുമാറ്റുക.
ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റണമെങ്കില്‍ പാര്‍ലമെന്റിന്റെ കേവല ഭൂരിപക്ഷത്തോടെയുള്ള ഭരണഘടനാ ഭേദഗതി ആവശ്യമുണ്ട്. ഗ്രാമത്തിന്റെയോ നഗരത്തിന്റെയോ പട്ടണത്തിന്റെയോ പേര് മാറ്റണമെങ്കില്‍ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രം മതിയാകും. പശ്ചിമബംഗാളിന്റെ പേര് മാറ്റണമെന്ന നിര്‍ദേശം ആഭ്യന്തരമന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അയല്‍ രാജ്യമായ ബംഗ്ലാദേശിനോട് സമാനമല്ല നിര്‍ദ്ദിഷ്ട ബംഗ്ലാ എന്ന് വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തണം.
അഹമ്മദാബാദിന്റെ പേര് കര്‍ണാവതിയെന്നാക്കണമെന്ന ആവശ്യവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തുണ്ട്. ഇത് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണിവര്‍. തെലങ്കാനയില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളുടെ പേര് മാറ്റുമെന്നും ബി ജെ പി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.