1 Tuesday
July 2025
2025 July 1
1447 Mouharrem 5

പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ ഹൃദയഹാരിയായ ഓര്‍മ

ഡോ. പി മുസ്തഫ ഫാറൂഖി


കര്‍മോത്സുകതയുടെയും ആത്മാര്‍ഥതയുടെയും നിറമുള്ള, ഒരുപാട് നനവുള്ള ഓര്‍മകള്‍ ബാക്കിവെച്ചാണ് പ്രിയങ്കരനായ കുഞ്ഞിക്കോയ മാസ്റ്റര്‍ യാത്രയായത്. 1994ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ മാഷ്, പുളിക്കല്‍ മേഖലയില്‍ പ്രാസ്ഥാനികരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന സമയം. 1997ല്‍ ചുമതലയേറ്റ അബൂബക്കര്‍ കാരക്കുന്ന് പ്രസിഡന്റും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള ഐഎസ്എം സംസ്ഥാന സമിതിയാണ് കുഞ്ഞിക്കോയ മാസ്റ്ററെ ഹൃദയപൂര്‍വം മര്‍കസുദ്ദഅ്‌വയിലേക്ക് ക്ഷണിക്കുന്നത്. ആ ഉദ്യമം വിജയകരമായി എന്നു കാലം തെളിയിക്കുക തന്നെ ചെയ്തു.
പ്രസ്ഥാനചരിത്രത്തിലെ കലുഷമായ സാഹചര്യങ്ങളില്‍ ഒരു കാവല്‍ഭടനെപ്പോലെ അദ്ദേഹം നിലകൊണ്ടു. മുതിര്‍ന്നവരെ ആദരിച്ചും ചെറിയവരെ ചേര്‍ത്തുനിര്‍ത്തിയും ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചുപോന്നു അദ്ദേഹം. 1982ലെ കൊട്ടപ്പുറം സംവാദത്തില്‍ മുജാഹിദ് വിഭാഗത്തിന്റെ മധ്യസ്ഥനായി അദ്ദേഹം പ്രവര്‍ത്തിച്ചത് ചരിത്രം. 2002ലെ സംഘടനാ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ കോടതി വ്യവഹാരങ്ങളില്‍ മര്‍കസുദ്ദഅ്‌വയുടെ ലീഗല്‍സെല്‍ കണ്‍വീനറായി അദ്ദേഹം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കേസുകള്‍ക്കു വേണ്ടി വിവിധ കോടതികളില്‍ അദ്ദേഹം കയറിയിറങ്ങി. കോഴിക്കോട്, പനമരം, എടരിക്കോട് മുജാഹിദ് സമ്മേളനങ്ങളില്‍ ഓഫീസ് ചുമതലയാണ് നിര്‍വഹിച്ചത്. വര്‍ത്തമാനം പത്രത്തിന്റെ സാമ്പത്തിക പരാധീനതകളില്‍ അദ്ദേഹം പലതവണ സഹായിച്ചു. പ്രശ്‌നപരിഹാരത്തിന്റെ ഒടുവിലെ ആശ്രയം മാഷ് ആയിരിക്കും. സംഘടനയുടെ പണവും കണക്കും കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും തികഞ്ഞ കണിശതയും ജാഗ്രതയും അദ്ദേഹം പുലര്‍ത്തി. കാലദൈര്‍ഘ്യം വന്ന കണക്കുകള്‍ ചോദിച്ചാലും മനഃപാഠമായിരുന്നു അവയെല്ലാം.
ആതിഥ്യമര്യാദയുടെ മകുടോദാഹരണമായിരുന്നു മാഷ്. മര്‍കസുദ്ദഅ്‌വയില്‍ എത്തുന്ന പരിചിതരെയും അപരിചിതരെയും ലക്ഷണമൊത്ത ഗൃഹനാഥനെപ്പോലെ അദ്ദേഹം പരിചരിച്ചു. ആരോടും കലഹിക്കാതെയും മുഖം കറുപ്പിക്കാതെയും പുഞ്ചിരിയോടെ അഭിമുഖീകരിച്ചു. സംഘടനാ പ്രവര്‍ത്തനം ജീവവായു പോലെ അദ്ദേഹം ആസ്വദിച്ചു. ഐഎസ്എം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്ന നിലയില്‍ പലതവണ അദ്ദേഹത്തിന്റെയും പ്രിയതമ നബീസക്കുട്ടിയുടെയും ആതിഥ്യം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
പുറം പോലെ വിശുദ്ധമായിരുന്നു മാഷിന്റെ അകവും. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചു. മാഷ് സങ്കടപ്പെട്ടതും കണ്ണീര്‍ പൊഴിച്ചതും രണ്ടു സന്ദര്‍ഭങ്ങളിലാണ് ഞാന്‍ കണ്ടത്. ഒന്ന് സംഘടനാ പിളപ്പിനെ തുടര്‍ന്നായിരുന്നുവെങ്കില്‍ മറ്റൊന്ന് പേരമകള്‍ മരണപ്പെട്ട അവസരത്തിലായിരുന്നു.
മാഷുടെ വിയോഗമറിഞ്ഞ് കൊട്ടപ്പുറത്തെ വസതിയിലും ജനാസ നമസ്‌കാരം നടന്ന തലേക്കര ജുമാമസ്ജിദിലും എത്തിയ വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ തെളിമയാര്‍ന്ന ജീവിതത്തിന് നല്‍കിയ അംഗീകാരവും നേര്‍സാക്ഷ്യവുമാണെന്നതില്‍ തര്‍ക്കമുണ്ടാകില്ല.

Back to Top