20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

പശ്ചാത്താപമാണ് വിജയത്തിലേക്കുള്ള വഴി

കണിയാപുരം നാസറുദ്ദീന്‍


തെറ്റുകള്‍ ചെയ്യാനുള്ള സാഹചര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും സത്യവിശ്വാസവും സല്‍കര്‍മവും കൊണ്ട് ജീവിതത്തെ ധന്യമാക്കുകയും ചെയ്യുക എന്നതാണ് ഓരോ സത്യവിശ്വാസിയും ചെയ്യേണ്ടത്. ”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവന്‍ ആകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനും ആകുന്നു.” (വി.ഖു 67:2)
അല്ലാഹു ഒരുക്കിയ സംവിധാനങ്ങളെല്ലാം തന്നെ സൃഷ്ടികളെ ആകര്‍ഷിക്കുന്നതും നന്മയിലൂടെ വഴിനടത്താന്‍ മതിയയതുമാണ്. എന്നാലും മനുഷ്യന്‍ തെറ്റുകുറ്റങ്ങള്‍ ചെയ്തുപോകും. അത് അവന്റെ പ്രകൃതമാണ്. സഹജമായ സ്വഭാവമാണ്. തീര്‍ച്ചയായും മനസ്സ് ദുഷ് പ്രവര്‍ത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. (ഖു. 12:53)
മുഹമ്മദ് നബി (സ)പറഞ്ഞു: ”തീര്‍ച്ചയായും ഒരു വിശ്വാസി ഒരു പാപം ചെയ്താല്‍ അവന്റെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളി വീഴും. പശ്ചാത്തപിക്കുകയും പാപത്തില്‍ നിന്നും മോചിതന്‍ ആവുകയും ചെയ്താല്‍ അവന്റെ ഹൃദയം ശുദ്ധീകരിച്ചു.”(ഹദീസ്) ”അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.” (ഖു. 83:14). ഇങ്ങനെ നിരന്തരം കറുത്ത പുള്ളികളും കറയും നിറയുമ്പോള്‍ നമ്മുടെ മനസ്സുകള്‍ പരുക്കനായി തീരും. ”പിന്നീട് അതിനു ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറ പോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു.” (ഖു. 2:74)
അഴുക്ക് പുരളുന്നതോടൊപ്പം അതില്‍ നിന്ന് വൃത്തിയാക്കാനുള്ള ശുചീകരണ പ്രക്രിയകളില്‍ ഏര്‍പ്പെടുന്നു എങ്കില്‍ അവനില്‍ അഴുക്കില്ല എന്നതുപോലെ മനുഷ്യനില്‍ പാപങ്ങളും തെറ്റുകളും ഉണ്ടാകാനുള്ള സാധ്യതകളും സാഹചര്യങ്ങളും ഏറെ ആണ്. എന്നാല്‍ നന്മയുടെയും സദാചാരത്തിന്റെയും വഴികളിലേക്ക് തിരിച്ചു മടങ്ങി ചെല്ലുവാന്‍ ഇസ്ലാമില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു അവസരമാണ് പശ്ചാത്താപം അഥവാ തൗബ.
”പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റിക്കൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.” (ഖു. 25:70)
പ്രപഞ്ചനാഥനും സ്രഷ്ടാവുമായ അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മകള്‍ മനസ്സില്‍ ഉള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ തെറ്റുകുറ്റങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരല്ല. സമ്മര്‍ദ്ദങ്ങള്‍ കാരണം എന്തെങ്കിലും തെറ്റ് അവരുടെ ജീവിതത്തില്‍ വന്നു പോയാല്‍ വേഗം പശ്ചാത്തപിച്ച് മടങ്ങും.
”വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.”(ഖു. 3:135)
എന്നാല്‍ ചിലരുടെ പശ്ചാത്താപങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല. അവര്‍ പശ്ചാത്താപത്തിലൂടെ സ്രഷ്ടാവിലേക്ക് മടങ്ങാന്‍ അല്ല ഉദ്ദേശിക്കുന്നത്. പശ്ചാത്താപം ഒരു മറയായി സ്വീകരിച്ചുകൊണ്ട് വീണ്ടും വീണ്ടും പാപത്തിന്റെ വഴിയെ സഞ്ചരിക്കുന്നു എങ്കില്‍ അത്തരക്കാരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയില്ല.
”പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.” (ഖു. 4:18)

Back to Top