ന്യൂസിലാന്റ് ഭീകരാക്രമണം: ഇരകളുടെ ബന്ധുക്കള്‍ ഹജ്ജിന് സുഊദി രാജാവിന്റെ അതിഥികള്‍
ന്യൂസിലന്‍ഡില്‍ അന്‍പത്തൊന്നു പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് ഹജ്ജിന് സഹായവുമായി സുഊദി അറേബ്യ. സുഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക അതിഥികളായാണ് ഇരുന്നൂറു ബന്ധുക്കള്‍ ഹജ്ജിനെത്തുന്നത്. സുഊദിയുടെ തീരുമാനത്തിന് ന്യൂസിലന്‍ഡ് നന്ദി അറിയിച്ചു.
ലോകം വിറങ്ങലിച്ച ദിനത്തിന്റെ ഓര്‍മകളുമായി കഴിയുന്ന ഇരുന്നൂറു പേര്‍ക്ക് ആത്മസമര്‍പ്പണത്തിന്റെയും സമാധാനത്തിന്റെയും പുണ്യഭൂമിയിലേക്ക് സുഊദി സ്വാഗതം ചെയ്തു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സുഊദി രാജാവിന്റെ പ്രത്യേക അതിഥികളായി ഹജ്ജ് തീര്‍ഥാടനത്തിനെത്തും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലു ശൈഖ് അറിയിച്ചു.
ന്യൂസിലാന്‍ഡ് എംബസിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും, അടുത്തമാസം ആദ്യവാരം തുടങ്ങുന്ന ഹജ്ജ് കര്‍മങ്ങളുടെ ഭാഗമാകാന്‍ ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഭീകരാക്രമണത്തിനുശേഷം സുഊദി നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നു റിയാദിലെ ന്യൂസിലാന്‍ഡ് സ്ഥാനപതി ജെയിംസ് മണ്‍റോ പറഞ്ഞു. ഹജ്ജ് സൗകര്യമൊരുക്കാനുള്ള സുഊദിയുടെ തീരുമാനം, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പകരുമെന്നും സ്ഥാനപതി വ്യക്തമാക്കി. ഒരു മലയാളി അടക്കം 51 പേരാണ് മാര്‍ച്ച് പതിനഞ്ചിന് െ്രെകസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.