8 Friday
August 2025
2025 August 8
1447 Safar 13

ന്യൂസിലന്റ് ഭീകരാക്രമണം; ഫേസ്ബുക്കിനെതിരെ പരാതി

ന്യൂസിലാന്റ് ഭീകരാക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സോഷ്യല്‍ മീഡിയാ കമ്പനികള്‍ക്കെതിരേ പരാതി ലഭിച്ചതായി വാര്‍ത്ത. ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്‌ലിം ഫെയ്ത്താണ് ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയാ കമ്പനികള്‍ക്കെതിരേ പരാതി നല്‍കിയത്. ഈയടുത്ത് ന്യൂസിലാന്റിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ തത്‌സമയ വീഡിയോ ഫേസ്ബുക്കിലും യൂറ്റൂബിലും പ്രക്ഷേപണം ചെയ്തിരുന്നു. ഈ പ്രക്ഷേപണം ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും കമ്പനികള്‍ അത്തരം വീഡിയോകളും ചിത്രങ്ങളും പൂര്‍ണമായും നീക്കം ചെയ്യാന്‍ തയാറായില്ലെന്നാണ് കേസ്. ഇത്തരം വീഡിയോകളും തത്‌സമയ ദ്യശ്യങ്ങളും പ്രചരിപ്പിക്കാന്‍ അനുവദിക്കുന്നത്  വംശീയ വിദ്വേഷികളായ അക്രമികള്‍ക്ക് സഹായകമാകുമെന്നാണ് കൗണ്‍സില്‍ ആരോപിക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള വംശീയ വാദികള്‍ക്ക് ഇത്തരം വീഡിയോകള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും ഹരമായിരിക്കും. അവരെ ഹരം പിടിപ്പിക്കുന്നതിനായി ഈ കമ്പനികള്‍ എന്തിനാണ് തങ്ങളുടെ സേവനങ്ങള്‍ അനുവദിച്ച് നല്‍കുന്നതെന്നും കൗണ്‍സില്‍ ചോദിക്കുന്നു. വീഡിയോ പ്രസിദ്ധീകരിക്കുക വഴി പരോക്ഷമായി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യത്വത്തിന്റെ എതിര്‍ പക്ഷത്ത് നില്‍ക്കുകയും ചെയ്യുന്ന ഒരു സമീപനമാന് സോഷ്യല്‍ മീഡിയാ കമ്പനികള്‍ കൈക്കൊണ്ടിരിക്കുന്നതെന്നും വീഡിയോകള്‍ പൂര്‍ണമായും മാറ്റാന്‍ കമ്പനികള്‍ തയാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ കേസുകളുമായി മുന്നോട്ട് പോകുമെന്നും കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുള്ള സക്രി പ്രസ്താവിച്ചു.
Back to Top