23 Monday
December 2024
2024 December 23
1446 Joumada II 21

നേതാജിയുടെ സ്വന്തം ആബിദ് സഫ്‌റാനി

മലിക് അസ്ഗര്‍ ഹാശ്മി

ജയ്ഹിന്ദ് എന്ന വിഖ്യാതമായ മുദ്രാവാക്യം ആരാണ് രൂപപ്പെടുത്തിയത് എന്ന് നിങ്ങള്‍ക്ക് അറിയുമോ? വിശ്വപ്രശസ്തമായ ഈ മുദ്രാവാക്യത്തിന് രൂപം നല്‍കിയത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സന്തത സഹചാരിയായിരുന്ന ആബിദ് ഹസന്‍ സഫ്‌റാനിയാണ്. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതാജി പഠന ഗവേഷണ കേന്ദ്രം സമീപകാലത്തായി അദ്ദേഹത്തിന് മരണാനന്തര ബഹുമതികള്‍ നല്‍കി ആദരിക്കുകയുണ്ടായി. സുഭാഷ് ചന്ദ്രബോസിനെ പോലെ തന്നെ ചടുലമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു സഫ്‌റാനി. അഞ്ചുവര്‍ഷക്കാലം നീണ്ടുനിന്ന സുഭാഷ് ചന്ദ്രബോസുമായുള്ള സഹവാസത്തിനിടയില്‍ അദ്ദേഹത്തിന്റെ സഹായിയായും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ കമാന്റര്‍ ഇന്‍ ചീഫായും സഫ്‌റാനി സേവനം അനുഷ്ഠിച്ചു.
ജയ്ഹിന്ദ് എന്ന വിഖ്യാതമായ മുദ്രാവാക്യം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ഗ്രന്ഥകാരനായ നരേന്ദ്ര ലൂതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ ആസ്ഥാനത്തു നിന്ന് ബഹുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ആമുഖമായി അവരെ അഭിവാദ്യം ചെയ്യാന്‍ തനിക്കൊരു വാക്യം പറഞ്ഞുതരണമെന്ന് സുഭാഷ് ചന്ദ്രബോസ് സഫ്‌റാനിയോട് ആവശ്യപ്പെടുകയുണ്ടായി. പതിവായി ഉപയോഗിക്കുന്ന ഹലോ എന്ന് തന്നെ ഉപയോഗിക്കണം എന്ന് അദ്ദേഹം മറുപടി പറഞ്ഞെങ്കിലും ബോസ് അത് നിരാകരിച്ചു. തദവസരത്തിലാണ് ആവേശം ജ്വലിക്കുന്ന ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യവുമായി സഫ്‌റാനി മുമ്പോട്ടു വന്നത്.
ചൗധരി ആചാര്യ അദ്ദേഹത്തിന്റെ ‘സ്വാതന്ത്ര്യ സമര സേനാനികള്‍’ എന്ന പുസ്‌കത്തില്‍ ഈ സംഭവത്തെ സ്ഥിരീകരിക്കുന്നുണ്ട്. 1941-ല്‍ ഷി ബര്‍ലിനില്‍ നടന്ന യോഗത്തിലാണ് സഫ്‌റാനി ആദ്യമായി ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നത്. ആവേശകരമായ ഈ മുദ്രാവാക്യം കേട്ട ഉടനെ സുഭാഷ് ചന്ദ്രബോസ് ഇത് ഇഷ്ടപ്പെടുകയും തന്റെ പ്രഭാഷണങ്ങളുടെ ആരംഭത്തിലും അവസാനത്തിലും ഇത് ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളികളായിരുന്ന മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കിടയില്‍ ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം പ്രചുര പ്രചാരം നേടുകയും അവരെല്ലാം പ്രഭാഷണങ്ങളിലും പൊതുയോഗങ്ങളിലും ഈ മുദ്രാവാക്യം വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. ഭാരതീയതയുടെ പ്രതീകമായ ഈ മുദ്രാവാക്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയ ധമനികളില്‍ ആവേശത്തിന്റെ രക്തസംക്രമത്തെ സാധ്യമാക്കുന്നു. ഇന്ത്യയുടെ എല്ലാ സായുധ വിഭാഗത്തിന്റെയും ഔദ്യോഗിക അഭിവാദ്യ വചനവും ‘ജയ്ഹിന്ദ്’ തന്നെയാണ്.

സുഭാഷ് ചന്ദ്രബോസ് എങ്ങനെ നേതാവായി
ചരിത്രകാരനായ പണ്ഡിതന്‍ സയ്യിദ് നസീര്‍ അഹ്മദ് അദ്ദേഹത്തിന്റെ ‘അമരന്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയത് സഫ്‌റാനിയാണ് സുഭാഷ് ചന്ദ്രബോസിനെ ആദ്യമായി നേതാജി എന്ന് അഭിസംബോധന ചെയ്തത് എന്നാണ്. അതിനുശേഷം എല്ലാവരും അദ്ദേഹത്തെ നേതാജി എന്ന് സംബോധന ചെയ്യുകയും അദ്ദേഹത്തിന്റെ മരണാനന്തരവും വിഖ്യാതമായ ഈ വിളിപ്പേര് തുടരുകയും ചെയ്തു. നേതാജിയുടെ ജര്‍മന്‍ യാത്രയില്‍ ഉടനീളം സഫ്‌റാനി അദ്ദേഹത്തെ അനുഗമിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്‍ കുമാര്‍ ബോസ് അദ്ദേഹത്തിന്റെ ഐ എന്‍ എ ഇന്ത്യയില്‍ എന്ന പുസ്തകത്തില്‍ സഫ്‌റാനിയും നേതാജിയും തമ്മിലുള്ള അഗാധമായ ബന്ധത്തെ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.
സ്വാതന്ത്ര്യസമര സേനാനി കുടുംബത്തില്‍ 1912-ല്‍ ഹൈദരാബാദിലാണ് ആബിദ് ഹസന്‍ പിറന്നത്. എഞ്ചിനീയറിംഗില്‍ ബിരുദം സമ്പാദിച്ചതിന് ശേഷം ഉപരിപഠനത്തിനായി അദ്ദേഹം ജര്‍മനിയിലേക്ക് തിരിക്കുകയും ഇത് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ അംഗമാകുന്നതിന് നിമിത്തമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാമാന്യമായ നേതൃപാടവത്തെ നേരത്തെ മനസ്സിലാക്കിയ സുഭാഷ് ചന്ദ്രബോസ് സംഘാടന ചുമതല അദ്ദേഹത്തെ ഏല്പിക്കുകയുണ്ടായി. ഐ എന്‍ എയില്‍ മേജര്‍ എന്ന പ്രത്യേക പദവിയാണ് അദ്ദേഹം വഹിച്ചത്. ബഹുഭാഷാ പണ്ഡിതനായിരുന്ന സഫ്‌റാനിക്ക് ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, തെലുങ്ക്, അറബിക്, പഞ്ചാബി എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു.
1995-ല്‍ ഐ എന്‍ എ ഇംഫാലില്‍ വച്ച് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിക്ക് കീഴടങ്ങിയതിനെ തുടര്‍ന്ന് സഫ്‌റാനിയെ ഇരുണ്ടതും ഇടുങ്ങിയതുമായ ബ്രിട്ടീഷ് കാരാഗൃഹത്തിലടയ്ക്കുകയുണ്ടായി. തന്റെ പ്രിയ മാതാവ് ആമിര്‍ ബീഗത്തിന് എഴുതിയ കത്തില്‍ കാരാഗൃഹത്തിലെ നരകയാതനകളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. തന്റെ മകന് വധശിക്ഷ വിധിക്കുമോ എന്ന് ആശങ്കപ്പെട്ട് മാതാവ് ആമിര്‍ ബീഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരെ സമീപിക്കുകയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മൗണ്ട് ബാറ്റന്റെയും ഇടപെടലിന്റെ ഫലമായി അദ്ദേഹം ജയില്‍ മോചിതനാവുകയും ചെയ്തു.

സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബം
സഫ്‌റാനിയുടെ പിതാവ് സഫര്‍ ഹസന്‍ ഉസ്മാനിയ സര്‍വകലാശാലയിലെ വകുപ്പു തലവനായിരുന്നു. മാതാവ് ബീഗം ആമിര്‍ ഗാന്ധിയന്‍ തത്വങ്ങളെ പിന്‍തുടരുന്നവരായിരുന്നു. ആബിദ് ഹസനെയും അദ്ദേഹത്തിന്റെ സഹോദരന്‍ ബദറുല്‍ ഹസനെയും ദേശീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവരായാണ് അവര്‍ വളര്‍ത്തിയത്. മഹാത്മാ ഗാന്ധിയുമായി ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഗാന്ധിയുടെ ‘യംഗ് ഇന്ത്യ’യുടെ എഡിറ്റര്‍ കൂടിയായിരുന്ന ബദറുല്‍ ഹസന്‍ അദ്ദേഹത്തിന്റെ പുസ്‌കത്തില്‍ പറയുന്നു: ”എപ്പോഴൊക്കെ ഹസന്‍ കുടുംബം ഗാന്ധിജിയെ സന്ദര്‍ശിക്കാന്‍ സബര്‍മതി ആശ്രമത്തില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം ഗാന്ധിയുടെ സഹചാരി പര്യാലാല്‍ അവരെ സ്വീകരിക്കാനായി റയില്‍വെ സ്റ്റേഷനില്‍ എത്താറുണ്ടായിരുന്നു.”
ഗാന്ധിയന്‍ തത്വങ്ങളുടെ പ്രണേതാവായിരുന്ന സഫ്‌റാനിയുടെ മാതാവ് ബീഗം ആമിര്‍ ഹസന്‍ മരണം വരെ ഖാദിവസ്ത്രം ഉപയോഗിക്കുന്നവരും ജീവിതത്തില്‍ ലാളിത്യത്തെ മുറുകെ പിടിക്കുന്നവരുമായിരുന്നു. സബര്‍മതിയില്‍ ഗാന്ധി പിന്തുടര്‍ന്ന ജീവിതരീതിയെ അനുകരിച്ച് ജീവിച്ച ബീഗം ലളിതമായ ഒരു മുറിയിലാണ് കഴിഞ്ഞുകൂടിയത്. സരോജിനി നായിഡുവിന്റെ സുഹൃത്ത് കൂടിയായിരുന്ന ബീഗം ആമിര്‍ ഹസന്‍ തന്റെ പാരമ്പര്യ സ്വത്തുക്കള്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് വേണ്ടി ദാനം ചെയ്യുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം അവരെ ആദരപൂര്‍വം ആമിര്‍ ജാന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഹസന്‍ കുടുംബത്തിന്റെ കേന്ദ്രമായിരുന്ന ‘ആബിദ് മന്‍സില്‍’ ഇന്നും ഹൈദരാബാദില്‍ തല ഉയര്‍ത്തി നിലകൊള്ളുന്നുണ്ട്. ഗാന്ധിയുടെ ആഹ്വാന പ്രകാരം 1920 ല്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ അഗ്നിക്ക് ഇരയാക്കാന്‍ ആരംഭിച്ചത് ഇവിടെ വച്ചാണ്.
ഐ എന്‍ എ തടവുകാരെ താമസിപ്പിച്ചിരുന്ന സിംഗപ്പൂരിലെ ജയിലില്‍ ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്‌റു സന്ദര്‍ശനം നടത്തുകയുണ്ടായി. ഇന്ത്യന്‍ തടവുകാരുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിനിടയില്‍ ചുമര്‍ ചാരി ഇരിക്കുന്ന ഒരു മനുഷ്യനെ അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. നിങ്ങളാരാണ് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം നല്‍കിയ മറുപടി ‘ജയ്ഹിന്ദ്’ എന്നായിരുന്നു. നിങ്ങള്‍ അഹ്മദാബാദില്‍ നിന്നാണോ എന്ന ചോദ്യത്തിനും അദ്ദേഹം അതേ മറുപടിയായിരുന്നു നല്‍കിയത്.
ജയില്‍ മോചിതനായ ശേഷം സഫ്‌റാനിയുടെ ആരോഗ്യം നന്നേ ക്ഷയിച്ചുവരികയും എലിസബത്ത്, ബട്ടക് ചന്ദ്ര തുടങ്ങിയ പ്രഗത്ഭ വ്യക്തികള്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു.

നിസ്വാര്‍ഥനായ രാഷ്ട്ര സേവകന്‍
ആരോഗ്യാവസ്ഥ വീണ്ടെടുത്ത അദ്ദേഹം കച്ചവടരംഗത്ത് പ്രവേശിച്ചങ്കിലും വേണ്ടത്ര വിജയം വരിക്കാന്‍ സാധിച്ചില്ല. അതിനുശേഷം സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ സഫ്‌റാനി ആദ്യ അവസരത്തില്‍ തന്നെ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. പരീക്ഷക്കിടയില്‍ അദ്ദേഹത്തെ അഭിമുഖം നടത്തിയത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. അങ്ങനെ അദ്ദേഹത്തോട് വിദേശകാര്യ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു എന്നാണ് പറയപ്പെടുന്നത്.
ഈജിപ്ത്, ഇറാഖ്, തുര്‍ക്കി, സെനഗല്‍, ഗാംബിയ, ഐവറി കോസ്റ്റ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ സഫ്‌റാനി ഔദ്യോഗിക സേവനം അനുഷ്ഠിക്കുകയുണ്ടായി. ജോര്‍ദാന്‍ രാജാവ് ഷാ ഹാഷിം ഫൈസല്‍ ബാഗ്ദാദില്‍ സായുധ സംഘത്താല്‍ കൊല ചെയ്യപ്പെട്ട അവസരത്തില്‍ ഇറാഖിലെ ഔദ്യോഗിക പ്രതിനിധിയായിരുന്ന സഫ്‌റാനിയുടെ അസാന്നിധ്യം വ്യാപകമായ വിമര്‍ശങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
അത്യുല്‍സാഹിയായിരുന്ന ആബിദ് ഹസന്‍ സഫ്‌റാനി ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചതിന് ശേഷം ഗോല്‍ക്കണ്ടയില്‍ വിശാലമായ കൃഷിത്തോട്ടം ആരംഭിക്കുകയും ഇവിടെ നിന്ന് ലഭിക്കുന്ന വിളകള്‍ നേതാജിയുടെ കുടുംബത്തിന് നല്കാനായി കൊല്‍ക്കത്തയിലേക്ക് വരികയും ചെയ്യാറുണ്ടായിരുന്നു. നേതാജിയുടെ ഓര്‍മകളെ മനസ്സില്‍ നിലനിര്‍ത്താനായിരുന്നു ഇപ്രകാരം ചെയ്തിരുന്നത്. 1984 ല്‍ ആബിദ് ഹസന്‍ സഫ്‌റാനി എന്ന സാത്വികനായ രാഷ്ട്രസേവകന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മകള്‍ നിലനിര്‍ത്താന്‍ അനന്തിരവള്‍ സുരയ്യ ഹസന്‍ ഗോല്‍ക്കണ്ടയില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി.
സഫ്‌റാനി എന്ന അദ്ദേഹത്തിന്റെ സ്ഥാന പേരിന് പിന്നില്‍ ശ്രദ്ധേയമായ ഒരു സംഭവമുണ്ട്. ഐ എന്‍ എയുടെ പതാകയുടെ നിറം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ ഒരു തര്‍ക്കം രൂപപ്പെട്ടു. ഹിന്ദുക്കള്‍ കാവി നിറം വേണമെന്നും മുസ്‌ലിംകള്‍ പച്ചനിറം വേണമെന്നും ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ അവരുടെ ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങിയ ശേഷവും മുസ്‌ലിംകള്‍ പിടിവാശി ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്ന അവസരത്തില്‍ ആബിദ് ഹസന്‍ അദ്ദേഹത്തിന്റെ പേരിന്റെ കൂടെ സഫ്‌റാനി (കുങ്കുമം) എന്ന് കൂടി ചേര്‍ക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് സൈനുല്‍ ആബിദ് എന്നായിരുന്നു.
വിവ. ഷാകിര്‍ എടച്ചേരി

Back to Top