13 Monday
October 2025
2025 October 13
1447 Rabie Al-Âkher 20

നഷ്ടത്തിലകപ്പെട്ടവര്‍

”അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന കാര്യം കളവാക്കിയിട്ടുള്ളവര്‍ തീര്‍ച്ചയായും നഷ്ടത്തിലകപ്പെട്ടിരിക്കുന്നു. പെട്ടെന്ന് ആ സമയം വന്നണയുമ്പോള്‍ അവര്‍ വിലപിക്കും. ഹാ, കഷ്ടം. ഈ കാര്യത്തില്‍ എന്തൊരു വീഴ്ചയാണ് നാം വരുത്തിയത്! അപ്പോള്‍ അവര്‍ തങ്ങളുടെ മുതുകുകൡ സ്വന്തം പാപഭാരം പേറിക്കൊണ്ടിരിക്കുന്ന സ്ഥിതിയിലാരിക്കും; നോക്കുക. എത്ര ദുഷിച്ച ഭാരമാണവര്‍ പേറുന്നത്!” (വി.ഖു 6:31).

പ്രപഞ്ച സ്രഷ്ടാവിനെ അംഗീകരിക്കാതെയും അവന്റെ മുന്നറിയിപ്പുകളെ അവഗണിച്ചും ജീവിക്കുന്നവരുണ്ട്. വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും നല്‍കിയ താക്കീതുകളൊന്നും അവര്‍ ചെവിക്കൊള്ളുകയില്ല. ഈ ജീവിതത്തിന്റെ ആനന്ദങ്ങളും ഇവിടെ നിന്ന് ലഭിക്കുന്ന സുഖാസ്വാദനങ്ങളും പരമാവധി അനുഭവിക്കാനാണവര്‍ ശ്രമിക്കുക.
മരണാനന്തര ജീവിതത്തെക്കുറിച്ചോ, രക്ഷാശിക്ഷകളെക്കുറിച്ചോ കേള്‍ക്കുന്നത് പോലും അത്തരക്കാര്‍ക്ക് അരോചകരമാണ്. തന്നിമിത്തം ഹറാമുകളോ ഹലാലുകളോ അവര്‍ കാര്യമാക്കാറില്ല. എന്നാല്‍ ഈ സുഖങ്ങളെല്ലാം പൊടുന്നനെ നിന്നു പോകുന്ന ഒരു സമയം വരും. മരണ വേളയും, മരണാനന്തരം വിചാരണക്കായി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സമയവും അപ്രതീക്ഷിതമായാണ് ഓരോരുത്തര്‍ക്കും വന്നെത്തുക.
അതുവരെ നിഷേധിച്ച കാര്യങ്ങളെല്ലാം യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെടുന്ന സമയമാണ് മരണവേള. തങ്ങള്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളെയോര്‍ത്ത് വിലപിക്കുന്ന സമയമാണത്. തിരിച്ചറിവും വീണ്ടുവിചാരവും ഉണ്ടാകുമെങ്കിലും ഒരു തിരിച്ചുപോക്ക് സാധിക്കാതെ വരുന്നു. കഴിഞ്ഞ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ പാപങ്ങളുടെ വലിയ മാറാപ്പുകളാണ് അവര്‍ക്ക് കാണാന്‍ കഴിയുക. അവ ഇറക്കി വെക്കാനോ, നന്മകള്‍ കൊണ്ട് നിറയ്ക്കാനോ യാതൊരു വഴിയുമുണ്ടാവില്ല. നാറുന്ന ആ പാപഭാണ്ഡവുമായി നരകത്തിലെത്തുക മാത്രമാണ് അവര്‍ക്ക് മുമ്പിലുള്ള മാര്‍ഗം.
ഇത്തരം വിലാപങ്ങള്‍ക്കിടവരാതിരിക്കണമെങ്കില്‍ സ്രഷ്ടാവിനെ മനസ്സിലാക്കിയും അവന്റെ കല്പനാ നിര്‍ദേശങ്ങള്‍ പാലിച്ചും ധാര്‍മിക മൂല്യങ്ങളിലൂന്നിയ ജീവിതം നയിച്ചേ മതിയാവൂ.

Back to Top