13 Monday
January 2025
2025 January 13
1446 Rajab 13

നമസ്‌കാരത്തിന്റെ  സൂക്ഷ്മാര്‍ഥങ്ങള്‍ – ഡോ. ഇ കെ അഹമ്മദ് കുട്ടി

ദൈവസാമീപ്യവും ദൈവപ്രീതിയും നേടി ഇഹപരവിജയങ്ങള്‍ കൈവരിക്കാന്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക് നിയമമാക്കിയ ആരാധനകളുടെ (ഇബാദത്ത്) കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് നമസ്‌കാരം. അത് ഇസ്‌ലാമിക ജീവിതത്തിന്റെ മുഖ്യസ്തംഭവും മുസ്‌ലിമിന്റെ സ്വത്വപ്രകാശനവുമാണ്. ഒരു മനുഷ്യനും ശിര്‍ക്കിനുമിടയില്‍ (മറ്റൊരു റിപ്പോര്‍ട്ടില്‍ കുഫ്‌റിനുമിടയില്‍) നമസ്‌കാരമുപേക്ഷിക്കല്‍ മാത്രമേയുള്ളൂ എന്ന പ്രവാചകവചനം അതിന്റെ അനിവാര്യതയും സര്‍വ പ്രാധാന്യവും വ്യക്തമാക്കുന്നു. ഇത്രയും മഹത്തായ ഈ ഇബാദത്ത് വെറും ചടങ്ങും ഔപചാരികമായ അനുഷ്ഠാനവും അല്ല; ആയിക്കൂടാ. അതില്‍ ഭൗതികവും ആത്മീയവും വ്യക്തിപരവും സാമൂഹികവും പ്രത്യക്ഷവും പരോക്ഷവുമായ നിരവധി അര്‍ഥതലങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അന്തര്‍ലീനമായിരിക്കുന്നു.
ലക്ഷ്യം
നമസ്‌കാരത്തിന്റെ പരമലക്ഷ്യം എന്താണ്? അല്ലാഹു പറയുന്നു: ”എന്നെ ഓര്‍മിക്കാന്‍ വേണ്ടി നീ നമസ്‌കാരം നിലനിര്‍ത്തുക.” (ത്വാഹാ 14) നമസ്‌കാരത്തിന്റെ ഉദ്ദിഷ്ടലക്ഷ്യം ദൈവസ്മരണയും അതിലൂടെ അല്ലാഹുവുമായുള്ള നിരന്തരമായ ബന്ധവും നിലനിര്‍ത്തലായതിനാല്‍, അത് ഒരു മുസ്‌ലിം തന്റെ ജീവിതത്തില്‍ നിര്‍വഹിക്കുന്ന ഏറ്റവും പുണ്യകരവും ശ്രേഷ്ഠവുമായ കര്‍മമായിത്തീരുന്നു. കാരണം, ജീവിതത്തിലെ മറ്റെല്ലാറ്റിനെക്കാളും വലിയ, ഏറ്റവും മഹത്തായ കാര്യം അല്ലാഹുവിനെ ഓര്‍മിക്കുക എന്നതാണെന്ന് അവന്‍ നമ്മെ അറിയിച്ചിട്ടുണ്ട്. (അന്‍കബൂത്ത് 45) അതുകൊണ്ട് ഒരു സത്യവിശ്വാസിയുടെ ജീവിതവിജയത്തിന്റെ മുഖ്യനിദാനം നമസ്‌കാരത്തിന്റെ ഭക്തിപൂര്‍ണവും ആത്മാര്‍ഥവുമായ നിര്‍വഹണമാണ്. ”തങ്ങളുടെ നമസ്‌കാരത്തില്‍ ഭയഭക്തിയുള്ള സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു…” (മുഅ്മിനൂന്‍ 12) ഈ ആശയം ഖുര്‍ആനില്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ചിട്ടുണ്ട്.
ചൈതന്യം
എല്ലാ ഇബാദത്തുകളുടെയും ചൈതന്യമായിരിക്കേണ്ടത് ഇഹ്‌സാന്‍ ആണ്. അതിനെ നബി(സ) ഒരു ഹദീസില്‍ ഇങ്ങനെ നിര്‍വചിക്കുന്നു: ”ഇഹ്‌സാന്‍ എന്നാല്‍ അല്ലാഹുവിനെ നീ കാണുന്നുവെന്ന പോലെ അവനെ നീ ആരാധിക്കുകയെന്നതാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടല്ലോ.” അതായത്, സദാസമയവും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ് നാം എന്ന ദൃഢമായ ബോധം. ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഈ ഗുണം ഏറ്റവുമധികം പ്രകടമാകുന്നത് നമസ്‌കാരത്തിലാണ്. അതുകൊണ്ട്, തന്റെ കണ്‍മുമ്പിലുണ്ട് എന്ന മാനസിക ഭാവത്തോടെ, ഭയഭക്തിയോടെ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യവിശ്വാസി സ്വാഭാവികമായും അല്ലാഹു ഇഷ്ടപ്പെടാത്ത പാപകൃത്യങ്ങളില്‍ നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും വിട്ടുനിന്നു വിശുദ്ധമായ ഒരു ജീവിതം നയിക്കാന്‍ പരമാവധി ശ്രമിക്കാതിരിക്കില്ല. അതാണ് അല്ലാഹു പറയുന്നത്: ”നിശ്ചയം, നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായത് തന്നെയാകുന്നു.” (അന്‍കബൂത്ത് 45).
നമസ്‌കാരത്തിന്റെ ലക്ഷ്യവും ചൈതന്യവും എന്താണെന്ന് ഈ വചനം ചുരുങ്ങിയ വാക്കുകളിലൂടെ വ്യക്തമാക്കിത്തരുന്നു. ഒരാള്‍ തന്റെ വീടിന്റെ മുമ്പിലൂടെ ഒഴുകുന്ന ഒരു നദിയില്‍ നിന്ന് എല്ലാ ദിവസവും അഞ്ചുനേരം കുളിക്കുകയാണെങ്കില്‍ അയാളുടെ ശരീരം എത്രമാത്രം വൃത്തിയുള്ളതായിരിക്കുമോ, അതുപോലെ അഞ്ചുനേരം നമസ്‌കരിക്കുന്ന മനുഷ്യന്‍ പാപമാലിന്യങ്ങളില്‍ നിന്ന് ശുദ്ധനായിരിക്കും എന്ന പ്രസിദ്ധമായ നബിവചനവും ഇവിടെ ഓര്‍ക്കുക.
മനസ്സിന്റെ ശാന്തിക്ക്
നമസ്‌കാരത്തില്‍ നിന്നുളവാകുന്ന മറ്റൊരു മഹത്തായ നേട്ടം, അത് വിശ്വാസിയുടെ മനസ്സിനെ ശാന്തവും ശക്തവും ദൃഢവുമാക്കി മാറ്റുന്നു എന്നതാണ്. കാരണം, നമസ്‌കാരം ഏറ്റവും ഉദാത്തവും ചിരസ്ഥായിയുമായ ദൈവസ്മരണയാണ്. ദൈവസ്മരണ മനസ്സിനെ ശാന്തവും സ്വസ്ഥവുമാക്കാന്‍ പര്യാപ്തമാണ്. അല്ലാഹു പറയുന്നു: ”അറിയുക, അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടാണ് ഹൃദയങ്ങള്‍ ശാന്തമാകുന്നത്.” (റഅ്ദ് 28) നമസ്‌കാരം കൊണ്ട് ലഭ്യമാകുന്ന ഈ മനശ്ശാന്തി സത്യവിശ്വാസിയില്‍ മാനസിക സന്തുലിതത്വവും വൈകാരിക പക്വതയും വളര്‍ത്തുന്നു. പൊതുവെ മനുഷ്യരില്‍ കാണപ്പെടുന്ന ഉത്കണ്ഠകളെയും അസ്വസ്ഥതകളെയും അരക്ഷിതത്വബോധത്തെയും സ്വാര്‍ഥതയെയും സങ്കുചിതത്വത്തെയും അതിജയിക്കാന്‍ അത് അവനെ പ്രാപ്തനാക്കുന്നു. അതാണ് ഈ ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നത്: ”നിശ്ചയം, മനുഷ്യന്‍ അത്യധികം അക്ഷമനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തിന്മ ബാധിച്ചാല്‍ അവന്‍ പരിഭ്രാന്തനും നന്മ കൈവന്നാല്‍ (അത് സ്വന്തമാക്കി മറ്റുള്ളവരില്‍ നിന്നും) തടഞ്ഞുവെക്കുന്നവനും ആകുന്നു തങ്ങളുടെ നമസ്‌കാരത്തില്‍ സ്ഥിരനിഷ്ഠയുള്ളവരായ നമസ്‌കാരക്കാരൊഴികെ.” (മആരിജ് 1922)
ശക്തിയുടെ സ്രോതസ്സ്
നമസ്‌കാരം ജീവിതത്തില്‍ എപ്പോഴെങ്കിലും നിര്‍വഹിക്കേണ്ട ഒരു കര്‍മമല്ല; ഒരു മുസ്‌ലിം പ്രായപൂര്‍ത്തി എത്തിയതു മുതല്‍ മരണംവരെ ജീവിതത്തിലുടനീളം ഓരോ ദിവസവും നിശ്ചിത സമയങ്ങളില്‍ നിര്‍വഹിക്കേണ്ട ഒരു ഇബാദത്താണ്. ”നിശ്ചയം, നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു ബാധ്യതയാകുന്നു” (നിസാഅ് 103). നമസ്‌കാര നിര്‍വഹണത്തില്‍ പാലിക്കേണ്ട ഈ നൈരന്തര്യവും സ്ഥിരനിഷ്ഠയും സത്യവിശ്വാസിയില്‍ ക്ഷമയുടെയും സഹനത്തിന്റെയും മനസ്ഥൈര്യത്തിന്റെയും ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും ശാന്തതയോടെയും ധീരതയോടെയും ആത്മസംയമനത്തോടുംകൂടി അഭിമുഖീകരിക്കാന്‍ അത് അവനെ പ്രാപ്തനാക്കുന്നു. അല്ലാഹു പറയുന്നു: ”നിങ്ങള്‍ സഹനവും നമസ്‌കാരവും കൊണ്ട് (അല്ലാഹുവിന്റെ) സഹായംതേടുക.” (ബഖറ 45) ഓരോ ദിവസവും നിശ്ചിതമായ അഞ്ചു സമയങ്ങളില്‍ സമയചംക്രമണത്തിന്റെ അഞ്ച് സംക്രമണഘട്ടങ്ങളില്‍ കൃത്യമായി നമസ്‌കരിക്കുന്ന ഒരു മുസ്‌ലിം പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും താളക്രമത്തിനൊപ്പം തന്റെ ജീവിതത്തെ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. ഇത്, ജീവിതത്തില്‍ കൃത്യനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും ക്രമത്തിന്റെയും വ്യവസ്ഥയുടെയും നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അവനെ സഹായിക്കുന്നു.
ആത്മീയാനുഭൂതി
നമസ്‌കാരം ശാരീരികമായ ഒരു ആരാധനാകര്‍മമാണെങ്കിലും അതില്‍ ശരീരം മാത്രമല്ല, നമസ്‌കരിക്കുന്നവന്റെ ആത്മാവും മനസ്സും ബുദ്ധിയുമെല്ലാം ഒരുമിച്ചു ഭാഗഭാക്കാവുന്നു. എല്ലാ ലൗകിക ചിന്തകളില്‍ നിന്നും സ്വത്വത്തെ വിച്ഛേദിച്ചുകൊണ്ട് പൂര്‍ണമായ ജാഗ്രതയോടും മനസ്സാന്നിധ്യത്തോടും ദൈവഭയത്തോടും കൂടി നിര്‍ദിഷ്ടമായ പ്രാര്‍ഥനകളിലൂടെയും ദൈവസ്മരണാ വചനങ്ങളിലൂടെയും മാറിമാറിവരുന്ന ചലനങ്ങളിലൂടെയും തന്റെ നമസ്‌കാരത്തില്‍ സത്യവിശ്വാസി അല്ലാഹുവുമായി കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു. നമസ്‌കാരത്തിലെ ഓരോ പ്രവര്‍ത്തനത്തിലൂടെയും പ്രാര്‍ഥനോച്ചാരണത്തിലൂടെയും ചിന്തയിലൂടെയും ദൈവത്തോടുള്ള പരമമായ വിധേയത്വവും കീഴ്‌വണക്കവും ഭയഭക്തികളും അവന്‍ പ്രഖ്യാപിക്കുന്നു. ഈ ദൈവവിധേയത്വവും സാമീപ്യവും സാഷ്ടാംഗ പ്രണാമത്തില്‍ (സുജൂദ്) അതിന്റെ പാരമ്യത്തിലെത്തുന്നു. ഒരു അടിമ തന്റെ നാഥനായ ദൈവവുമായി ഏറ്റവുമധികം അടുക്കുന്നത് സുജൂദിലാണെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. ഇങ്ങനെ, സത്യവിശ്വാസിയെ ഭൂമിയില്‍ നിന്നും ദൈവസന്നിധിയിലേക്കുയര്‍ത്തുന്ന അതുല്യവും അത്യുന്നതവുമായ ഒരു ആത്മീയാനുഭൂതിയാണ് നമസ്‌കാരം. അതുകൊണ്ട് സത്യവിശ്വാസിയുടെ മിഅ്‌റാജ് (ആകാശാരോഹണം) എന്ന് അത് വിശേഷിപ്പിക്കപ്പെടുന്നു.
ഭൗതികബന്ധങ്ങളില്‍ നിന്നെല്ലാം മുക്തനായി പ്രാര്‍ഥനയിലൂടെയും ദൈവസ്മരണയിലൂടെയും ദൈവസന്നിധാനത്തിലേക്കുയര്‍ത്തപ്പെടുമ്പോഴും അവന്‍ സ്വയം മറന്നു ‘പരമാത്മാവില്‍ ലയിച്ച്’ ഇല്ലാതാകുന്നില്ല. അല്ലാഹുവുമായി മുനാജാത്ത് (രഹസ്യഭാഷണം) നടത്തുമ്പോഴും അവന്‍ തന്റെ ഭൗതിക ചുറ്റുപാടുകളെക്കുറിച്ചും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ബോധവാനായിരിക്കും. ആത്മീയതയെയും ഭൗതികതയെയും സമഞ്ജസമായി സമ്മേളിപ്പിക്കുന്ന ഇസ്‌ലാമിന്റെ ജീവിതവീക്ഷണത്തെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതാണ് നമസ്‌കാരമടക്കമുള്ള അതിലെ ആരാധനകള്‍. നമസ്‌കരിക്കുമ്പോള്‍ കണ്ണുകള്‍ ആകാശത്തിലേക്കുയര്‍ത്തുകയല്ല, ഭൂമിയില്‍ ദൃഷ്ടികളൂന്നുകയാണ് വേണ്ടതെന്ന പ്രവാചകന്റെ(സ) നിര്‍ദേശം ഈ ആശയത്തിന്റെ പ്രതീകാത്മകമായ വിവരണമായി കണക്കാക്കാം. ഇങ്ങനെ, ധ്യാനത്തിന്റെ നിശ്ചലതയും കര്‍മത്തിന്റെ ചലനാത്മകതയും ഒരുപോലെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അനുപമമായ ഒരു ആരാധനയാണ് നമസ്‌കാരം. യോഗയുടെയും ധ്യാനത്തിന്റെയും ജീവിതകലയുടെയും ദിക്‌റ് ഹല്‍ഖകളുടെയും എല്ലാ നല്ല ഗുണങ്ങളും അതോടൊപ്പം അതിനപ്പുറം നിരവധി ആത്മീയ ഭൗതിക നന്മകളും ഉള്‍ക്കൊള്ളുന്ന നമസ്‌കാരം കൃത്യമായും ഭയഭക്തിയോടെയും ആചരിക്കുന്ന ഒരു മുസ്‌ലിം ശാരീരികവും മാനസികവുമായ സൗഖ്യവും ശാന്തിയും തേടിക്കൊണ്ട് ഈ പറഞ്ഞ ‘ആത്മീയ അഭ്യാസങ്ങള്‍ക്കു’ പിന്നാലെ പോകേണ്ടതില്ല.
സംഘനമസ്‌കാരത്തിന്റെ മഹത്വം
ഒറ്റക്ക് നമസ്‌കരിക്കുന്നത് അനുവദനീയമാണെങ്കിലും അത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്, മുസ്‌ലിംകള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി സംഘമായി (ജമാഅത്തായി) നമസ്‌കരിക്കണമെന്നാണ് അനുശാസിക്കപ്പെട്ടിട്ടുള്ളത്. ലോകമുസ്‌ലിംകളുടെ ആത്മീയകേന്ദ്രമായ മക്കയിലെ കഅ്ബയുടെ ദിശയിലേക്ക് (ഖിബ്‌ല) തിരിഞ്ഞുകൊണ്ട് കൃത്യമായി അണികളൊപ്പിച്ച് ഒട്ടും വിടവില്ലാതെ പരസ്പരം ചേര്‍ന്നുനിന്നു, ഏകമനസ്സോടും ഏകലക്ഷ്യത്തോടും കൂടി തങ്ങളുടെ നാഥന്റെ മുമ്പില്‍, നിന്നും ഇരുന്നും നമിച്ചും കൊണ്ട് അവര്‍ ഒന്നിച്ചു നമസ്‌കരിക്കുമ്പോള്‍ എന്തെല്ലാം അര്‍ഥതലങ്ങളാണ് അതിന് കൈവരുന്നതെന്നും എന്തെല്ലാം പ്രയോജനങ്ങളും സദ്ഫലങ്ങളുമാണ് അതില്‍നിന്ന് ഉത്ഭൂതമാകുന്നതെന്നും എന്തെല്ലാം ദൈവികാനുഗ്രഹങ്ങളാണ് അവരുടെ മേല്‍ വര്‍ഷിക്കുന്നതെന്നും വിവരിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. മുസ്‌ലിംകളുടെ മാനസികമായ ഏകീഭാവം, സാമൂഹ്യമായ ഐക്യവും കെട്ടുറപ്പും സമത്വബോധവും, ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകൃതമായ ദിശാബോധം, ആദര്‍ശപരമായ ഒരുമ, സാര്‍വലൗകിക സാഹോദര്യം, ഭിന്നിപ്പിന്റെയും ശൈഥില്യത്തിന്റെയും പ്രവണതകള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധം, പ്രവാചകന്മാരെല്ലാം പ്രബോധനംചെയ്ത തൗഹീദിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള സാഹോദര്യത്തിന്റെയും ചരിത്രത്തിലൂടെയുള്ള നൈരന്തര്യത്തിന്റെ പ്രഘോഷണം. പരസ്പരമുള്ള ആശയവിനിമയങ്ങള്‍ക്കും പ്രശ്‌നപരിഹാരങ്ങള്‍ക്കുമുള്ള അവസരലഭ്യത, കൂട്ടായ പ്രാര്‍ഥനയിലൂടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാനുള്ള സാധ്യത, അവരുടെ നന്മയ്ക്കുവേണ്ടിയുള്ള മലക്കുകളുടെ പ്രാര്‍ഥന…. എന്നിങ്ങനെ പലതും. ആള്‍ക്കൂട്ടത്തിന്നിടയിലും സ്വന്തമായ ഏകാന്ത പ്രാര്‍ഥന, ഏകാന്ത പ്രാര്‍ഥനയ്ക്കിടയിലും താനുള്‍പ്പെടുന്ന സമൂഹത്തെ കുറിച്ചുള്ള ബോധവും ശ്രദ്ധയും ഈ രണ്ട് അവസ്ഥകളെയും സമഞ്ജസമായി സമ്മേളിപ്പിക്കുന്ന അതുല്യവും മനോഹരവുമായ ഒരു കര്‍മമാണ് ജമാഅത്ത് നമസ്‌കാരം.
ആരോഗ്യപരമായ സദ്ഫലങ്ങള്‍
നമസ്‌കാരത്തില്‍ നിന്ന് ആരോഗ്യപരവും വൈദ്യശാസ്ത്രപരവുമായ ചില പ്രയോജനങ്ങളും ലഭ്യമാകുന്നുണ്ട്. മുന്‍പറഞ്ഞതുപോലെ നമസ്‌കാരത്തിലൂടെ ലഭ്യമാകുന്ന മനശ്ശാന്തിയുടെ ഫലമായി മാനസികാരോഗ്യം വര്‍ധിക്കുകയും അതിലൂടെ ശാരീരികമായ സൗഖ്യവും സുസ്ഥിതിയും ഉണ്ടാവുകയും ചെയ്യുന്നു. മിതവും സ്ഥിരവുമായ ഒരു വ്യായാമം അത് ശരീരത്തിനു പ്രദാനംചെയ്യുന്നു. ഹൃദ്‌രോഗം, രക്തസമ്മര്‍ദം, ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, കരള്‍രോഗം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌ക സ്രാവം തുടങ്ങിയ ചില രോഗങ്ങളുടെ ശമനത്തിന് നമസ്‌കാരം സഹായകമാണ്. രക്തചംക്രമണത്തിന്റെ ക്രമീകരണത്തിലൂടെ ശരീരാവയവങ്ങളുടെ ആരോഗ്യസംരക്ഷണം, ഹോര്‍മോണുകളുടെ ഉല്പാദനത്തിന്റെയും അളവിന്റെയും ക്രമീകരണം, പേശീനാഡീ വ്യവസ്ഥകളുടെ പ്രവര്‍ത്തനക്ഷമത, ചര്‍മസംരക്ഷണം, സൂക്ഷ്മമായ ഇന്ദ്രിയ സംവേദനത്വം, ബുദ്ധിയുടെയും ഓര്‍മശക്തിയുടെയും തെളിമ… തുടങ്ങിയ ധാരാളം പ്രയോജനങ്ങള്‍ നമസ്‌കാരം കൊണ്ട് ലഭിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിശദീകരിച്ചിട്ടുണ്ട്.
വയ്‌ലുന്‍ ലില്‍ മുസ്വല്ലീന്‍
നമസ്‌കാരത്തിന്റെ മഹത്തായ അര്‍ഥങ്ങളുള്‍ക്കൊള്ളാനും പ്രയോജനങ്ങള്‍ നേടാനും നമസ്‌കരിക്കുന്ന എല്ലാ മുസ്‌ലിംകള്‍ക്കും കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. തീര്‍ച്ചയായും ആത്മാര്‍ഥതയോടും ഭക്തിയോടും കൃത്യനിഷ്ഠയോടും കൂടി നമസ്‌കാരം നിര്‍വഹിക്കുന്ന വിശ്വാസികള്‍ക്ക് അതിനു കഴിയുന്നുണ്ട്. ഇതൊരു അനുഭവസത്യമാണ്. എന്നാല്‍ നമസ്‌കരിക്കുന്നവരില്‍ എല്ലാവര്‍ക്കും അത് കഴിയുന്നില്ല. കാരണം, പലരും അലസമായും അശ്രദ്ധമായും ആത്മാര്‍ഥതയില്ലാതെയും നമസ്‌കരിക്കുന്നവരാണ്. അവര്‍ക്ക് നമസ്‌കാരത്തിന്റെ ഉദാത്തമായ അര്‍ഥങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അനുഭവവേദ്യമാകുന്നില്ല. അവരെക്കുറിച്ചാണ് അല്ലാഹു ഇങ്ങനെ പറയുന്നത്: ”തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരും (മറ്റുള്ളവരെ) കാണിക്കാനായി (അത്) നിര്‍വഹിക്കുന്നവരും പരോപകാരവസ്തുക്കള്‍ (ആവശ്യക്കാര്‍ക്ക് കൊടുക്കാതെ) തടഞ്ഞുവെക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക് നാശം!” (അല്‍മാഊന്‍ 47) ഈ ദൈവവചനങ്ങള്‍ അശ്രദ്ധമായും ആത്മാര്‍ഥതയില്ലാതെയും നമസ്‌കരിക്കുന്നവരെ കാത്തിരിക്കുന്ന കഠിനശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യുക മാത്രമല്ല, ആത്മാര്‍ഥവും ഭക്തിപൂര്‍ണവുമായ നമസ്‌കാരം അത് അനുഷ്ഠിക്കുന്നവരില്‍ മനുഷ്യസ്‌നേഹവും സാമൂഹ്യബോധവും പരോപകാരതല്പരതയും വളര്‍ത്തുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അതും നമസ്‌കാരത്തിന്റെ സൂക്ഷ്മാര്‍ഥങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അത്തരത്തില്‍ നമസ്‌കാരം അനുഷ്ഠിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാനാകട്ടെ നമ്മുടെ ശ്രമം.
Back to Top