22 Sunday
December 2024
2024 December 22
1446 Joumada II 20

നബി ജയന്തി ആഘോഷങ്ങള്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടണം – സി പി ഉമര്‍ സുല്ലമി

റബീഉല്‍ അവ്വല്‍ സമാഗതമായതോടെ നമ്മുടെ നാട്ടില്‍ നബിദിനാഘോഷം നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം എവിടെയാണോ ഉത്ഭവിക്കുകയും വളരുകയും ചെയ്തത്, ആ നാട്ടില്‍ റബീഉല്‍ അവ്വല്‍ മാസത്തിന് പ്രത്യേകത ഒന്നുമില്ല. ഈ മാസത്തിലെ ഏതെങ്കിലും ദിവസത്തിന് പ്രത്യേക പദവി മതപ്രമാണങ്ങളിലെവിടെയും പറഞ്ഞിട്ടില്ല. ഇസ്‌ലാം വളര്‍ന്ന നാട്ടില്‍ ആചാരങ്ങളൊന്നുമില്ലെങ്കിലും ഇന്ന് ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഇത് വലിയൊരു ആചാരമായി നടത്തപ്പെടുന്നുണ്ട്. ആഘോഷങ്ങള്‍, മൗലിദ് പാരായണം, അന്നദാനം, പ്രകടനങ്ങള്‍, വര്‍ണശബളമായ അലങ്കാരങ്ങള്‍… ഇങ്ങനെ കുറെയേറെ ആരാധനകള്‍. മതത്തിലെ ഒരു പുണ്യമെന്ന രീതിയിലാണ് ഇതെല്ലാം നടക്കുന്നത്. പക്ഷേ ഇസ്‌ലാമില്‍ ഇതിന് യാതൊരു പ്രാധാന്യവുമില്ല.
നബി(സ) റബീഉല്‍ അവ്വല്‍ മാസത്തില്‍ ജനിച്ചു എന്നതിന്റെ പേരിലാണ് ഇതെല്ലാം നടത്തുന്നത്. ജനിച്ചപ്പോള്‍ നബി(സ) പ്രവാചകനായിരുന്നില്ല. 40 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നബി(സ) പ്രവാചകനാകുന്നത്. ജനനത്തിന് യാതൊരു പ്രാധാന്യവും എവിടെയും കൊടുത്തിട്ടില്ല. നബി(സ) ക്ക് പ്രവാചകത്വം ലഭിച്ച ആ ദിവസത്തിനും ആ മാസത്തിനുമാണ് ഇസ്‌ലാമില്‍ പ്രധാന്യം കൊടുത്തിട്ടുള്ളത്. അത് റമദാന്‍ മാസത്തിലെ ലൈലത്തുല്‍ ഖദ്ര്‍ എന്ന ദിവസത്തെ പറ്റിയാണ്. വിശുദ്ധ ഖുര്‍ആന്റെ അവതരണം തുടങ്ങുന്നത് റമദാന്‍ മാസത്തിലാണ്. ആ ദിവസമാണ് ആയിരം മാസത്തേക്കാള്‍ പുണ്യകരമായ ദിവസം. റമദാനിന്റെയും ലൈലത്തുല്‍ ഖദ്‌റിന്റെയും പ്രാധാന്യത്തെ പറ്റി ഖുര്‍ആനിലും ഹദീസിലും ധാരാളം വചനങ്ങള്‍ കാണാം. എന്നാല്‍ നബിയുടെ ജനനത്തെപറ്റി ഒരു പ്രാധാന്യവും എവിടെയും പറഞ്ഞിട്ടില്ല. നബിനിദാഘോഷം, മൗലിദാഘോഷം, ബറാഅത്താഘോഷം, മിഅ്‌റാജാഘോഷം എന്നിങ്ങനെ ഇല്ലാത്ത കുറേ ആചാരങ്ങള്‍ പല കാലങ്ങളിലായി ഇസ്‌ലാമില്‍ കടന്നുകൂടിയിട്ടുണ്ട്. അതെല്ലാം അനിസ്്‌ലാമിക ആചാരങ്ങളാണ്. വ്യക്തമായ ബിദ്അത്തുകള്‍!
മൗലിദാഘോഷം ബിദ്അത്താണെന്നതില്‍ മുസ്്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ബിദ്അത്ത് എന്നാല്‍, പ്രവാചകന്റെ കാലത്ത് ഇല്ലാത്തതും പില്‍ക്കാലത്ത് മതത്തില്‍ കടന്നുകൂടിയതുമായ പ്രവര്‍ത്തികളാണ്. ഇസ്‌ലാം നബി(സ)യുടെ കാലത്ത് പരിപൂര്‍ണമായിരുന്നു. ”ഇന്ന് ഞാന്‍ നിങ്ങളുടെ ദീന്‍ തീര്‍ത്ത് തന്നിരിക്കുന്നു. ആ ദീന്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാ അനുഗ്രഹങ്ങളും ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ണമാക്കിതന്നിരിക്കുന്നു. ഇസ്്‌ലാമിനെ നിങ്ങളുടെ മതമായി ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു” എന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
ഇതിനുശേഷം ഇസ്‌ലാമില്‍ ഏതെങ്കിലും ആചാരങ്ങളോ അനുഷ്ഠാനങ്ങളോ കയറ്റിക്കൂട്ടുന്നതിന് പ്രമാണമില്ല. ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ അതത്രയും പുറത്തുപോവുകയും ചെയ്യും. ഒരു നിറഞ്ഞ പാനപാത്രത്തിലേക്ക് വീണ്ടും വെള്ളമൊഴിച്ചാല്‍ അതില്‍ നിന്ന് പുറത്തുപോകുന്നതു പോലെ. ആചാരങ്ങള്‍ക്കനുസരിച്ച് സദാചാരങ്ങള്‍ പുറത്തുപോവും. അഥവാ ഒരു ബിദ്അത്ത് വരുമ്പോള്‍ ഒരു സുന്നത്ത് നഷ്ടപ്പെടും.
ഒരു കാര്യം ആരെങ്കിലുമൊരാള്‍ ചെയ്യുന്നു. അത് നല്ലതാണെന്ന് അയാള്‍ക്ക് തോന്നുന്നു. അത് നന്നായി തോന്നിയാല്‍ പിന്നെ അത് ഇസ്‌ലാമിന്റെ പേരില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കുന്നു. അബദ്ധത്തില്‍ വന്നാല്‍ അത് പോട്ടെ എന്ന് പറയാം. ഇത് അതിന്മേല്‍ ഉറച്ചുനിന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു നബിവചനമുണ്ട്: ആരെങ്കിലും നമ്മുടെ കാര്യത്തില്‍ പുതുതായി എന്തെങ്കിലും ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. മതകാര്യങ്ങളില്‍ എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ് എന്നാണ് നബി(സ) പറഞ്ഞത്. ഇത് പറയുമ്പോള്‍ ഒന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇത് ബിദ്അത്താണ് എന്ന കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. ബിദ്അത്ത് എന്ന് പറഞ്ഞാല്‍ ഇല്ലാത്ത ആചാരം പുതുതായി ഉണ്ടാക്കുന്നതാണ്.
ഈ ബിദ്അത്തില്‍ രണ്ടുതരം വീക്ഷണങ്ങളുണ്ട്. ഒന്ന്, ഭാഷാപരമായ ബിദ്അത്ത്. ഭാഷാപരമായി എന്തൊക്കെ പുതുതായി ഉണ്ടായാലും അതിനെല്ലാം ബിദ്്അത്ത് എന്നാണ് പറയുക. ഭൗതിക കാര്യങ്ങളിലും മതകാര്യങ്ങളിലും അതുള്‍പ്പെടുന്നു എന്നര്‍ഥം. ഭൗതിക കാര്യങ്ങളിലെ ബിദ്അത്ത്, ജീവിതത്തിലില്ലാത്ത ഒരു ആചാരം വന്നാല്‍ (അത് ഏത് കാലത്ത് ഇല്ലാത്തതായാലും പുതുതായി വരുന്നതാണെങ്കില്‍) അതിന്റെ പ്രയോജനം എന്താണ്, നന്മയാണോ തിന്മയാണോ അതുകൊണ്ടുള്ളത് എന്ന് ഈ ലോകത്തുനിന്നുതന്നെ മനസ്സിലാക്കാം. നന്മ ഉള്‍ക്കൊള്ളുന്ന ഒരു നല്ല ആചാരമാണെങ്കില്‍ (അത് ബിദ്അത്ത് തന്നെയാണ്) അതിനെ ബിദ്അത്ത് ഹസനത്ത് എന്നു പറയുന്നു. ഉദാഹരണത്തിന്, നാമിപ്പോള്‍ മൈക്ക് ഉപയോഗിക്കുന്നത്. അത് നബിയുടെ കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീടുണ്ടായതാണ്. അതുകൊണ്ട് ഭാഷാപരമായി ഇത് ബിദ്അത്ത് തന്നെയാണ്. പക്ഷേ ആ ബിദ്അത്ത് നാമുപയോഗിക്കുന്നത് നമുക്ക് വേണ്ടിയാണ്. അതുകൊണ്ട് ബിദ്അത്ത് ഹസനത്ത് എന്ന് പറയും. വൈദ്യുതി, വാഹനം ഇതൊക്കെ ഈ വിഭാഗത്തില്‍ പെടുത്താം. എന്നാല്‍ ഇതല്ലാത്ത കടന്നുകൂടിയ വേറെ ബിദ്അത്തുകളുണ്ട്. മനുഷ്യനെ വഴിതെറ്റിക്കുന്ന പല കാര്യങ്ങളും അതിലുണ്ട്. ചീത്ത ബിദ്അത്തുകള്‍.
മതത്തിലൊരു ബിദ്അത്ത് കടന്നുകൂടിയാല്‍ എന്താണവസ്ഥ. എല്ലാ ബിദ്അത്തുകളും വഴികേടിലാണെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. ശറഇയ്യായ കാഴ്ചപ്പാടില്‍ ബിദ്അത്ത് എന്നാല്‍ വഴികേട് മാത്രമാണ്. നബിദിന ഘോഷയാത്രകള്‍ പല തീയതികളിലാണ് ഉണ്ടാവുക. അതിനു കാരണം ഈ വിഷയത്തില്‍ മുസ്‌ലിംലോകം അംഗീകരിച്ച ഒരു ആഘോഷമില്ല. അങ്ങനെ ഒന്നുണ്ടെങ്കില്‍ അതിന്റെ തിയ്യതി വ്യത്യാസം വരില്ലല്ലോ. പെരുന്നാളിനെപ്പോലെ. മതപരമായ ആഘോഷങ്ങള്‍ക്ക് രൂപവും ഭാവവും പണ്ടുമുതലേ ഉണ്ട്. പുതിയത് വരുമ്പോള്‍ ഈ പറഞ്ഞതുപോലെ രൂപത്തിലും ഭാവത്തിലും സമയങ്ങളിലും വ്യത്യാസങ്ങള്‍ വന്നുകൊണ്ടേയിരിക്കും.
ഇതിപ്പോള്‍ നബിയുടെ ജനനത്തെപ്പറ്റിയാണല്ലോ. ഇങ്ങനെ ഒരാചാരം ഉണ്ടാവരുതേ എന്ന് വിശ്വസിച്ചാവണം നബിയുടെ മരണം ഇതേ മാസം ഇതേ ദിവസം തന്നെയാക്കിയത്. പ്രവാചകന്റെ മരണം മനുഷ്യരാശിയെ മൊത്തം ദു:ഖത്തിലാഴ്ത്തുന്ന ഒന്നാണ്. ജനിക്കുമ്പോള്‍ പ്രവാചകനല്ലാതിരുന്നതു കൊണ്ട് അതത്ര ആഘോഷിക്കപ്പെട്ടില്ല. മരണപ്പെടുമ്പോള്‍ ദു:ഖാചരണം എന്ന സമ്പ്രദായം ഇസ്്‌ലാമിലില്ല. പക്ഷേ, ദു:ഖിക്കേണ്ട ഒരവസ്ഥ വരുമ്പോള്‍ നമ്മള്‍ ഒരിക്കലും ആഘോഷിക്കില്ലല്ലോ. പക്ഷേ നബി മരണപ്പെട്ട ആ മാസത്തിലാണ് ഇന്നേറ്റവും ആഘോഷങ്ങള്‍ നടക്കുന്നത്. മരണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആരും ദു:ഖിക്കാതിരിക്കില്ല.
അല്ലാഹുവിന്റെ വഹ്‌യ് നബി(സ)യുടെ മരണത്തോടു കൂടി അവസാനിച്ചു. അതാണ് ദു:ഖം. എന്നാല്‍ നബി(സ)ക്ക് അല്ലാഹുവിന്റെ പക്കല്‍ നിന്ന് വഹ്‌യ് കിട്ടിയതാണ് എന്ന് അംഗീകരിക്കാത്ത വലിയ സമൂഹം ഇവിടെയുണ്ട്. അവരാണ് ഇതിനു പിന്നില്‍. നബിദിനവും ജന്മദിനാഘോഷവുമായി നടക്കുമ്പോള്‍ അല്ലാഹുവിന്റെ വഹ്‌യ് കിട്ടിയത് നബി(സ)ക്കാണ് എന്നത് വിസ്മരിക്കുമല്ലോ എന്നതാണ് അവരെ ഇതിലേക്ക് നയിച്ചത്.
അതേ മാസത്തില്‍ തന്നെയാണല്ലോ നബിയുടെ മരണവും. ജയന്തി പോലെ സമാധിയും കൊണ്ടാടേണ്ടതല്ലേ. ഒരിക്കല്‍ അബൂബക്കറിന്റെ(റ) ഭരണകാലത്ത് ഉമറും(റ) അബൂബക്‌റും(റ) ചേര്‍ന്ന് മുഹമ്മദ് നബിയുടെ വളര്‍ത്തു മാതാവ് ഉമ്മുഅയ്മനിനെ(റ) കാണാന്‍ പോയി. നബിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന അവരെ നബി ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇവര്‍ ചെന്നപ്പോള്‍ അവര്‍ കരയാന്‍ തുടങ്ങി. എന്തിനാണ് കരയുന്നത് എന്നന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ”മുഹമ്മദിന് ഇപ്പോള്‍ സ്വര്‍ഗത്തില്‍ വലിയ പദവികള്‍ ഉണ്ടാവും. പക്ഷേ, അല്ലാഹുവിന്റെ നമ്മിലേക്കുള്ള വഹ്‌യ് മുറിഞ്ഞുപോയില്ലേ”. ഇതുകേട്ടപ്പോള്‍ ഇവര്‍ രണ്ടുപേരും കരയാന്‍ തുടങ്ങി. ഈ ദു:ഖം ഓര്‍ത്താല്‍ നബിയുടെ വഹ്‌യ് ഓര്‍ക്കും. ആ ഓര്‍മ കളയാന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ കടത്തിക്കൂട്ടിയതാണ് ഈ ആഘോഷം.
ഉമര്‍(റ) ഖലീഫയായ കാലത്ത്, ഇസ്‌ലാമിക വര്‍ഷത്തിന്റെ തുടക്കമായി തെരഞ്ഞെടുക്കേണ്ട മാസമേതാണ് എന്നതില്‍ ചര്‍ച്ച നടന്നു. അന്നൊരു റബീഉല്‍ അവ്വലിനെ കണക്കാക്കിയില്ലല്ലോ. ഇസ്‌ലാമിന് വിജയങ്ങളുണ്ടാവാന്‍ തുടങ്ങിയത് ഹിജ്‌റയ്ക്കു ശേഷമാണ് എന്നതുകൊണ്ടാണ് ഹിജ്‌റ മുതല്‍ ഇസ്‌ലാമിക വര്‍ഷം ആരംഭിക്കാന്‍ തീരുമാനിച്ചത്. അവിടെ നബിയുടെ ജനനത്തിനോ ചരമത്തിനോ ഒരു പ്രധാന്യവും നല്‍കിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
നല്ല ഉദ്ദേശ്യത്തില്‍ ചെയ്യുന്നു എന്നതാണ് പലപ്പോഴും പറയാറ്. ഉദ്ദേശ്യം മാത്രം നന്നായാല്‍ പോരാ. കര്‍മവും നന്നാവണം. നന്മ ഉദ്ദേശിച്ച് ചെയ്യുന്നതെല്ലാം നല്ലതാവണമെന്നില്ല. ഒരിക്കല്‍ നബി(സ)യുടെ വഫാത്തിനു ശേഷം ഒരാള്‍ സുബ്ഹി നമസ്‌കാരത്തിനുശേഷം കുറേനേരം നമസ്‌കരിക്കുന്നത് കണ്ടു. അപ്പോള്‍ ഉമര്‍(റ) അടക്കമുള്ളവര്‍ കാര്യമന്വേഷിച്ചു. അദ്ദേഹം ചോദിച്ചു: എന്താ, കൂടുതല്‍ നമസ്‌കരിച്ചാല്‍ ശിക്ഷ കിട്ടുമോ? അപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു: ‘നമസ്‌കരിച്ചതുകൊണ്ട് ശിക്ഷ കിട്ടില്ല. പക്ഷേ, നബിയുടെ സുന്നത്തിന് എതിരായി പ്രവര്‍ത്തിച്ചതിനു ശിക്ഷ കിട്ടും.
നല്ല ഉദ്ദേശ്യത്തിലായാലും നബി കാണിച്ചുതരാത്ത മാതൃക ബിദ്അത്ത് ആയി മാറും. ഒരാള്‍ ബലിപെരുന്നാള്‍ ദിവസം കൂടുതല്‍ കര്‍മങ്ങള്‍ ചെയ്യാന്‍ നമസ്‌കാരത്തിനു മുമ്പു തന്നെ ബലി നടത്തി. അപ്പോള്‍ നബി(സ) പറഞ്ഞു: ”അതൊരിക്കലും പുണ്യകര്‍മമായ ബലിയായി കണക്കാക്കില്ല. മാംസത്തിന് വേണ്ടിയുള്ള ഒരു ബലിയായിട്ടു മാത്രമേ കണക്കാക്കുകയുള്ളൂ.”
മതപരമായ ഏത് കാര്യമായാലും ഉദ്ദേശ്യം മാത്രം നന്നായാല്‍പോരാ. കര്‍മവും നന്നാവണം, നബിയുടെ മാതൃകയും വേണം. റബീഉല്‍ അവ്വല്‍ മാസത്തിലെ ഒരു ദിവസം ഇസ്‌ലാമിക ലോകത്ത് ഒരു തരത്തിലുള്ള ആചാരത്തിന്റെ മാതൃകയുമില്ല. അതുകൊണ്ടുതന്നെ ഇത് നല്ല ആചാരമല്ല, ദുരാചാരമാണ്.
ഈ ദിവസം എന്തൊക്കെയാണ് നടക്കുന്നത്. ഒന്ന്, നബിയെക്കുറിച്ച് നല്ലത് പറയലും നബിയുടെ ചരിത്രം പറയലുമാണ്. നബിയുടെ ചരിത്രം പറയുന്നതിനെ ആരും എതിര്‍ക്കുന്നില്ല. പക്ഷേ, അത് പറയാന്‍ ഒരു മാസമോ ദിവസമോ നിശ്ചയിക്കുന്നേടത്താണ് അതിന്റെ തകരാറ്. അത് എല്ലാ ദിവസവും ചെയ്യാം. ഇതിനുവേണ്ടി ഒരു പ്രത്യേകസമയം നിശ്ചയിക്കുന്നത് ഇസ്‌ലാമികാചാരമല്ല. അത് ദുരാചാരമാണ്. അത് വഴികേടാണ്.
ഈ ബിദ്അത്തുകള്‍ പ്രചരിപ്പിക്കുന്നതിന്നിടയില്‍ ഒരുപാട് സുന്നത്തുകള്‍ നഷ്ടപ്പെടുന്നുണ്ട്. മതം കളിയും വിനോദവുമാക്കി മാറ്റും. അത് അനിസ്്‌ലാമിക പ്രവണതയാണ്. ‘ആളുകള്‍ക്ക് മതം ചെണ്ടയൂത്തും കളിയും വിനോദവുമായി മാറും’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ഇതിനെയൊക്കെയാണ്. ദഫ് മുട്ടുകള്‍, കോല്‍ക്കളികള്‍, ബലൂണ്‍ വീര്‍പ്പിച്ച് വിടല്‍, തോരണം തൂക്കല്‍, ഇതൊക്കെ മതപരമായ ഇബാദത്താണ് എന്ന് വരുമ്പോള്‍ മുശ്‌രിക്കുകളോട് സമരസപ്പെടുകയാണ് മുസ്‌ലിംകള്‍.
ഹറം പള്ളിയില്‍ നിസ്‌കരിച്ചാല്‍ മറ്റേത് പള്ളിയേക്കാളും ഉയര്‍ന്ന പ്രതിഫലം ലഭിക്കും. അത് നബി(സ) അവിടെ ജനിച്ചതുകൊണ്ടല്ല. നബി(സ)യുടെ ജനനത്തിന് ഒരുപാട് മുമ്പുതന്നെ ആ സ്ഥലം ഇസ്‌ലാമിന് വളരെ സവിശേഷപ്പെട്ടതായിരുന്നു. നബി(സ)യുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ഭാര്യമാരോ മക്കളോ സ്വഹാബികളോ ചെയ്യാത്ത ഈ സ്‌നേഹപ്രകടനം നമ്മള്‍ ചെയ്യേണ്ടതുണ്ടോ? പരിപൂര്‍ണമായി എന്ന് നബി പറഞ്ഞ മതത്തിലേക്ക് കടത്തിക്കൂട്ടിയ ആചാരങ്ങള്‍ നടത്തി ഞങ്ങളാണ് നബിയെ ഏറ്റവും സ്‌നേഹിക്കുന്നവര്‍ എന്ന് വരുത്തിത്തീര്‍ക്കുകയല്ലേ യഥാര്‍ഥത്തില്‍ ചെയ്യുന്നത്.
ഇമാം മാലിക്കിന്റെ(റ) വചനങ്ങള്‍ ശ്രദ്ധേയമാണ്: ആരെങ്കിലും നല്ലതാണന്ന് പറഞ്ഞ് ഇസ്‌ലാമിലേക്ക് പുതുതായി എന്തെങ്കിലും ചേര്‍ത്താല്‍ അതിന്റെയര്‍ഥം മുഹമ്മദ് തന്റെ പ്രവാചകത്വത്തില്‍ കളവ് കാണിച്ചു എന്നാണ്. കാരണം പരലോകത്തേക്കുള്ള ഒരു നന്മയും നബി(സ) പറയാതിരുന്നിട്ടില്ല. ഈ നല്ലതിനെയൊക്കെ പുതുതായി നല്ലതാക്കുന്നത് നബി വഞ്ചകനാണ് എന്ന് പറയുന്നതിന് തുല്യമാണ്.
ഇസ്‌ലാമിനുള്ളില്‍ തന്നെ കാപട്യത്തോടെ പെരുമാറുന്ന ഒരു കൂട്ടമാണ് ഫാത്തിമിയ്യാക്കള്‍. അവരാണ് ഈ ആചാരം തുടങ്ങിയത്. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ കൃത്യമായി പറഞ്ഞാല്‍ ഹിജ്‌റ വര്‍ഷം 362-ല്‍ ആണ് മൗലിദ് എന്ന ആചാരം ഇസ്‌ലാമില്‍ ജനിക്കുന്നത്. മുളഫര്‍ രാജാവിന്റെ കാലത്താണ് ഇതിന് വലിയ പ്രചാരണം ലഭിച്ചത്.
നബി(സ)യുടെ ജനനത്തിന് ഒരു പ്രാധാന്യവുമില്ലെന്ന് പറഞ്ഞുവല്ലോ. നബിയായിട്ടുള്ള നിയോഗത്തിനും ആ മാസത്തിനും സമയത്തിനുമൊക്കെയാണ് ഇസ്‌ലാമില്‍ പ്രാധാന്യം. ”നബിയേ, ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നിങ്ങളെ നാം നിയോഗിച്ചിട്ടില്ല” എന്ന ഖുര്‍ആന്‍ വാക്യം വിരല്‍ ചൂണ്ടുന്നത് നബിയുടെ ജനനത്തിലേക്കല്ല, നിയോഗത്തിലേക്കാണ്. മറ്റൊരു ഖുര്‍ആന്‍ വാക്യം: ”അല്ലാഹു റസൂലിനെ പ്രവാചകനായി നിയോഗിച്ചുകൊണ്ട് സത്യവിശ്വാസികള്‍ക്ക് അനുഗ്രഹം ചെയ്തിരിക്കുന്നു”. അവിടെയെല്ലാം ജനനത്തിനെപ്പറ്റി ഒന്നും പറയുന്നില്ല. നിയോഗത്തെക്കുറിച്ചാണ് പറയുന്നത്.
ഈ ആഘോഷക്കാര്‍ ഇതിന് പല തെളിവുകളുമായി വരാറുണ്ട്. ഇവര്‍ ഏതെങ്കിലും ഒരു മദ്ഹബിനെ അന്ധമായി തഖ്‌ലീദ് ചെയ്യുന്നവരാണല്ലോ. നാല് ഇമാമുമാരില്‍ ഒരാളുടെ ഒരു വാക്യംപോലും നബിദിനാചരണമായി ബന്ധപ്പെട്ടത് കാണാന്‍ സാധിക്കില്ല. നല്ല ബിദ്അത്ത് ആണെന്നോ ഇത് ചെയ്യണമെന്നോ അങ്ങനെയൊന്നും. എന്നിട്ടാണ് പല മുജ്തഹിദ് എന്നവകാശപ്പെടുന്ന വ്യാജ പണ്ഡിതന്മാരും മേല്‍ പറഞ്ഞ ഖുര്‍ആന്‍ സൂക്തങ്ങളെ നബിദിനത്തിന് തെളിവായി ഉദ്ധരിക്കുന്നത്. പ്രവാചകനായി നിയമിതനായ ദിവസത്തെയും മാസത്തെയുമാണ് യഥാര്‍ഥത്തില്‍ അവ സൂചിപ്പിക്കുന്നത്.
സൂറത്ത് യൂനുസിലെ 56,57 സൂക്തങ്ങളാണ് തുടര്‍ന്നു പറയാറുള്ളത്. ”ജനങ്ങളേ, നിങ്ങള്‍ക്കിതാ അല്ലാഹുവിന്റെ പക്കല്‍ നിന്നും സദുപദേശം വന്നിരിക്കുന്നു. അത് നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ശിഫയാക്കിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് കാരുണ്യവും പ്രകാശവും വന്നിരിക്കുന്നു. (അത് ഞങ്ങളുടെ നബിയെപ്പറ്റി പറയുന്നതാണെന്നാണ് പറയുന്നത്). (അതിനപ്പുറത്ത് നബിയോട് പറയാന്‍ പറയുന്നുണ്ട്). പറയുക നബിയേ, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അവര്‍ സന്തോഷിക്കട്ടെ. അവരെ ഒരുമിച്ചുകൂട്ടുന്നതിനേക്കാള്‍ ഏറ്റവും ഉത്തമമായതാണ്”. ഇവിടെ ഖുര്‍ആനിനെപ്പറ്റിയാണ് പറയുന്നത്. അതിറങ്ങിയ സ്ഥലത്തിനും മാസത്തിനുമാണ് പ്രാധാന്യം നല്‍കിയതെന്ന് മനസ്സിലാക്കാം. ഇതിനെ അവര്‍ 40 കൊല്ലക്കാലം പിന്നിലേക്ക് നബിദിനത്തിലേക്ക് ചേര്‍ത്ത് വായിക്കുന്നു.
നബി(സ) തിങ്കളാഴ്ച ദിവസം നോമ്പ് നോല്‍ക്കുന്നതിനെക്കുറിച്ചാണ് പിന്നെ പറയാറുള്ളത്. ”നോറ്റോളൂ. ഞാന്‍ ജനിച്ച ദിവസമാണല്ലോ, വഹ്‌യ് ലഭിച്ചതും അന്നുതന്നെയാണ്” എന്ന പ്രവാചക വചനത്തിലെ വഹ്‌യ് കിട്ടിയ കാര്യം സൗകര്യപൂര്‍വം മറന്ന് ജനനം മാത്രം ഓര്‍ക്കുന്നു. വഹ്‌യ് ഇല്ലായിരുന്നുവെങ്കില്‍ ആ ദിവസത്തിനു ഒരു പ്രത്യേകതയും ഉണ്ടാവില്ലായിരുന്നു. വഹ്‌യിനെപ്പറ്റിയും അതുമായി ബന്ധപ്പെട്ടവയെപ്പറ്റിയും പ്രതിപാദിക്കുന്ന ധാരാളം പ്രമാണങ്ങള്‍ വേറെയുമുണ്ട്.
തെറ്റുകള്‍ ചെയ്യുന്നത് ഇസ്‌ലാമില്‍ തെറ്റാണല്ലോ. പക്ഷേ എന്തുകൊണ്ടാണ് മുസ്‌ലിംകളില്‍ കുറെ തെറ്റുകാരുണ്ടാവുന്നത്. കുറ്റവാളികളില്‍ നല്ലൊരു ശതമാനം മുസ്‌ലിംകളാണ്. കാരണം വിശ്വാസത്തിന്റെ കുറവാണ്. തെറ്റായ വിശ്വാസങ്ങളിലേക്ക് പോയതാണ് ഇതിനൊക്കെ കാരണം. അന്ധവിശ്വാസങ്ങള്‍, മാല മൗലീദ്, റാത്തീബ് ഒക്കെ തെറ്റായ വിശ്വാസങ്ങളിലേക്ക് മനുഷ്യരെ കൊണ്ടുപോയി. തെറ്റുകള്‍ ചെയ്യാനും കുറ്റം ചെയ്യാനും പ്രചോദനം നല്‍കി. ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ അവര്‍ വലിയ അധാര്‍മികതയിലേക്കാണ് പോയത്. യേശു എല്ലാവരുടെയും പാപം പേറി കുരിശിലേറി എന്ന് വിശ്വസിച്ചുകഴിഞ്ഞാല്‍ നമുക്കെല്ലാം മോക്ഷം കിട്ടി എന്നു കരുതുന്നു. എന്ത് പാപം ചെയ്താലും മോക്ഷം കിട്ടും എന്നത് തെറ്റ് ചെയ്യാനുള്ള പ്രവണത വര്‍ധിപ്പിച്ചു.
ഇതേപോലെ ഒരു ദിവസം ഒരു കാഷായ വസ്ത്രധാരിയെ അയല്‍വാസിയായ സ്ത്രീയുടെ കൊലപാതകത്തിന് അറസ്റ്റു ചെയ്തു. ഒരു പുണ്യവസ്ത്രമണിഞ്ഞ് എന്തിനീ മഹാപാപം ചെയ്തു എന്നന്വേഷിച്ചപ്പോള്‍ ”ഞാന്‍ പുണ്യദര്‍ശനങ്ങള്‍ക്കുവേണ്ടി ഇറങ്ങുകയാണ്. പക്ഷേ എന്റെ കയ്യില്‍ കാശില്ല. അപ്പോള്‍ ആ സ്ത്രീയെ കൊന്ന് പണമപഹരിച്ച് പോവാന്‍ തീരുമാനിച്ചു. ദര്‍ശനം കഴിയുമ്പോഴേക്കും എന്റെ എല്ലാ പാപവും പൊറുത്ത് പോയിരിക്കുമല്ലോ” എന്നായിരുന്നു മറുപടി. എന്ത് കുറ്റം ചെയ്താലും മോക്ഷം കിട്ടുമെന്ന വിശ്വാസമാണ് അദ്ദേഹത്തെ ആ അധാര്‍മികതയിലേക്ക് നയിച്ചത്. അതുപോലെ തന്നെയാണ് ഇപ്പോള്‍മുസ്‌ലിംകളുടെ അവസ്ഥ.
പത്രമാധ്യമങ്ങളെടുത്താല്‍ ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ പാപികള്‍ മുസ്‌ലിംകളാണ്. മദ്യപാനം, ലഹരി, ലൈംഗിക പീഡനം, സാമ്പത്തിക തിരിമറി എല്ലായിടത്തും കൂടുതല്‍ മുസ്‌ലിം കളാണ്. മതപഠനം ഏറ്റവും കൂടുതല്‍ നടത്തുന്നത് മുസ്‌ലിംകളാണ്. മദ്‌റസ, ദര്‍സ്, ജുമുഅ ഖുതുബകള്‍, വഅദുകള്‍ എല്ലാമുണ്ടായിട്ടും ഇതെങ്ങനെ സംഭവിക്കുന്നു. നമ്മള്‍ എന്ത് ചെയ്താലും മുഹമ്മദ് നബി(സ)യുടെ ഉമ്മത്താണെങ്കില്‍ മോക്ഷം കിട്ടും എന്ന വിശ്വാസമാണ്. അതുകൊണ്ട് കര്‍മം നോക്കാതെ, വിശ്വാസം നോക്കാതെ മുഹമ്മദ് നബിയിലങ്ങ് വിശ്വസിച്ചുകഴിഞ്ഞാല്‍ പിന്നെ മോക്ഷം കിട്ടുമെന്ന വിശ്വാസം മൗലിദില്‍ പറയുന്നതാണത്. അതൊരിക്കലും യാഥാര്‍ഥ്യമല്ല. നബി ഫാത്തിമയോട് പറയുന്നുണ്ട്: ”ഫാത്തിമാ, നിന്നെ രക്ഷിക്കേണ്ടത് നീ തന്നെയാണ്. ഭൗതികപരമായ എന്ത് കാര്യം വേണമെങ്കിലും ഞാന്‍ സാധിച്ചുതരാം. പക്ഷേ പരലോകത്ത് നിന്ന് നിന്നെ രക്ഷിക്കാന്‍ നിന്റെ കര്‍മം തന്നെ വേണം..”
ഈ പറയപ്പെടുന്ന ആലിമീങ്ങള്‍ പറയുന്ന മറ്റൊരു ന്യായമുണ്ട്. ”കാഫിറായവരെയാണ് നബിക്ക് രക്ഷിക്കാന്‍ കഴിയാത്തത്. മുസ്‌ലിംകളെല്ലാവരെയും രക്ഷിക്കാം.” ഇതൊക്കെ കള്ള ന്യായങ്ങളാണ്. ഒരിക്കല്‍ ഒരു കോടതിയില്‍ ഈ വചനത്തെപറ്റി ചര്‍ച്ച വന്നപ്പോള്‍ ഒരു പണ്ഡിതന്‍ പറഞ്ഞത് അത് ഫാത്തിമ കാഫിറായതുകൊണ്ടാണ് എന്നാണ്!!
മുഹമ്മദ് നബിയാണ് എല്ലാത്തിനെയും സൃഷ്ടിക്കാന്‍ കാരണം എന്ന വ്യാജഹദീസ് മൗലിദ് ഗ്രന്ഥങ്ങളിലുണ്ട്. ”നബിയേ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ ലോകം തന്നെ സൃഷ്ടിക്കില്ലായിരുന്നു”. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ നബിയെ പുകഴ്ത്തിയാല്‍ എന്തൊക്കെ പാപം ചെയ്താലും മോക്ഷം കിട്ടുമെന്ന് വിശ്വസിക്കുന്നു. തെറ്റ് ചെയ്താല്‍ അത് പൊറുത്തുകിട്ടാന്‍ പശ്ചാത്താപമാണ് വേണ്ടത്. മനുഷ്യന്‍ ആദ്യമായി ഭൂമിയിലേക്ക് എത്തുന്നത് തന്നെ ഒരു തെറ്റിന്റെ പേരിലാണല്ലോ. മനുഷ്യര്‍ക്ക് തെറ്റുപറ്റാം. ആ തെറ്റ് മനസ്സിലാക്കി പശ്ചാത്തപിച്ച് മടങ്ങുമ്പോഴാണ അവനൊരു യഥാര്‍ഥ വിശ്വാസി ആവുന്നത്.
ആദമിനും ഹവ്വക്കും തെറ്റുപറ്റി എന്ന് മനസ്സിലായപ്പോള്‍ ദൈവം അവര്‍ക്ക് പറഞ്ഞുകൊടുത്തു. ”നാഥാ, ഞങ്ങള്‍ തെറ്റ് ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതന്നില്ലെങ്കില്‍ പിന്നെയൊരിക്കലും ഞങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കുകയില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് പൊറുത്തുതരണം” എന്ന പ്രാര്‍ഥന പഠിപ്പിച്ചു. ഇത് ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞതാണ്. എന്നാല്‍ മൗലിദില്‍ പറയുന്നത് ഇങ്ങനെയല്ല. ഇനി വരാനിരിക്കുന്ന കാലത്തെ മുഹമ്മദ് നബിയെ ഇടയില്‍ നിര്‍ത്തിക്കൊണ്ട് ശുപാര്‍ശ ചെയ്ത് പൊറുത്തുതരണേ എന്ന് പ്രാര്‍ഥിച്ചതുകൊണ്ടാണ് പൊറുത്തുകൊടുത്തത് എന്ന് പറയുന്നു. ഖുര്‍ആന്‍ പഠിപ്പിച്ചതിന് നേരെ എതിരാണിത്. ഇങ്ങനെ ഓരോന്ന് പഠിപ്പിച്ച ഈ മാലകളും റാത്തീബുകളും എല്ലാ മനുഷ്യനെ തെറ്റിലേക്കാണ് നയിക്കുന്നത്.
നബിയോടുള്ള സ്‌നേഹപ്രകടനം എന്ന പേരില്‍ നടത്തുന്ന ഇവയൊക്കെ യഥാര്‍ഥത്തില്‍ സ്‌നേഹമാണോ? ഇത് നബിയോടുള്ള അനാദരവാണ്. ‘നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും മുന്‍കടന്നുപോവരുത്’ എന്ന ഖുര്‍ആന്‍ വാക്യത്തെ നിരാകരിക്കലാണ്. ഖുര്‍ആനിലും ഹദീസിലും ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലല്ലോ. ഖുര്‍ആനില്‍ പറഞ്ഞ അനുഷ്ഠാനങ്ങളും ആഘോഷങ്ങളും അനുഷ്ഠിക്കുക. മറ്റുള്ളവയെല്ലാം വഴികേടാണ്. ‘നബിയുടെ ശബ്ദത്തേക്കാള്‍ മറ്റുള്ളവരുടെ ശബ്ദം ഉയരാന്‍ പാടില്ല’ എന്ന് ഖുര്‍ആന്‍ സൂക്തമുണ്ടല്ലോ. ഇവര്‍ നബിയുടെ സാന്നിധ്യമുണ്ടെന്ന് സങ്കല്പിച്ച് മൈക്കില്‍ ഇങ്ങനെ വിളിച്ച് മൗലിദ് പറയുന്നത് വാസ്തവത്തില്‍ നബിയെ അവഹേളിക്കലല്ലേ. ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞ ഒരു മറയുടെ അപ്പുറത്ത് നിന്ന് നിങ്ങള്‍ നബിയെ അഭിസംബോധന ചെയ്യരുതേ. അങ്ങനെ ചെയ്യുന്നവര്‍ ചിന്താശൂന്യരാണ് എന്ന ഖുര്‍ആന്‍ വാക്യം ഇവര്‍ വിസ്മരിക്കുന്നു.
നബിയുടെ സുന്നത്ത് പിന്തുടര്‍ന്ന് സ്‌നേഹം പ്രകടിപ്പിക്കുന്നതിനുപകരം ബിദ്അത്തുകള്‍ കെട്ടി യുണ്ടാക്കുന്നത് സ്‌നേഹമല്ല, അവഹേളനമാണ്. ഇപ്പോള്‍ പുതിയ ഒരു പ്രവണതകൂടിയുണ്ട്. സുബ്ഹിന് മുന്‍പ്് പള്ളിയില്‍ ഒരുമിച്ചുകൂടി (വിത്‌റ് നമസ്‌കരിക്കുന്നതിനു പകരം) മൈക്കീലൂടെ ഓരോന്ന് നബിസ്‌നേഹമെന്ന പേരില്‍ വിളിച്ചുപറഞ്ഞ് വീട്ടില്‍ നമസ്‌ക്കരിക്കുന്നവരുടെ നമസ്‌കാരം അലങ്കോലപ്പെടുത്തല്‍. ഇവര്‍ ചൊല്ലുന്ന സ്വലാത്തുകള്‍ പലതും ഇസ്‌ലാമില്‍ മാതൃക ഇല്ലാത്തതാണ്. നബി പഠിപ്പിച്ച സ്വലാത്ത് ഇബ്‌റാഹീമിയ്യ സ്വലാത്താണ്. ഇവര് ക്രിസ്ത്യാനികളെ അനുകരിച്ച് പല ശിര്‍ക്കന്‍ വാക്കുകളും കൂട്ടി ഗദ്യരൂപത്തില്‍ സ്വലാത്തുകള്‍ ചൊല്ലുന്നു. ഇതൊക്കെ നബിയെ പരിഹസിക്കലാണ്.
പ്രാര്‍ഥന അല്ലാഹുവോട് മാത്രമാണ്. സ്ഥലകാല ഭേദമെന്യേ ഏത് സമയത്തു വിളിച്ചാലും അല്ലാഹു കേള്‍ക്കും. കുറച്ചകലെ നിന്ന് വിളിച്ചാല്‍ ജീവിച്ചിരിക്കുന്ന സമയത്ത് വിളി കേള്‍ക്കാത്ത നബിയെ ഇപ്പോള്‍ ആയിരം മൈലുകള്‍ക്കപ്പുറം ഇരുന്ന് അവര്‍ വിളിക്കുന്നു. ഇതേപോലെ പല മഹാന്മാരും കേള്‍ക്കുമെന്നും പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുമെന്നു വിശ്വസിക്കുന്നു. അത്തരത്തില്‍ ഉത്തരം ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണെന്നിരിക്കെ, ഇത് ശിര്‍ക്കല്ലാതെ മറ്റെന്താണ്? പിന്നെ നമസ്‌ക്കാരം, നോമ്പ് എന്നീ കര്‍മങ്ങള്‍ ചെയ്തിട്ട് കാര്യമുണ്ടോ?
തെറ്റിലേക്കുള്ള പ്രവണത കൂട്ടുന്നു, ആ തെറ്റുകള്‍ക്ക് പശ്ചാത്തപിച്ച് മടങ്ങുന്നതിനുപകരം ഇങ്ങനത്തെ ശിര്‍ക്ക് പ്രചരിപ്പിക്കുന്നു. എന്തെങ്കിലും നല്ല പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊളിഞ്ഞുപോകുന്നു. ഇതൊക്കെയാണ് മൗലിദുകൊണ്ട് സംഭവിക്കുന്നത്. ഖുര്‍ആനിലെ ഒരു സൂക്തം ‘നബിയേ നിങ്ങള്‍ക്ക് മുമ്പുള്ള പ്രവാചകന്മാര്‍ക്കും ഞാന്‍ വഹ് യ് ആയി നല്‍കിയ കാര്യമാണ്, അല്ലാഹുവിനോട് നിങ്ങള്‍ പങ്കുചേര്‍ത്താല്‍ നിങ്ങളുടെ കര്‍മങ്ങള്‍ പൊളിഞ്ഞുപോവും”. ഇത് നബിയോടാണ് പറയുന്നത്. അപ്പോള്‍ അതിന്റെ ഗൗരവം മനസ്സിലാകുമല്ലോ. ശിര്‍ക്ക് വന്നുപോയാല്‍ പിന്നെ ഒരു അമലുകളും ഉപയോഗപ്പെടുകയില്ല. ആ ശിര്‍ക്കിനാണ് മൗലിദ് വഴി പ്രചാരണം നല്‍കുന്നത്.
ഇതെല്ലാം മനുഷ്യനെ നയിക്കുന്നത് എങ്ങോട്ടാണ്? മമ്പുറം പള്ളിയിലെ നേര്‍ച്ചയ്ക്ക് പോവുന്നവര്‍ ഉണ്ടല്ലോ. അവിടുത്തെ ചോര്‍ പുണ്യച്ചോറായി മാറുന്നു. അതേ അരികൊണ്ടുണ്ടാക്കുന്ന അപ്പുറത്തെ അമ്പലത്തിലെ പ്രസാദം ശിര്‍ക്കായി മാറുന്നു. ഇതൊക്കെ തമ്മില്‍ എന്താണ് വ്യത്യാസം. പുതുപൊന്നാനിയില്‍ പോയി തുലാഭാരം ചെയ്താല്‍ മുവഹ് ഹിദ് ആവുമെങ്കില്‍ അതേ തുലാഭാരം ഗുരുവായൂര്‍ പോയി ചെയ്താല്‍ കാഫിറാകുമോ? കാടാമ്പുഴ ക്ഷേത്രത്തിലെ പൂജാരി പറയുന്നു, അവിടെ കുറെ കാണിക്ക വരുന്നതും തേങ്ങ ഉടക്കുന്നതും പര്‍ദയിട്ട മുസ്‌ലിം സ്ത്രീകളാണെന്ന്. ഇതേ പണി തന്നെയാണ് പല ജാറങ്ങളിലും ഇവര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ആ ആലിമീങ്ങള്‍ മിണ്ടാതിരിക്കുന്നത്. അമ്പലത്തിലേത് ശിര്‍ക്കാണെന്ന് പറഞ്ഞാല്‍ ഈ ജാറത്തിലേതും ശിര്‍ക്കാണെന്ന് പറയേണ്ടിവരും. ഈ ബിദ്അത്തുകളും ശിര്‍ക്കുകളും എല്ലാം വലിച്ചെറിഞ്ഞ് തൗഹീദിലേക്ക് മടങ്ങിയാല്‍ മാത്രമേ നാളെ അല്ലാഹുവിന്റെ അടുക്കല്‍ രക്ഷപ്പെടാനാവൂ.
ഹിദായത്ത് നല്‍കാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ എന്ന് ഖുര്‍ആനും ഹദീസും വ്യക്തമായി പ്രസ്താവിച്ചതാണ്. ‘നിങ്ങളുദ്ദേശിക്കുന്നവരെ സന്മാര്‍ഗത്തിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല” എന്ന് അല്ലാഹു പറഞ്ഞത് നബിയോടാണ്. ‘നബിയേ, താങ്കളെനിക്ക് ഹിദായത്ത് നല്‍കി എന്ന് മൗലിദില്‍ പറയുനത് മുഹ് യുദ്ദീന്‍ ശൈഖിനെ പറ്റിയാണ്. 12 തവണ ഇഖ്‌ലാസ് സൂറത്തും ഫാത്തിഹയുമോതി നമസ്‌കരിച്ച് 1000 തവണ ‘യാ ശൈഖ് മുഹ് യുദ്ദീന്‍” എന്ന് പറഞ്ഞാല്‍ അവന് ഹിദായത്ത് ലഭിക്കുമെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. സ്വന്തം പിതൃസഹോദരന്‍ അബൂത്വാലിബിനെ വരെ മുസ്‌ലിമാക്കാന്‍ നബി(സ)യെക്കൊണ്ട് സാധിച്ചിട്ടില്ല.
നബിയോട് ശഫാഅത്ത് ചോദിക്കുന്നവരുണ്ട്. പരലോകത്ത് നബി(സ) ശഫാഅത്ത് ചോദിക്കുന്നത് ഭൂമിയില്‍ വെച്ച് അല്ലാഹുവിനോട് ശഫാഅത്ത് ചോദിച്ചവര്‍ക്കാണ്. അല്ലാതെ നബിയോട് അര്‍ഥശൂന്യമായ ശഫാഅത്ത് ചോദിച്ചവര്‍ക്കല്ല. ഇങ്ങനത്തെ ഓരോന്ന് ചെയ്ത് അവയൊക്കെ മുസ്‌ലിം കളുടെ സല്‍കര്‍മത്തെ തന്നെ പൊളിച്ചുകളയുന്നു. ഒരാള്‍ ഒരു ജ്യോത്സ്യന്റെ അടുത്തുപോയാല്‍ 40 ദിവസത്തെ നമസ്‌കാരം പൊളിഞ്ഞുപോവും. ആ ജ്യോത്സ്യന്‍ പറയുന്നത് വിശ്വസിച്ചാല്‍ ഖുര്‍ആനില്‍ അവിശ്വസിച്ചവനായി. കാരണം, മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന ഖുര്‍ആന്‍ വചനത്തെ അവിശ്വസിക്കലാണ് അത്. ആ ജ്യോത്സ്യന്‍ തങ്ങളായാലും മുസ് ല്യാരായാലും ശരി. ഈ ചെയ്യുന്നതെല്ലാം ശിര്‍ക്കാണെന്ന് മനസ്സിലാക്കിയാലല്ലേ തൗബ ചെയ്ത് മടങ്ങാന്‍ പറ്റൂ. ഇതൊക്കെ നന്മയാണെന്ന് ന്യായീകരിച്ച് മഹാപാപികളായി ഇക്കൂട്ടര്‍ മരിച്ചുപോകുന്നു.
ഒരിക്കല്‍ നബി അല്ലാഹുവിനോട് തന്റെ ഉമ്മയുടെ ഖബ് ര്‍ സന്ദര്‍ശിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും അനുമതി തേടി. വിശ്വാസിയല്ലാത്തതുകൊണ്ട് പ്രാര്‍ഥിക്കാനുള്ള അനുമതി കിട്ടിയില്ല. ഖബ്ര്‍ സന്ദര്‍ശനത്തിനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ഈ ഖബ് ര്‍ സന്ദര്‍ശനം അവരോട് പ്രാര്‍ഥിക്കാനല്ല, മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ വര്‍ധിപ്പിക്കാനാണ്.
ഈ മാലകളും മൗലീദുകളുമെല്ലാം ബിദ്അത്തും ദുരാചാരങ്ങളുമാണ്. അത് വെടിഞ്ഞ് നേരിന്റെ പാതയിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുന്ന അവരോട് മാത്രം സഹായം തേടുന്ന നന്ദിയുള്ള അടിമയാവുക. ഭൂമിയില്‍ വെച്ച് പ്രാര്‍ഥിക്കപ്പെട്ടവര്‍ക്കൊന്നും അവിടെവെച്ച് ഒരു ചുക്കും ചെയ്യാനാവില്ല. നബിയുടെ സുന്നത്തു മുറുകെ പിടിക്കുക. വിജയം കൈവരിക്കുക.
Back to Top