ധര്‍മ്മനിഷ്ഠയുടെ മുന്‍നിരക്കാരാകുക
ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി
അവര്‍ പ്രാര്‍ത്ഥിക്കുന്നു: റബ്ബേ ഞങ്ങളുടെ ഇണകളില്‍ നിന്നും മക്കളില്‍ നിന്നും ഞങ്ങള്‍ക്ക് കണ്‍കുളിര്‍മ നല്‍കേണമേ. ധര്‍മനിഷ്ഠയില്‍ ജീവിക്കുന്നവര്‍ക്ക് നീ ഞങ്ങളെ മാതൃകയാക്കേണമേ (ഫുര്‍ഖാന്‍ 74)
ഈമാനികമായ ജീവിതം അതിന്റെ പാരമ്യതയിലെത്തുന്ന സന്ദര്‍ഭത്തെയാണ് ഖുര്‍ആന്‍ ഇവിടെ അടയാളപ്പെടുത്തുന്നത്. ഉല്‍കൃഷ്ട സമൂഹത്തിന്റെ പ്രഥമയോഗ്യത ധര്‍മനിഷ്ഠ തന്നെയാണ്. അല്ലാഹുവിന് വേണ്ടി നിലകൊള്ളാനും നന്മയുടെ പക്ഷത്ത് നില്‍ക്കാനും തയ്യാറാവുമ്പോള്‍ മാത്രമേ സമൂഹത്തിന് കാലിടറാതെ മുന്നോട്ട് നീങ്ങാന്‍ കഴിയുകയുള്ളൂ. ഇതിന്റെ തുടക്കം കുടുംബങ്ങളില്‍ നിന്നായിരിക്കണം. ഗൃഹാന്തരീക്ഷത്തിലെ ജീര്‍ണതകള്‍ പെട്ടെന്ന് തന്നെ സമൂഹത്തില്‍പ്രതിഫലിക്കും.
വിശ്വാസം, ആരാധനകള്‍, സ്വഭാവ ശീലങ്ങള്‍, സംസ്‌കാരം തുടങ്ങിയവയെല്ലാം ലഭിക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്. മുസ്‌ലിമിന്റെ വീട് ഈ മൂല്യങ്ങളുടെ കാവല്‍കേന്ദ്രമായിരിക്കണം. വളര്‍ന്നുവരുന്നവരില്‍ അത് ഉണ്ടാക്കേണ്ടത് മുതിര്‍ന്നവരുടെ ചുമതലയാണ്. ഇസ്‌ലാം നിര്‍ദേശിക്കുന്ന തര്‍ബിയത്തിന്റെ മുഖ്യലക്ഷ്യം നല്ല വ്യക്തികള്‍ മാത്രമുള്ള സമൂഹത്തെ രൂപപ്പെടുത്തുക എന്നതാണ്. ‘ഖൈറു ഉമ്മ’ എന്ന ദൈവികാംഗീകാരം സമൂഹത്തിന് സ്വന്തമാക്കാന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിംകള്‍ ഒരുങ്ങേണ്ടതുണ്ട്.
ഈ ആയത്തില്‍ പറയുന്ന പ്രാര്‍ഥന അത്തരം പ്രവര്‍ത്തനങ്ങളുടെ അനിവാര്യത വ്യക്തമാക്കുന്നു. കണ്ണിന് കുളിരും മനസ്സിന് ആനന്ദവും ലഭിക്കുന്ന വീടകങ്ങള്‍ ഇന്ന് വിരളമാണ്. ഈമാനും ആദര്‍ശ കണിശതയുമുള്ള കുടുംബങ്ങളില്‍ പോലും പലപ്പോഴും ഇവയൊന്നും ലഭിക്കാറില്ല. ആരാധനകള്‍ നല്‍കുന്ന ആത്മസംസ്‌കരണം വീടുകള്‍ക്ക് പുണ്യം പ്രദാനം ചെയ്യുന്നില്ല. കുട്ടികള്‍ കാരണം കണ്ണീര്‍ കുടിക്കുന്ന മാതാപിതാക്കളും നമ്മുടെ അനുഭവത്തിലുണ്ട്. ഉമ്മയുടെ പക്ഷത്ത് നില്‍ക്കുന്നവരും ബാപ്പയുടെ പക്ഷത്ത് നില്‍ക്കുന്നവരുമായ കുട്ടികളും കുടുംബാന്തരീക്ഷത്തിന്റെ സ്വസ്ഥതക്ക് ഭംഗം വരുത്തുന്നു. മാതാപിതാക്കളുടെ ഒരേ മനസ്സോടെയുള്ള ഇടപെടല്‍ തര്‍ബിയത്തില്‍പ്രധാനമാണ്.
ഭക്തരായി ജീവിക്കുന്നവരുടെ ഇമാമാകുക എന്നതിന് വളരെ അര്‍ഥപ്രസക്തിയുണ്ട്. എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്നവനാണ് ഇമാം. മറ്റു വ്യക്തികള്‍ക്കുള്ളതിനെക്കാള്‍ ധര്‍മനിഷ്ഠയും മൂല്യബോധവും ഉള്ളവര്‍ക്ക് മാത്രമേ സമൂഹത്തിന്റെ ഇമാം സ്ഥാനത്ത് എത്താന്‍ കഴിയുകയുള്ളൂ. നമുക്കും മക്കള്‍ക്കും കൈവരിക്കാവുന്ന തഖ്‌വയുടെഉയര്‍ന്ന തലമാണത്.
‘മുസ്‌ലിംകളില്‍ ഒന്നാമനാവാനാണ് എന്നോട് കല്‍പ്പിച്ചിരിക്കുന്നത്’ (സുമര്‍ 12) എന്ന വചനം ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു. ഒന്നാമനാവാന്‍ യോഗ്യതയുള്ളവന് മാത്രമേ ഇമാം സ്ഥാനത്ത് നില്‍ക്കാന്‍ അര്‍ഹതയുള്ളൂ. ആദര്‍ശത്തിലും സംസ്‌കാരത്തിലും നല്ല വ്യക്തിത്വം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഒന്നാമനാകുക എളുപ്പമായിരിക്കും. അവര്‍ക്ക് മാത്രമേ സമൂഹത്തെ ദിശാബോധത്തോടെ നയിക്കാന്‍ കഴിയുകയുള്ളു. നബി(സ)യുടെ തര്‍ബിയത്തില്‍ വളര്‍ന്ന സ്വഹാബിമാര്‍ ഇതിന്റെനല്ലമാതൃകയാണ്. സാംസ്‌കാരിക ജീര്‍ണതയില്‍ അപഥ സഞ്ചാരം നടത്തുന്ന സമൂഹത്തെ മൂല്യബോധത്തിലേക്ക് തിരിച്ചു വിളിക്കാന്‍ ശരിയായ ഇസ്‌ലാമിക തര്‍ബിയത്തിന്റെ വീണ്ടെടുപ്പ് അനിവാര്യമാണ്. അതിന് പകരം വെക്കാന്‍മറ്റൊന്നുമില്ല.