22 Sunday
December 2024
2024 December 22
1446 Joumada II 20

ദേശീയ ഐക്യത്തിനായി ഒന്നിച്ചു നില്‍ക്കും കരാറില്‍ ഒപ്പിട്ട് ഹമാസും ഫത്ഹും മറ്റു സംഘടനകളും


ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസും രാഷ്ട്രീയ എതിരാളി ഫത്ഹും ഉള്‍പ്പെടെ നിരവധി ഫലസ്തീന്‍ വിഭാഗങ്ങള്‍ ദേശീയ ഐക്യത്തിനായി ഒന്നിച്ചു നില്‍ക്കാന്‍ ധാരണയായി. ബെയ്ജിങില്‍ നടന്ന ‘ദേശീയ ഐക്യ’ കരാറിലാണ് സംഘടനകള്‍ ഒപ്പുവെച്ചത്. ഭിന്നതകള്‍ അവസാനിപ്പിച്ച് യുദ്ധാനന്തര ഗസ്സയില്‍ സംയുക്തമായി ഭരിക്കാന്‍ കഴിയുന്ന ഒരു വേദി സൃഷ്ടിക്കാനും തീരുമാനമായി.
”ഇന്ന് ഞങ്ങള്‍ ദേശീയ ഐക്യത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചു. ഈ യാത്ര പൂര്‍ത്തിയാക്കുന്നതിനുള്ള പാത ദേശീയ ഐക്യമാണെന്ന് ഞങ്ങള്‍ പറയുന്നു. ഞങ്ങള്‍ ദേശീയ ഐക്യത്തിന് പ്രതിജ്ഞാബദ്ധരാണ്”- മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ മൂസ അബൂമര്‍സൂഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൈനയുടെ തലസ്ഥാനത്ത് മൂന്നു ദിവസമായി നടന്ന 14 ഫലസ്തീനി ഗ്രൂപ്പുകള്‍ തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചയുടെ കരാറാണ് ഒപ്പുവെച്ചത്. യുദ്ധം അവസാനിച്ചാല്‍ ഗസ്സാ മുനമ്പില്‍ ഒരുമിച്ച് ഭരിക്കാനുള്ള കരാറെന്നാണ് ഇതിനെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിശേഷിപ്പിച്ചത്.
എതിരാളികളായ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള നിരവധി അനുരഞ്ജന ശ്രമങ്ങള്‍ മുമ്പ് പരാജയപ്പെട്ടെങ്കിലും, യുദ്ധത്തിന്റെ തുടക്കം മുതല്‍ പുതിയ ശ്രമങ്ങള്‍ക്കായുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു. ഫത്ഹിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിയാണ് അധിനിവേശ വെസ്റ്റ്ബാങ്ക് ഭാഗികമായി ഭരിക്കുന്നത്. ഗസ്സാ മുനമ്പ് ഹമാസിന്റെ നിയന്ത്രണത്തിലുമാണ്. പതിറ്റാണ്ടുകളായി ഇരുശക്തികളും രാഷ്ട്രീയ വൈരാഗ്യത്തിലാണ്. 2006ലെ നിയമനിര്‍മാണസഭാ തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതിനു ശേഷം ഫത്ഹ് അംഗങ്ങള്‍ ഹമാസുമായി ശക്തമായ ഭിന്നതയിലായിരുന്നു.

Back to Top