21 Saturday
December 2024
2024 December 21
1446 Joumada II 19

ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്തുകൊണ്ട്? – ജെ ആര്‍

കേരളം വീണ്ടുമൊരു പ്രകൃതി ദുരന്തത്തിനു കൂടി സാക്ഷിയായി. 2018-നെ അപേക്ഷിച്ച് അത്ര തീവ്രമായ മഴയും വെള്ളപ്പൊക്കവുമുണ്ടായില്ല. വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കവളപ്പാറയിലുമുണ്ടായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഇതെഴുതുമ്പോഴും ഇവിടങ്ങളില്‍ മണ്ണിനടിയില്‍ പുതഞ്ഞുപോയവരെ തേടി തിരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ 42 പേരുടെയും പുത്തുമലയില്‍ 23 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനിയും പതിനേഴു മനുഷ്യര്‍ കവളപ്പാറയിലും ഏഴോളം പേര്‍ മേപ്പാടിയിലും മണ്ണിനടിയില്‍ പറ്റിപ്പുതഞ്ഞുപോയിരിക്കുന്നു. കോഴിക്കോട് വിലങ്ങാട് ഉണ്ടായ മണ്ണിടിച്ചിലില്‍ നാലു പേരുടെ ജീവന്‍ നഷ്ടമായി. വെള്ളക്കെട്ടില്‍ മുങ്ങിയും ഒഴുകിപ്പോയും വീടു തകര്‍ന്നും വേറെ കുറേ പേര്‍ കൂടി മരണപ്പെടുകയുണ്ടായി. നൂറ്റി ഇരുപതോളം പേരാണ് ഈ വര്‍ഷം മഴക്കെടുതികളില്‍ കേരളത്തില്‍ മരണമടഞ്ഞത്.
ദുരന്തത്തോളം വേദനയാണ് ഉറ്റവരുടെ ജീവനറ്റ ശരീരം തേടിയുള്ള ആ കാത്തിരിപ്പ്. മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി ആചാരപൂര്‍വം സംസ്‌കരിക്കുന്നതു വരെ ഉറ്റവര്‍ക്കുള്ള ആധിയും ആകാംക്ഷയും ഒരുപക്ഷെ നഷ്ടത്തെക്കാള്‍ അപ്പുറത്താണ്. കവളപ്പാറയില്‍ തെരച്ചിലിനു സഹായിക്കാനായി ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘവും രംഗത്തുണ്ട്. ജി പി ആര്‍ സംവിധാനം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. രണ്ട് ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും സംഘത്തിലുണ്ട്.
വയനാട്ടിലെ പുത്തുമലയിലും കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ശാസ്ത്രീയ മാര്‍ഗങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് തെരച്ചില്‍. റഡാര്‍ സംവിധാനം തിങ്കളാഴ്ചയോടെ എത്തും. പുത്തുമലയില്‍ തിരച്ചിലിനായി നിയോഗിച്ച, സ്‌നിഫര്‍ ഡോഗുകളും സ്‌കാനിങ് സംവിധാനവും പരാജയപ്പെട്ട സാഹചര്യത്തിലാണ് റഡാര്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.
കവളപ്പാറയില്‍ മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍ അമര്‍ന്നുപോയിട്ടുണ്ട്. ഇരുനില വീടുകള്‍ പോലും മേല്‍ക്കൂര പുറത്തു കാണാത്ത വിധം മണ്ണു മൂടിപ്പോയിരിക്കുന്നു എന്നറിയുമ്പോള്‍ ആര്‍ത്തലച്ചുവന്ന മണ്ണിന്റെ ശക്തിയും അളവും എത്രമാത്രമുണ്ടെന്ന് ഊഹിക്കാനാകും.
പുഴകള്‍ ഇതുവരെയില്ലാത്തത്ര രൗദ്രമായി എന്നു റിപ്പോര്‍ട്ടുകളിലുണ്ട്. ചാലിയാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ ഇതുവരെ കാണാത്ത പ്രളയത്തിനും വെളക്കെട്ടിനുമാണ് ചാലിയാറിന്റെയും അനുബന്ധ പുഴകളുടെയും തീരത്തുള്ളവര്‍ സാക്ഷിയായത്. കൃത്യം ഒരു വര്‍ഷം മുമ്പ് കേരളം സാക്ഷിയായ പ്രളയത്തിന്റെ അത്രയും തീവ്രത ഇത്തവണയുണ്ടായില്ല. 490-ഓളം പേര്‍ കഴിഞ്ഞ വര്‍ഷം മഴ അനുബന്ധ കെടുതികളില്‍ മരണമടഞ്ഞിരുന്നു.
പ്രളയം മലയാളികളുടെ പരസ്പര സ്‌നേഹവും സഹായ സന്നദ്ധതയും കൂട്ടായ്മയും വീണ്ടുമൊരിക്കല്‍ കൂടി ലോകത്തിനു കാണിച്ചുകൊടുത്തു. കാരുണ്യമുള്ളവരെ അമ്പരപ്പിക്കുന്ന സഹായങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് നീണ്ടുവന്നു. കഴിഞ്ഞ തവണ മധ്യ ദക്ഷിണ കേരളത്തെയാണ് പ്രളയം രൂക്ഷമായി ബാധിച്ചതെങ്കില്‍ ഇത്തവണ ബാധിച്ചത് മലബാര്‍ ജില്ലകളെയാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകള്‍ നാമാവശേഷമായി. ഭാഗികമായും പൂര്‍ണമായും തകര്‍ന്നത് 4537 വീടുകളാണ് ഇത്തവണ.
സഹായത്തിലെ പ്രാദേശിക ഭേദം
പ്രളയ ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ കണ്ട മന്ദത അസ്വസ്ഥ ജനകമായ ചില ചോദ്യങ്ങളുയരാന്‍ കാരണമായി. കഴിഞ്ഞ തവണ മലബാറില്‍ നിന്ന് സഹായപ്പെരുമഴയുണ്ടായിരുന്നു. ഇത്തവണ ഈ ജില്ലകളെ പ്രളയജലം മുക്കിയപ്പോള്‍ മധ്യ, ദക്ഷിണ കേരളത്തില്‍ നിന്ന് പ്രതീക്ഷിച്ച സഹായം ഉണ്ടായില്ലെന്നതായിരുന്നു ചില ചോദ്യങ്ങളുയരാന്‍ നിമിത്തമായത്. സോഷ്യല്‍ മീഡിയ വഴി പലരും, വിശേഷിച്ച് തെക്കുഭാഗങ്ങളിലുള്ളവര്‍ ഈ വിവേചനത്തിനെതിരെ രംഗത്തു വന്നെങ്കിലും ആ അശുഭ കാഴ്ചകള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. പിന്നീട് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ എത്തിച്ചു കൊണ്ട് തെക്കന്‍മേഖല ആ കറകള്‍ പാടെ മായ്ച്ചുകളഞ്ഞു.
തെക്കനാണെങ്കിലും വടക്കനാണെങ്കിലും നമ്മള്‍ കേരളീയനാണ് എന്ന ബോധത്തോടെയാണ് ആളുകള്‍ കൈമെയ് മറന്ന് സഹായിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍ എത്തി. തിരുവനന്തപുരം നഗരസഭയില്‍ നിന്ന് മാത്രം ഇതെഴുതും വരെ 68 ലോഡ് സാധനങ്ങളും വസ്ത്രങ്ങളും മലബാര്‍ ജില്ലകളിലെത്തി. ഇപ്പോഴും സാധനങ്ങളുടെ ലോഡിങ് നടക്കുന്നു. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്.
നിലമ്പൂര്‍, മലപ്പുറം, വയനാട് ഭാഗങ്ങളില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കുന്നവരിലും തെക്കന്‍കേരളത്തില്‍ നിന്ന് നിരവധി പേര്‍ എത്തി. ജോലിയില്‍ നിന്ന് ലീവെടുത്താണ് യുവാക്കള്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്നത്. തങ്ങളുടെ സമ്പാദ്യം ഉള്‍പ്പെടെ പ്രളയത്തില്‍ തകര്‍ന്ന മനുഷ്യര്‍ക്കു നല്‍കാന്‍ തയ്യാറാവുന്ന ഉജ്വലമായ ചിത്രങ്ങള്‍ പല ഭാഗത്തു നിന്നും കാണാനാവുന്നത് ദുഖസാന്ദ്രമായ അന്തരീക്ഷത്തിലും ആശ്വാസത്തിന്റെ ബഹുവര്‍ണമുള്ള മഴവില്ലു തന്നെയാണ്.
അതേസമയം, ഉപേക്ഷിച്ച വസ്ത്രങ്ങളും മറ്റും ഭംഗിയായി തള്ളാനുള്ള അവസരമായി പെരുമഴക്കാലം മാറിയെന്നതും ഇവരില്‍ ചിലരുടെ ദുഷിച്ച ചിന്താഗതി വെളിച്ചത്തുകൊണ്ടുവരുന്നു. വയനാട് മേപ്പാടി ഹൈസ്‌കൂളില്‍ ഒരു ക്ലാസ് മുറി നിറയെ അവശേഷിച്ച പഴന്തുണികള്‍ ഇതിനുദാഹരണമാണ്. ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വരെ ദുരിതാശ്വാസ സഹായമായി കൊടുത്തയച്ച കെട്ടുകളിലുണ്ടായിരുന്നു.
ദുരന്തം മനുഷ്യര്‍ തന്നെ വരുത്തിവെച്ചതോ
പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല, സോയില്‍ പൈപ്പിങ് മൂലമുണ്ടായ ഭീമന്‍ മണ്ണിടിച്ചിലാണെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒമ്പതു സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടര്‍ ഭൂമിയാണ് ഒലിച്ചുപോയതെന്നും മണ്ണുസംരക്ഷണ വകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയിട്ടുള്ളത്.
പുത്തുമലയിലെ മേല്‍മണ്ണിന് 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞുകിടക്കുന്ന വന്‍പാറക്കെട്ടും. മേല്‍മണ്ണിനു 2.5 മീറ്റര്‍ എങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളില്‍ വന്‍ പ്രകൃതിദുരന്തങ്ങള്‍ക്കു സാധ്യത കൂടുതലാണ്. ചെറിയ ഇടവേളകളില്‍ 2 തവണ പുത്തുമലയ്ക്കുമേല്‍ മണ്ണിടിച്ചിറങ്ങി. 5 ലക്ഷം ടണ്‍ മണ്ണാണ് ഒറ്റയടിക്കു പുത്തുമലയില്‍ വന്നുമൂടിയതെന്നും പഠനത്തില്‍ കണ്ടെത്തി. ഒരാഴ്ചയോളം പുത്തുമലയില്‍ അതിതീവ്രമഴ പെയ്തു. പാറക്കെട്ടുകള്‍ക്കും വന്‍മരങ്ങള്‍ക്കുമൊപ്പം അഞ്ചു ലക്ഷം ഘനമീറ്റര്‍ വെള്ളവും കുത്തിയൊലിച്ചതോടെ ഒരു ഗ്രാമം തന്നെ ഇല്ലാതായി. പ്രദേശത്ത് 1980-കളില്‍ വലിയ തോതില്‍ മരംമുറി നടന്നിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കായി നടത്തിയ മരംമുറിക്കല്‍ കാലാന്തരത്തില്‍ സോയില്‍ പൈപ്പിങ്ങിന് ഇടയാക്കിയിട്ടുണ്ടെന്നാണു മണ്ണുസംരക്ഷണവകുപ്പ് നടത്തിയ പ്രാഥമിക പഠനത്തിലെ വിലയിരുത്തല്‍. കഴിഞ്ഞ പ്രളയത്തില്‍ കവളപ്പാറയിലെ കുടുംബങ്ങള്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറിയിരുന്നുവെങ്കിലും ഇത്തവണ മുന്നറിയിപ്പ് അവഗണിച്ചുവെന്നുമാണ് ലഭിക്കുന്ന സൂചന. (ഉരുള്‍പൊട്ടലില്‍ നിന്നു രക്ഷപ്പെട്ട വിജയന്‍ എന്നയാള്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞിരുന്നു)
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടെയുള്ള നിരവധി കുടുംബ ങ്ങള്‍ ഏതാണ്ട രണ്ടാഴ്ചയോളം ക്യാമ്പുകളിലേക്ക് മാറിത്താമസിച്ചിരുന്നു. അന്ന് കാര്യമായ അപകടം സംഭവിക്കാത്തതിനാല്‍ ഇത്തവണ മുന്നറിയിപ്പ് വിലക്കെടുത്തില്ലെന്ന് പലരും പറയുന്നു. സ്വന്തം വീടുകളും ചുറ്റുപാടുകളുമായുള്ള വൈകാരിക അടുപ്പം കാരണം ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മടിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ ഭൂമി ഉരുണ്ടു മറിഞ്ഞ് താഴേക്കു പതിച്ചപ്പോള്‍ വീടുകള്‍ക്കൊപ്പം അതിലുള്ളവരും അകപ്പെട്ടുപോയത് ആള്‍നാശം വര്‍ധിപ്പിച്ചു.
പശ്ചിമഘട്ട മേഖലയുടെ നിലവിലുള്ള പാരിസ്ഥിതിക സ്ഥിതി വിശേഷങ്ങള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതി 2011 ആഗസ്ത് 31ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ചില വസ്തുതകള്‍ ഇപ്പോള്‍ നമ്മെ തുറിച്ചുനോക്കുന്നുണ്ട്.
പരിസ്ഥിതി സംഘടനകളും ശാസ്ത്രസാങ്കേതിക സമൂഹവുമൊക്കെയായി നടത്തിയ വിശദമായ സംവാദങ്ങള്‍ക്കും സാങ്കേതിക ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരത്തിനും ശേഷമാണ് ഗാഡ്ഗില്‍ സമിതി 522 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് നിര്‍ദേശിച്ച പല കാര്യങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ടതായുണ്ട്. പശ്ചിമ ഘട്ടത്തില്‍ വരുന്ന 44 ജില്ലകളിലെ 142 താലൂക്കുകളിലായി 134 പരിസ്ഥിതി ലോല മേഖലകളാണ് ഗാഡ്ഗില്‍ സമിതി നിര്‍ണയിച്ചത്. കേരളത്തിലെ 12 ജില്ലകളില്‍ 25 താലൂക്കുകളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വരുന്നത്. ഈ പ്രദേശങ്ങളില്‍ സമിതി നിര്‍ദേശിച്ച ചില സുപ്രധാന കാര്യങ്ങള്‍ ഇവയാണ്.
ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ പാടില്ല. പ്ലാസ്റ്റിക് ഉപയോഗം മൂന്നു വര്‍ഷം കൊണ്ട് നിര്‍ത്തുക. മൂന്നു തരം പരിസ്ഥിതി ലോല പ്രദേശങ്ങളും പരമാവധി പത്തു വര്‍ഷം കൊണ്ട് ജൈവ കൃഷിയിലേക്കു മാറുക. ഈ സ്ഥലങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലയോ (സെസ്) ഹില്‍ സ്‌റ്റേഷനുകളോ അനുവദിക്കരുത്. പൊതുഭൂമി സ്വകാര്യവത്കരിക്കരുത്. വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. ഏകവിളത്തോട്ടങ്ങള്‍ പാടില്ല. വികേന്ദ്രീകൃത ജലവിഭവ പരിപാലന പദ്ധതികള്‍ ഉണ്ടാക്കുക. 1, 2 മേഖലകളില്‍ പുതിയ ഖനനം അനുവദിക്കരുത്. മേഖല ഒന്നില്‍ 2016ഓടെ ഖനനം നിര്‍ത്തണം. പുഴകള്‍ തിരിച്ചുവിടരുത്. പരിസ്ഥിതി മലിനമാകുന്ന വിഭാഗത്തിലുള്ള വ്യവസായങ്ങല്‍ പുതുതായി അനുവദിക്കരുത്. കാലാവധി കഴിഞ്ഞ ജലവൈദ്യുത പദ്ധതികള്‍ 30-50 വര്‍ഷമെടുത്ത് ഡീ കമ്മിഷന്‍ ചെയ്യണം. തനതു മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് സഹായം ചെയ്യുക, കാവുകളും കണ്ടല്‍കാടുകളും സംരക്ഷിക്കാന്‍ സഹായിക്കുക തുടങ്ങി പരിസ്ഥിതിയെ സംബന്ധിച്ച സുപ്രധാന നിര്‍ദേശങ്ങളാണ് ഗാഡ്ഗില്‍ സമിതി നിര്‍ദേശിച്ചത്.
പരിസ്ഥിതി നശിച്ചാലും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നവരുടെ സമ്മര്‍ദങ്ങള്‍ക്കു വഴിപ്പെട്ട രാഷ്ട്രീയ നേതൃത്വം മാധവ് ഗാഡ്ഗിലിന്റെ സുപ്രധാന നിര്‍ദേശങ്ങളെ കടലിലേക്ക് ഒഴുക്കിക്കളയുകയായിരുന്നു. ഇപ്പോള്‍ ദുരന്തം സംഭവിച്ച പ്രദേശങ്ങള്‍ പരിശോധിച്ചാല്‍ സമിതി നിര്‍ദേശിച്ച പല കാരണങ്ങളും ഒത്തുവരുന്നുവെന്നു കാണാം. കവളപ്പാറയുടെ ചുറ്റും പാറ ഖനനം സുഗമമായി നടക്കുന്നുണ്ട്. പുത്തുമലയില്‍ വിള മാറ്റത്തിലൂടെ മണ്ണിന്റെ സ്വാഭാവികതയ്ക്കു മാറ്റം വരുത്തുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്നതും നാം കണ്ടു. കണ്ണൂരില്‍ അനുമതിയില്ലാതെ 250ലേറെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ജില്ലയിലെ നിരവധി പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ സമരത്തിലാണ്.
ഇപ്പോഴത്തെ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ സമിതി നിര്‍ദേശം നടപ്പാക്കുന്നതു സംബന്ധിച്ച് പുനരാലോചന വേണമെന്ന് പല പ്രമുഖ രാഷ്ട്രീയക്കാരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പി ടി തോമസിനെ പോലുള്ള അപൂര്‍വം ചില രാഷ്ട്രീയക്കാര്‍ മാത്രമാണ് നേരത്തെ ധീരമായ പരിസ്ഥിതി താല്പര്യമുള്ള നിലപാട് സ്വീകരിച്ചിട്ടുള്ളത്. അവരതിന് വലിയ രാഷ്ട്രീയവില നല്‍കേണ്ടിവന്നു എന്ന ദുരന്തത്തിനും കേരളം സാക്ഷിയാണ്.
ഇനിയും നമ്മുടെ കുന്നുകളും മലകളും ജൈവ സമ്പന്ന പ്രദേശങ്ങളും വൈവിധ്യവും നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഭീകരമായ ദുരന്തങ്ങള്‍ക്കു നാം സാക്ഷിയാകേണ്ടിവരും. ഗാഡ്ഗില്‍ നിര്‍ദേശിച്ചതിനുമപ്പുറം, കേരളം മൊത്തം പരിസ്ഥിതി ലോല (ഇഎഫ്എല്‍) പ്രദേശമായി പരിഗണിച്ച് സാമൂഹിക, സാമ്പത്തിക, വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന മുറവിളികള്‍ ഉയരുന്നുണ്ട്. ഈ നിലവിളികളെ ചെവിക്കൊള്ളാതെ ഇനിയും മുന്നോട്ടു പോയാല്‍ വലിയ ദുരന്തം നമ്മെ പിടിച്ചുലയ്ക്കും. പരിസ്ഥിതി കൂടി കണക്കിലെടുത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക്, ഒരു ദിശാ മാറ്റത്തിനുള്ള ആര്‍ജവം കൂടിയാണ് ഇനി രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് നാട് പ്രതീക്ഷിക്കുന്നത്. ധീരമായ തീരുമാനം ഉണ്ടായാല്‍ അല്പസ്വല്പം എതിര്‍പ്പുകളുയരുമെങ്കിലും ഇന്നാട് കൂടെയുണ്ടാകും.
മുരളി തുമ്മാരുകുടി ചിലത് കൂട്ടിച്ചേര്‍ക്കുന്നു
(യു എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവി)
ഒരു ദുരന്തമുണ്ടാകുമ്പോള്‍ കേരളസമൂഹം പരസ്പരം സഹായിക്കാന്‍ ഒരുമിച്ചു വരുന്നത് ലോകമാതൃകയാണ്. ഒരു മലയാളി എന്ന നിലയില്‍ അഭിമാനം നല്‍കുന്നതാണ്. കഴിഞ്ഞ പ്രളയകാലത്ത് നാം അത് കണ്ടു. അതുകഴിഞ്ഞ് സമൂഹത്തെ പിളര്‍ക്കുന്ന പലതും ഉണ്ടായി. എന്നാലും ഈ വര്‍ഷവും ദുരന്തം എത്തിയപ്പോള്‍ നമ്മള്‍ ഒന്നായി അതിനെ നേരിട്ടു. വെള്ളപ്പൊക്കം ഇത്തവണ കഴിഞ്ഞ തവണത്തെ അത്രയും സ്ഥലങ്ങളെ ബാധിച്ചില്ല, മിക്കവാറും സ്ഥലത്ത് വെള്ളമിറങ്ങി, ക്യാമ്പുകളില്‍ നിന്നു ആളുകള്‍ വീട്ടിലെത്തി, ക്യാമ്പുകള്‍ പലതും പിരിച്ചുവിട്ടു. മണ്ണിടിച്ചില്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്, വീട് മാത്രമല്ല വീട് വച്ച സ്ഥലം പോലും ആളുകള്‍ക്ക് നഷ്ടമായിരിക്കയാണല്ലോ. അതു ശരിയാക്കാന്‍ കുറച്ചു താമസം വരും.
ഈ തവണത്തെ ദുരന്തവും ദുരിതാശ്വാസവും അടുത്ത് നിന്ന് കണ്ടതിന്റെ പശ്ചാത്തലത്തില്‍ കുറച്ചു കാര്യങ്ങള്‍: പഴന്തുണിയുടെ ദുരിതാശ്വാസം ഇപ്പോഴും തുടരുന്നു. പണ്ടൊന്നും മലയാളികള്‍ നേരിട്ട് ദുരന്തം കണ്ടിട്ടില്ല. തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം ചുഴലിക്കാറ്റുണ്ടായി ആളുകള്‍ ദുരിതാശ്വാസ സഹായത്തിന് വരുമ്പോള്‍ വീട്ടിലെ പഴയ തുണികള്‍ എടുത്തു കൊടുക്കുന്ന രീതി, വീട്ടിലെ പഴയ തുണികള്‍, അടുത്ത വര്‍ഷം ദുരന്തവുമായി ആളുകള്‍ വരും, അവര്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ് എടുത്തുവെക്കുന്ന രീതി കേരളത്തില്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ അവിടെയും ഇവിടെയും കാലം മാറി. ദുരിതബാധിതര്‍ക്ക് പഴയ തുണി കൊടുക്കുന്നത് അപമാനകരമാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. ഇത് തിരിച്ചറിയാത്തവര്‍ ഇനിയും കേരളത്തിലുണ്ട്. അഞ്ഞൂറ് പേര്‍ ഉണ്ടായിരുന്ന ദുരിതാശ്വാസ ക്യാംപില്‍ അയ്യായിരം പേര്‍ക്കുള്ള ഒരു ലോഡ് പഴയ തുണി എത്തിച്ച കഥ സുഹൃത്ത് ദുരന്ത മുഖത്തു നിന്നും പറഞ്ഞു. ഇത് തെറ്റാണ്, ആവര്‍ത്തിക്കരുത്. തുണി കൊടുക്കണമെന്നുണ്ടെങ്കില്‍ പുതിയത് വാങ്ങി മാത്രം കൊടുക്കുക, പണം കൊടുക്കുകയാണ് കൂടുതല്‍ ശരി.
ദുരന്തത്തിന് തെക്കും വടക്കും ഇല്ലെങ്കിലും വലിപ്പച്ചെറുപ്പം ഉണ്ട്. ഒരാളുടെ വീടിന് മുകളില്‍ മരം വീണ് കഴിഞ്ഞാല്‍ അയാള്‍ക്ക് അതൊരു വലിയ ദുരന്തമാണ്. ആ ഗ്രാമത്തിലോ ജില്ലയിലോ സംസ്ഥാനത്തോ ഉള്ള മറ്റു വീടുകളില്‍ മരം വീണിട്ടുണ്ട് എന്നത് അയാള്‍ക്ക് യാതൊരു ആശ്വാസവും നല്‍കുന്നില്ല. അതേസമയം മരം മുറിക്കാന്‍ ഓടിയെത്തേണ്ട ഫയര്‍ ഫോഴ്‌സുകാരനെ സംബന്ധിച്ചിടത്തോളം ഒരാളുടെ വീട്ടില്‍ മരം വീഴുന്നതും ഒരു ലക്ഷം ആളുകളുടെ വീട്ടില്‍ മരം വീഴുന്നതും തമ്മില്‍ വലിയ മാറ്റമുണ്ട്. ഈ കാരണം കൊണ്ടാണ് ദുരന്തങ്ങളെ പല വിഭാഗങ്ങളായി തരം തിരിക്കുന്നത്. അന്താരാഷ്ട്രമായി ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നതനുസരിച്ച് ങ1, ങ2, ങ3 എന്നിങ്ങനെ ദുരന്തത്തെ തരം തിരിച്ചിരിക്കുന്നു. ഏതൊരു ദുരന്തവും എത്ര വ്യാപ്തിയുള്ളതാണെന്ന് മനസ്സിലാക്കി വേണം ദുരന്ത നിവാരണത്തിനും ദുരിതാശ്വാസത്തിനുമുള്ള ശ്രമങ്ങള്‍ പ്ലാന്‍ ചെയ്യാന്‍.
ചെറിയ ദുരന്തത്തെ വലിയ ദുരന്തമായി കണ്ടു നേരിടുന്നതും വലിയ ദുരന്തത്തെ ചെറിയ ദുരന്തം നേരിടുന്നത് പോലെ കൈകാര്യം ചെയ്യുന്നതും ശരിയല്ല. ദുരന്ത മധ്യത്തില്‍ നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും ഈ വ്യത്യാസം മനസ്സിലായി എന്ന് വരില്ല. അതിനാല്‍ ഈ കാര്യത്തില്‍ നമുക്ക് മുന്‍കൂട്ടി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ വേണം. ഇക്കാര്യം ആര് തീരുമാനിക്കുമെന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം.
ദുരന്തത്തെ പറഞ്ഞു വലുതാക്കരുത്. നമ്മുടെ അടുത്തൊരു ദുരന്തമുണ്ടായാല്‍ അത് ഏറ്റവും പെരുപ്പിച്ചു കാട്ടാന്‍ ആളുകള്‍ക്ക് ഒരു താല്പര്യമുണ്ട്. ഒരു കെട്ടിടം ഇടിഞ്ഞുവീണ സ്ഥലത്തെത്തിയാല്‍ പൊതുവില്‍ അതിനകത്ത് പെട്ടവരുടെ മൂന്നിരട്ടിയെങ്കിലും ആള്‍ ഉണ്ടെന്നാണ് ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ വരിക. ഈ തവണ പ്രളയത്തിലും അത് കണ്ടു. ദുരന്തങ്ങളെ ഒരിക്കലും ചെറുതാക്കി കാണിക്കരുത്, എന്നാല്‍ അതുപോലെ തന്നെ അതിനെ പെരുപ്പിച്ചു കാണിച്ച് ആളുകളെ പേടിപ്പിക്കുകയും അരുത്.
മലയാളികള്‍ നന്നായി പേടിച്ചിട്ടുണ്ട്, ഏറെ പഠിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പുഴയില്‍ വേണ്ട, ടിവി യില്‍ വെള്ളം കണ്ടാല്‍ത്തന്നെ മലയാളി വീടുവിട്ട് ഓടും. ഇക്കാര്യം അറിഞ്ഞു വേണം മാധ്യമങ്ങള്‍ പ്രളയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍.
ഒരു ദുരന്തം ഉണ്ടായി ആദ്യ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഭക്ഷണ സാധനങ്ങളും വെള്ളവും ഒന്നുമല്ല, പരമാവധി പണമാണ് ദുരന്തബാധിത പ്രദേശത്തേക്ക് അയക്കേണ്ടതെന്ന് പറഞ്ഞുപറഞ്ഞ് ഞാന്‍ തോറ്റു. ആത്മാര്‍ത്ഥത കൂടുതല്‍ കൊണ്ടാണ് ആളുകള്‍ ഇത് ചെയ്യുന്നതെങ്കിലും ഈ കാര്യത്തില്‍ കൂടുതല്‍ അറിവുണ്ടായേ തീരു. ആദ്യ ദിവസങ്ങളില്‍ എന്തും കൊടുക്കാം, പക്ഷെ ആ പ്രദേശത്തേക്കുള്ള ഗതാഗതം സാമാന്യ നിലയിലായാല്‍ അവിടുത്തെ സപ്ലൈ ചെയിന്‍ സ്വാഭാവികമായും പുനഃസ്ഥാപിക്കപ്പെടും. അതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ചെറുകിട വ്യാപാരികള്‍, ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എല്ലാം കൂടുതല്‍ ദുരിതത്തിലാകും.
ദുരിതാശ്വാസം ഓട്ട മത്സരമല്ല. ദുരന്തം സംഭവിച്ചു കഴിഞ്ഞാല്‍ അവരെ സഹായിക്കാന്‍ നമ്മുടെ ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ മത്സരിക്കുകയാണ്. ഇത് നല്ലതാണ്. അതേ സമയം ഇതൊരു മത്സര ഐറ്റം അല്ല. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ട സഹായം എത്തിക്കുകയാണ് പ്രധാനം. ജില്ലകളും ക്ലബുകളും തമ്മില്‍ ഇക്കാര്യത്തില്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്, മത്സരമല്ല.
ദുരന്തപ്രദേശം ഒരിക്കലും ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കരുത്. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ടൂറിസ്റ്റുകളെ പോലെ ഓടിപ്പോകരുത്. അവിടെ എന്താവശ്യത്തിന് ചെന്നതാണെങ്കിലും ഔചിത്യമില്ലാതെ പെരുമാറരുത്. ഇത് ദുരിതാശ്വാസത്തെ ബാധിക്കും, മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ വര്‍ദ്ധിപ്പിക്കും. ദുരിത ബാധിതരെ അപമാനിക്കുന്നതിന് തുല്യമാണ് അവരെ സഹായിക്കാന്‍ അല്ലാതെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തരുത്.
പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം കൊടുക്കണം. ഈ രണ്ടു ദുരന്തത്തിലും കണ്ട ഒരു കാര്യം നമ്മുടെ ജനപ്രതിനിധികള്‍, പ്രത്യേകിച്ച് പഞ്ചായത്തംഗങ്ങളാണ് ദുരന്തമുഖത്ത് ഓടിയെത്തുന്നതും രക്ഷാ പ്രവര്‍ത്തനം മുതല്‍ ക്യാംപ് മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങളില്‍ ഇടപെടുന്നതും.
കേരളത്തിലെ പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ വാഹനങ്ങള്‍, എന്‍ജിനീയര്‍മാര്‍, കെട്ടിടങ്ങള്‍, കമ്യൂണിറ്റി ഹാള്‍, മറ്റു ജോലിക്കാര്‍ എന്നിങ്ങനെ ധാരാളം വിഭവങ്ങളുണ്ട്. പക്ഷെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ സംയോജിപ്പിക്കുന്ന ജോലി ഇപ്പോഴും റവന്യൂ സംവിധാനങ്ങള്‍ക്കാണ്. താഴേത്തട്ടില്‍ ഇത് വില്ലേജ് ഓഫിസാണ്. ഇപ്പോള്‍ ശരാശരി വില്ലേജ് ഓഫിസിന് പഞ്ചായത്ത് സംവിധാനത്തിന്റെ പത്തിലൊന്ന് ആള്‍ശക്തിയും നൂറിലൊന്നു വിഭവശക്തിയും ഇല്ല. പഞ്ചായത്തംഗങ്ങള്‍ നാട്ടിലെ മുക്കും മൂലയും അറിയുന്നവരാകുമ്പോള്‍ വില്ലേജിലെ ജീവനക്കാര്‍ ആ നാട്ടില്‍ നിന്നുള്ളവര്‍ ആയിരിക്കണമെന്നില്ല. ദുരന്ത സമയത്ത് ക്യാംപ് മാനേജമെന്റ് തൊട്ട് ദുരിതാശ്വാസം നല്‍കുന്നത് വരെയുള്ള കാര്യങ്ങളില്‍ നമ്മുടെ പഞ്ചായത്ത് സംവിധാനത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം.
യുവാക്കളുടെ ഊര്‍ജ്ജം നിലനിര്‍ത്തണം: 2018ലും 2019ലും ദുരന്ത പ്രദേശത്തേക്ക് ഓടിയെത്തിയതും ദുരിതാശ്വാസത്തിന് മുന്നില്‍ നിന്നതും നമ്മുടെ യുവാക്കളാണ്. പക്ഷെ ദുരന്തം കഴിഞ്ഞ ശേഷം അവര്‍ക്ക് ഒരു റോളും ഉണ്ടായില്ല. സന്നദ്ധ പ്രവര്‍ത്തനം നമ്മുടെ കരിക്കുലത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാക്കണം. ഇവരുടെ ഊര്‍ജം ദുരന്ത ലഘൂകരണത്തിന് ഉള്‍പ്പടെ ഉപയോഗിക്കണം. ഇതിനായി കര്‍മ്മ പദ്ധതി വേണം.
ദുരന്തത്തെ ദുരന്തം ആക്കരുത്: കഴിഞ്ഞ വര്‍ഷം ദുരന്തം പ്രമാണിച്ച് ഏറെ ഓണാഘോഷങ്ങള്‍ നിറുത്തലാക്കി. ഓണം എന്നാല്‍ കേരളത്തിലെ വ്യാപാരികള്‍ക്ക് മാത്രമല്ല കലാകാരന്മാര്‍ക്കും കരകൗശലക്കാര്‍ക്കും ഏറ്റവും കൂടുതല്‍ തൊഴില്‍ കിട്ടുന്ന സമയമായതിനാല്‍ ഓണാഘോഷം മാറ്റിവക്കുമ്പോള്‍ ദുരന്തം നേരിട്ട് ബാധിക്കാത്തവരിലേക്ക് കൂടി നമ്മള്‍ അത് പടര്‍ത്തുകയാണ്.
അത് ചെയ്യരുത്. ആഘോഷങ്ങളില്‍ അല്പം മിതത്വം ആകാം, ദുരന്തത്തില്‍ അകപ്പെട്ടവരെ ഓര്‍ക്കുകയാവാം, ആഘോഷങ്ങള്‍ക്ക് മാറ്റിവച്ച തുകയില്‍ അല്പം ദുരിതബാധിതര്‍ക്ക് നല്കുകയാവാം, പക്ഷെ മൊത്തമായി ആഘോഷങ്ങള്‍ മാറ്റിവെക്കുന്നത് ശരിയല്ല.
Back to Top