23 Monday
December 2024
2024 December 23
1446 Joumada II 21

ത്വാലിബാന്‍ വീണ്ടും വാര്‍ത്തകളില്‍

കഴിഞ്ഞയാഴ്ചയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ മുഖ്യ വാര്‍ത്തകളിലൊന്ന് താലിബാനുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അമേരിക്കയും താലിബാനും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളാണ് വാര്‍ത്തക്കാധാരം. അഫ്ഗാന്‍ വിഷയത്തില്‍ രണ്ട് കൂട്ടര്‍ക്കും അംഗീകരിക്കാവുന്ന ഒരു സമാധാന നയം രൂപീകരിക്കലാണ് ചര്‍ച്ചകളുടെ ലക്ഷ്യമെന്നും ഇതിനകം അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞെന്നും താലിബാന്‍ വക്താവ് സബീഉല്ലാ മുജാഹിദ് മാധ്യമങ്ങളോട് വ്യക്തമാക്കി. എ എഫ് പി ന്യൂസാണ് ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.സബീഉല്ലാ മുജാഹിദിന്റെ വെളിപ്പെടുത്തലിന് ശേഷം ആറാം വട്ട ചര്‍ച്ച കഴിഞ്ഞയാഴ്ചയില്‍ തന്നെഖത്തറിലെ ദോഹയില്‍ വെച്ച് നടക്കുകയും ചെയ്തു. അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ചാണ് ഖത്തര്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയത്. എന്നാല്‍ അമേരിക്കയിലെയോ ദോഹയിലെയോ അമേരിക്കന്‍ എംബസി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഒരു കാലത്ത് ഏറ്റവും വലിയ ശത്രുക്കളാകുകയും അതിനെത്തുടര്‍ന്ന് ദീര്‍ഘകാലം പരസ്പരം യുദ്ധം ചെയ്യുകയും ചെയ്തവരായിരുന്നു താലിബാനും അമേരിക്കയും. യുദ്ധത്തിനൊടുവില്‍ താലിബാന് അഫ്ഗാന്റെ ഭരണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഒസാമ ബിന്‍ ലാദന്റെ പേരിലായിരുന്നു താലിബാനും അമേരിക്കയും തമ്മില്‍ ഇടഞ്ഞത്. വിനാശകരമായ ഒരു ശത്രുതാ കാലഘട്ടത്തിന് ശേഷം താലിബാന്‍ തകര്‍ക്കപ്പെട്ടു എന്ന് അമേരിക്ക തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേ താലിബാനുമായി അമേരിക്ക സമാധാന ചര്‍ച്ചകള്‍ നടത്തുന്നു എന്ന വാര്‍ത്തയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വിശകലനം ചെയ്തത്. മതമൗലികവാദത്തെ പ്രതിനിധീകരിക്കുന്ന താലിബാനുമായി എന്ത് സമാധാന സഹകരണമാണ് അമേരിക്ക നടത്താന്‍ പോകുന്നതെന്ന് വിമര്‍ശങ്ങളും ഉണ്ട്. വാര്‍ത്ത പൂര്‍ണമായും സത്യമാണെങ്കില്‍ അഫ്ഗാന്‍ രാഷ്ട്രീയം മറ്റൊരു ഗതിമാറ്റത്തിന് തയാറാകുന്നുവെന്നതിന്റെ സൂചനകളായിരിക്കും ഈ വാര്‍ത്ത.
Back to Top