തോക്ക് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂസിലാന്റ്
രാജ്യത്ത് നടന്ന പൈ ശാചികമായ കൂട്ടക്കൊലക്ക് ശേഷം വലിയ വീണ്ട് വിചാരങ്ങള്‍ക്ക് ന്യൂസിലന്റ് തയാറാകുന്നതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ മുസ്‌ലിം പള്ളിയില്‍ നടന്ന വെടി വെപ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലോകമനസാക്ഷിയെ ഞെട്ടിച്ച ഈ പൈശാചിക കൂട്ടക്കൊലക്ക് ശേഷം ന്യൂസിലന്റ് സര്‍ക്കാറും അവിടുത്തെ സംഘടനകളും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രവുമണിഞ്ഞാണ് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്താ ആര്‍ദേന്‍ ഇരകളെ സന്ദര്‍ശിച്ചതും മാധ്യമങ്ങളെ കണ്ടതും. രാജ്യത്ത് മുസ്‌ലിം ജനതക്ക് തന്റെ എല്ലാ വിധ പിന്തുണയുമുണ്ടെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് കേട്ട് കേള്‍വിയില്ലാത്ത വിധത്തിലുള്ള ആക്രമണമാണ് ഇപ്പോള്‍ നടന്നതെന്നും വംശീയവാദിയാണ് കൊലയാളിയെന്നും അവര്‍ പറഞ്ഞിരുന്നു. വ്യക്തികള്‍ക്ക് യഥേഷ്ടം ആയുധങ്ങള്‍ കൊണ്ട് നടക്കുവാന്‍ കഴിയുന്ന വിധത്തിലുള്ള നിയമമാണ് ന്യൂസിലന്റില്‍ ഉള്ളത്. ഈ നിയമത്തില്‍ ഉടന്‍ ഇടപെടുമെന്നും തോക്ക് പോലെയുള്ള ആയുധങ്ങള്‍ കൊണ്ട് നടക്കുന്ന നിയമത്തില്‍ ഉടന്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെന്നും അവര്‍ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിലാണ് പാശ്ചാത്യ നാടുകളില്‍ വ്യക്തികള്‍ക്ക് തോക്ക് കൊണ്ട് നടക്കുവാന്‍ അനുവാദം നല്‍കുന്നത്. അമേരിക്കയിലുള്‍പ്പെടെ പല പാശ്ചാത്യന്‍ രാജ്യങ്ങളിലും വെടിവെപ്പുകളും കൂട്ടക്കൊലകളും വ്യാപകമായതും ഈ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത്‌കൊണ്ടായിരുന്നു. ന്യൂസിലന്റ് വെടിവെപ്പിലെ അക്രമിയുടെ പക്കല്‍ അഞ്ച് അത്യാധുനിക തോക്കുകളാണുണ്ടായിരുന്നതെന്ന് പോലിസ് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രധാന മന്ത്രി ജെസീന്താ ആര്‍ദേന്‍ തോക്ക് നിയമത്തില്‍ ഇടപെടാനും നിയന്ത്രണങ്ങള്‍ കൊണ്ട് വരാനും തയാറാകുന്നത്.