12 Sunday
January 2025
2025 January 12
1446 Rajab 12

തെരഞ്ഞെടുപ്പ്; ബോറിസ് ജോണ്‍സന്റെ നിര്‍ദേശം ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി

ഒക്‌ടോബര്‍ 15ന് പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോണ്‍സന്റെ നിര്‍ദേശം ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. 98നെതിരെ 434 വോട്ടിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രമേയം തള്ളിയത്. ഒക്‌ടോബര്‍ 31ന് കരാറില്ലാതെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തു പോകാനായിരുന്നു ബോറിസിന്റെ പദ്ധതി. ഇതിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതരും ഒന്നിക്കുകയായിരുന്നു. കരാറില്ലാതെയുള്ള പിന്മാറ്റം ബ്രിട്ടനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം പി ഫിലിപ്പ് ലീ കൂറുമാറിയതോടെ പാര്‍ലമെന്റില്‍ ബോറിസ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തിരുന്നു. വരും ദിനങ്ങളില്‍ കൂടുതല്‍ എം പിമാര്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിന്നിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ മരമണ്ടനെന്ന് അപസര്‍പ്പക നോവലിസ്റ്റ് ജോണ്‍ ലെ കാരി വിശേഷിപ്പിച്ചു. ഒക്‌ടോബര്‍ 17ന് പ്രസിദ്ധീകരിക്കുന്ന ഏജന്റ് റണ്ണിങ് ഇന്‍ ദ ഫീല്‍ഡ് എന്ന പുസ്തകത്തിലാണ് ബ്രെക്‌സിറ്റ് എന്ന ചിത്തഭ്രമത്തില്‍ പെട്ടു വലയുന്ന ബോറിസ് മരമണ്ടനാണെന്ന് കാരി വിശേഷിപ്പിച്ചത്. പുസ്തകത്തില്‍ വിദേശകാര്യ സെക്രട്ടറിയാണ് ബോറിസ്. ബ്രിട്ടനിലെയും യു എസിലെയും രാഷ്ട്രീയ പശ്ചാത്തലങ്ങളും നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. രഹസ്യാന്വേഷണ ഏജന്‍സിയില്‍ 25 വര്‍ഷം ജോലിചെയ്ത 47കാരന്‍ കേന്ദ്രകഥാപാത്രം. ബ്രെക്‌സിറ്റിനെ കുറിച്ചും ട്രംപ് ഭരണത്തെ കുറിച്ചും കഥാനായകന്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്.