താരങ്ങള്‍ക്ക് പണം നല്കിയതായി വെളിപ്പെടുത്തല്‍
ഖത്തറിനെ അപകീര്‍ത്തിപ്പെടുത്താനായി ഇംഗ്ലണ്ടിന്റെ രണ്ട് മുന്‍ അന്താരാഷ്ട്ര താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. ഫിഫ ലോകകപ്പ് 2022 ന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരെ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് കുറ്റപ്പെടുത്തലുകള്‍ നടത്താനാണ് പണം വാഗ്ദാനം ചെയ്തത്. ലണ്ടന്‍ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ദി ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സോള്‍ കാംബെല്‍, സ്റ്റാന്‍ കോളിമോര്‍ എന്നിവരെയാണ് ഖത്തര്‍ 2022 ലോകകപ്പ് വിമര്‍ശകര്‍ സമീപിച്ച് പണം വാഗ്ദാനം ചെയ്തത്.
ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിനെ എതിര്‍ക്കുന്ന ചില ഗള്‍ഫ് രാജ്യങ്ങളാണ് പ്രചാരണ യുദ്ധത്തിന് പിന്നിലെന്നാണ് സൂചന. ലണ്ടനില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് തുക വാഗ്ദാനം ചെയ്യപ്പെട്ടെന്ന ദി ടൈംസ് റിപ്പോര്‍ട്ട് കാംബെല്ലും കോളിമോറും സ്ഥിരീകരിച്ചു. സമ്മേളനത്തില്‍ ഖത്തറും ലോകകപ്പ് നടത്തിപ്പും വിമര്‍ശിക്കപ്പെടുമെന്ന് സംഘാടകര്‍ ഇരുവരെയും അറിയിച്ചിരുന്നു.