28 Wednesday
January 2026
2026 January 28
1447 Chabân 9

ജാതി പരിഗണനകള്‍ തുടരുമ്പോള്‍ – നിയാസ് മുഹമ്മദ്

ചെന്നൈ ഐ ഐ ടി യില്‍നിന്നും മറ്റൊരു ദുഖകരമായ വാര്‍ത്തകൂടി നാം കേള്‍ക്കുന്നു. ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ മരണത്തിന്റെ വാര്‍ത്തകള്‍ നാം മറന്നു പോയിട്ടില്ല. ഇപ്പോള്‍ ഫാത്തിമയും ജീവനൊടുക്കിയത് ജാതി വിവേചനപരമായ കാരണമാണെന്നതാണ് ബന്ധുക്കള്‍ ഉന്നയിക്കുന്ന പരാതി. ഉന്നത വിദ്യാഭ്യാസരംഗത്ത് കുട്ടികള്‍ നേരിടുന്ന ഒരുപാട് പ്രതിബന്ധങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതിലപ്പുറം നമ്മുടെ പൊതു സാമൂഹികരംഗത്ത് മതവും ജാതിയും ഇപ്പോഴും സജീവ സാന്നിധ്യമാണ്. രോഹിത് വെമുലയുടെ മരണം അന്ന് രാജ്യം വളരെയധികം ചര്‍ച്ച ചെയ്തതാണ്. ദളിത് സമൂഹം എങ്ങിനെ പൊതുരംഗത്ത് പരിഗണിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമായി അന്ന് രോഹിതിന്റെ മരണം ചര്‍ച്ച ചെയ്യപ്പെട്ടു. അന്ന് പ്രതിസ്ഥാനത്ത് എ ബി വി പി എന്ന വിദ്യാര്‍ഥി പ്രസ്ഥാനവും സ്ഥാപനത്തിന്റെ വി സി യുമായിരുന്നു. കഴിഞ്ഞ ആഴ്ച ചെന്നൈ ഐ ഐ ടി യില്‍ ജീവനൊടുക്കിയ ഫാത്തിമ ലത്തീഫ് എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുടെ മരണവും ചെന്ന് നില്‍ക്കുന്നത് മതപരമായ വിവേചനത്തിലാണ്. തന്റെ പേരുപോലും പ്രശ്‌നമാണെന്ന് ഒരിക്കല്‍ അവള്‍ ബാപ്പയോട് സൂചിപ്പിച്ചിരുന്നു എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അവളുടെ തന്നെ മൊബൈലില്‍ നിന്നും കേസിലേക്ക് ആസ്പദമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ ഒരു വിദ്യാര്‍ഥി വീതം ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. 2014-17 കാലത്തിനുള്ളില്‍ മൊത്തം 26000 പേര്‍ സ്വയം ജീവനൊടുക്കി എന്നാണ് കണക്കുകള്‍. പരീക്ഷയും തോല്‍വിയുമാണ് മുഖ്യ കാരണങ്ങളായി പറയപ്പെടുന്നതെങ്കിലും അതൊരു സത്യസന്ധമായ വിലയിരുത്തലല്ല എന്നാതാണ് മൊത്തത്തിലുള്ള അവലോകനം. അതിലപ്പുറം വലിയൊരു ശതമാനം കുട്ടികള്‍ മാനസിക അസ്വസ്ഥത കാണിക്കുന്നവരാണ് എന്നും പഠനം പറയുന്നു. കുട്ടികളെ അവര്‍ക്കിഷ്ടമില്ലാത്ത വിഷയം പഠിക്കാന്‍ നിര്‍ബന്ധിക്കല്‍ മുതല്‍ അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പലവിധ പീഡനങ്ങളും കാരണമായി പറയപ്പെടുന്നു. അതിനു പുറമെയാണ് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള മാനസിക പീഡനങ്ങള്‍.ജാതി ഇന്ത്യന്‍ സമൂഹത്തില്‍ ഒരു യാഥാര്‍ഥ്യമാണ്. ജാതി ജന്മം കൊണ്ട് മാത്രം ലഭിക്കുന്ന ഒന്നാണ്. കര്‍മം കൊണ്ടല്ല ജന്മം കൊണ്ടാണ് മനുഷ്യന്‍ ഉന്നതനാകുന്നത് എന്നതാണ് ജാതിയുടെ പൊരുള്‍. അത് കൊണ്ട് തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ ഉന്നതി പലരും സ്വയം തീരുമാനിച്ചു വെച്ചിരിക്കുന്നു. നവോഥാനത്തിന്റെ ചരിത്രം പറയുന്ന കേരളത്തില്‍ നമുക്കത് അത്രമാത്രം ബോധ്യമാകില്ലെങ്കിലും കേരളത്തിനു പുറത്തു പലപ്പോഴും അത് മാത്രമാണ് ആധാരം.

Back to Top