ജനാധിപത്യത്തിനു മേല്‍ ഫാസിസ്റ്റുകള്‍ അടയിരിക്കുമ്പോള്‍
മന്‍സൂര്‍ പള്ളൂര്‍
നമ്മളില്‍ പലര്‍ക്കും ‘ഫാസിസം’ എന്നത് ചരിത്ര പുസ്തകങ്ങളില്‍ നിന്നുള്ള ഒരു പദം മാത്രാണ്. ആ വാക്ക് കേള്‍ക്കുമ്പോള്‍ ഭൂതകാലത്തിന്റെ ഓര്‍മപ്പെടുത്തലുകളായി ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളാണ് മനസ്സില്‍ തെളിയുക. ഫാസിസ്റ്റ് എന്ന വാക്ക് ‘ഫാസെസ്’ എന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഒരു കോടാലി തിരുകിയതോ മഴു കെട്ടിയിരിക്കുന്നതോ ആയ വിറകുകളുടെയോ കമ്പികളുടെയോ ബണ്ടിലുകളാണ് ഫാസെസുകള്‍. ഈ ചിഹ്നം പുരാതന റോമന്‍ നേതാക്കള്‍ അധികാരത്തിന്റെ പ്രതീകമായി ഉപയോഗിച്ചു.
പത്രപ്രവര്‍ത്തകനും പട്ടാളക്കാരനുമായിരുന്ന ബെനിറ്റോ മുസ്സോളിനി 1919-ല്‍ ഇറ്റലിയില്‍ ഒരു ഫാസിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചു. 1922-ല്‍ അധികാരത്തിലേറി 1925 ആയപ്പോഴേക്കും ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേര്‍ന്ന ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണക്രമം ഇറ്റലിയില്‍ രൂപപ്പെടുത്തിയെടുത്തു. മുപ്പതുകളോടെ, പല യൂറോപ്യന്‍ രാജ്യങ്ങളിലും ഫാസിസ്റ്റുകള്‍ നിയന്ത്രണം ഏറ്റെടുത്തു. അതില്‍ പ്രധാനം 1933-ല്‍ ജര്‍മ്മനിയില്‍ നടന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ ദേശീയ സോഷ്യലിസ്റ്റ് (നാസി) വിപ്ലവമാണ്. ഫാസിസ്റ്റുകളായ മുസ്സോളിനിയും ഹിറ്റ്‌ലറും നല്ല ബന്ധത്തില്‍ ഒരേ അച്ചുതണ്ടുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഹിറ്റ്‌ലര്‍, മുസ്സോളിനി തുടങ്ങിയ സ്വേച്ഛാധിപതികളില്‍ മാത്രമായി ഫാസിസത്തിന്റെ ചരിത്രം അവസാനിച്ചുവോ? ഫാസിസം നാം വിചാരിക്കുന്നതിലും കൂടുതല്‍ ഇടങ്ങളിലേക്ക് വളര്‍ന്നു കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. നാല്പതുകളില്‍ ലോകത്തെ ജനാധിപത്യ രാജ്യങ്ങള്‍ എണ്ണത്തില്‍ കുറവും (12) മിക്കവയും അസ്ഥിരവുമായിരുന്നു. എന്നാല്‍, അറുപതുകളില്‍ ജനാധിപത്യ രാജ്യങ്ങളുടെ എണ്ണം മുപ്പതായി വര്‍ധിച്ചു. പ്രശസ്തമായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് 2019-ല്‍ പുറത്തുവിട്ട ജനാധിപത്യ സൂചികയുടെ കണക്കനുസരിച്ച് ഇന്ന് ലോകത്ത് 167 രാജ്യങ്ങളില്‍ ഇരുപത്തിരണ്ടോളം രാജ്യങ്ങളെ മാത്രമേ പൂര്‍ണ്ണ ജനാധിപത്യ രാജ്യങ്ങള്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയുള്ളൂ. ലോകമെമ്പാടുമുള്ള ധാരാളം സര്‍ക്കാരുകള്‍ ജനാധിപത്യ വിരുദ്ധപ്രവണതകളാണ് പ്രകടിപ്പിക്കുന്നത്. ഇക്കണോമിസ്റ്റ് വാരിക ഈ പട്ടിക തയ്യാറാക്കിയത് പ്രസ്തുത രാജ്യങ്ങളുടെ സര്‍ക്കാരുകളുടെ രാഷ്ട്രീയ സംസ്‌കാരം, തിരഞ്ഞെടുപ്പ് പ്രക്രിയ, പൗരാവകാശങ്ങള്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നിവ നിരീക്ഷിച്ച് വിലയിരുത്തിയതിന് ശേഷമായിരുന്നു.
ഇവയില്‍ ഓരോന്നിലും ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ നാലായി തിരിക്കുകയായിരുന്നു. പൂര്‍ണ്ണ ജനാധിപത്യം, അപര്യാപ്തമായ ജനാധിപത്യം, ജനാധിപത്യ ഏകാധിപത്യ സങ്കരം, ഏകാധിപത്യം എന്നിങ്ങനെയാണാ തരംതിരിവ്. ജനാധിപത്യ മുന്‍നിര രാജ്യങ്ങളായിരുന്ന അമേരിക്ക മുതല്‍ ഇന്ത്യ വരെയുള്ള പല രാജ്യങ്ങളിലെയും ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഏറെ ആശങ്കപ്പെടേണ്ടതുണ്ട്. അപര്യാപ്ത ജനാധിപത്യത്തിലാണ് ഇന്ന് ഇന്ത്യയുടെയും അമേരിക്കയുടെയും സ്ഥാനം. സൂചികയനുസരിച്ച് അമേരിക്കയുടേത് 25 ആണെങ്കില്‍ ഇന്ത്യയുടേത് 51-ാം സ്ഥാനമാണ്.
ലോക രാഷ്ട്രീയത്തിലെ സമീപകാല ചലനങ്ങള്‍ വിലയിരുത്തിയാല്‍ കൂടുതല്‍ ആപല്‍ക്കരമായ ഫാസിസ്റ്റ് ചായ്‌വുള്ള അവസ്ഥയിലേക്ക് പല രാജ്യങ്ങളും നീങ്ങിയതായി കാണാം. അമേരിക്കയിലും ഇന്ത്യയിലുമെല്ലാം സ്വേച്ഛാധിപതിയുടെ ആവരണം ധരിച്ച ഭരണാധികാരികള്‍ എങ്ങനെയാണ് നാസി പ്രസ്ഥാനവുമായി അടുത്ത് നില്‍ക്കുന്നത് എന്ന് പരിശോധിക്കാന്‍ ഫാസിസത്തിന്റെ വംശീയവും ഭിന്നിപ്പിക്കുന്നതുമായ ചരിത്രം പരിശോധിച്ചാല്‍ മതി. ഫാസിസം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല, മറിച്ച് അധികാരം പിടിച്ചെടുക്കാനും കൈവശം വയ്ക്കാനുമുള്ള സമീപനമാണ്. ഒരൊറ്റ അട്ടിമറിയിലൂടെ പെട്ടെന്നല്ല ഫാസിസ്റ്റുകള്‍ അധികാരത്തില്‍ വരുന്നത്; മറിച്ച്, ജനാധിപത്യ പ്രക്രിയയുടെ നിയമങ്ങള്‍ പാലിക്കുന്നതായി തോന്നിക്കും വിധം സമര്‍ഥമായ ചുവടുവെപ്പുകളിലൂടെയാണ് അവര്‍ അധികാരത്തിലേറുന്നത്. നിയമവിരുദ്ധവും ജനാധിപത്യപരവുമായ മാര്‍ഗങ്ങള്‍ സമന്വയിപ്പിച്ച ഹിറ്റ്‌ലറുടെ അധികാരത്തിലേക്കുള്ള ഉയര്‍ച്ചയില്‍ ഇത് വളരെ വ്യക്തമാണ്. അവിശ്വസ്തരായ ജീവനക്കാരെ സിവില്‍ സര്‍വീസില്‍ നിന്ന് ഒഴിവാക്കിയ ശേഷമാണ് ഹിറ്റ്‌ലര്‍ ഏകാധിപത്യ ഭരണകൂടം അരക്കിട്ടുറപ്പിച്ചതെന്ന് കാണാം.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയത്തിന്റെ ഒരുപൊതു സവിശേഷതയായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യത്തിന് പ്രതിരോധം തീര്‍ത്തതിനെ അഭിമാനത്തോടെ തിരിഞ്ഞുനോക്കുന്ന ഒരു രാജ്യമായ ബ്രിട്ടനില്‍ പോലും ഇത് കാണാന്‍ കഴിയും. ഹിറ്റ്‌ലറുടെ മീശയും മുസ്സോളിനിയുടെ സ്വാഭാവ രീതികളുമുള്ള വിചിത്രനായ വ്യക്തിയായി വിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷുകാരനായ സര്‍ ഓസ്വാള്‍ഡ് മോസ്ലിയാണ് അന്ന് (1936) ബ്രിട്ടീഷ് യൂണിയന്‍ ഓഫ് ഫാസിസ്റ്റ് എന്ന ഫാസിസ്റ്റ് രാഷ്ടീയ പ്രസ്ഥാനം സ്ഥാപിച്ചത്. പൊതുമേഖലയില്‍ നിക്ഷേപത്തിനുള്ള അവസരം, സാമ്പത്തിക പരിരക്ഷണം, വിദേശികള്‍ക്കെതിരെ നടപടി എന്നിങ്ങനെയായിരുന്നു അയാളുടെ വാഗ്ദാനങ്ങള്‍. പല രാജ്യങ്ങളും സമാനമായ ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യയില്‍, ഹിന്ദുത്വവാദികള്‍ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും മാതൃകയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി. സ്‌പെയിന്‍, ഐസ്‌ലാന്റ്, റൊമാനിയ, ചെക്കോസ്ലോവാക്യ, അമേരിക്ക എന്നിവിടങ്ങളില്‍ പോലും ഫാസിസ്റ്റ് ഗ്രൂപ്പുകള്‍ ഉയര്‍ന്നുവന്നു.
ജോലികള്‍, കുടിയേറ്റം, അസംതൃപ്തരായ രാഷ്ട്രീയക്കാര്‍ എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്ക് പരിഹാരം വാഗ്ദാനം ചെയ്താണ് ഫാസിസ്റ്റുകള്‍ പലപ്പോഴും അധികാരത്തിലെത്തുന്നത്. ഉദാഹരണത്തിന്, മുസ്സോളിനിയുടെ കാര്യം; പല ഇറ്റലിക്കാരും തങ്ങളുടെ രാജ്യത്തിന്റെ അന്നത്തെ അവസ്ഥയില്‍ നിരാശരാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഇറ്റലിക്കാരെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന മുതലാളിമാര്‍, അവരുടെ സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബോള്‍ഷെവിക്കുകള്‍, വെറുതെ സംസാരിക്കുകയും എന്നാല്‍ ഒന്നും ചെയ്യാതിരിക്കുന്ന രാഷ്ട്രീയക്കാര്‍ ഇവരെയും അത് പോലെ ഒന്നിനും കൊള്ളാത്ത 35,000-ത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നീക്കംചെയ്ത് ‘ചതുപ്പുനിലം വൃത്തിയാക്കാമെന്ന’ വാഗ്ദാനത്തിലൂടെയാണ് മുസ്സോളിനി അന്ന് അധികാരത്തിലേറിയത്.
ഇന്ന് നമുക്ക് ചുറ്റും നോക്കുമ്പോള്‍, ഭരണകൂടങ്ങള്‍ ഫാസിസവുമായി പൂര്‍ണ്ണമായും ആലിംഗനം ചെയ്യുന്നതിന്റെ പല അടയാളങ്ങളും കാണാം. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ പരിപൂര്‍ണ്ണ ജനാധിപത്യ വിരുദ്ധ പ്രസിഡന്റായി വിശേഷിപ്പിക്കാവുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഇലക്ഷന്‍ പ്രചാരണ രീതികളും ഫാസിസ്റ്റ് മാതൃകയിലായിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ മോഷണത്തിന് പതിറ്റാണ്ടുകളായി അമേരിക്ക ഇരയാക്കപ്പെടുകയായിരുന്നു എന്നായിരുന്നു ട്രംപ് വ്യാപകമായി അഴിച്ചുവിട്ട പ്രചാരണം. അതിന്റെ ഫലമായാണ് അമേരിക്കയില്‍ ഫാക്ടറികള്‍ അടച്ചു പൂട്ടിയതെന്നും, ജോലികള്‍ വിദൂര രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെട്ടതെന്നും ട്രംപ് അമേരിക്കന്‍ ജനതയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇരയാക്കപ്പെടുന്നതിനെതിരായുള്ള വോട്ടഭ്യര്‍ഥനയോടെ തിരഞ്ഞെടുപ്പുകാലത്ത് ട്രംപ് നടത്തിയ വാചാടോപങ്ങള്‍ വിലയിരുത്തിയാല്‍ ആര്‍ക്കും ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരത്തിലേക്ക് വന്നത് ഇത് പോലുള്ള വാഗ്ദാനങ്ങളിലൂടെയായിരുന്നു. മനുഷ്യരെ ശ്രേണീപരമായി മാസ്റ്റര്‍ റേസുകളായും താഴ്ന്ന വംശങ്ങളായും വിഭജിച്ചിരിക്കുന്നു എന്ന നുണയാണ് ഫാസിസ്റ്റ് വംശീയത മുന്നോട്ട് വെക്കുന്നത്. ദുര്‍ബലരായ വംശജര്‍ ശ്രേഷ്ഠരായവരെ കീഴടക്കാന്‍ ലക്ഷ്യമിടുന്നുവെന്നും അതുകൊണ്ടു തന്നെ ദുര്‍ബലര്‍ക്കെതിരെ സംഘടിക്കേണ്ടതുണ്ടെന്നുമുള്ള തികച്ചും ഭ്രാന്തമായ ഫാന്റസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഫാസിസ്റ്റ് തത്വശാസ്ത്രം. ഫാസിസത്തെ ഒരു കേവല നുണയായി വേണം വിശേഷിപ്പിക്കാന്‍. ഭയാനകമായ രാഷ്ട്രീയ ഫലങ്ങളുള്ള ഒരു നുണ.
ഫാസിസ്റ്റുകള്‍ ബോധപൂര്‍വം നുണകളെ യാഥാര്‍ഥ്യമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഒരു ആധുനിക സ്വേച്ഛാധിപത്യ ഭരണം സ്ഥാപിക്കാനായി ജനാധിപത്യത്തെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുക എന്നതാണ് ഫാസിസത്തിന്റെ പ്രാഥമിക ലക്ഷ്യം. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍, സ്വതന്ത്ര മാധ്യമങ്ങളുടെ വായടക്കുകയും നിയമവാഴ്ച പൂര്‍ണമായും നശിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ലക്ഷണം ഭിന്നിപ്പിക്കലാണ്. ഒരു ജനതയെ ‘നാം’ എന്നും ‘അവര്‍’ എന്നും വേര്‍തിരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ജനങ്ങളുമായും രാജ്യവുമായും ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നതായ ഒരു നേതാവിനെ പ്രതിഷ്ഠിച്ചുകൊണ്ട് പ്രസ്തുത നേതൃത്വത്തെ ഒരു ദിവ്യമായ തലത്തില്‍ അമാനുഷിക പരിവേഷം നല്‍കി പ്രതിഷ്ഠിക്കുകയാണ് ഫാസിസം ചെയ്യുന്നത്. ഇന്ത്യയിലും ഈ ലക്ഷണങ്ങള്‍ ഇന്ന് പ്രകടമായിതന്നെ കാണാന്‍ സാധിക്കും.
1919-ല്‍ ഇറ്റലിയിലാണ് ഫാസിസം ഔദ്യോഗികമായി സ്ഥാപിതമായെങ്കിലും പിന്നീട് അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ലോകമെമ്പാടും പടരുകയായിരുന്നു. ജപ്പാന്‍, ബ്രസീല്‍, ജര്‍മനി, അര്‍ജന്റീന, ഇന്ത്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കെല്ലാം ഫാസിസം പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ തീവ്ര, അക്രമ, വംശീയ രാഷ്ട്രീയം പടര്‍ന്നു. ഈ രാജ്യങ്ങളിലെല്ലാം അത് വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പതിപ്പുകള്‍ ലോകത്ത് ജനാധിപത്യത്തിലൂടെയാണ് പുനര്‍ജ്ജനിക്കുന്നത്. അവരുടെ വമ്പന്‍ നുണകള്‍ വിരിഞ്ഞു വീഴുന്നത് സത്യാനന്തര രാഷ്ട്രീയത്തിലേക്കാണ്. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രസ്തുത നുണകളുടെ പ്രചാരത്തിലൂടെ ഭ്രമാത്മകമായ ഒരവബോധം ജനങ്ങളിലുണ്ടാക്കുകയാണ് സത്യാനന്തര രാഷ്ട്രീയം ചെയ്യുന്നത്. ജനങ്ങളില്‍ കൃത്രിമമായ വൈകാരികത ഉണര്‍ത്തി വിട്ട് ഇത് രാഷ്ട്രീയമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണിവര്‍ ചെയ്യുന്നത്. മോദിയും ട്രംപുമെല്ലാം ചെയ്യുന്നതും ഇതു തന്നെയാണ്.
വിദ്വേഷം, മതഭ്രാന്ത്, ഗീബല്‍സിയന്‍ പ്രചാരണങ്ങള്‍, വിയോജിപ്പ്, ജാതിയുടെയും മതത്തിന്റെയും വംശീയതയുടെയും പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഇങ്ങനെയുള്ള വലതുപക്ഷ തീവ്രവാദവത്ക്കരണത്തിനെതിരെ ശക്തമായ പ്രതിരോധ നിരയും ഐക്യവും ഉയര്‍ന്നു വരണമെങ്കില്‍ ജനങ്ങള്‍ക്ക് ഫാസിസത്തിന്റെ അപകടങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. അതോടൊപ്പം തൊഴിലാളിവര്‍ഗത്തിന്റെയും സാധാരണക്കാരന്റെയും അസംതൃപ്തിയുടെയും ഉത്കണ്ഠയുടെയും തിരമാലകള്‍ക്കിടയിലും വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകള്‍കൊണ്ട് തെരുവുകളെ വംശീയമായി പ്രചോദിപ്പിക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നു എന്നതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജനാധിപത്യം ബലാല്‍ക്കാരമായി അപഹരിക്കപ്പെടുന്നതില്‍നിന്നും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളെ രക്ഷിക്കാനാവൂ