ചിരിയും കരച്ചിലും ഖുര്‍ആനിക വീക്ഷണം അബ്ദുല്‍അലി മദനി
ചിരിയും കരച്ചിലും ദൈവിക ദൃഷ്ടാന്തങ്ങളില്‍പെട്ട രണ്ട് പ്രതിഭാസങ്ങളാണ്. തികച്ചും വ്യത്യസ്തമായ അനുഭൂതികള്‍. ഈ വികാരങ്ങള്‍ രണ്ടും നഷ്ടപ്പെടുന്ന അവസ്ഥ മനുഷ്യന് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ മനുഷ്യന്‍ ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന അത്രതന്നെ കരയാന്‍ ആഗ്രഹിക്കുന്നില്ല. ചിരിമത്സരം സംഘടിപ്പിക്കുന്ന പോലെ കരച്ചില്‍ മത്സരം നടത്താറുണ്ടോ? മനുഷ്യന് കരയാന്‍ ഇഷ്ടമില്ല എന്നതാണു കാരണം. എങ്കിലും മനുഷ്യന്‍ ചിരിക്കുകയും കരയുകയും വേണം. അതാണ് സ്രഷ്ടാവിന്റെ നിശ്ചയം. ഖുര്‍ആന്‍ പറയുന്നു: ”അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തത്” ”നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്നു; നിങ്ങള്‍ കരയുന്നില്ല. നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയാണോ?” അതായത് വരാനിരിക്കുന്ന ഭയാനകമായ നിമിഷങ്ങളെപ്പറ്റി അശ്രദ്ധരായി ചിരിയും കളിയും തമാശയുമായി കഴിച്ചുകൂട്ടുകയാണോ എന്നാണ് ഈ സന്ദര്‍ഭത്തിലെ ഉദ്ദേശ്യം.
എന്നാല്‍ ചിരിക്കുന്നതിലും ചിരിപ്പിക്കുന്നതിനും ഒരു മറുവശമുണ്ട്. കള്ളച്ചിരി, പരിഹാസച്ചിരി, പൊട്ടിച്ചിരി, പുഞ്ചിരി എന്നിവയെല്ലാം ഒരു പോലെയാണോ? ചിരികളില്‍ ചിലത് കപടത പ്രകടിപ്പിക്കാനുള്ളതാണ്. മറ്റുള്ളവരെക്കൂടി കബളിപ്പിക്കാനാണ് കള്ളച്ചിരി. താന്‍ മെച്ചപ്പെട്ടവനും ഉന്നത നിലവാരത്തിലുള്ളവനുമാണെന്ന് കരുതി തന്നേക്കാള്‍ കഴിവു കുറഞ്ഞവനെ കളിയാക്കിച്ചിരിക്കുന്ന ചിലരുണ്ട്. അവരെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും കുറ്റകൃത്യത്തിലേര്പ്പെടുന് നവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടുനോക്കുമായിരുന്നു.” (83:29,30) ഇതിനായി അവരെ പ്രേരിപ്പിച്ചിരുന്നത് അവര്‍ നല്ല വഴിയിലും സത്യവിശ്വാസികള്‍ വഴികേടിലുമാണെന്ന ചിന്തയാണ്.
”അവരെ അവര്‍ കാണുമ്പോള്‍ തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു” (83:32). അല്ലാഹുവോട് മാത്രമേ പ്രാര്‍ഥിക്കാവൂ എന്നും അവനിലേക്ക് അടുക്കാന്‍ ഇടയാളന്മാര്‍ ആവശ്യമില്ലന്നും പറയുന്നവരെ ഇസ്‌ലാമിന്റെ പുറത്തും, അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടില്ലാത്തതും സ്വഹാബത്ത് പ്രവര്‍ത്തിക്കാത്തതുമായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ ഇസ്‌ലാമിന്റെ അകത്തുമായി ചിത്രീകരിക്കാറുള്ളതുപോലെയാണത്.
സത്യവിശ്വാസികള്‍ അവിശ്വാസികളെ നോക്കി ചിരിക്കും. പക്ഷേ അത് ഇവിടെ വെച്ചല്ലെന്നുമാത്രം. ”എന്നാല്‍ അന്ന് (ഖിയാമതുനാളില്‍) സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കിച്ചിരിക്കുന്നതാണ്.” (83:34)
വിശുദ്ധ ഖുര്‍ആനില്‍ കരച്ചിലുമായി ബന്ധപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ചിരി സംബന്ധിച്ചാണ് പറയുന്നത്. എന്നാല്‍ കൂടുതല്‍ കരയാനും കുറച്ചുമാത്രം ചിരിക്കാനും ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. ”അതിനാല്‍ അവര്‍ അല്പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ. അവര്‍ ചെയ്തുവെച്ചതിന്റെ ഫലമായിട്ട്”(9:82)
ചിരിയില്‍ കാപട്യം ഒളിപ്പിക്കുംപോലെ കരച്ചിലിലും കാപട്യം കലരാറുണ്ട്. പ്രവാചകനായിരുന്ന യൂസുഫ് നബി(അ)യുടെ സഹോദരന്മാര്‍ പിതാവായ യഅ്ഖൂബ് നബി(അ)യുടെ അടുക്കല്‍ ചെന്ന് കരഞ്ഞത് അപ്രകാരമാണ്. ”അവര്‍ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞുകൊണ്ട് ചെന്നു” (12:16). ഇവിടെ അവര്‍ കരഞ്ഞത് ദു:ഖഭാരം കൊണ്ടായിരുന്നില്ല.
പ്രവാചകന്മാരും സദ്‌വൃത്തരുമെല്ലാം ചിരിയെക്കാള്‍ കരച്ചിലിനാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. കാരണം മനുഷ്യജീവിതത്തെ കഴുകിവൃത്തിയാക്കി വിശുദ്ധനാക്കാനുള്ള മാര്‍ഗം ചിരിച്ചുല്ലസിക്കലല്ല, മറിച്ച് മരണാനന്തര ജീവിതത്തിലെ ഭയാനകതകളെക്കുറിച്ചുള്ള ഓര്‍മ മൂലമുണ്ടാകുന്ന തേങ്ങലുകളും കണ്ണീര്‍ പൊഴിക്കലുമാണ്. പ്രവാചകന്മാരായിരുന്ന ഇബ്‌റാഹീം(അ), മൂസാ(അ), ഹാറൂന്‍(അ), ഇസ്മാഈല്‍(അ), ഇദ്‌രീസ്(അ), നൂഹ്(അ), യഅ്ഖൂബ്(അ) തുടങ്ങിയവരെ അനുസ്മരിച്ചശേഷം ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്മാരത്രെ അവര്‍” (19:58). തുടര്‍ന്ന് പറയുന്നു: ”പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പ്പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്”(19:58)
കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയരായ പ്രവാചകന്മാരെ ചൂണ്ടിക്കാണിച്ചുകൊണ്ട് അല്ലാഹു അവര്‍ ധാരാളം അനുഗ്രഹം നല്‍കപ്പെട്ടവരാണെന്ന് പറയുമ്പോള്‍ അതില്‍നിന്ന് ഒരു കാര്യം പ്രത്യേകം പഠിച്ചെടുക്കേണ്ടതായിട്ടുണ്ട്. പരീക്ഷണങ്ങളുടെ തീജ്വാലയില്‍ ഞെരഞ്ഞമരുമ്പോള്‍ അതിനെയെല്ലാം ദൈവനിശ്ചയമായി കാണാനുള്ള മനക്കരുത്തും ദൃഢനിശ്ചയവുമാണ് വിശ്വാസിക്കുണ്ടാവേണ്ടത്. ഇഹലോക ജീവിതത്തിലെ സുഖങ്ങളും ആഡംബരങ്ങളുമല്ല യഥാര്‍ഥ അനുഗ്രഹം, മറിച്ച്, പരലോക മോക്ഷം കൈവരിക്കുകയെന്നതാണ്. അതാണിവിടെ അനുഗ്രഹിക്കപ്പെട്ടവര്‍ എന്നതുകൊണ്ടുദ്ദേശ്യം. പ്രവാചകന്മാര്‍, ശുഹദാക്കള്‍, സദ്‌വൃത്തര്‍ തുടങ്ങിയവരെല്ലാം ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവരാണ്.
സത്യവിശ്വാസികള്‍ കരഞ്ഞുകൊണ്ട് മുഖംകുത്തിവീഴുകയും അതവര്‍ക്ക് വിനയം വര്‍ധിപ്പിക്കുകയും ചെയ്യും എന്നുതന്നെയാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത് (17:109). പരലോകത്ത് മഹ്ശറില്‍ ഒരുമിച്ചു കൂടുന്നവരില്‍ ഏഴ് വിഭാഗം ആളുകള്‍ക്ക് പ്രത്യേകം ആശ്വാസവും തണലും നല്‍കപ്പെടുമെന്ന് പ്രവാചകന്‍(സ) വിശദമാക്കിയതില്‍ ഒരു വിഭാഗം തങ്ങള്‍ പ്രവര്‍ത്തിച്ച കുറ്റകൃത്യങ്ങള്‍ അല്ലാഹുവോട് ഏറ്റുപറഞ്ഞു കരയുന്നവരാണ്. നബി(സ) ഒരുദിവസം രാത്രി നമസ്‌കാരത്തില്‍ ”നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തമാനും” (5:118) എന്ന അര്‍ഥം വരുന്ന മേലുദ്ധരിച്ച ആയത്ത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓതിക്കൊണ്ട് കരഞ്ഞിരുന്നു എന്ന് കാണാം.
ഖുര്‍ആന്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രവാചകന്‍(സ) കരയാറുണ്ടായിരുന്നു. ഒരിക്കല്‍ നബി(സ) ഇബ്‌നുമസ്ഊദി(റ)നോട് താങ്കള്‍ എനിക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കാമോ എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: പ്രവാചകരേ അങ്ങേക്കു തന്നെയല്ലേ ഈ ഖുര്‍ആന്‍ അവതരിച്ചത്. പിന്നെ ഞാന്‍ ഓതിക്കേള്‍പ്പിക്കേണ്ടതുണ്ടോ. പ്രവാചകന്‍ പ്രതിവചിച്ചു: ഞാന്‍ മറ്റുള്ളവരില്‍ നിന്ന് അത് കേള്‍ക്കാനാഗ്രഹിക്കുന്നു. ഇബ്‌നുമസ്ഊദ്(റ) സൂറതുന്നിസാഅ് ഓതിക്കേള്‍പ്പിച്ചു. നിസാഇലെ 41-ാം വചനമെത്തിയപ്പോള്‍ പ്രവാചകന്‍ നിര്‍ത്താന്‍ പറഞ്ഞു. ഇബ്‌നുമസ്ഊദ്(റ) പ്രവാചകനെ നോക്കിയപ്പോള്‍ കണ്ടത് പ്രവാചകന്റെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നതാണ്. ഫകൈഫ ഇദാ ജിഅ്‌നാമിന്‍ കുല്ലി ഉമ്മത്തിന്‍…… എന്ന ആയത്തായിരുന്നു പ്രവാചകനെ കരയിപ്പിച്ചത്.
നബിതിരുമേനി ഒരിക്കലും ഐഹിക വിഭവങ്ങളുടെ കുറവിനാല്‍ വെപ്രാളപ്പെട്ടിരുന്നില്ല. ഐശ്വര്യത്തില്‍ മതിമറക്കുകയും ചെയ്തിരുന്നില്ല. അല്ലാഹു നല്‍കിയതില്‍ സംതൃപ്തനായി അല്ലാഹുവോട് നന്ദി പ്രകാശിപ്പിക്കുകയും അല്ലാഹു നല്‍കിയിട്ടില്ലാത്തതില്‍ വ്യാകുല ചിത്തനാകാതിരിക്കുകയുമാണ് സദ്‌വൃത്തരുടെ മാതൃക.