ചര്‍ച്ച വേണമെങ്കില്‍ ഉപരോധം മാറ്റണമെന്ന് ഇറാന്‍
തങ്ങളുമായി ചര്‍ച്ചനടത്താനുള്ള യു എസിന്റെ ആഗ്രഹത്തെ തങ്ങള്‍ മാനിക്കുന്നെന്നും, എന്നാല്‍ ചര്‍ച്ച വേണമെങ്കില്‍ ആദ്യം ഉപരോധം പിന്‍വലിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അഭിപ്രായപ്പെട്ടു. ഉപരോധം കൊണ്ട് തങ്ങളെ വരിഞ്ഞ് മുറുക്കിക്കളയാമെന്ന യു എസിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്നും ഇറാന്‍ നേരത്തെ പറഞ്ഞിരുന്നു. തങ്ങള്‍ക്കെതിരെ ഒരു യുദ്ധത്തിന് അമേരിക്ക തയാറാകില്ലെന്ന് തന്നെയാണ് തങ്ങളുടെ വിശ്വാസമെന്നും ഇറാന്‍ പറഞ്ഞിരുന്നു. ആരോഗ്യ മേഖലയിലേക്ക് കൂടി യു എസ് ഉപരോധം വ്യാപിപ്പിക്കുകയും മരുന്നുകളും ആരോഗ്യ രംഗത്തെ മറ്റ് അവശ്യ വസ്തുക്കളും ലഭിക്കാതെ ഇറാന്റെ ആരോഗ്യ മേഖല പ്രയാസപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് ഇറാന്‍ പ്രസിഡന്റ് രാജ്യത്തിന്റെ തീരുമാനം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്. വിദേശ കാര്യ മന്ത്രി ജവാദ് സരീഫുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് റൂഹാനി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 2015ല്‍ അമേരിക്കയുമായി തങ്ങള്‍ ഉണ്ടാക്കിയ ആണവ കരാറിനെ പുതിയ ഭരണകൂടം ലംഘിക്കുകയും തങ്ങള്‍ക്ക്‌മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതിനെ ഒരു ഭീകര പ്രവര്‍ത്തനമായിട്ടാണ് ഇറാന്‍ മനസ്സിലാക്കുന്നതെന്നും ആ ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാത്ത അമേരിക്കയുമായി ഒരു ചര്‍ച്ചയും വേണ്ടെന്നുമാണ് തങ്ങളുടെ നിലപാട്. റൂഹാനി വ്യക്തമാക്കി. ഇറാനെ പരമാവധി സമ്മര്‍ദത്തിലാക്കുന്നതോടെ ഇവിടെ ഒരു ഭരണമാറ്റമുണ്ടാകുമെന്നാണ് ട്രംപ് കരുതുന്നതെങ്കില്‍ അത് ട്രംപിന്റെ തെറ്റായ ഒരു ധാരണ മാത്രമാണെന്നും റൂഹാനി പറഞ്ഞു.