ചരിത്രത്തെ തലകുത്തി നിര്‍ത്തുന്ന സംഘപരിവാര്‍ സജീവന്‍
ഗാന്ധിവധക്കേസിലെ ഏഴാം പ്രതിയും ഹിന്ദുമഹാസഭയുടെ നേതാവുമായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌ക്കാരം നല്‍കാനുള്ള മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ബി ജെ പി പ്രകടന പത്രികയിലെ വാഗ്ദാനം മതേതര വിശ്വാസികളില്‍ ഉല്‍കണ്ഠ ഉളവാക്കുന്നതാണ്. ശ്രീബുദ്ധനു ശേഷം ഇന്ത്യ ലോകത്തിനു നല്‍കിയ ഏറ്റവും വലിയ അഹിംസാ വാദിയാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ ജന്മദിനം അക്രമങ്ങള്‍ക്കും ഭീകരതക്കും എതിരെയുള്ള അന്തര്‍ദേശീയ ദിനമായി ഐക്യരാഷ്ട്ര സംഘടന ലോകമെമ്പാടും ആചരിക്കുമ്പോള്‍ ആ മഹാത്മാവിന്റെ ഘാതകനായ മതഭീകരനെ വീരപരിവേഷം നല്‍കി മഹത്വവത്കരിക്കുന്നത് ലോകചരിത്രത്തിലെ തന്നെ അത്യപൂര്‍വ്വമായ വിരോധാഭാസമാണ്. ബി ജെ പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി ഹഡ്ഢയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സവര്‍ക്കര്‍ക്ക് ഭാരതരത്‌നം കൊടുക്കുന്നതില്‍പരം എന്ത് അപമാനമാണ് രാഷ്ട്രപിതാവിനോട് ചെയ്യുവാനുള്ളത്. പ്രകടനപത്രിക പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് മഹാരാഷ്ട്രയിലെ അകോളയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി മോഡി സവര്‍ക്കറെ വാനോളം പ്രശംസിക്കുകയും രാഷ്ട്ര നിര്‍മ്മിതിയുടെ അടിത്തറയായി ദേശീയത രൂപപ്പെടുത്തിയത് സവര്‍ക്കറാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്ന് ശക്തമായി വാദിച്ച ഹിന്ദുത്വവാദിയാണ് സവര്‍ക്കര്‍. നാഗ്പൂരില്‍ വെച്ചു നടന്ന ഇത്തവണത്തെ വിജയദശമി ദിനപ്രസംഗത്തില്‍ ആര്‍എസ്എസ് പരമാധ്യക്ഷന്‍ മോഹന്‍ ഭാഗവത് ഹിന്ദുരാഷ്ട്ര ലക്ഷ്യം ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറഞ്ഞിരുന്നു. അപ്പോഴാണ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി സവര്‍ക്കറെ ആദരിക്കുവാനുള്ള ബി ജെ പിയുടെ പ്രഖ്യാപനം.
അടുത്ത റിപ്പബ്ലിക് ദിനത്തില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുവാനാണ് നീക്കം നടക്കുന്നത്. ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖിന് കഴിഞ്ഞ തവണ ഭാരതരത്‌നം നല്‍കിയിരുന്നു. മോഡി ഭരണത്തിന്റെ മുഖ്യ ലക്ഷ്യം ഹിന്ദു രാഷ്ട്രമാണ്. ആ ലക്ഷ്യത്തിന്റെ മറയില്ലാത്ത പ്രഖ്യാപനമായിരുന്നു കഴിഞ്ഞ വിജയദശമി ദിനത്തിലെ ആര്‍എസ്എസ് തലവന്റെ നാഗ്പൂര്‍ പ്രസംഗം. ഇന്ത്യന്‍ ദേശീയതയുടെ മതേതര മുഖം മായിച്ച് ഹിന്ദുത്വ മുഖം നല്‍കുവാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതു സാധ്യമാകണമെങ്കില്‍ ഗാന്ധിയെയും നെഹ്‌റുവിനെയും പോലുള്ള മഹാരഥന്മാരെ തമസ്‌ക്കരിക്കുകയും സവര്‍ക്കറെയും ഗോഡ്‌സെയെയും പോലുള്ളവരെ മഹത്വവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനാണവര്‍ ഒരുമ്പെടുന്നത്.
കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിനുപകരം വി ഡി സവര്‍ക്കറുടെ ചിത്രം ആലേഖനം ചെയ്യണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദുമഹാസഭ കേന്ദ്ര ഗവണ്‍മെന്റിനെ സമീപിച്ചിരുന്നു, അതിന് അവര്‍ കാരണം കാണുന്നത് സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നുവെന്നതാണ്. സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിരുന്നുവെന്നുള്ളത് വാസ്തവം തന്നെ.
എന്നാല്‍ അദ്ദേഹത്തെ തടവിലിട്ടിരുന്ന ആന്‍ഡമാന്‍ ജയിലില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്താണ് രക്ഷപ്പെട്ടത് എന്നുള്ളത് ഒരു വസ്തുതയാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന് മാപ്പെഴുതിക്കൊടുക്കുക മാത്രമല്ല തടവറയില്‍ നിന്നും മോചിതനായാല്‍ ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും നിരവധി പോരാളികളെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചു കൊള്ളാമെന്നും കൂടി എഴുതിനല്‍കുവാന്‍ തയ്യാറായ അദ്ദേഹത്തിന് വീരപരിവേഷം നല്‍കി വിളിക്കുന്നത് വീര സവര്‍ക്കര്‍ എന്നാണ്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുത്ത് ജയില്‍ വിമുക്തനായ അദ്ദേഹമെങ്ങനെ വീര സവര്‍ക്കറാകും. യഥാര്‍ഥത്തില്‍ വിളിക്കേണ്ടത് ഭീരു സവര്‍ക്കര്‍ എന്നാണ്.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ ഒരുപങ്കും പറയാനില്ലാത്തവര്‍ മുക്കുപണ്ടങ്ങളെ പവിഴമുത്തുകളായി അവതരിപ്പിച്ച് ചരിത്രം മാറ്റി കുറിക്കുകയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതുവരെ അവര്‍ക്കെതിരെ ഒരക്ഷരം ഉരിയാടാതെ നിശബ്ദത പാലിച്ചവര്‍ സ്വാതന്ത്ര്യം നേടി ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ സര്‍വ്വ സൈന്യാധിപന്റെ നെഞ്ചിനുനേരെ നിറയൊഴിക്കുകയാണുചെയ്തത്. നാഥുറാം ഗോഡ്‌സെയാണ് നിറയൊഴിച്ചതെങ്കിലും ആ അരുംകൊലയുടെ പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചത് ഏഴാം പ്രതിസ്ഥാനത്തുണ്ടായിരുന്ന സവര്‍ക്കറാണ്. ഗാന്ധിവധക്കേസിലെ 18 പ്രതികളില്‍ രണ്ടു പേരെ തൂക്കിലേറ്റുമ്പോഴും തലനാരിഴ വ്യത്യാസത്തിലാണ് സവര്‍ക്കര്‍ കൊലക്കയറില്‍നിന്നും രക്ഷപ്പെട്ടത്. ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ ശങ്കര്‍ കിസ്തയ്യയുടെ മൊഴിയില്‍ സവര്‍ക്കറുടെ പങ്ക് വ്യക്തമാകുന്നുണ്ടെങ്കിലും ആ മൊഴിയെ പിന്തുണക്കുന്ന സ്വതന്ത്രമായ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്നും കുറ്റവിമുക്തനാകപ്പെടുകയാണുണ്ടായത്. ഗാന്ധി വധക്കേസില്‍ ഗൂഢാലോചന അന്വേഷിക്കുവാന്‍ വേണ്ടി 1965 മാര്‍ച്ച് 22-ന് രൂപീകൃതമായ ജീവന്‍ലാല്‍ കപൂര്‍ കമ്മിഷന്‍ 1965 സെപ്റ്റംബര്‍ 30 ന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ സവര്‍ക്കറുടെ പങ്ക് സ്ഥിരീകരിച്ചിരുന്നു.
ഗാന്ധിവധക്കേസില്‍ നിന്നും സവര്‍ക്കര്‍ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നുവെങ്കിലും ഗാന്ധി വധത്തില്‍ സവര്‍ക്കറുടെ പങ്കും, പ്രേരണയും സുവ്യക്തമാണ്. കൊലപാതകം, കൊലപാതകശ്രമം, കൊലപാതകത്തിനുള്ള പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് 1948 ഫെബ്രുവരി അഞ്ചിന് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.ബിജെപി അധികാരത്തില്‍ വന്ന ഘട്ടങ്ങളിലെല്ലാം ഗാന്ധി വധക്കേസിലെ പ്രതികളെ മഹത്വവല്‍ക്കരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു 2002 ഡിസംബര്‍ 26. വി. ഡി സവര്‍ക്കറുടെ ഛായാ ചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അനാച്ഛാദനം ചെയ്തത് അന്നാണ്. എ. ബി വാജ്‌പെയ് ആയിരുന്നു അന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന അബ്ദുള്‍ കലാമിനെക്കൊണ്ടാണ് ആ കൃത്യം നിര്‍വഹിപ്പിച്ചത്. രാഷ്ട്രപിതാവിന്റെ ചിത്രത്തിന് അഭിമുഖമായി സ്ഥാപിച്ച ഗാന്ധി കൊലക്കേസിലെ ഏഴാം പ്രതിയുടെ ചിത്രം അനാച്ഛാദനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ഉള്ള് നടുങ്ങിയിരിക്കണം. പ്രതിപക്ഷ കക്ഷികള്‍ ആ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് അടക്കമുള്ള പല പ്രതിപക്ഷ കക്ഷികളുടെയും പിന്തുണയോടുകൂടി മത്സരിച്ച് വിജയിച്ച് പ്രസിഡന്റായ അബ്ദുള്‍ കലാമിനെ ആ കൃത്യത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയാതെ വന്നത് ഗാന്ധിജിയോട് ചെയ്ത ക്രൂരതയായിപ്പോയി.
ലോകത്ത് മഹാന്മാരായ അനവധി വ്യക്തികള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് രാഷ്ട്രപിതാവായ മഹാത്മജിയെ പോലുള്ള മഹാന്മാരെ കൊലചെയ്ത ഘാതകരെ മഹത്വവല്‍ക്കരിച്ച് ആദരിക്കുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുവാന്‍ ഒരുമ്പെട്ടവര്‍ക്ക് തടസമായി നിന്നത് മഹാത്മജിയുടെ നിലപാടുകളാണ്. അതിനാലാണ് അവര്‍ അദ്ദേഹത്തെ ഇല്ലായ്മ ചെയ്തത്. ഗാന്ധിജി ഇന്നും ജനമനസുകളില്‍ ആരാധനാ ബിംബമാണ്. ആ ബിംബത്തിന്റെ ശോഭ കെടുത്തുവാന്‍ പ്രതിബിംബങ്ങളെ സൃഷ്ടിക്കലാണ് ഗാന്ധി ഘാതകരുടെ മഹത്വവല്‍ക്കരണം. ആ അജണ്ടയുടെ ഭാഗമാണ് സവര്‍ക്കര്‍ക്ക് ഭാരത രത്‌നം നല്‍കുന്നതും ഗോഡ്‌സെക്ക് അമ്പലം പണിയുന്നതും.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വച്ച് കഴിഞ്ഞ ദിവസം നടന്ന രാജ്യാന്തര സമ്മേളനത്തില്‍ ഇന്ത്യ ചരിത്രം തിരുത്തി എഴുതേണ്ടതുണ്ടെന്ന് ബിജെപി പ്രസിഡന്റും ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ അഭിപ്രായപ്പെടുകയും സവര്‍ക്കറെ വിമോചന നായകനായ വീരപുരുഷനായി അവതരിപ്പിക്കുകയും ചെയ്തു. ആര്‍എസ്എസിന്റെ മുന്‍ തലവനായ ബാലസാഹിബ് ദേവരാറ വാജ്‌പേയിയെ പറ്റി പറഞ്ഞത് ഇപ്രകാരമാണ്, ‘ആര്‍എസ്എസിന് രണ്ടു മുഖമുള്ളതില്‍ ഒരു മുഖം മാത്രമാണ് വാജ്‌പേയ്. യഥാര്‍ഥ മുഖം മറ്റൊന്നാണ്. യഥാര്‍ഥ മുഖമാണിപ്പോള്‍ തെളിഞ്ഞുവരുന്നത്’. ഇന്ത്യയില്‍ മതേതരത്വം നേരിടാന്‍ പോകുന്ന വലിയ വിപത്തിന്റെ സൂചനകളാണിതൊക്കെ.