15 Wednesday
January 2025
2025 January 15
1446 Rajab 15

ഖബറാളികളെ ആരാധ്യരാക്കുന്ന അതിവാദം അംഗീകരിക്കാവതല്ല – സി പി ഉമര്‍ സുല്ലമി


പെരിന്തല്‍മണ്ണ: ഏകദൈവവിശ്വാസത്തിന്റെ മൗലികതയെ വികലമാക്കുന്ന നവയാഥാസ്ഥിതികതക്കും മുഅ്ജിസത്തും കറാമത്തും ഖബ്‌റാളികളെ ആരാധ്യന്മാരാക്കുന്ന തീവ്ര യാഥാസ്ഥികതക്കുമെതിരിലുള്ള പോരാട്ടമാണ് സമകാലീന നവോത്ഥാന മുന്നേറ്റത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കേണ്ടതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅവ മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ആദര്‍ശ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഅ്ജിസത്ത് പ്രവാചകത്വത്തിന്റെ അടയാളവും കറാമത്ത് പരിശുദ്ധാത്മാക്കള്‍ക്കുള്ള ആദരവുമാണെന്നിരിക്കെ അത് വെച്ച് അവരെ സ്രഷ്ടാവാക്കുന്നത് തൗഹീദി ആദര്‍ശത്തോടുള്ള വെല്ലുവിളിയാണ്. മുഅ്ജിസത്തും കറാമത്തും യഥേഷ്ടം കൈകാര്യം ചെയ്യാമെന്നതും അത് വെച്ച് അസാധ്യമായതെന്തും അവരോട് വിളിച്ചു പ്രാര്‍ഥിക്കുന്നതും കുഫ്‌റും ശിര്‍ക്കുമാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ട് മുസ്‌ലിം സമുദായത്തെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കുന്നവര്‍ തൗഹീദിന്റെ ശുദ്ധമാര്‍ഗത്തിലേക്ക് തിരിച്ചു വരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കേരളീയ മുസ്‌ലിംകള്‍ കയ്യൊഴിഞ്ഞ ജിന്നുബാധയും പിശാചിനെ അടിച്ചിറക്കലും മാരണവും കൂടോത്രവുമെല്ലാം പുനരാനയിക്കുന്നവര്‍ നവോത്ഥാനത്തിന്റെ ശത്രുക്കളാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജാബിര്‍ അമാനി, അലി മദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, അബ്ദുല്‍കലാം ഒറ്റത്താണി, അബ്ദുല്‍ അസീസ് മദനി, ശമീര്‍ സ്വലാഹി, അബ്ദുല്‍കരീം സുല്ലമി, അബ്ദുല്‍ അസീസ്, വീരാന്‍ സലഫി, ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.

Back to Top