1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഖഫീല്‍ഖാന് എങ്ങനെ നീതി നല്‍കും? – അഹമ്മദ് ഹുസൈന്‍

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ 63 പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിന്റെ പേരില്‍ മരിച്ചു വീണത്. ഇവിടുത്തെ ഡോക്ടര്‍ ആയിരുന്ന ഖഫീല്‍ അഹമ്മദ് ഖാന്‍ സ്വന്തം നിലയില്‍ തന്റെ ക്ലിനിക്കില്‍ നിന്നും മറ്റു ആശുപത്രികളില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഠിന പ്രയത്‌നം നടത്തിയതോടെയാണ് കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.
കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെയും സര്‍ക്കാരിനെയും സമൂഹം വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ ഖാന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. പിന്നാലെ വാദി പ്രതിയാകുന്ന സ്ഥിതിവിശേഷമായി. ശിശുക്കളുടെ മരണത്തിന് ഉത്തരവാദി കഫീല്‍ ഖാനാണെന്ന് ആരോപിച്ച് യോഗി സര്‍ക്കാര്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുത്ത് ജയിലിലടക്കുകയും ചെയ്തു. ഒമ്പത് മാസങ്ങള്‍ ജയില്‍വാസമനുഷ്ഠിച്ചു. ഇപ്പോഴിതാ, സര്‍ക്കാരിന്റെ ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ശിശുക്കളുടെ മരണത്തിന് ഉത്തരവാദി ഖഫീല്‍ ഖാനല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നു.
അഴിമതി, ചികിത്സാ പിഴവ്, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നീ കുറ്റങ്ങളില്‍ നിന്നാണ് അന്വേഷണത്തിനൊടുവില്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. പതിവു പോലെ ബി ജെ പി സര്‍ക്കാര്‍ തങ്ങളെ വിമര്‍ശിക്കുന്നവരെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ജയിലിലടച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടെയും നടന്നിട്ടുള്ളത്. ഖാന് നഷ്ടപ്പെട്ട ദിവസങ്ങളും ജോലിയും ജീവിതവും തിരിച്ചുനല്‍കാന്‍ യോഗി സര്‍ക്കാരിനാവുമോ? കുറഞ്ഞ പക്ഷം അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് ജോലിയില്‍ തിരിച്ചെടുക്കാനും നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാനെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാരും അധികാരികളും തയാറാകണം.

Back to Top