3 Friday
January 2025
2025 January 3
1446 Rajab 3

കോപാന്ധരാകരുത് – പി മുസ്തഫ നിലമ്പൂര്‍

മനുഷ്യന്റെ ബുദ്ധിയെയും ചിന്താശേഷിയെയും മരവിപ്പിക്കുന്ന വികാരമാണ് കോപം. അക്രമത്തെ സൃഷ്ടിക്കുന്നത് കോപമാണ്. നമ്മുടെ ശത്രുവായ ഇബ്‌ലീസിന്റെ ഇഷ്ടവിനോദമാണ് നമ്മെ കുപിതനാക്കുകയെന്നത്. അതിലൂടെ തിന്മകളുടെ കവാടങ്ങളെ തുറക്കാമെന്ന് അവന്‍ തീരുമാനിക്കുന്നു. പൈശാചികമായ കോപത്തെ നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് സൂക്ഷ്മാലുക്കളുടെ സ്വഭാവമാണ്. അവനാണ് യഥാര്‍ഥ ശക്തന്‍ എന്ന് മുഹമ്മദ് നബി(സ) പറഞ്ഞു.
ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗം ലഭിക്കുന്നവരുടെ സ്വഭാവം പറഞ്ഞപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയത് ഇപ്രകാരമാണ്: ”സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്ക് (ഒരുക്കിവെക്കപ്പെട്ടതത്രെ അത്). സദ്കര്‍മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു.” (വി.ഖു 3:134)
നബി(സ) തന്റെ പ്രാര്‍ഥനയില്‍ ഇപ്രകാരം പറഞ്ഞിരുന്നു: ”അല്ലാഹുവേ, രഹസ്യജീവിതത്തിലും പരസ്യജീവിതത്തിലും നിന്നിലുള്ള ഭയത്തെ ഞാന്‍ ചോദിക്കുന്നു. സംതൃപ്തിയുള്ളപ്പോഴും കോപമുള്ളപ്പോഴും ശരിയായ വചനത്തെ ഞാന്‍ നിന്നോട് ചോദിക്കുന്നു. ഐശ്വര്യത്തിലും ദാരിദ്ര്യത്തിലും മിതത്വം പുലര്‍ത്താനും ഞാന്‍ നിന്നോട് (തൗഫീഖ്) തേടുന്നു” (നസാഈ 1305). അനാവശ്യകോപം പിശാചിന്റെ വിക്രിയയാണ്. അതിനാല്‍ കോപം വരുന്നവന്‍ പിശാചിന്റെ ഉപദ്രവത്തില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു: ”പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.” (വി.ഖു 7:200)
സുലൈമാനുബ്‌നു സുറദ്(റ) പറയുന്നു: ”ഞാന്‍ പ്രവാചക സന്നിധിയില്‍ ഇരിക്കുമ്പോള്‍ രണ്ടാളുകള്‍ തമ്മില്‍ കലഹിച്ചു. അവരില്‍ ഒരാളുടെ മുഖം ചുവന്നിരിക്കുകയും കണ്ഠനാഡി വികസിക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: ഒരു വചനം എനിക്കറിയാം. അതവന്‍ പറയുകയാണെങ്കില്‍ അവന്റെ കോപം വിട്ടുമാറുന്നതാണ്. (അഊദുബില്ലാഹി…) ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു എന്ന് അവന്‍ പറഞ്ഞിരുന്നുവെങ്കില്‍ അവനില്‍നിന്ന് കോപം ശമിക്കുന്നതാണ്. അപ്പോള്‍ അവര്‍ (സ്വഹാബികള്‍) അവനോട് പറഞ്ഞു: ഇസ്തിആദത് ചൊല്ലാന്‍ നബി(സ) പറഞ്ഞിരിക്കുന്നു.” (ബുഖാരി 3882, മുസ്‌ലിം 2610)
പ്രകോപനമുണ്ടാകുന്ന സാഹചര്യത്തില്‍ നിന്ന് മാറലാണ് മറ്റൊരു മാര്‍ഗം. അബുദ്ദര്‍റ്(റ) പറയുന്നു: നബി(സ) പറഞ്ഞു: നിങ്ങള്‍ നില്ക്കുന്ന അവസ്ഥയില്‍ കോപം വന്നാല്‍ ഇവന്‍ ഇരിക്കട്ടെ. എന്നിട്ടും കോപം നീങ്ങിയില്ലെങ്കില്‍ അവന്‍ ചെരിഞ്ഞുകിടക്കട്ടെ. (അഹ്മദ്, അബൂദാവൂദ്)
ദേഷ്യമുള്ള അവസ്ഥയില്‍ സംസാരിക്കുകയോ വിധിനടത്തുകയോ ചെയ്യരുത്. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: റസൂല്‍ (സ) പറഞ്ഞു: നിങ്ങളിലാര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ മിണ്ടാതിരിക്കട്ടെ. ഇത് നബി(സ) മുന്നൂതവണ ആവര്‍ത്തിച്ചു. (മുസ്‌നദ് അഹ്മദ് 2136)
അബീബകറത്(റ) പറയുന്നു: നബി(സ) പറഞ്ഞതായി ഞാന്‍ കേട്ടു. ഒരു വിധികര്‍ത്താവും താന്‍ കുപിതനായ നിലയില്‍ രണ്ടാളുകള്‍ക്കിടയില്‍ വിധി കല്പിക്കരുത്. (ബുഖാരി 7158, മുസ്‌ലിം 4587)
ക്ഷമയെ പ്രകാശമെന്നാണ് നബി(സ) വിശേഷിപ്പിച്ചിട്ടുള്ളത്. മറ്റൊരിക്കല്‍ അത് ഇബാദത്താണെന്ന് പറഞ്ഞു.
മുആദ്(റ) പറയുന്നു: നബി (സ) പറഞ്ഞു: കോപം പ്രാവര്‍ത്തികമാക്കാന്‍ കഴിവുണ്ടായിട്ടും ആരെങ്കിലും അത് ഒതുക്കി നിര്‍ത്തിയാല്‍ അന്ത്യനാളില്‍ അല്ലാഹു അവനെ പടപ്പുകളില്‍ നിന്ന് വിളിക്കുകയും സ്വര്‍ഗാവകാശികളില്‍ നിന്ന് അവനിഷ്ടപ്പെടുന്നവരെ തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നതുമാണ്. (തിര്‍മിദി 2022)
കോപത്തിന് മൂന്ന് തലങ്ങളുണ്ട്. തീരെ കോപിക്കാത്തവര്‍ കഴുതയെപോലെയാണ്. ധര്‍മത്തിനും സത്യത്തിനും നീതിക്കും വേണ്ടി കോപിക്കണം. അത് വ്യക്തിപരമായ കാര്യങ്ങളിലോ സഭ്യതയ്ക്ക് നിരക്കാത്ത നിലയിലോ ആകരുത്. അല്ലാഹുവും റസൂലും കോപിച്ചവരോട് കോപമുണ്ടാവുകയെന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അല്ലാഹുവും റസൂലും കോപിച്ചവരാണ് എന്ന് അറിഞ്ഞാല്‍ അത്തരക്കാരില്‍ ഉള്‍പ്പെടാതെ ജീവിക്കാന്‍ നമുക്ക് സാധിച്ചേക്കും. നിരന്തരമായി ആവശ്യങ്ങളുന്നയിക്കുകയും അനാവശ്യചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു ദൈവിക ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ദൈവദൂതന്മാരെ വധിക്കുകയും ചെയ്തവര്‍ ദൈവകോപത്തിന് വിധേയരായി. (സംഗ്രഹം വി.ഖു 2:61,90, 3:112)
അല്ലാഹു ആദരിച്ചതിനെ വധിക്കുകയും ധിക്കാരം കാട്ടുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ കോപമുണ്ട്. (വി.ഖു 4:93, 5:60). അവിവേകത്തിലും ബഹുദൈവാരാധനയിലും പാരമ്പര്യവാദം നടത്തി ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ കോപമുണ്ട് (വി.ഖു 7:71, 152). രണാങ്കണത്തില്‍ നിന്നും പിന്തിരിഞ്ഞോടുന്നവര്‍ക്ക് റബ്ബിന്റെ കോപമുണ്ടാവും. (വി.ഖു 8:16). അനുവദനീയവും വിശുദ്ധവുമല്ലാത്തത് ഭക്ഷിക്കുന്ന ധിക്കാരികളിലും ദൈവകോപം ഇറങ്ങും. (വി.ഖു 20:81). അല്ലാഹുവിനോട് ചെയ്ത കരാര്‍ ഗൗനിക്കാതിരിക്കുകയും ദൈവികനിയമങ്ങളെ മൂടിവെക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ ശാപമുണ്ട് (വി.ഖു 3:77, 2:174, 13:25). ധാര്‍മിക കാര്യങ്ങള്‍ക്കുവേണ്ടി ചില സന്ദര്‍ഭങ്ങളില്‍ നബി(സ) കോപിച്ചിട്ടുണ്ട്. അല്ലാഹുവിന് കോപമുണ്ടാക്കുന്ന കാര്യങ്ങളില്‍ നബി(സ)യും കോപിച്ചിട്ടുണ്ട്.
മതത്തില്‍  അതിരുകവിയല്‍
മതത്തില്‍ അതിരുകവിയല്‍ ജൂതക്രൈസ്തവരുടെ സ്വഭാവമാണ്. ഇസ്‌ലാം മധ്യമനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ദീനി കാര്യങ്ങളില്‍ പോലും അതിരുകവിയലോ ജനങ്ങളെ പ്രയാസപ്പെടുത്തലോ പാടില്ലാത്തതാണ്. ആഇശ(റ) പറയുന്നു: നബി(സ) ജനങ്ങളോട് വല്ലതും കല്പിക്കുകയാണെങ്കില്‍ അവര്‍ക്ക് കഴിയുന്നവ മാത്രമേ കല്പിക്കുകയുള്ളൂ. എന്നാല്‍ ചിലര്‍ പറയും; റസൂലേ, ഞങ്ങള്‍ താങ്കളെപ്പോലെയല്ല. താങ്കള്‍ക്ക് കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ വീഴ്ചകളും പൊറുത്തുതന്നിരിക്കുന്നു. ഇതുകേട്ടപ്പോള്‍ നബി(സ) കോപിക്കുകയും അതിന്റെ അടയാളം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാകുകയും ചെയ്തു. എന്നിട്ട് നബി(സ) പറഞ്ഞു: നിങ്ങളില്‍ അല്ലാഹുവിനെ ഏറ്റവും കൂടുതലായി സൂക്ഷിക്കുന്നതും അവനെ നന്നായി അറിയുന്നവനും ഞാനത്രെ (ബുഖാരി 19).
ഇമാം മുസ്‌ലിമിന്റെ നിവേദനത്തില്‍, ചില ആളുകളുടെ അവസ്ഥ എന്താണ്? എനിക്ക് നല്‍കപ്പെട്ട ഇളവുകള്‍ സ്വീകരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അല്ലാഹുവിനെക്കുറിച്ച് അവരെക്കാള്‍ അറിയുന്നവനും അവരെക്കാള്‍ കൂടുതലായി അവനെ ഭയപ്പെടുന്നവനും ഞാനാണ് (മുസ്‌ലിം 4346) എന്ന് ഉദ്ധരിച്ചിട്ടുണ്ട്.
ദീര്‍ഘമായി നമസ്‌കരിക്കുന്ന ഇമാം
ജാബിറുബ്‌നു അബ്ദുല്ല(റ) പറയുന്നു: മുആദ്(റ) നബി(സ)യുടെ കൂടെ നമസ്‌കരിച്ചു. പിന്നീട് അദ്ദേഹം തന്റെ ജനതയിലേക്ക് വന്നു. അദ്ദേഹം അവര്‍ക്ക് ഇമാമായി നമസ്‌കരിച്ചു. അതില്‍ അദ്ദേഹം സൂറതുല്‍ബഖറ പാരായണം ചെയ്തു. അതിലൊരാള്‍ അദ്ദേഹത്തില്‍ നിന്ന് വിട്ടുപിരിഞ്ഞു. ലഘുവായി നമസ്‌കരിച്ചു. ഈ വിവരം മുആദ്(റ) അറിയാനിടയായി. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും അയാള്‍ മുനാഫിഖാണ്. ഈ വിവരം ആ വ്യക്തി അറിയാനിടയായി. അയാള്‍ നബി(സ)യുടെ സന്നിധിയിലെത്തി പരാതി പറഞ്ഞു. നബി(സ) മുആദിനെ(റ) വിളിപ്പിച്ചു.എന്നിട്ട് ചോദിച്ചു: മുആദേ, നീ കുഴപ്പക്കാരനാണോ? ഈ ചോദ്യം മൂന്നുത വണ ആവര്‍ത്തിച്ചു. എന്നിട്ട് നബി(സ) പറഞ്ഞു: നീ വശ്ശംസിയും സബ്ബിഹിസ്മയും പാരായണം ചെയ്യുക. (ബുഖാരി, മുസ്‌ലിം)
അനീതി കാണുമ്പോള്‍
ഖുറൈശികളിലെ മഖ്‌സൂമിയ കുടുംബത്തിലെ സ്ത്രീ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെടാതിരിക്കാന്‍ ശുപാര്‍ശയുമായി വന്ന ഉസാമത് ബ്‌നു സൈദി(റ)നോട് നബി(സ) കോപിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: അല്ലാഹുവിന്റെ വിധിയുടെ കാര്യത്തിലാണോ നീ ശുപാര്‍ശ പറയുന്നത്. നിങ്ങള്‍ക്ക് മുമ്പുള്ളവര്‍, അവരിലെ പ്രമാണിമാര്‍ മോഷണം നടത്തിയാല്‍ വെറുതെ വിടുകയും ദുര്‍ബലര്‍ മോഷണം നടത്തിയാല്‍ നിയമം നടപ്പിലാക്കുകയും ചെയ്യുന്നതിനാലാണ് നശിപ്പിക്കപ്പെട്ടത്. അല്ലാഹുവാണ് സത്യം, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കൈ മുറിക്കപ്പെടുകതന്നെ ചെയ്യും. (ബുഖാരി 3475, മുസ്‌ലിം 1685)
അനാവശ്യ ചോദ്യങ്ങള്‍
അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചിരുന്ന ബനൂ ഇസ്‌റാഈല്യരോട് അല്ലാഹുവിന്റെ കോപം നാം നേരത്തെ പരാര്‍ശിച്ചു. ഒരിക്കല്‍ നബി(സ)യോട് ആളുകള്‍ ഇത്തരം ചോദ്യങ്ങളാവര്‍ത്തിച്ചു. കുപിതനായ നബി(സ) പറഞ്ഞു: നിങ്ങള്‍ക്കിഷ്ടമുള്ളത് ചോദിച്ചുകൊള്ളുക. അവരിലൊരാള്‍ ചോദിച്ചു: എന്റെ പിതാവാരാണ്. നബി(സ) പറഞ്ഞു: ഹുദാഫ. അപ്പോള്‍ മറ്റൊരാള്‍ ചോദിച്ചു: എന്റെ പിതാവാണ്? നബി(സ) പറഞ്ഞു: സാലിം. അവിടുത്തെ വിവര്‍ണ മുഖം ദര്‍ശിച്ച ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അല്ലാഹുവിലെക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. (ബുഖാരി 90, മുസ്‌ലിം 4355).
അനസി(റ)ല്‍ നിന്നുള്ള രിവായത്തില്‍ ഉമര്‍(റ) മുട്ടുകുത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവിനെ രക്ഷിതാവായും ഇസ്‌ലാമിനെ മതമായും മുഹമ്മദ് നബി(സ)യെ റസൂലായും ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും വന്നിരിക്കുന്നു.