22 Sunday
December 2024
2024 December 22
1446 Joumada II 20

കോടതിയുടെ നിരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നു – പി കെ സഹീര്‍ അഹ്മദ്

1984ല്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഏറെ പ്രാധാന്യമുള്ള വിധിയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. ഒരു കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിധിയായിരുന്നു അത്. നേരത്തെ സജ്ജന്‍ കുമാറിനെ വിട്ടയച്ച വിചാരണക്കോടതി ഉത്തരവ് തള്ളിയാണ് ഡല്‍ഹി ഹൈക്കോടതി പുതിയ വിധി പുറപ്പെടുവിച്ചത്. കലാപത്തില്‍ പങ്കുള്ള മുന്‍ എം.എല്‍.എമാരുടെ മൂന്ന് വര്‍ഷത്തെ തടവുശിക്ഷ 10 വര്‍ഷമാക്കി ഉയര്‍ത്തിയും മറ്റുള്ളവരുടെ ജീവപര്യന്തം ശരിവെച്ചുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. 34 വര്‍ഷത്തിനു ശേഷമാണ് ശിക്ഷാ വിധി വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇതോടൊപ്പം കോടതി മറ്റൊരു നിരീക്ഷണം നടത്തിയത് ശ്രദ്ധേയമാണ്. പഞ്ചാബ്,ഗുജറാത്ത്,കാണ്ഡല്‍മാല്‍,മുസഫര്‍ നഗര്‍ എന്നിവിടങ്ങളില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളില്‍ എല്ലാം രാഷ്ട്രീയക്കാര്‍ വേട്ടക്കാരെ സംരക്ഷിച്ചു എന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ഇവിടങ്ങളില്‍ നടന്ന കൂട്ടക്കൊലയും രാജ്യത്തിന്റെ വേദനാജനകമായ ഓര്‍മയാണ്.
പ്രബലരായ രാഷ്ട്രീയക്കാര്‍ നിയമപാലകരുടെ സംരക്ഷണത്തോടെ ന്യൂനപക്ഷങ്ങളെ വേട്ടയാടി എന്നാണ് കോടതി പറഞ്ഞത്. പഞ്ചാബിലും 1993ല്‍ മുംബൈയിലും 2002ല്‍ ഗുജറാത്തിലും 2008ല്‍ ഒഡീഷയിലെ കാണ്ഡമാലിലും 2013ല്‍ യു.പിയിലെ മുസഫര്‍ നഗറിലും നടന്ന വര്‍ഗ്ഗീയ കലാപങ്ങളും സിഖ് കൂട്ടക്കൊലയെപ്പോലെയാണ് അരങ്ങേറിയതെന്നും ഇവിടങ്ങളിലെല്ലാം ഉത്തരവാദികളായ ക്രിമിനലുകള്‍ക്ക്് രാഷ്ട്രീയക്കാരുടെ സംരക്ഷണമുണ്ടായിരുന്നു എന്നുമാണ് ഹൈക്കോടതി എടുത്തുപറഞ്ഞത്.
രാഷ്ട്രീയക്കാരുടെ സംരക്ഷണമുള്ളതിനാല്‍ തന്നെ പ്രതികള്‍ക്ക് രക്ഷപ്പെടാനും പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടാനും സാധിച്ചു. എന്നാല്‍ ഇവരെ കൊണ്ട് സത്യം പറയിപ്പിക്കുമ്പോഴേക്കും ദശകങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് കോടതി പറഞ്ഞത്.
ഇത്തരത്തില്‍ ഇന്ത്യയില്‍ നടന്ന നൂറുകണക്കിന് കൂട്ടക്കൊലകളില്‍ യഥാര്‍ത്ഥ പ്രതികളായവര്‍ ഇന്നും അധികാരത്തിന്റെ തണലില്‍ രാഷ്ട്രീയക്കാരുടെ സംരക്ഷണത്തില്‍ നാട്ടില്‍ സൈ്വര്യവിഹാരം നടത്തുന്നു എന്നത് പച്ചയായ വസ്തുതയാണ്. ഇതു തന്നെയാണ് കോടതിയും ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇത്തരം പലവിധി പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകുമ്പോഴും സത്യം പുലരുമെന്നും നീതി പൂക്കുമെന്നും പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് ഇരകളും പീഢിതരും.

Back to Top