5 Friday
December 2025
2025 December 5
1447 Joumada II 14

കൊറോണബാധ മലിനീകരണം കുറച്ചതായി നാസ റിപ്പോര്‍ട്ട്

ചൈനയില്‍ മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറയുന്നതായി നാസ. കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവുമായി അത് ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങുടെ അടിസ്ഥാനത്തില്‍ നാസ പറയുന്നത്. നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയുന്നത്, മോട്ടോര്‍ വാഹനങ്ങളില്‍ നിന്നും വിഷവാതകം പുറന്തള്ളുന്നത് കുറഞ്ഞത്, ഊര്‍ജ്ജ നിലയങ്ങളും വ്യാവസായിക സൗകര്യങ്ങളും അടച്ചിട്ടത് എന്നിവയൊക്കെയാണ് അതിന് കാരണമായി പറയപ്പെടുന്നത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ ഒരു വ്യാവസായിക നഗരമാണ്. അവിടെപോലും മലിനീകരണത്തിന്റെ തോത് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ) എന്നീ ബഹിരാകാശ ഏജന്‍സികള്‍ 2019ലെ ആദ്യ രണ്ട് മാസങ്ങളില്‍ ശേഖരിച്ച ചിത്രങ്ങളും കഴിഞ്ഞ വര്‍ഷം സമാന മാസങ്ങളിലെ ചിത്രങ്ങളും താരതമ്യം ചെയ്താണ് വിവരങ്ങള്‍ പുറത്തുവിട്ടത്. വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ്, അതായത് ജനുവരി 1 മുതല്‍ 20 വരെയും, വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഫെബ്രുവരി 10 മുതല്‍ 25 വരെയും ഉള്ള മാപ്പുകളില്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവുകളില്‍ കാര്യമായ വ്യത്യാസം കാണാം. ചൈനയിലെ നിര്‍മ്മാണ മേഖല അപ്പാടെ സ്തംഭിച്ചതാണ് മലിനീകരണം കുറയാനുള്ള പ്രധാന കാരണം.
ഒരു പ്രത്യേക പ്രതിഭാസം മൂലം ഇത്രയും വിശാലമായ സ്ഥലത്ത് ഇത്രയും വലിയതോതില്‍ മലീനികരണം കുറഞ്ഞു കാണുന്നത് ഇതാദ്യമാണ് എന്ന് നാസയുടെ ഗോഡ്ഡാര്‍ഡ് ബഹിരാകാശ കേന്ദ്രത്തിലെ വായു ഗുണനിലവാര ഗവേഷകനായ ഫെയ് ലിയു പറയുന്നു. 2008ല്‍ ലോകത്താകെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയപ്പോഴും നിരവധി രാജ്യങ്ങളില്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവില്‍ കുറവുണ്ടായതായി ലിയു പറഞ്ഞു.

Back to Top