26 Thursday
June 2025
2025 June 26
1447 Mouharrem 0

കൊറോണക്കു പിന്നില്‍ യു എസ് ആര്‍മിയെന്ന പരാമര്‍ശം ചൈനയോട് അമേരിക്ക പ്രതിഷേധമറിയിച്ചു

കൊറോണ വൈറസിന് (കൊവിഡ്-19) പിന്നില്‍ യു എസ് ആര്‍മിയാണെന്ന പരാമര്‍ശത്തില്‍ ചൈനയോട് യു എസ് പ്രതിഷേധമറിയിച്ചു. വാഷിംഗ്ടണിലെ ചൈനീസ് അംബാസഡര്‍ കുയി ടിയാന്‍കായിയെ വിളിച്ചുവരുത്തിയാണ് യു എസ് പ്രതിഷേധമറിയിച്ചത്. ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാനാണ് ഇക്കാര്യം പറഞ്ഞിരുന്നത്. നേരത്തെ ഇറാനും കൊറോണയ്ക്ക് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ചിരുന്നു. യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ (വിദേശകാര്യ വകുപ്പ്) ഉന്നത ഉദ്യോഗസ്ഥനായ ഡേവിഡ് സറ്റില്‍വെല്‍ ആണ് ചൈനീസ് അംബാസഡറെ പ്രതിഷേധമറിയിച്ചത്. ഇത്തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഇത്തരമൊരു സമയത്ത് മുന്നോട്ടുവയ്ക്കുന്നത് അപകടകരമാണെന്ന് യുഎസ് വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം സമീപനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈനീസ് വക്താവ് സാവോ ചൈനീസ് ഭാഷയിലും ഇംഗ്ലീഷിലുമായി ഇട്ട ട്വീറ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വുഹാനിലേയ്ക്ക് കൊറോണ കൊണ്ടുവന്നത് യുഎസ് ആര്‍മിയായിരിക്കാം എന്ന് ചൈനീസ് വക്താവ് പറഞ്ഞിരുന്നു. ഇതാണ് യുഎസ്സിനെ പ്രകോപിപ്പിച്ചത്.

Back to Top