22 Sunday
December 2024
2024 December 22
1446 Joumada II 20

കൃഷി തൊഴിലല്ല സംസ്‌ക്കാരമാണ്

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

മലയാള തനിമയില്‍ കൃഷി എന്ന് പറയുന്നതിനെക്കാള്‍ അര്‍ഥസൗന്ദര്യം Agriculture എന്ന ആംഗലേയ പദത്തിനാണ്. കാരണം കൃഷി ഒരു സംസ്‌ക്കാരമാണെന്ന് കേള്‍ക്കുന്ന മാത്രയില്‍ തന്നെ ആ പദം ധ്വനിപ്പിക്കുന്നു. നാം ആര്‍ജിക്കുന്ന വിശ്വാസ, വൈജ്ഞാനിക, ആചാര, അനുഷ്ഠാന ശീലങ്ങളുടെ ആകെത്തുകയായി മാറുന്ന സംസ്‌കാരത്തില്‍ കൃഷിക്കും പങ്കാളിത്തം വേണ്ടതുണ്ട്.
ആദ്യ മനുഷ്യന്റെ ജീവിതം തുടങ്ങിയത് സ്വര്‍ഗത്തിലായിരുന്നുവല്ലോ. അവിടെ എല്ലാം ദൈവം തന്നെ ഒരുക്കി വെച്ചിരുന്നു. പിന്നീട് മനുഷ്യന്റെ ജീവിതം ഭൂമിയിലേക്ക് മാറ്റുകയുണ്ടായി. ഭൂമി ഉഴുതുമറിച്ച് കൃഷിയിറക്കി നിത്യ ഹരിതമാക്കുമ്പോള്‍ അവിടം അവനു സ്വര്‍ഗസമാനമാക്കാന്‍ കഴിയും. മനുഷ്യന് ജീവിക്കാന്‍ എല്ലാ നിലക്കും അല്ലാഹു പാകപ്പെടുത്തിയ ഇടമാണ് ഭൂമി. മണ്ണില്‍ നിന്ന് തുടങ്ങുന്ന ജീവിതം മണ്ണില്‍ പണിയെടുത്ത് അതിലേക്ക് തന്നെ ലയിക്കുന്ന പ്രകൃതത്തിലാണ് അല്ലാഹു ക്രമീകരിച്ചിരിക്കുന്നത്. ”മണ്ണില്‍ നിന്ന് നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. മണ്ണിലേക്ക് തന്നെ നാം നിങ്ങളെ മടക്കുന്നു. അതില്‍ നിന്ന് തന്നെ മറ്റൊരിക്കല്‍ നാം നിങ്ങളെ പുറത്തെടുക്കുകയും ചെയ്യുന്നു.” (വി.ഖു 20:55)
വിവിധ ധാതു ലവണങ്ങളുടെ നേരിയ അംശം മനുഷ്യനിലുണ്ട്. ശരീരത്തിലെ ജൈവ പ്രവര്‍ത്തനങ്ങള്‍ അതിലൂടെ സുഗമമായി നടക്കുന്നു. ഈ ഘടകങ്ങള്‍ പൂര്‍ണ അളവില്‍ അല്ലാഹു മണ്ണില്‍ നിക്ഷേപിച്ചിട്ടുണ്ട്. അവയിലൂടെ കൃഷിക്കുതകുന്ന വിധം ഭൂമിയെ എങ്ങനെ പാകപ്പെടുത്തിയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”ഭൂമിയെ നാം വികസിപ്പിക്കുകയും അതില്‍ ഉറച്ച് നില്‍ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും കൗതുകമുള്ള സസ്യവര്‍ഗങ്ങള്‍ അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.” (50:7)
”ഭൂമിയെ നാം വിശാലമാക്കുകയും ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും നിശ്ചിത അനുപാതത്തില്‍ എല്ലാ വസ്തുക്കളും അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു” (15:9). മനുഷ്യന്‍ ഉപജീവനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കുമായി ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭൂമിയില്‍ തന്നെയാണെങ്കിലും, കൃഷിയോളം അവനെ മണ്ണുമായി ബന്ധിപ്പിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങളില്ല. മണ്ണിന്റെ ഗന്ധമുള്ള ജീവിതമാണ് മതം മനുഷ്യന് നിശ്ചയിച്ചിരിക്കുന്നത്. കൃഷിയിടങ്ങളിലെ മണ്ണും ചെളിയും തണുപ്പും ചൂടും ജീവിതത്തിന് അവാച്യമായ കുളിര്‍ പകരുന്നു.

അല്ലാഹുവിന്റെ ഇടപെടല്‍

 

 

മനുഷ്യന്‍ പ്രവര്‍ത്തിച്ച് നേടുന്ന ഏതു രംഗവും അല്ലാഹുവിന്റെ അനുഗ്രഹം തന്നെയാണ്. എന്നാല്‍ കാര്‍ഷിക രംഗത്താണ് അവന്റെ ഇടപെടല്‍ കൂടുതലെന്ന് ഖുര്‍ആന്‍ പറയുന്നു. ”അവര്‍ക്കൊരു ദൃഷ്ടാന്തമാണ് നിര്‍ജീവമായ ഭൂമി. നാമതിന് ജീവന്‍ നല്‍കുന്നു, ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അതാണവര്‍ ഭക്ഷിക്കുന്നത്. ഈത്തപ്പനയുടേയും മുന്തിരിയുടേയും തോട്ടങ്ങള്‍ നാമതില്‍ ഉണ്ടാക്കുകയും ചെയ്തു. ഉറവിടങ്ങളും ഒഴുക്കി വിട്ടു. അതിലെ ഫലങ്ങള്‍ അവര്‍ ഭക്ഷിക്കാന്‍ വേണ്ടി. ഇതൊന്നും അവരുടെ കൈകള്‍ കൊണ്ട് പ്രവര്‍ത്തിച്ചുണ്ടായതല്ല.” (വി.ഖു 36:33-35)
”നിങ്ങള്‍ ചെയ്യുന്ന കൃഷിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ച് വളര്‍ത്തുന്നത്? അതോ നാമോ?” (56:63,64). ഭൂമിയില്‍ അല്ലാഹു കരുതി വെച്ച സസ്യശേഖരം പരിസ്ഥിതിയുടേയും അതിലെ ആവാസ വ്യവസ്ഥയുടേയും അനിവാര്യ ഘടകമാണ്. അതിസൂക്ഷ്മ സസ്യങ്ങള്‍ മുതല്‍ നൂറ്റാണ്ടുകള്‍ ജീവിക്കുന്ന വൃക്ഷങ്ങള്‍ വരെ ഈ ദൗത്യം അഭംഗുരം നിര്‍വ്വഹിക്കുന്നത് കൊണ്ടാണ് സുരക്ഷിത ജീവിതം നമുക്ക് സാധ്യമാകുന്നത്.
2020 അന്താരാഷ്ട്ര സസ്യാരോഗ്യ വര്‍ഷമായിട്ടാണ് ലോകം ആചരിക്കുന്നത്. അതിന്റെ സന്ദേശമായി പറയുന്നത് ‘സസ്യസംരക്ഷണം ജീവ സംരക്ഷണം’ എന്നാണ്. ഭൂമിയില്‍ വിത്തിറക്കേണ്ട മനുഷ്യന്‍ അതിനെ വെട്ടി നുറുക്കുന്നതിലൂടെ ഈ രണ്ട് സംരക്ഷണവും നശിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗമുക്ത ശരീരം എന്ന ആരോഗ്യ സങ്കല്‍പത്തേക്കാള്‍ ഭൂമിയുടെ ജൈവാരോഗ്യം നിലനിര്‍ത്താനുള്ള സമീപനമാണ് നമുക്കാവശ്യം.

മുഹമ്മദ് നബി(സ) വളര്‍ത്തിയെടുത്ത കൃഷി സംസ്‌കാരം അതുല്യമാണ്. മതത്തിന്റെ ആത്മാവായ ആരാധനാഭാവമാണ് മുസ്‌ലിമിന്റെ കാര്‍ഷിക സംസ്‌കാരവും നിര്‍ണയിക്കുന്നത്. ”ഭൂമിക്കടിയിലെ ദ്രവ്യങ്ങളില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുക” (തിര്‍മിദി) എന്ന വചനം കാര്‍ഷിക ചിന്തയെ ഉദ്ദീപിപ്പിക്കുന്നതാണ്. ”ലോകം അവസാനിക്കുന്ന വേളയാണെങ്കില്‍ പോലും കൈയിലുളള വൃക്ഷത്തൈ മണ്ണില്‍ കുഴിച്ചിടണം” (അഹ്മദ്) എന്ന ഉപദേശം മണ്ണിനോട് നമുക്കുണ്ടാവേണ്ട ഹൃദയബന്ധം വ്യക്തമാക്കുന്നു. അന്നത്തെ ഭൂപ്രകൃതി മനസ്സിലാക്കി കൃഷിയെ അദ്ദേഹം വിലയിരുത്തുകയും ചെയ്തു. ഈന്തപ്പനയുടെ ദൗത്യമെന്തെന്ന് ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു: ”അവ ചതുപ്പില്‍ വേരുറച്ച് നില്‍ക്കും, പഞ്ഞമാസങ്ങളില്‍ ഭക്ഷണമായും ബാക്കി നില്‍ക്കും.”
കൃഷിയിറക്കി നഷ്ടം സംഭവിച്ചാലും മുസ്‌ലിമിന്റെ മനസ്സ് ആകുലപ്പെടേണ്ടതില്ല എന്ന നബി(സ)യുടെ നിരീക്ഷണം കാര്‍ഷിക സംസ്‌കാരത്തിന്റെ ക്രിയാത്മകതയും ആരാധനാഭാവവുമാണ് സൂചിപ്പിക്കുന്നത്. ”ഒരു മുസ്‌ലിം ചെടി നടുന്നു, കൃഷിയിറക്കുന്നു. അത് മറ്റുള്ളവര്‍ അനുഭവിക്കുന്നു. അല്ലെങ്കില്‍ പക്ഷികളും മൃഗങ്ങളും തിന്നുന്നു. എന്നാല്‍ പോലും അതവന്ന് പുണ്യമായി (സ്വദഖ) ബാക്കി നില്‍ക്കും.” (ബുഖാരി)
കാലാവസ്ഥയില്‍ കൃഷി നശിച്ചാലും അല്ലാഹു അതില്‍ പ്രതിഫലം രേഖപ്പെടുത്തിയിരിക്കും (ത്വബ്‌റാനി) എന്നും നബി വ്യക്തമാക്കിയിട്ടുണ്ട്. ”ഭൂമി കൈവശമുള്ളവന്‍ അതില്‍ കൃഷിയിറക്കട്ടെ. അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് കൃഷിക്ക് നല്‍കട്ടെ, അതിന്ന് അവന്‍ സമ്മതിക്കുന്നില്ലെങ്കില്‍ അവനില്‍ നിന്ന് ഭൂമി പിടിച്ചെടുക്കണം.” (ബുഖാരി). ഈ നബിവചനം കൃഷിയുടെ പ്രാധാന്യവും കര്‍ഷകര്‍ കാണിക്കേണ്ട ജാഗ്രതയും ആണ് വ്യക്തമാക്കുന്നത്.

കര്‍ഷക സ്വഹാബിമാര്‍
നബി(സ)യില്‍ നിന്ന് കൃഷി പാഠങ്ങള്‍ നന്നായി പഠിച്ച് മണ്ണ് പാകപ്പെടുത്താന്‍ സ്വഹാബികള്‍ ശ്രദ്ധിച്ചു. പരമ്പരാഗത അറിവുകള്‍ക്കൊപ്പം കാര്‍ഷികവൃത്തിക്ക് നബി നല്‍കിയ ഈമാനിക തലങ്ങള്‍, മരുഭൂമിയുടെ പല ഭാഗങ്ങളും ഹരിതാഭമാക്കാന്‍ അവര്‍ക്ക് പ്രചോദനമായി. അതിലവര്‍ക്ക് ദുര്‍മോഹങ്ങളോ സ്വാര്‍ഥതയോ ഉണ്ടായിരുന്നില്ല. ഫലവൃക്ഷം കുഴിച്ചിടുകയായിരുന്ന അബുദര്‍ദ്ദാഇനോട്(റ) അതുവഴി വന്ന ആള്‍ ചോദിച്ചു: വയസ്സാന്‍ കാലത്ത് നിങ്ങളെന്തിന് ഇത് കുഴിച്ചിടുന്നു? ഇരുപത് വര്‍ഷമെങ്കിലും കാത്തിരിക്കണ്ടേ ഇത് കായ്ക്കാന്‍? ”എനിക്ക് ഒരു ദുഃഖവുമില്ല, ഇതിന്റെ ഫലങ്ങള്‍ ആരെടുത്താലും എനിക്കതിന്റെ പ്രതിഫലം കിട്ടിയിരിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വലിയ ധനികനായിട്ടും തൂമ്പയെടുത്ത് കൃഷിയിടത്തിലിറങ്ങാന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഔഫിന്(റ) തെല്ലും മടിയുണ്ടായിരുന്നില്ല. ത്വല്‍ഹ ബിന്‍ അബ്ദുല്ല(റ)യായിരുന്നു മദീനയില്‍ ആദ്യമായി ഗോതമ്പ് കൃഷി പരീക്ഷിച്ചത്. മദീന നിവാസികള്‍ക്ക് ആവശ്യമായത്ര ഗോതമ്പ് അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വിളഞ്ഞിരുന്നു. അബൂത്വല്‍ഹത്തുല്‍ അന്‍സ്വാരിയുടെ ബൈറുഹാ തോട്ടം പ്രസിദ്ധമാണ്. സമൃദ്ധമായി ഈത്തപ്പഴം വിളഞ്ഞ് നിന്നിരുന്ന അവിടം മദീനയുടെ തന്നെ സൗന്ദര്യമായിരുന്നു. മസ്ജിദുന്നബവിക്ക് അഭിമുഖമായി നിന്നിരുന്ന ആ കൃഷിയിടം മുഴുവന്‍ അദ്ദേഹം മുസ്‌ലിംകള്‍ക്ക് ദാനമായി വിട്ടു നല്‍കുകയായിരുന്നു. ”നിങ്ങള്‍ക്കിഷ്ടപ്പെട്ടത് ദാനം ചെയ്യാതെ പുണ്യം നേടാന്‍ കഴിയില്ല” (3:92) എന്ന ദിവ്യവചനത്തിന്റെ അവതരണ പശ്ചാത്തലത്തിലായിരുന്നു അത്.
ബനൂഖുറൈദ വിജയത്തിന്‌ശേഷം അവിടത്തെ ഭൂമി അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കുമായി നബി(സ) പതിച്ചു നല്‍കി. നബിയുടെ സാന്നിധ്യത്തില്‍ തന്നെ അവരവിടെ കൃഷിയിറക്കുകയും ചെയ്തു എന്ന് ഇബ്‌നുഹസം രേഖപ്പെടുത്തുന്നു. (അല്‍മുഹല്ല 8:210)
കൃഷിയെയും കര്‍ഷകരെയും പ്രോല്‍സാഹിപ്പിക്കുന്ന നയമായിരുന്നു നബി(സ)ക്ക് ശേഷം ഖലീഫമാരും സ്വീകരിച്ചത്. മുസ്‌ലിംകള്‍ക്ക് അധീനമായ ഇറാഖ്, സിറിയ, ഈജിപ്ത്, യമന്‍ എന്നിവിടങ്ങളില്‍ കൃഷിഭൂമി തദ്ദേശീയര്‍ക്ക് തന്നെ ഉമര്‍(റ) വിട്ടുകൊടുത്തു. തൊട്ടടുത്തുള്ള കര്‍ഷകന്‍ തനിക്ക് കൃഷിക്ക് വെള്ളം വിട്ടു തരുന്നില്ല എന്ന പരാതി ഉമര്‍ (റ) വിന് ലഭിക്കുകയുണ്ടായി. പ്രതിയെ അദ്ദേഹം വിളിച്ചു വെള്ളം കൊടുക്കാന്‍ അനുനയത്തില്‍ ഉപദേശിച്ചു. അയാള്‍ സമ്മതിച്ചില്ല. ഉമര്‍(റ) സ്വരം കടുപ്പിച്ചു: ”നിന്റെ നെഞ്ച് പിളര്‍ത്തി അയാളുടെ കൃഷിയിടത്തിലേക്ക് ഞാന്‍ വെള്ളമൊഴുക്കും.”
അമവി, അബ്ബാസി ഖലീഫമാരും കാര്‍ഷിക പുരോഗതിയില്‍ തല്‍പരരായിരുന്നു. അമവികളിലെ എട്ടാം ഖലീഫയായ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് അമുസ്‌ലിംകള്‍ക്കും കാര്‍ഷിക വായ്പ നല്‍കിയിരുന്നു. കൃഷിക്ക് ജലം സംഭരിക്കാന്‍ തടയണകളും നീര്‍ച്ചാലുകളും അമവി ഖലീഫമാര്‍ നിര്‍മിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന പുതിയ ഇനം വിത്തുകള്‍ അവര്‍ നിലത്തിറക്കി. പത്താമത്തെ ഖലീഫയായ ഹിശാമിന്റെ കാലത്ത് കൃഷിയുടെ മേല്‍നോട്ടത്തിന് കാര്‍ഷിക വകുപ്പു തന്നെ നിശ്ചയിച്ചു.
അബ്ബാസികളുടെ ഭരണകാലത്ത് നിര്‍മിച്ച ‘അയിനു സുബൈദ’ പ്രത്യേകം പ്രസ്താവ്യമാണ്. ഖലീഫ ഹാറൂന്‍ റശീദിന്റെ ഭാര്യയാണ് സുബൈദ. ഹജ്ജിന് വരുന്നവര്‍ അനുഭവിച്ചിരുന്ന ജലക്ഷാമം പരിഹരിക്കാന്‍ അവര്‍ സ്വയം തീരുമാനിച്ചു നിര്‍മിച്ചതാണ് ഈ നീര്‍ച്ചാല്‍. മക്കയുടെ കിഴക്ക് ഭാഗത്തായി 16 കിലോമീറ്റര്‍ കുന്നില്‍ചെരിവിലൂടെ നീണ്ടുകിടക്കുന്ന ഈ ജലപാത അന്നത്തെ സാങ്കേതിക വിദ്യയുടെ നല്ല പ്രകടനവുമാണ്. ഇന്നും അതിന്റെ അല്‍പ ഭാഗങ്ങള്‍ മക്കയില്‍ കാണാം. മലഞ്ചെരിവുകളിലെ മഴവെള്ളം പുണ്യസ്ഥലങ്ങളില്‍ കുടിവെള്ളമായി എത്തിക്കാന്‍ നിര്‍മിച്ച ഈ നീര്‍ച്ചാല്‍ കാലാകാലങ്ങളില്‍ കൃഷിയാവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയിരുന്നു. 17 ലക്ഷം മിസ്‌ക്കാല്‍ (5950 കിലോഗ്രാം) സ്വര്‍ണനാണയമായിരുന്നു അതിനവര്‍ ചിലവഴിച്ചത്. അബ്ബാസി ഖലീഫമാര്‍ കൃഷിഭൂമി പ്രത്യേകമായി സര്‍വ്വേ നടത്തി രേഖകള്‍ സൂക്ഷിച്ചിരുന്നു. കൃഷിയിടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവര്‍ വിലക്കുകയും ചെയ്തു.
ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും കാര്‍ഷികവൃത്തി പ്രാധാന്യപൂര്‍വം ചര്‍ച്ച ചെയ്യുന്നുണ്ട്. മുസ്‌ലിംകളുടെ സാമൂഹ്യബാധ്യത (ഫര്‍ദ് കിഫായ) ആയിട്ടാണ് അതിനെ വിവിധ മദ്ഹബുകള്‍ വിലയിരുത്തുന്നത്. ഫിഖ്ഹ് ഗ്രന്ഥങ്ങളിലെ മുസാഖാത്ത്, മുസാറഅ, സലം തുടങ്ങിയ അധ്യായങ്ങള്‍ മൂല്യാധിഷ്ഠിത കാര്‍ഷിക സംസ്‌കാരമാണ് പഠന വിധേയമാക്കുന്നത്. സമ്പദ്ഘടനയുടെ അടിസ്ഥാനം മൂന്നെണ്ണമാണെന്ന് ഇമാം മാവര്‍ദി പറയുന്നു. അവയില്‍ വ്യവസായ വ്യാപാരത്തേക്കാള്‍ പ്രധാനം കൃഷിക്കാണെന്നും അദ്ദേഹം രേഖപ്പെടുത്തിട്ടുണ്ട്. പ്രസിദ്ധ മുഫസ്സിര്‍ കൂടിയായ അബുഹയ്യാന്‍ ഉന്‍ദുലൂസിയുടെ (1256-1344) നിരീക്ഷണം ശ്രദ്ധേയമാണ്. ഖുര്‍ആന്‍ 2:261 ല്‍ പുണ്യദാനം ധാന്യമണിയോട് ഉപമിക്കുന്നതില്‍ ഉദാത്തമായ കൃഷി സങ്കല്‍പം കൂടിയുണ്ട് എന്നദ്ദേഹം പറയുന്നു. ‘പിടിച്ചോറ് സ്വന്തമായി ഇല്ലാത്തവന് ഒരു പുരോഗതിയുണ്ടാവില്ല’ എന്നാണ് പല മുസ്‌ലിം ചിന്തകരും രേഖപ്പെടുത്തിയിരിക്കുന്നത്

Back to Top