1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കൂടോത്ര നിരോധന നിയമം സ്വാഗതാര്‍ഹം: കെ എന്‍ എം

കെ എന്‍ എം മര്‍ക്കസുദ്ദഅവ കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: കൂടോത്രവും ദുര്‍മന്ത്രവാദവും പ്രേതബാധാ ചികിത്സയും കുറ്റകരമാക്കി പ്രഖ്യാപിച്ച കരടു നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണക്കമ്മീഷന്‍ അംഗീകാരം നല്‍കിയതിനെ കെ എന്‍ എം (മര്‍കസുദ്ദഅവ) കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് ക്യാമ്പ് സ്വാഗതം ചെയ്തു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈയിടെ ഒരു മതസംഘടന കൂടോത്രത്തിന് ഫലസിദ്ധിയുണ്ടെന്നു പ്രഖ്യാപിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ കൂടോത്ര നിരോധന നിയമപ്രകാരം നിയമവിരുദ്ധവും മതവിരുദ്ധവും ശാസ്ത്ര വിരുദ്ധവുമാണെന്നും പ്രസ്തുത സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ലഹരി മുക്ത കേരളത്തിനായി ലഹരി മാഫിയകള്‍ക്കെതിരെ നടപടി ശക്തമാക്കണം. വിദ്യാലയ പരിസരങ്ങളിലും ഇതര കേന്ദ്രങ്ങളിലും ലഹരി മാഫിയകള്‍ വിലസുമ്പോഴും അധികൃതരുടെ നടപടി വൈകുന്നത് ലഹരി മാഫിയകളുടെ വര്‍ദ്ധനക്ക് സാഹചര്യമാകുന്നുണ്ടെന്നും എക്‌സിക്യുട്ടീവ് അഭിപ്രായപ്പെട്ടു. ‘സംഘടന കര്‍ത്തവ്യങ്ങളുടെ പുനഃക്രമീകരണം’ എന്ന വിഷയത്തില്‍ ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 20 ശാഖകളില്‍ ജൂലൈ ആഗസ്ത് മാസങ്ങളില്‍ ശില്‍പ്പശാല നടത്താനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, പ്രഫ. ഹുമയൂണ്‍ കബീര്‍ ഫാറൂഖി, ടി മുഹമ്മദ് നജീബ്, ഇസ്മയില്‍ കരിയാട്, പി ടി പി മുസ്തഫ, പി സാദിഖ് മാട്ടൂല്‍, അശ്രഫ് മമ്പറം, റമീസ് പാറാല്‍, ജസീന്‍ നജീബ്, സി സി മുഹ്‌സിന, എന്‍ കെ ഉമ്മര്‍ കടവത്തൂര്‍, അബ്ദുന്നാസര്‍ ധര്‍മ്മടം, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, കെ അബ്ദുസ്സലാം ഇരിക്കൂര്‍ പ്രസംഗിച്ചു.

Back to Top