കൂടുതല്‍ സുരക്ഷിതം പശ്ചിമേഷ്യയെന്ന്
പശ്ചിമേഷ്യയെ സംബന്ധിച്ച് പറയുമ്പോള്‍ പാശ്ചാത്യന്‍ മാധ്യമങ്ങള്‍ക്ക് കൂടുതലും വിവരിക്കാനുണ്ടാകുക അവിടെ നടക്കുന്ന സംഘര്‍ഷങ്ങളും ആഭ്യന്തര പ്രശ്നങ്ങളുമാണ്. എന്നാല്‍ കഴിഞ്ഞയാഴ്ച പല പാശ്ചാത്യ മാധ്യമങ്ങള്‍ക്കും അതിന് വിരുദ്ധമായ ഒരു വാര്‍ത്ത കൊടുക്കേണ്ടി വന്നു. മനുഷ്യര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളേക്കാള്ക്ക് നല്ലത് പശ്ചിമേഷ്യന്‍ രാജ്യങ്ങളാണെന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. യു.കെയിലെ ദേശീയ ആരോഗ്യ സേവന വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യു.എസ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ യാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതം അറബ് രാഷ്ട്രങ്ങളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുരക്ഷതിത്വത്തിന്റെ വിഷയത്തില്‍ ഒന്നാം സ്ഥാനം യു എ ഇക്കാണ്.
കഴിഞ്ഞ 18 വര്‍ഷത്തിനിടെ യു എ യില്‍ കൊല ചെയ്യപ്പെട്ടവരുടെ എണ്ണം 36 ആണെന്നും പല പാശ്ചാത്യന്‍ രാജ്യങ്ങളിലെയും ഈ കണക്ക് ഞെട്ടിപ്പിക്കുന്ന വിധം ഉയര്‍ന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം സ്ഥാത്ത് ഒമാനാണ്. മൂന്നാം സ്ഥാനത്ത് ഖത്തറും. നാലാം സ്ഥാനം മൊറോകോക്കും അഞ്ചാം സ്ഥാനം ജോര്‍ദാനുമാണ്. ലോകത്ത് നടക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും മറ്റ് വയലന്സുകളുടേയും ആധികാരികമായ കണക്കുകള്‍ മുന്നില്‍ വെച്ചും മറ്റനേകം വിവരങ്ങളെ ആധാരമാക്കിയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ റിപ്പോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് തന്നെ പറയുന്നുണ്ട്. ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നടക്കുന്നതിനേക്കാള്‍ കുറവ് കുറ്റക്യത്യങ്ങളേ പട്ടികയിലെ അവസാന രാജ്യമായ ജോര്‍ദാനില്‍ നടക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.