8 Tuesday
July 2025
2025 July 8
1447 Mouharrem 12

കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് സംഘര്‍ഷയിതര മേഖലകളില്‍

2017ലും 2018ലും 55% മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടത് സംഘര്‍ഷയിതര മേഖലകളിലാണെന്ന് യുനെസ്‌കോ റിപ്പോര്‍ട്ട്. സമീപകാലത്ത് രാഷ്ട്രീയത്തിലെ നെറികേടുകളും കുറ്റകൃത്യങ്ങളും അഴിമതിയും വെളിച്ചത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരാണ് കൂടുതല്‍ ഇരകളാകുന്നത്. 2006 മുതല്‍ 2018 വരെ ലോക വ്യാപകമായി 1109 മാധ്യമപ്രവര്‍ത്തകരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ഇതില്‍ 90 ശതമാനം കൊലപാതകികളെയും ശിക്ഷിച്ചിട്ടില്ലെന്നും യുനെസ്‌കോ ചൂണ്ടിക്കാട്ടുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2014 മുതല്‍ 2018 വരെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങളില്‍ 18 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്. അറബ് രാഷ്ട്രങ്ങളിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത്. ലാറ്റിനമേരിക്കയും കരീബിയന്‍ രാഷ്ട്രങ്ങളും ഏഷ്യപസഫിക് രാഷ്ട്രങ്ങളുമാണ് തൊട്ടുപിന്നിലുള്ളത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനായി നവംബര്‍ രണ്ട് എല്ലാവര്‍ഷവും പ്രത്യേകദിനമായി ആചരിക്കാറുണ്ട്. ഇതിനുമുന്നോടിയായാണ് യുനെസ്‌കോ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ ലോകവ്യാപകമായി 43 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അല്‍പം കുറവാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 90 പേരാണ് കൊല്ലപ്പെട്ടത്.

Back to Top