15 Wednesday
January 2025
2025 January 15
1446 Rajab 15

കാപട്യത്തിന്റെ ഫലം

എം ടി അബ്ദുല്‍ഗഫൂര്‍


സൈദ് ബിന്‍ സാബിത്(റ) പറയുന്നു: നബി(സ) ഉഹ്ദിലേക്ക് പുറപ്പെട്ടപ്പോള്‍ കൂടെ പോയവരില്‍ നിന്നു ചില ആളുകള്‍ പിന്‍തിരിഞ്ഞു. നബി(സ)യുടെ കൂടെയുള്ളവര്‍ രണ്ട് വിഭാഗമായിത്തീര്‍ന്നു. ഒരു കൂട്ടര്‍ പറഞ്ഞു. ഞങ്ങള്‍ അവരോട് യുദ്ധം ചെയ്യും. മറ്റൊരു കൂട്ടര്‍ പറഞ്ഞു. ഞങ്ങള്‍ അവരോട് യുദ്ധം ചെയ്യാനില്ല. അപ്പോള്‍ ആയത്ത് ഇറങ്ങി. എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങള്‍ എന്താണ് രണ്ട് കക്ഷികളാകുന്നത്? അവര്‍ സമ്പാദിച്ചുണ്ടാക്കിയ (തിന്മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്. എന്നിട്ട് അവിടുന്ന് പറഞ്ഞു. ”തീര്‍ച്ചയായും അഗ്‌നി വെള്ളിലോഹത്തിലെ അഴുക്കിനെ നീക്കിക്കളയുന്നതുപോലെ പാപങ്ങളെ കഴുകിക്കളയുന്ന വിശുദ്ധ (ഭൂമി)യാണിത്”. (ബുഖാരി)
ലോഹങ്ങളെ അഴുക്കുകളില്‍നിന്ന് മുക്തമാക്കുകയെന്നത് വളരെ പ്രധാനപ്പെട്ട പ്രക്രിയയാണ്. ലോഹങ്ങളെ തീയില്‍വെച്ച് ചൂടാക്കി ഉരുക്കിയെടുത്ത് അതിലെ മാലിന്യങ്ങളെ നീക്കി ശുദ്ധീകരിക്കുന്ന ഈ പ്രക്രിയ ലോഹങ്ങളുടെ ഉപയോഗത്തിനും അതിന്റെ അലങ്കാരത്തിനും അത്യാവശ്യമാണ്. ലോഹങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളും തുരുമ്പുകളും നീക്കം ചെയ്തില്ലെങ്കില്‍ അത് ലോഹങ്ങളെ ക്രമേണ നശിപ്പിച്ചുകൊണ്ടേയിരിക്കും. മനുഷ്യമനസ്സുകളില്‍ കടന്നുകൂടിയ മാലിന്യങ്ങളില്‍ പ്രധാനപ്പെട്ടവ അവിശ്വാസവും കാപട്യവുമാണ്. ശരിയായ വിശ്വാസം സ്വീകരിക്കുകയും അതില്‍ ആത്മാര്‍ഥത പുലര്‍ത്തുകയും ചെയ്താല്‍ ഏതൊരാളുടെ മനസ്സും ശുദ്ധമാവുകയും ദുര്‍ഗുണങ്ങളില്‍നിന്ന് അകന്നു നില്‍ക്കാന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഇരുമ്പിനെ തുരുമ്പില്‍നിന്നും ലോഹങ്ങളെ അഴുക്കുകളില്‍നിന്നും ശുദ്ധീകരിക്കുന്നതുപോലെ മനസ്സുകളെ മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കുന്ന പ്രക്രിയ നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരിക്കേണ്ടതുണ്ട്. സത്യനിഷേധവും കാപട്യവും കടന്നുകൂടുന്നത് മനുഷ്യരെ വിശ്വാസ പൂര്‍വാവസ്ഥയിലേക്കാണെത്തിക്കുക. കാപട്യം നിമിത്തം വഴികേടിലായ ഒരു ജനത പരാജയത്തിന്റെ പടുകുഴിയിലേക്ക് താഴ്ന്നുകൊണ്ടിരിക്കും. ഹിജ്റ മൂന്നാം വര്‍ഷം ഉഹ്ദിലേക്ക് പുറപ്പെട്ട മുഹമ്മദ് നബി(സ)യും അനുചരന്മാരും മദീനയ്ക്ക് പുറത്ത് ശത്രുക്കളെ നേരിടാമെന്ന തീരുമാനത്തിലാണെത്തിയത്. ആ തീരുമാനത്തെ അംഗീകരിക്കാതെ മുസ്‌ലിം സൈന്യത്തിന്റെ മൂന്നിലൊരുഭാഗം പേര്‍ യുദ്ധയാത്രയില്‍ നിന്ന് പിന്മാറി. ആ കാപട്യത്തെ എതിര്‍ത്തു തോല്‍പിക്കണെമന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായത്തെയാണ് അല്ലാഹു അംഗീകരിച്ചത്.
യഥാര്‍ഥ വിശ്വാസികളെയും കപട വിശ്വാസികളെയും തിരിച്ചറിയാനുള്ള അവസരമായിരുന്നു പ്രസ്തുത സംഭവം. ഇസ്‌ലാമിനെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പിന്നീടുള്ള ചെയ്തികള്‍ നിമിത്തം പഴയ അവിശ്വാസത്തിലേക്ക് തലകുത്തനെ മറിഞ്ഞുപോകുകയും സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചു പോവുകയും ചെയ്യുന്നതിനെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. അഴുക്കുകള്‍ നീക്കുകയും ജീര്‍ണതകള്‍ തുടച്ചുമാറ്റുകയും ചെയ്യുന്ന പ്രക്രിയ എല്ലാകാലത്തും എല്ലാ സമൂഹത്തിലും തുടരേണ്ടതാണ്.

Back to Top