2 Thursday
January 2025
2025 January 2
1446 Rajab 2

കള്ളക്കഥകള്‍ കൊണ്ട് നബിദിനാഘോഷത്തെ സാധൂകരിക്കാനാവില്ല

സി പി ഉമര്‍ സുല്ലമി


മുസ്ലിംകള്‍ക്ക് മതപരമായി രണ്ട് ആഘോഷങ്ങളാണുള്ളത്. അവ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. റമദാനെക്കുറിച്ച് ഖുര്‍ആന്‍ അനുഗൃഹീത മാസമാണെന്നാണ് പറഞ്ഞത്. അത് ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ്. ഖുര്‍ആന്‍ ഇറങ്ങിയ ദിവസത്തിന് ‘ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയ രാവ്’ എന്നാണ് ഖുര്‍ആനില്‍ പറയുന്നത്. റമദാന്‍ അവസാനിച്ച ശേഷം ശവ്വാല്‍ ഒന്നിന് മുസ്ലിംകള്‍ക്കുള്ള ആഘോഷമാണ് ഈദുല്‍ ഫിത്വ്ര്‍. അത് എങ്ങനെ ആഘോഷിക്കണമെന്ന് പ്രവാചകന്‍ കാണിച്ചിട്ടുണ്ട്. മറ്റൊരു ആഘോഷം ബലിപെരുന്നാളാണ്. ദുല്‍ഹിജ്ജ പത്തിന് മൃഗബലിയോടു കൂടിയാണ് ഇത് ആഘോഷിക്കാറ്. ഈ ആഘോഷത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ഒരു സംഭവം സ്വഹീഹുല്‍ ബുഖാരിയില്‍ ഇങ്ങനെ കാണാം. ഒരു ജൂതന്‍ ഉമറിനോട്(റ) പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ വേദഗ്രന്ഥത്തില്‍ ഒരു സൂക്തമുണ്ട്, അത് ഞങ്ങള്‍ക്കായിരുന്നു അവതരിച്ചതെങ്കില്‍ ആ ദിവസം ഒരു ആഘോഷമായി കൊണ്ടാടുമായിരുന്നു’. ഉമര്‍(റ) ഏതാണാ സൂക്തം എന്ന് ചോദിച്ചു. ജൂതന്‍ ഉദ്ദേശിച്ചത് സൂറത്തുല്‍ മാഇദയിലെ മൂന്നാം സൂക്തമായിരുന്നു (നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു എന്ന സൂക്തം). ഉടനെ ഉമര്‍ പറഞ്ഞു: ‘അതിന് ഞങ്ങള്‍ക്ക് ഒരു പ്രത്യേക ആഘോഷത്തിന്റെ ആവശ്യമില്ല. ഒരു ആഘോഷത്തിനിടക്കാണ് അത് അവതരിച്ചിട്ടുള്ളത്’.
ഒരു ബലിപെരുന്നാള്‍ സന്ദര്‍ഭത്തിലായിരുന്നു അത് അവതരിച്ചത്. എന്ത് സന്തോഷമുണ്ടെങ്കിലും പ്രവാചകന്‍ കാണിച്ചുതന്ന പാത പിന്‍പറ്റിയായിരുന്നു അവര്‍ ജീവിച്ചത്. അങ്ങനെ പിന്തുടര്‍ന്നുപോന്ന ആഘോഷങ്ങള്‍ മാത്രമാണ് മതപരമായ ആഘോഷങ്ങള്‍. പുതുതായി വരുന്നതെല്ലാം അനാചാരങ്ങള്‍ മാത്രമാണ്. അതുകൊണ്ടാണ് നബിദിനാഘോഷത്തെ ഇത്രയേറെ എതിര്‍ക്കുന്നത്.
നബിയുടെ ജന്മദിനത്തെ വിമര്‍ശിക്കേണ്ടതില്ല, അവിടുത്തെ മദ്ഹും പ്രകീര്‍ത്തനങ്ങളും പ്രചരിപ്പിക്കാന്‍ ഇതൊരു സന്ദര്‍ഭമായി ഉപയോഗിച്ചുകൂടേ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. പ്രവാചകനെ സ്മരിക്കുന്നതും പുകഴ്ത്തി പറയുന്നതുമൊക്കെ ഒരു പ്രത്യേക ദിവസത്തിലോ മാസത്തിലോ മാത്രമാകാന്‍ പാടില്ല. ഖുര്‍ആന്‍ നമ്മള്‍ ദിനേന പാരായണം ചെയ്യാറുണ്ട്. അതു തന്നെ പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞു തരുന്നതാണ്. ഇതിനായി ഒരു പ്രത്യേക ആചാരത്തെ ഇസ്ലാമിലേക്ക് കടത്തിക്കൂട്ടാന്‍ പാടില്ല. പ്രമാണങ്ങള്‍ ചോദിക്കുന്നുണ്ട്: എന്തുകൊണ്ടാണ് അനാചാരങ്ങള്‍ ദീനിലേക്ക് കടത്തുന്നതിനെയും ഹറാമുകള്‍ പ്രചരിപ്പിക്കുന്നതിനെയും പണ്ഡിതന്മാര്‍ എതിര്‍ക്കാത്തത്?
ചില പണ്ഡിതന്മാര്‍ അനാചാരങ്ങള്‍ക്ക് വേണ്ടി ദുര്‍വ്യാഖ്യാനങ്ങളും കെട്ടുകഥകളും അവതരിപ്പിക്കുന്നു. ഒരു പണ്ഡിതന്‍ നബിദിനാഘോഷം ഇസ്ലാമികമാണെന്ന് സമര്‍ഥിക്കാന്‍ സ്വഹീഹുല്‍ ബുഖാരിയുടെ പേരില്‍ ഖുര്‍ആനിന് വിരുദ്ധമായ ഒരു കള്ളകഥ പ്രചരിപ്പിച്ചിരുന്നു: ‘പ്രവാചകന്റെ പിതൃവ്യനായ അബൂലഹബ് നബി(സ) ജനിച്ചു എന്നറിഞ്ഞപ്പോള്‍ ഒരു അടിമസ്ത്രീയെ മോചിപ്പിച്ചു.’ ജനിക്കുമ്പോള്‍ മുഹമ്മദ്(സ) പ്രവാചകനായിരുന്നില്ല എന്നോര്‍ക്കണം. അല്ലാഹു ശപിച്ചിട്ടുണ്ട് എന്ന് ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ വ്യക്തിയാണ് അബൂലഹബ്.
അടിമസ്ത്രീയെ മോചിപ്പിച്ച വിഷയം സ്വഹീഹുല്‍ ബുഖാരിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അബൂലഹബ് മരിച്ച ശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ ഒരു സ്വപ്‌നം കണ്ടു. അതില്‍ അബൂലഹബിനോട് നരകത്തിലെ ശിക്ഷക്കിടയില്‍ വല്ല ആശ്വാസവും കിട്ടാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ‘മുഹമ്മദ് ജനിച്ച ആ തിങ്കളാഴ്ച അടിമസ്ത്രീയെ മോചിപ്പിച്ചതിനു പ്രതിഫലമായി എനിക്ക് നരകത്തില്‍ കുടിനീര് കിട്ടാറുണ്ട്, അത് വലിയ ആശ്വാസമാണ്’ എന്ന് പറഞ്ഞുവത്രേ! ഈ കെട്ടുകഥ വെച്ചാണ് പണ്ഡിതന്‍ നബിദിനത്തിന്റെ പ്രാധാന്യം പറയുന്നത്.
നബി ജനിച്ചതിന്റെ പേരില്‍ ഒരു നന്മ ചെയ്തതിന് അങ്ങേയറ്റം നീചനായ അബൂലഹബിന് നരകത്തില്‍ ആശ്വാസം കിട്ടിയെങ്കില്‍ വിശ്വാസിയായ ഒരാള്‍ക്ക് എത്ര പ്രതിഫലം കിട്ടും എന്നൊക്കെ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. പ്രവാചകന്മാര്‍ അല്ലാത്തവരുടെ സ്വപ്‌നത്തെ വഹ്‌യായോ സത്യമായോ പരിഗണിക്കാന്‍ കഴിയില്ല എന്നിരിക്കെ ഇത്തരം കെട്ടുകഥകളെ അടിസ്ഥാനമായി എടുക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലല്ലോ. ബഹുദൈവാരാധകര്‍ എന്ത് നന്മ ചെയ്താലും അത് പരലോകത്ത് പ്രതിഫലാര്‍ഹമല്ല. ഏത് നന്മയും ശിര്‍ക്ക് ചെയ്യുന്നതോടുകൂടി പൊളിഞ്ഞു പോകുമെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ട്.
മൗലിദെന്ന
പുത്തനാചാരം

മൗലിദ് കൊണ്ട് പൊതുവില്‍ ഉദ്ദേശിക്കാറുള്ളത് പ്രവാചകന് വേണ്ടി പ്രാര്‍ഥിക്കുക, പ്രവാചകനെ സ്തുതിക്കുക പുകഴ്ത്തുക എന്നൊക്കെയാണ്. എന്നാല്‍ മൗലിദ് എന്ന വാക്കിന് ‘ജനന സ്ഥലം’, ‘ജനനസമയം’ എന്നൊക്കെയാണ് ശരിയായ അര്‍ഥം. നബിയുടെ ജനന സ്ഥലം മക്കയാണ്. ജനന തീയതി റബീഉല്‍ അവ്വല്‍ 12 അല്ലെങ്കില്‍ ഒരു തിങ്കളാഴ്ചയാണ് എന്നൊക്കെ ഹദീസുകളില്‍ കാണാം.
നബി ജനിച്ചത് തിങ്കളാഴ്ചയാണ് എന്ന് പറയുന്നത് നബി തിങ്കളാഴ്ച ദിവസങ്ങളില്‍ നോമ്പ് എടുത്തിരുന്നു എന്ന ഹദീസില്‍ നിന്നാണ്. എന്നാല്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത് തിങ്കളാഴ്ചയായതിനാലാണ് അന്ന് നോമ്പെടുത്തിരുന്നത്. തിങ്കളാഴ്ച ദിവസമാണ് ഞാന്‍ ജനിച്ചതെന്നും അന്നാണ് ആദ്യമായി വഹ്‌യ് ലഭിച്ചതെന്നും നബി(സ) ചേര്‍ത്തു പറയുന്നുണ്ട്. എന്നാല്‍ ഇന്ന് പ്രവാചകന്റെ ജന്മദിനം സ്മരിക്കുന്നത് ഭക്ഷണവും മധുര പലഹാരങ്ങളും വിതരണം ചെയ്തും കഴിച്ചുമൊക്കെയാണ്! അതായത് വ്രതമെടുക്കാനുള്ള മാതൃകയെ ഒരു പെരുന്നാളാക്കി മാറ്റുകയാണുണ്ടായത്.
പ്രവാചകന്‍ മരിച്ചത് റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ്. അതും ഒരു തിങ്കളാഴ്ച ദിവസത്തിലാണ്. പ്രവാചകന് അസുഖം മൂര്‍ച്ഛിച്ചത് വ്യാഴാഴ്ചയാണ്. ആ സമയത്ത് പ്രവാചകന്‍ പൊറുക്കലിനായും മറ്റു പ്രവാചകന്മാരെ പോലെ അല്ലാഹുവിന്റെ മരണശേഷം ഉന്നത പദവി കിട്ടാനും വേണ്ടി പ്രാര്‍ഥിച്ചിരുന്നു. ഇത് കേട്ട് ആയിശ(റ) പ്രവാചകന്റെ മരണമടുത്ത വിവരം മനസ്സിലാക്കി. പിന്നീട് അവിടുത്തെ മരണശേഷം അബൂബക്കറും(റ) ഉമറും(റ) പ്രവാചകനെ ഏറെ സ്‌നേഹിച്ചിരുന്ന ഉമ്മുഐമന്‍(റ) എന്ന സ്വഹാബാ വനിതയെ കാണാന്‍ പോയി. പ്രവാചകനെ(സ) കുറിച്ച് അവര്‍ ഉമ്മുഐമനോട്(റ) പറഞ്ഞപ്പോള്‍ ആ സ്ത്രീ കരഞ്ഞു പോയി. പ്രവാചകന് ഇഹലോകത്തേക്കാള്‍ എത്രയോ ഉത്തമമാണ് പരലോകം, പിന്നെയെന്തിനാണ് കരയുന്നത് എന്ന് പറഞ്ഞു ഉമറും(റ) അബൂബക്കറും(റ) അവരെ സമാധാനിപ്പിച്ചു. ഉമ്മു ഐമന്‍(റ) പറഞ്ഞു: ‘നബിക്ക് ഇവിടത്തേക്കാള്‍ സുഖം അവിടെയാണെന്നറിയാം. എന്നാല്‍ നമുക്ക് വഹ്‌യ് നിലച്ചു പോയല്ലോ എന്ന സങ്കടത്താലാണ് ഞാന്‍ കരയുന്നത്’. ഇതൊക്കെയായിരുന്നു അവര്‍ പിന്‍പറ്റിയിരുന്ന ചര്യ. ഇന്ന് ലോകത്തിന്റെ പലയിടങ്ങളിലും പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുമ്പോഴും പ്രവാചകന്‍ ജനിച്ചുവളര്‍ന്ന മക്കയും മദീനയും ഉള്‍പ്പെടുന്ന രാജ്യം ഇതുവരെ അതിന് ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ല. ജനന മരണ ദിവസങ്ങള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല എന്നതിന്റെ തെളിവാണ് പ്രവാചക പുത്രന്‍ മരിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം തന്നെ പറഞ്ഞ വാക്കുകള്‍. സൂര്യഗ്രഹണം ബാധിച്ചത് മകന്റെ മരണം കൊണ്ടാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അതിനെ എതിര്‍ക്കുകയാണുണ്ടായത്.

ഏറെ പ്രത്യേകതകളുള്ള ജനനം ഈസാ നബി(അ)യുടേതാണ്. അദ്ദേഹം ജനിച്ചത് തന്നെ പ്രവാചകനായിട്ടാണ്. ശത്രുക്കളായ ഇസ്രാഈല്യരും ജൂതന്മാരും മര്‍യം ബീവി തെറ്റായ വഴിയിലൂടെ സഞ്ചരിച്ചുവെന്ന് ആരോപിച്ചു. അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം മര്‍യം ബീവി കുഞ്ഞിലേക്ക് കൈ ചൂണ്ടി. അപ്പോള്‍ കുട്ടി പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്, എനിക്ക് അല്ലാഹു ദിവ്യബോധനം തന്നിരിക്കുന്നു, അവന്‍ എനിക്ക് ഗ്രന്ഥം തന്നിരിക്കുന്നു’. ഈസ(അ) പ്രവാചകനായിരുന്നു. അതിനെ കണക്കാക്കിയാണ് ക്രിസ്ത്യാനികള്‍ വര്‍ഷംതോറും ക്രിസ്തുമസ് ആഘോഷിച്ചു വരുന്നത്.
മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണ്. അത് തെളിയിക്കുന്ന ഒരുപാട് അടയാളങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട്. അവയോരോന്നും ഇന്ന് വ്യക്തമായി വരുന്നുണ്ട്. ഉദാഹരണമായി നബിയുടെ ജന്മദിനാഘോഷം തന്നെയെടുക്കാം. ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് പോലെ തന്നെ മുസ്ലിംകള്‍ നബിദിനവും ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് നബി(സ) മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. ‘നിങ്ങള്‍ പൂര്‍വികരുടെ ആചാരങ്ങള്‍ മുഴത്തിന് മുഴമായും ചാണിനു ചാണായും അനുകരിക്കും. അവര്‍ ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ അതില്‍ കൂടി നിങ്ങളും പ്രവേശിക്കും. അത്രത്തോളം നിങ്ങള്‍ അവരെ പിന്തുടരും’. ജൂതന്മാരും ക്രിസ്ത്യാനികളും ചെയ്തുവരുന്ന ആചാരങ്ങള്‍ മുസ്‌ലിംകളും പിന്തുടരുമെന്നാണ് ഇവിടെ പറയുന്നത്.
മൗലിദുകളിലും പുത്തനാചാരങ്ങളിലുമൊക്കെ കാണുന്നത് നബി(സ) പറഞ്ഞതിന് വിരുദ്ധമായി നബിയെ ആരാധിക്കുന്ന സ്ഥിതിവിശേഷമാണ്. നബിയുടെ ജനനം റബീഉല്‍ അവ്വല്‍ 12നാണ് എന്നാണ് ഭൂരിപക്ഷാഭിപ്രായം. ഇതില്‍ നിന്നും വിഭിന്നമായ അഭിപ്രായങ്ങളുമുണ്ട് എന്നിരിക്കെ തന്നെ ഇവര്‍ നബി(സ) ജനിച്ചത് പുലര്‍ച്ചയാണെന്ന് പറയുന്നു. അതുകാരണം പള്ളികളില്‍ സുബ്ഹി സമയത്ത് തന്നെ മൗലിദ് പാരായണം നടത്തുന്നു. ആ സമയത്ത് നബിയെ വിളിച്ചുകൊണ്ട് പ്രാര്‍ഥിക്കുന്നു. നബിയുടെ മദ്ഹായി ‘നിങ്ങള്‍ ജനിച്ച ദിവസം വിഗ്രഹങ്ങള്‍ മറിഞ്ഞു വീണല്ലോ’ എന്ന് പറയുന്നു. തുടര്‍ന്ന് ആ വിഗ്രഹങ്ങളോടും ‘ഈ ജന്മദിനത്തില്‍ നിങ്ങളൊക്കെ മറിഞ്ഞുവീണില്ലേ’ എന്ന് പറയുന്നുണ്ട്. വിഗ്രഹങ്ങളോട് വരെ പ്രാര്‍ഥിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതാണ് മൗലിദുകള്‍.
അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരില്‍ ശിര്‍ക്ക് വ്യാപിപ്പിക്കാനുള്ള മാര്‍ഗമായി ജൂതന്മാരും മറ്റു ശത്രുക്കളും ഉണ്ടാക്കിയതാണ് ഇത്തരം മൗലിദ് രചനകള്‍. ‘യാ അയ്യുഹന്നബി’ എന്നുപറയുന്നതുപോലെ തന്നെ വിഗ്രഹത്തോട് ‘ഹേ വിഗ്രഹമേ’ എന്ന് വിളിച്ചാല്‍ അത് അല്ലാഹു കേള്‍പ്പിച്ചു കൊടുക്കുമെന്നാണ് ഇവരുടെ വാദം. ‘പ്രവാചകനു വേണ്ടിയാണ് ഈ ലോകം തന്നെ സൃഷ്ടിച്ചിട്ടുള്ളത്’ എന്ന് അല്ലാഹു പറഞ്ഞതായി പറയുന്ന വ്യാജ ഹദീസുകള്‍ വരെ മൗലിദ് രചനകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നബിയുടെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ഥിക്കാനും സ്വലാത്ത് ചൊല്ലാനും ഖുര്‍ആന്‍ നമ്മോട് കല്‍പ്പിച്ചതാണ്. സൂറതു അഹ്സാബില്‍ ആ കാര്യം പറയുന്നുണ്ട്. മലക്കുകള്‍ പ്രവാചകനുവേണ്ടി പ്രാര്‍ഥിക്കാറുണ്ട്, അതുപോലെ സത്യവിശ്വാസികളും പ്രാര്‍ഥിക്കണം. ദിവസവും നമസ്‌കാരത്തിനിടയില്‍ നമ്മള്‍ നബിയോട് സലാം പറയാറുണ്ട്, പ്രവാചകന്‍ കല്‍പ്പിച്ച പോലെ സ്വലാത്ത് ചൊല്ലാറുണ്ട്. ഇതിനുവേണ്ടി ഒരു ‘മൗലിദ്’ ഉണ്ടാക്കേണ്ടതില്ലല്ലോ. പ്രവാചകന്‍ നമ്മെ പഠിപ്പിച്ച ‘ഇബ്‌റാഹീമിയ സ്വലാത്തി’നേക്കാള്‍ ശ്രേഷ്ഠമായത് എന്ന് പറഞ്ഞുകൊണ്ട് ആളുകളെ പഠിപ്പിക്കുന്നത് ‘നാരിയ സ്വലാത്ത്’ എന്ന ശിര്‍ക്ക് കലര്‍ന്ന സ്വലാത്താണ്.
നബി(സ) രോഗശയ്യയില്‍ കിടന്ന് പ്രാര്‍ഥിക്കുന്നതിനിടയില്‍ ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ തങ്ങളുടെ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ഖബ്‌റുകളെ ആരാധനാലയങ്ങളും ആഘോഷ സ്ഥലങ്ങളുമാക്കി മാറ്റിയതിന്റെ പേരിലാണ് അവരെ അല്ലാഹു ശപിച്ചത്. അതേ പോലെ തന്റെ സമുദായം ആകാതിരിക്കണം എന്നതിനുവേണ്ടിയാണ് പ്രവാചകന്‍ അങ്ങനെ പ്രാര്‍ഥിച്ചത്. എന്നാല്‍ ഇന്ന് ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും പാത അതേപോലെ പിന്തുടരുകയാണ് മുസ്ലിംകളില്‍ ഒരു വിഭാഗം.
പ്രവാചകന്റെ പേരില്‍ ഒരുപാട് കെട്ടുകഥകളുണ്ട്. കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നവരില്‍ പലരും ഇസ്രാഈലീ കഥകള്‍ ഉദ്ധരിക്കുന്നവരാണ്. ഇസ്ലാമിലേക്ക് വന്ന കഅബുല്‍ അഹ്ബാര്‍ എന്നയാള്‍ ജൂതന്മാരുടെ കഥകള്‍ പ്രചരിപ്പിക്കുന്നവരില്‍ പ്രമുഖനായിരുന്നു. ഇദ്ദേഹം പറയുന്നത് ഇബ്‌റാഹീം നബി(അ) അറുക്കാനായി കൊണ്ടുപോയത് ഇസ്മാഈലിനെയല്ല, ഇസ്ഹാക്കിനെയാണ് എന്നാണ്. കാരണം ഏക പുത്രന്‍ എന്ന് പറയുന്നതില്‍, അടിമസ്ത്രീയില്‍ ജനിച്ച ഇസ്മാഈലിനെ പുത്രനായി കണക്കാക്കില്ല എന്നാണ്. എന്നാല്‍ തൗറാത്ത് പഴയ നിയമത്തില്‍ ഇസ്മാഈല്‍ ഇബ്‌റാഹീം നബിയുടെ പുത്രനാണ് എന്ന് പറയുന്നത് കാണാന്‍ കഴിയും. ഇവിടെ മുസ്ലിം ആയിട്ട് കൂടി ഖുര്‍ആനിന് വിരുദ്ധമായ കഥകള്‍ പ്രചരിപ്പിക്കുന്നയാളാണ് മൗലിദ് റിപ്പോര്‍ട്ടര്‍മാരിലെ ഈ പ്രമുഖന്‍.
ഇത്തരത്തില്‍ ശിര്‍ക്കിലേക്ക് കൊണ്ടുപോകുന്ന അനാചാരങ്ങളൊക്കെ നമ്മള്‍ ഒഴിവാക്കേണ്ടതാണ്. ഇത് പ്രവാചകന്റെ കാലത്തോ ആദ്യ നൂറ്റാണ്ടിലോ ഉണ്ടായിട്ടില്ല. മൂന്നാം നൂറ്റാണ്ടില്‍ അടിമ രാജാക്കന്മാര്‍ വന്നപ്പോള്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രീതി വര്‍ധിപ്പിക്കാന്‍ മൃഗങ്ങളെ അറുത്ത് നബിയുടെ ജന്മദിനം എന്ന ആഘോഷം ഉണ്ടാക്കുകയായിരുന്നു. പ്രവാചകന്റെ പേരില്‍ ബലിയറുത്താണ് ചെയ്തിരുന്നത്. അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുത്ത മാംസം നിഷിദ്ധമാണ്. ഇത്തരത്തില്‍ ഹറാമുകള്‍ ഭക്ഷിപ്പിക്കുന്ന പല സമ്പ്രദായങ്ങളും നമുക്കിടയില്‍ കയറിക്കൂടുന്നുണ്ട്. അതുകൊണ്ടാണ് നബിദിനം പോലുള്ള ദുരാചാരങ്ങളെ വിമര്‍ശിക്കുന്നത്. ഇത് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയാണ്, ജനങ്ങള്‍ സന്മാര്‍ഗം മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. പ്രവാചകനെ പ്രകീര്‍ത്തിക്കലും അവിടുത്തെ സ്വഭാവമഹിമ മനസ്സിലാക്കലും നമ്മള്‍ എപ്പോഴും ചെയ്യേണ്ട കാര്യമാണ്.

ലേഖനാവിഷ്‌കാരം:
റന ചേനാടന്‍

Back to Top