കലാപ ശ്രമങ്ങളെ സഹനംകൊണ്ട് പ്രതിരോധിക്കാം അബു ആദില്‍
ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് കാസര്‍കോട് റിയാസ് മൗലവി കൊല്ലപ്പെട്ടത്. കരുതിക്കൂട്ടി നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്നതായിരുന്നു സംഘപരിവാര്‍ അന്ന് ഉദ്ദേശിച്ചത്. അതെ അവസരത്തില്‍ തന്നെയാണ് കൊടിഞ്ഞിയില്‍ ഫൈസല്‍ കൊല്ലപ്പെട്ടതും. രണ്ടിടത്തും കൊലയാളികള്‍ ഒന്നുതന്നെ. ഇരകളും. ഇപ്പോഴിതാ കാസര്‍ഗോഡ് നിന്നും മറ്റൊരു ദുരന്ത വാര്‍ത്ത. ശബരിമല കര്‍മസമിതി എന്ന പേരിലറിയപ്പെടുന്ന സംഘ്പരിവാര്‍ തന്നെയാണ് ഇവിടെയും പ്രതിസ്ഥാനത്തുള്ളത്. അവര്‍ നടത്തിയ ഹര്‍ത്താലിന് ബൈക്കില്‍ സഞ്ചരിച്ചു എന്നതാണ് കരീം മൗലവി ചെയ്ത തെറ്റ്. മാരകമായി പരുക്ക് പറ്റി അതീവ ഗുരുതരാവസ്ഥയില്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല.
സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന ഒരു രീതിയിലേക്ക് കേരളത്തെ എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മുസ്‌ലി ന്യൂനപക്ഷങ്ങളെ ആക്രമിച്ചും കൊന്നുമാണ് വടക്കേ ഇന്ത്യയില്‍ അവര്‍ പാര്‍ട്ടി വളര്‍ത്തിയതും ഭരണം പിടിച്ചതും. ആ നിലക്കുള്ള കേസുകള്‍ ഇപ്പോഴും കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. മാന്യമായ രീതിയില്‍ രാഷ്ട്രീയം പറയുകയെന്നത് സംഘ പരിവാറിന് അജ്ഞാതമാണ്. അല്ലെങ്കില്‍ അതിലവര്‍ക്കു വിശ്വാസമില്ല. കേരള ജനതയുടെ സ്ഥൈര്യമാണ് പലപ്പോഴും നാട്ടില്‍ ഒരു കലാപം നടക്കാതെ പോകാന്‍ കാരണം. അടുത്തിടെ അവര്‍ ആക്രമിച്ച മൂന്നു പേരും പൊതുരംഗത്ത് സജീവരല്ല. പക്ഷെ അവര്‍ക്കതിനേക്കാള്‍ വലിയ മൂല്യമുണ്ട്. ഒന്ന് ഫൈസല്‍ തന്നെ. തന്റെ പുതിയ ആദര്‍ശമാറ്റം സംഘ് പരിവാറിനെ ഭയപ്പെടുത്തി കാണണം. അതിനാല്‍ തന്നെ അവര്‍ ഫൈസലിന്റെ ജീവനെടുക്കാന്‍ തീരുമാനിച്ചു. റിയാസ് മൗലവിയും കരീം മൗലവിയും രണ്ടു പ്രതീകങ്ങളാണ്. അപ്പുറത്തു സംഘ പരിവാര്‍ വന്നാല്‍ ഇപ്പുറത്തും ഇരകള്‍ കലാപത്തിനിറങ്ങും എന്ന് ബന്ധപ്പെട്ടവര്‍ കരുതിക്കാണും.
കുറ്റവാളികള്‍ വേണ്ട രീതിയില്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ് ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്ന് പോകാന്‍ കാരണം. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനുശേഷം സംഘ പരിവാര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു എന്നതാണ് കണക്ക്. വിശ്വാസവും രാഷ്ട്രീയവും തമ്മില്‍ കൂട്ടികലര്‍ത്തിയാണ് സംഘ പരിവാര്‍ മുന്നേറുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ കയറി എന്ന വിഷയത്തില്‍ നാട്ടിലെ മുസ്‌ലിംകള്‍ നിസ്സഹായരാണ്. സമൂഹവും അങ്ങിനെ തന്നെ. കയറാന്‍ ഇന്ത്യയിലെ പരമോന്നത കോടതി നല്‍കിയ അനുമതി നടപ്പാക്കി യെന്ന് കരുതിയാല്‍ തീരുന്നതാണ് വിഷയം. നാഴികക്ക് നാല്പതുവട്ടം ദേശീയതയും ദേശ സ്‌നേഹവും പറയുന്നവര്‍ കോടതികളെ പോലും ബഹുമാനിക്കുന്നില്ല എന്നതാണ് വിചിത്രം.
ഹിന്ദു സമൂഹത്തില്‍ നിന്ന് തന്നെ കാര്യമായ പിന്തുണ സമരങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും ലഭിക്കുന്നില്ല എന്നിടത്താണ് അടുത്ത ഘട്ടത്തിലേക്ക് അവര്‍ കടക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ ലഹള. ആരെങ്കിലും തിരിച്ചു പ്രതികരിച്ചാ ല്‍ അതൊരു ദേശീയ വിഷയമായി ഉയര്‍ത്തിക്കാട്ടാം. കേരളത്തെ കിട്ടുന്ന അവസരത്തില്‍ കൊട്ടാന്‍ ചാനല്‍ മേധാവികള്‍ കോട്ടിട്ട് കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവരെയാണ് ഈ സംയമനം നിരാശപ്പെടുത്തുക. സംഘപരിവാര്‍ കേരള മണ്ണി ല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നേറുന്നത്. ശ്രീധരന്‍പിള്ള പറഞ്ഞത് നാക്കു പിഴവല്ല. അത് മനസ്സിലുള്ളത് പുറത്തുവന്നതാണ്. ആരെക്കൊന്നും അവര്‍ കേരള മണ്ണ് വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നു. കേരളക്കാരന്റെ ഉയര്‍ന്ന സാമൂഹിക ബോധമാണ് പലപ്പോഴും അവര്‍ക്കു തടസ്സമാകുന്നതും.
കരീം മൗലവി ഒരു തുടര്‍ച്ചയാണ്. അക്രമികളെ നിയമം എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഭാവി പരിപാടികള്‍ രൂപം കൊള്ളുക. അക്രമികള്‍ നല്ലവരേക്കാള്‍ സുഖമായി വാഴുന്ന സാമൂഹിക അന്തരീക്ഷത്തില്‍ ഇത്തരം ദുരന്തങ്ങള്‍ തുടരുക എന്നത് ഒരു സ്ഥിരം പരിപാടിയാകും. എന്നാലും സംഘ പരിവാറിനെ ഭീകരം,വര്‍ഗീയം എന്നൊക്കെ പറയാന്‍ പൊതുബോധം കാണിക്കുന്ന ശുഷ്‌കാന്തി നാം കാണാതെ പോകരുത്.